Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൈവിട്ടു കളിക്ക് ബാലകൃഷ്ണപിള്ളയില്ല; ഗണേശ് കുമാറിന്റെ ബിജെപി മോഹത്തിന് മണികെട്ടി; അപമാനം സഹിച്ച് യുഡിഎഫിൽ തുടരില്ലെന്ന് പത്തനാപുരം എംഎൽഎയും; ബദൽ മുഖങ്ങൾക്കായി ബിജെപിയും നെട്ടോട്ടം തുടങ്ങി

കൈവിട്ടു കളിക്ക് ബാലകൃഷ്ണപിള്ളയില്ല; ഗണേശ് കുമാറിന്റെ ബിജെപി മോഹത്തിന് മണികെട്ടി; അപമാനം സഹിച്ച് യുഡിഎഫിൽ തുടരില്ലെന്ന് പത്തനാപുരം എംഎൽഎയും; ബദൽ മുഖങ്ങൾക്കായി ബിജെപിയും നെട്ടോട്ടം തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഡിഎഫുമായി ഇടഞ്ഞു നിൽക്കുന്ന പത്തനാപുരം എംഎൽഎ കെബി ഗണേശ് കുമാർ ബിജെപി പാളയത്തിലെത്തില്ലെന്ന് സൂചന. യുഡിഎഫിനെതിരെ അഴിമതി ആരോപണമുന്നയിച്ചതിന്റെ ബലത്തിൽ കിട്ടിയ ഗ്ലാമറുമായി ബിജെപിയിലെത്തി ദേശീയ നേതാവാകാനുള്ള ഗണേശിന്റെ നീക്കത്തെ അച്ഛനും കേരളാ കോൺഗ്രസ് ബി ചെയർമാനുമായി ബാലകൃഷ്ണ പിള്ള തുറന്ന് എതിർത്തതോടെയാണ് ഇത്.

കേരളത്തിലെ സാഹചര്യത്തിൽ ബിജെപി പാളയത്തിലേക്കുള്ള ചുവടുമാറ്റം ആത്മഹത്യാപരമാണ്. അതിനാൽ കരുതലോടെ തീരുമാനം എടുക്കാമെന്നാണ് ബാലകൃഷ്ണപിള്ളയുടെ ഉപദേശം. ആദ്യഘട്ടത്തിൽ വഴങ്ങാതിരുന്ന ഗണേശ്, എൻഎസ്എസ് സമ്മർദ്ദത്തെ തുടർന്ന് ബിജെപി മോഹം ഉപേക്ഷിക്കുന്നുവെന്നാണ് സൂചന.

ബാലകൃഷ്ണപിള്ളയുടെ ആവശ്യത്തെ തുടർന്നാണ് ഗണേശ് വിഷയത്തിൽ എൻഎസ്എസ് ഇടപെട്ടത്. കേരളാ കോൺഗ്രസ് ബിയുടെ മതേതര സ്വഭാവത്തെ ബിജെപി കൂട്ടുകെട്ട് ഇല്ലായ്മ ചെയ്യും. അതിലുപരി നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി പദത്തിനും കേരളത്തിലെ രാഷ്ട്രീയത്തിൽ വലിയ മുന്നേറ്റത്തിന് ബിജെപിയെ പ്രാപ്തമാക്കില്ലെന്നാണ് പിള്ളയുടെ നിലപാട്.

ഇടത്-വലത് ചേരികളിലായി കേരളത്തിലെ രാഷ്ട്രീയ ബലാബലം തുടരും. അതിനൊപ്പം കൊട്ടാരക്കര, പത്തനാപുരം മേഖലകളിലെ ന്യൂനപക്ഷ വോട്ടർമാരും കേരളാ കോൺഗ്രസിനെ പിന്തുണയ്ക്കുന്നവരാണ്. ബിജെപി പക്ഷത്ത് എത്തിയാൽ ഇവരും കൈവിടും. അതുകൊണ്ട് വയസ്സുകാലത്ത് കൈവിട്ടുള്ള കളിക്ക് താനില്ലെന്ന് ഗണേശിനോട് പിള്ള തന്നെ വ്യക്തമാക്കി കഴിഞ്ഞു. പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കുമെന്ന് അച്ഛനെ ഗണേശും അറിയിച്ചിട്ടുണ്ട്.

ഇതിനൊപ്പം എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും ഗണേശ് വിഷയത്തിൽ ഇടപെടുന്നുണ്ട്. ബിജെപി ക്യാമ്പിലേക്ക് പോകില്ലെന്ന് സുകുമാരൻ നായർക്കും ഗണേശ് സൂചന നൽകി കഴിഞ്ഞു. ഇന്നലെ കെഎം മാണിക്കെതിരെ ബിജെപി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ നേതാക്കൾ നടത്തിയ പരാമർശം വലിയ ചർച്ചയായിരുന്നു. ഗണേശ് വന്നാൽ ബിജെപി പൂമാല ഇട്ട് സ്വീകരിക്കുമെന്നാണ് സികെ പത്മനാഭൻ പ്രസംഗിച്ചത്.

ഇതോടെയാണ് എൻഎസ്എസ് ഈ വിഷയത്തിൽ പരോക്ഷ ഇടപെടലുകൾ തുടങ്ങിയത്. കാര്യങ്ങൾ ഗണേശിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. എന്നാൽ കോൺഗ്രസും യുഡിഎഫും അപമാനിക്കുന്ന സാഹചര്യത്തിൽ നിലപാട് കടുപ്പിച്ച് മറ്റ് രാഷ്ട്രീയ വഴികൾ തേടുമെന്ന് ഗണേശ് തന്നെ ബന്ധപ്പെടുന്നവരോടെല്ലാം പറയുന്നുമുണ്ട്. ഇടതു പക്ഷം തന്നെയാണ് ഗണേശിന്റെ മനസ്സിലുള്ളതെന്നതാണ് വിലയിരുത്തൽ.

നിയമസഭയിൽ പൊതുമാരമത്ത് മന്ത്രിയുടെ ഓഫീസിനെതിരെ ഗണേശ് അഴിമതി ആരോപണം ഉന്നയിച്ച ആദ്യ ഘട്ടത്തിൽ പാർട്ടി എംഎൽഎയെ തള്ളിപ്പറഞ്ഞാണ് ബാലകൃഷ്ണപിള്ള നിലപാട് എടുത്തത്. ഗണേശിന്റെ ബിജെപി മോഹം തിരിച്ചറിഞ്ഞായിരുന്നു ഇത്. എന്നാൽ വേണ്ടത്ര ഇടപെടലിലൂടെ പാർട്ടി വിധേയനാകാമെന്ന് ഗണേശിനെ കൊണ്ട് പിള്ള സമ്മതിച്ചു. അതിന് ശേഷമാണ് യുഡിഎഫ് യോഗത്തിൽ പോലും പ്രതിഷേധ സൂചകമായി പോകുന്നില്ലെന്ന് പിള്ള നിലപാട് എടുത്തത്. അതിന് ശേഷം ഗണേശിനെ മാറ്റി നിർത്താനുള്ള യുഡിഎഫ് തീരുമാനത്തെ പിള്ള പരസ്യമായി തള്ളിപ്പറയുകയും ചെയ്തു.

അതിനിടെ ബിജെപിക്കൊപ്പം ഗണേശ് വരാനുള്ള സാധ്യത കുറവാണെന്ന് ദേശീയ പ്രസിഡന്റ് അമിത് ഷായെ പാർട്ടി സംസ്ഥാന പ്രസിഡന്റ് വി മുരളീധരൻ അറിയിച്ചിട്ടുണ്ട്. ഗണേശുമായി അനൗപചാരിക ചർച്ചകൾ നടന്നെങ്കിലും ബിജെപി രാഷ്ട്രീയത്തിലേക്ക് വരാൻ സമ്മതം മൂളിയില്ലെന്നാണ് അമിത് ഷായ്ക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

സംസ്ഥാനത്ത് ബിജെപിയെ ശക്തിപ്പെടുത്തി തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കുകയെന്ന ഉദ്ദേശത്തോടെ നാളെ മുതൽ അമിത് ഷാ കേരളത്തിൽ സജീവമാകും. ഈ സമയത്ത് ഗണേശുമായി നേരിട്ട് അമിത് ഷാ ബന്ധപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന. ബിജെപിയുമായി അടുപ്പമുള്ള സിനിമാ പ്രവർത്തകരുടെ സഹായത്തോടെയാകും കൂടിയാലോചന നടക്കുക.

കേരളത്തിൽ ബിജെപിയുമായി സഹകരിക്കാൻ തയ്യാറാകുന്ന പൊതുപ്രവർത്തകരുടെ പട്ടിക തയ്യാറാക്കണമെന്ന് സംസ്ഥാന നേതൃത്വത്തോട് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. ഇതിനായി തയ്യാറാക്കിയ പട്ടികയിൽ ഗണേശായിരുന്നു ഒന്നാമത്. ഗണേശിനെ കിട്ടില്ലെന്ന് ഏതാണ്ട് ഉറപ്പായതോടെ മറ്റ് പേരുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ ബിജെപി തുടങ്ങിക്കഴിഞ്ഞു.

മുമ്പ് എൻഡിഎയുടെ കേന്ദ്ര മന്ത്രിയായിരുന്ന പിസി തോമസ് അടക്കമുള്ളവർക്കായി ബിജെപി ക്യാമ്പ് സജീവമായി രംഗത്തുണ്ട്. ഏതായാലും നാളെ പാലക്കാട് അമിത് ഷായുടെ നേതൃത്വത്തിൽ നടക്കുന്ന കൂടിയാലോചനകളിൽ ഈ വിഷയമെല്ലാം സജീവ ചർച്ചയാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP