Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വെള്ളത്തിൽ വീഴുന്നവരെ സാഹസികമായി രക്ഷപ്പെടുത്താൻ പോകുന്നത് വലിയ ബുദ്ധിമോശമാണ്; ഒരിക്കൽ സുനാമി ഉണ്ടായതിനാൽ ഇനിയുമത് കേരളതീരത്ത് എത്തുമെന്നുറപ്പാണ്; കേരളത്തിലെ അപകടമരണങ്ങളുടെ പ്രധാന ഉത്തരവാദി ഡ്രൈവിങ് സ്‌കൂളുകൾ: മലയാളിയുടെ പൊതുബോധത്തെ തിരുത്തുന്ന ഉത്തരങ്ങളുമായി മുരളി തുമ്മാരുകുടിയുടെ ഹൊ!

വെള്ളത്തിൽ വീഴുന്നവരെ സാഹസികമായി രക്ഷപ്പെടുത്താൻ പോകുന്നത് വലിയ ബുദ്ധിമോശമാണ്; ഒരിക്കൽ സുനാമി ഉണ്ടായതിനാൽ ഇനിയുമത് കേരളതീരത്ത് എത്തുമെന്നുറപ്പാണ്; കേരളത്തിലെ അപകടമരണങ്ങളുടെ പ്രധാന ഉത്തരവാദി ഡ്രൈവിങ് സ്‌കൂളുകൾ: മലയാളിയുടെ പൊതുബോധത്തെ തിരുത്തുന്ന ഉത്തരങ്ങളുമായി മുരളി തുമ്മാരുകുടിയുടെ ഹൊ!

ഷാജി ജേക്കബ്

ലയാളത്തിലെ ഓൺലൈൻ, സാമൂഹ്യമാധ്യമങ്ങളിൽ 'വായനക്കാ'രെയും 'ഇഷ്ടക്കാ'രെയും 'അഭിപ്രായക്കാ'രെയും 'പങ്കുപറ്റൽക്കാ'രെയും 'പിൻപറ്റൽകാ'രെയും ഒരുപോലെ നേടുന്ന എഴുത്തുകാരിൽ മുരളി തുമ്മാരുകുടിയോളം ജനപ്രീതിയുള്ള മറ്റൊരാളില്ല. മൂന്നുരംഗങ്ങളിലാണ് മുരളിയുടെ ഇടപെടലുകൾ നിരന്തരം നടക്കാറുള്ളത്. ഒന്ന്, മലയാളിയുടെ ദൈനംദിന ജീവിതത്തിലെ ശ്രദ്ധേയമായ പല സംഭവങ്ങളോടും നടത്തുന്ന മൗലികവും കൗതുകകരവുമായ ഫേസ്‌ബുക് പ്രതികരണങ്ങൾ. മിക്കവാറും ദിവസങ്ങളിൽ ഇത്തരം വിഷയങ്ങളിൽ പോസ്റ്റുകളോ മിക്ക ആഴ്ചയിലും ഏതെങ്കിലും ഓൺലൈൻ പോർട്ടലിൽ ലേഖനമോ മുരളി പ്രസിദ്ധീകരിക്കും. രണ്ട്, മലയാളിയുടെ ഭൂതകാലത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചുമുള്ള നിശിതവും രസകരവുമായ അവലോകനങ്ങൾ. മിക്ക രംഗത്തും വേറിട്ട ചിന്തകളുടെ വക്താവാണ് മുരളി. പാരമ്പര്യം, ശാസ്ത്രചിന്ത, സാമൂഹ്യപ്രശ്‌നങ്ങൾ, സ്ത്രീ-പുരുഷബന്ധം, സദാചാരം, വിദ്യാഭ്യാസം, തൊഴിൽ... മുരളി ഇടപെടാത്ത മേഖലകളില്ല. മൂന്ന്, ദുരന്തനിവാരണമെന്ന മണ്ഡലത്തിലെ അഭൂതപൂർവവും അസാധാരണവുമായ കാഴ്ചപ്പാടുകളും മാർഗനിർദ്ദേശങ്ങളും വിശകലനങ്ങളും. മലയാളിയുടെ പൊതുബോധത്തിൽ, മലയാളമാധ്യമങ്ങളിൽ, ഭരണകൂടസ്ഥാപനങ്ങളിൽ... ദുരന്തനിവാരണമെന്ന വിഷയത്തെ ഇത്രമേൽ സംവാദാത്മകമാക്കിയ മറ്റൊരാളില്ല. പൊതു-മാധ്യമ സമൂഹത്തിൽ ഈ സംജ്ഞ ചർച്ചചെയ്യപ്പെട്ടുതുടങ്ങുന്നതുപോലും മുരളിയുടെ ഇടപെടലുകളെത്തുടർന്നാണ്.

ഈ മൂന്നാമത്തെ വിഭാഗത്തിൽപെടുന്ന ഇരുപത്തഞ്ചോളം രചനകൾ ഐക്യകേരളത്തിന്റെ അറുപതാണ്ടുകളുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന പുസ്തകമാണ് 'ഹൊ!' രണ്ടുഭാഗങ്ങളിലായി, പ്രകൃതിദുരന്തങ്ങളും മനുഷ്യനിർമ്മിതദുരന്തങ്ങളും എന്ന വർഗീകരണത്തിലൂടെ കേരളം കണ്ടും അനുഭവിച്ചും അറിഞ്ഞ ദുരന്തങ്ങളുടെ പാഠങ്ങളും (പതിമൂന്നു ലേഖനങ്ങൾ) അവയിൽ നിന്നു മലയാളി പഠിച്ചതും പഠിക്കാത്തതും പഠിക്കേണ്ടതുമായ പാഠങ്ങളും (പന്ത്രണ്ടു ലേഖനങ്ങൾ) ചർച്ചചെയ്യുന്ന പുസ്തകം.

തൊണ്ണൂറ്റൊൻപതിലെ വെള്ളപ്പൊക്കത്തിലാണ് തുടക്കം. കൊല്ലവർഷം 1099-ൽ (എ.ഡി. 1924) കേരളത്തിലുണ്ടായ അതിവർഷത്തിന്റെയും പ്രളയത്തിന്റെയും നാശചരിത്രം. കണക്കുകളൊന്നുമവശേഷിക്കാത്ത ഒരു ദുരന്തത്തിന്റെ കഥ. വീണ്ടും അങ്ങനെയൊരു മഴയും വെള്ളപ്പൊക്കവും വന്നാൽ സംഭവിക്കാവുന്ന ദുരന്തം ഒരുവശത്ത്. അതേസമയം അങ്ങനെയൊരു ദുരന്തം പ്രവചിക്കാനും മറികടക്കാനും ആർജ്ജിച്ച ശാസ്ത്ര-സാങ്കേതിക സൗകര്യങ്ങൾ മറുവശത്ത്. ദുരന്തങ്ങൾ ഒരേസമയം കൂടുതൽ ദുരിതമയമാകുമ്പോൾതന്നെ കൂടുതൽ സുരക്ഷിതരാകാനും വരുതിയിലാക്കാനും മനുഷ്യനു കഴിയുന്നതെങ്ങനെ എന്നതിന്റെ വിശകലനം.

ഐക്യ-സ്വതന്ത്ര കേരളത്തിലെ ചില പ്രധാന ദുരന്തങ്ങളുടെ പട്ടികയാണ് രണ്ടാം രചന. പ്രകൃതിദുരന്തങ്ങൾ, വാഹനാപകടങ്ങൾ, വർഗീയകലാപങ്ങൾ, വെടിക്കെട്ടപകടങ്ങൾ...

സുനാമിയെക്കുറിച്ചും ഇതര ജലദുരന്തങ്ങളെക്കുറിച്ചുമാണ് അടുത്തത്. മുന്നറിയിപ്പുകളുണ്ടായിട്ടും 2004-ലെ സുനാമിയിൽ സംഭവിച്ച ദുരന്തങ്ങളുടെ ചരിത്രം വിശദീകരിച്ചശേഷം മുരളി എഴുതുന്നു:

'ഒരിക്കൽ സുനാമി ഉണ്ടായതിനാൽ ഇനിയുമത് കേരളതീരത്ത് എത്തുമെന്നുറപ്പാണ്. അതുപോലെതന്നെ ഇതിനുമുൻപും സുനാമി ഉണ്ടായിട്ടുണ്ടെന്ന് ഉറപ്പിക്കാം. ആഞ്ഞടിച്ചുവരുന്ന സുനാമിക്കെതിരേ നിസ്സാരനായ മനുഷ്യന് ആ സമയത്ത് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. സുനാമികൊണ്ടുണ്ടാകുന്ന മരണവും നാശവും ഒഴിവാക്കണമെങ്കിൽ ഒറ്റ മാർഗ്ഗമേയുള്ളൂ. സുനാമി വരാൻ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി അവിടെ കർശനമായ ഭൂവിനിയോഗനിയമങ്ങൾ നടപ്പിലാക്കുക. സുനാമി വരുന്നത് നൂറുകണക്കിന് വർഷങ്ങളുടെ ഇടവേളയിൽ ആയതിനാൽ ഈ സ്ഥലം തരിശായി ഇടണം എന്നല്ല അതിന്റെയർത്ഥം. മറിച്ച് ഈ സ്ഥലങ്ങളിൽ ഭവനങ്ങൾ കുറച്ച് ജനസാന്ദ്രത നിയന്ത്രിക്കുക, അവിടെ താമസിക്കുന്ന ആളുകൾക്ക് സുനാമിസാധ്യതയെപ്പറ്റി ബോധവൽക്കരണം നടത്തുക, സുനാമി ഉണ്ടായാൽ എങ്ങനെ നേരിടണം എന്നതിനെപ്പറ്റി പ്രായോഗിക പരിശീലനം നൽകുക ഇതെല്ലാം നടപ്പിലാക്കണം.

2004-ൽ സുനാമി ഉണ്ടായ സമയത്ത്, ശാന്തസമുദ്രത്തിൽ സുനാമി മുന്നറിയിപ്പ് നൽകാൻ ഒരു സംവിധാനവും ഉണ്ടായിരുന്നില്ല. എന്നാലിപ്പോൾ അതുണ്ട് - INOIS (Indian National Cetnre for Ocean Information Sstyem). ഇന്ത്യാസമുദ്രത്തിലെ ചലനങ്ങളും ഭൂകമ്പവിവരങ്ങളും വിശകലനം ചെയ്ത് സമന്വയിപ്പിച്ച് മുന്നറിയിപ്പ് തരുന്നു. സംസ്ഥാനത്തെ ദുരന്തനിവാരണ അഥോറിറ്റി അതെല്ലാം പൊതുജനങ്ങളെ സമയാസമയം അറിയിക്കുന്നു. സുനാമി എന്നത് എല്ലാവരെയും ഏറെ പേടിപ്പിച്ചതിനാൽ ഇപ്പോൾ ഭൂമി കുലുങ്ങിയാലുടൻ മുന്നറിയിപ്പു നൽകുന്നതാണ് രീതി. 2004-ന് മുൻപ് കേട്ടുകേൾവിപോലുമില്ലാതിരുന്ന സുനാമിയെപ്പറ്റി കഴിഞ്ഞ പത്തുവർഷത്തിനകം കേരളത്തിൽ പലകുറി മുന്നറിയിപ്പു വന്നുകഴിഞ്ഞു'.

പൊതുവെ, വസ്തുതകളുടെയും യുക്തിയുടെയും അടിസ്ഥാനത്തിൽ പ്രശ്‌നങ്ങൾ വിശദീകരിക്കുന്നതാണ് മുരളിയുടെ രീതി. മുങ്ങിമരണങ്ങളെക്കുറിച്ചുള്ള വിശകലനത്തിലും വസ്തുതകളുടെയും വിവരണങ്ങളുടെയും കണക്കുകളുടെയും ദുരന്തനിവാരണ വിജ്ഞാനത്തിന്റെയും ഉറച്ച പിൻബലം മുരളിക്കുണ്ട്. പൊതുബോധത്തിനെതിരായ ചില തിരിച്ചറിവുകൾ ഈ ലേഖനത്തിൽ ഇദ്ദേഹം മുന്നോട്ടുവയ്ക്കുന്നത് ആദ്യം കേൾക്കുമ്പോൾ അമ്പരപ്പുതോന്നാമെങ്കിലും പിന്നീട് അവയുടെ യുക്തി ആർക്കും ബോധ്യപ്പെടും.

'കേരളത്തിന് ഓരോ വർഷവും കുട്ടികളുടെ ധീരതാ മെഡലിന്റെ ഭൂരിഭാഗവും (ചിലപ്പോൾ മുഴുവനും) കിട്ടുന്നത് വെള്ളത്തിൽ മുങ്ങിത്താഴാൻ പോകുന്നവരെ സാഹസികമായി രക്ഷപ്പെടുത്തുന്നവർക്കാണ്. ഒന്നാമത് വെള്ളത്തിൽ വീഴുന്നവരെ സാഹസികമായി രക്ഷപ്പെടുത്താൻ പോകുന്നത് വലിയ ബുദ്ധിമോശമാണ്. കരയിൽനിന്ന് കയ്യെത്തിച്ചോ കയറോ തുണിയോ ഇട്ടുകൊടുത്തോ, വള്ളത്തിൽ നിന്നോ മാത്രമേ അവരെ രക്ഷപ്പെടുത്താൻ ശ്രമിക്കാവൂ. സാഹസികമായി രക്ഷപ്പെടുത്തുന്ന അഞ്ചോ ആറോ പേർക്ക് പ്രസിഡണ്ടിന്റെ മെഡലും മറ്റു കുറെപ്പേർക്ക് നാട്ടുകാരുടെ അനുമോദനവും കിട്ടിയേക്കാം. അതുപക്ഷേ, മറ്റു കുട്ടികൾക്ക് തെറ്റായ സുരക്ഷാസന്ദേശമാണ് നല്കുന്നത്. 'ധീരൻ'മാരായി അനുമോദനം നേടുന്ന ഓരോ കുട്ടിക്കും പകരം ഒന്നോ അതിലധികമോ കുട്ടികൾ മറ്റുള്ളവരെ തെറ്റായ രീതിയിൽ രക്ഷിക്കാൻ ശ്രമിച്ച് സ്വയം മരണത്തിലേക്ക് എടുത്തുചാടുകയാണ്. വെള്ളത്തിൽ കുളിക്കാനോ കളിക്കാനോ യാത്രയ്‌ക്കോ പോകുമ്പോൾ അപകടസാധ്യത മുന്നിൽക്കണ്ട് അങ്ങനെയുള്ള സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ള സുരക്ഷാ സംവിധാനങ്ങൾ മുൻകൂട്ടി ലഭ്യമാക്കുകയാണ് കുട്ടികളുടെ സുരക്ഷയിൽ താത്പര്യമുള്ള ഒരു സമൂഹം ചെയ്യേണ്ടത്'.

പ്രതിവർഷം നാല്പതിനായിരത്തിലധികം അപകടങ്ങൾ. നാലായിരത്തിലധികം മരണങ്ങൾ. കേരളത്തിലെ വാഹനാപകടങ്ങളുടെ കണക്കാണിത്. ജനസംഖ്യാവർധനവ്, വാഹനപ്പെരുപ്പം, റോഡുകളുടെ ശോച്യാവസ്ഥ, ഡ്രൈവിംഗിലെ അശ്രദ്ധ, മദ്യപിച്ചു വാഹനമോടിക്കൽ, ഗതാഗതനിയമങ്ങൾ പാലിക്കുന്നതിലെ വീഴ്ച... തുടങ്ങിയ കാരണങ്ങൾ വിശദീകരിച്ച് മുരളി ഇന്ത്യൻ/കേരളീയ വാഹനാപകടങ്ങളുടെ അവസ്ഥ പറയുന്നു.

'റോഡപകടങ്ങളുടെ കാര്യത്തിൽ ലോകറെക്കോർഡ് ഇന്ത്യയ്ക്കാണ്. ഓരോ വർഷവും ഒരുലക്ഷത്തി നാല്പതിനായിരം ഇന്ത്യക്കാരാണ് റോഡപകടങ്ങളിൽ മരിക്കുന്നത്. ഇത് ലോകത്തിൽ ഏറ്റവും ജനസംഖ്യയുള്ള ചൈനയിലെയും (മരണം 67000), ഏറ്റവും കൂടുതൽ വാഹനങ്ങളുള്ള അമേരിക്കയിലെയും (മരണം 37000) അപകടമരണങ്ങളെക്കാൾ ഇരട്ടിയിലും അധികമാണ്. അതിനാൽ എന്തുകൊണ്ടാണ് ഇന്ത്യയിലും കേരളത്തിലും ഇത്രയധികം അപകടമരണങ്ങൾ റോഡിൽ സംഭവിക്കുന്നത്?

ശരാശരി ഒരു ലക്ഷം ജനസംഖ്യയ്ക്ക് പതിനൊന്നു പേരാണ് കേരളത്തിൽ അപകടത്തിൽ മരിക്കുന്നത്. അതായത് ആയിരത്തിൽ ഒന്ന് എന്ന നിരക്കിൽ. കേരളത്തെക്കാളും ഏറെ ജനങ്ങളും പതിന്മടങ്ങ് വാഹനങ്ങളുമുള്ള ഇംഗ്ലണ്ടിൽ മരണനിരക്ക് ഇതിന്റെ പകുതിയാണ്. ഇതെങ്ങനെ സാധിക്കുന്നു? കേരളത്തിലെ റോഡപകടത്തിലെ മരണനിരക്ക് കുറയ്ക്കുവാൻ നമുക്ക് സാധിക്കുമോ?

റോഡപകടങ്ങൾ സംഭവിച്ചാൽ പൊതുവേ ആളുകൾ റോഡിനെയും കാലാവസ്ഥയെയും മറ്റു വാഹനങ്ങളെയും കുറ്റം പറയുമെങ്കിലും ഏറിയ സമയത്തും വാഹനത്തിന്റെ സുരക്ഷ അതോടിക്കുന്ന ആളുടെ കൈകളിലാണ്. കാലാവസ്ഥയും റോഡിന്റെ അവസ്ഥയും ട്രാഫിക്കിന്റെ സ്വഭാവവുമെല്ലാം വളരെ പ്രധാനം തന്നെയാണ്. പക്ഷേ, അതൊക്കെ അറിഞ്ഞ് മനസ്സിലാക്കി വാഹനം ഓടിച്ചാൽ അപകടങ്ങൾ ഏറെ ഒഴിവാക്കാൻ സാധിക്കും. ഇതിനാണ് ഡിഫൻസീവ് ഡ്രൈവിങ് അല്ലെങ്കിൽ പ്രതിരോധ ഡ്രൈവിങ് എന്നു പറയുന്നത്.

കേരളത്തിലെ അപകടമരണങ്ങളുടെ പ്രധാന ഉത്തരവാദി ഇവിടത്തെ ഡ്രൈവിങ് സ്‌കൂളുകൾ തന്നെയാണ്. ഡ്രൈവിങ് പഠിക്കാൻ വരുന്ന വ്യക്തിയെ ഡ്രൈവിങ് നന്നായി പഠിപ്പിക്കുകയല്ല മറിച്ച് അവർക്ക് ഏറ്റവും വേഗത്തിൽ ഡ്രൈവിങ് ലൈസൻസ് എടുത്തുകൊടുക്കുക എന്നതാണ് അവരുടെ ലക്ഷ്യം എന്ന മട്ടിലാണ് അവർ പ്രവർത്തിക്കുന്നത്. ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിന് 5000 രൂപ എന്ന മട്ടിലുള്ള ഇപ്പോഴത്തെ ഫീസ്ഘടനതന്നെ, ഏറ്റവും വേഗത്തിൽ വരുന്നവർക്ക് ഉടനെ ലൈസൻസും കൊടുത്ത് പറഞ്ഞുവിടുക എന്നതിനെ പ്രോത്സാഹിപ്പിക്കുന്നതാണിത്. ലൈസൻസ് ലഭിക്കാനായി മിനിമം ഇത്ര മണിക്കൂർ ഡ്രൈവ് ചെയ്തിരിക്കണം എന്നുള്ള നിബന്ധനപോലും ഇപ്പോഴും നമുക്കില്ല'.

തുടർന്നങ്ങോട്ടുള്ള ഓരോ അധ്യായവും കേരളത്തിലുണ്ടായ ഓരോതരം പ്രകൃതി-മനുഷ്യനിർമ്മിത ദുരന്തങ്ങളെക്കുറിച്ചുള്ള സാന്ദർഭിക ചർച്ചയും അവയ്ക്കു കാരണമാകുന്ന സാഹചര്യങ്ങളുടെ വിശകലനവും അത്തരം ദുരന്തങ്ങൾ ഇനിയുണ്ടായാൽ സ്വീകരിക്കേണ്ട പരിഹാരനിർദ്ദേശങ്ങളുമാണ്. പീച്ചി മുതൽ ചാല വരെയുള്ള ദുരന്തങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ടാണ് ടാങ്കർലോറി അപകടങ്ങളെക്കുറിച്ച് മുരളി എഴുതുന്നത്. രാസവസ്തുക്കൾ, വിഷവാതകങ്ങൾ, ഗ്യാസ്, പെട്രോളിയം എന്നിങ്ങനെ ഏതുതരം ടാങ്കർ വസ്തുക്കളും വാഹനാപകടത്തിൽ സൃഷ്ടിക്കാവുന്ന വൻദുരന്തത്തിന്റെ സാധ്യതകൾ ഈ ലേഖനം വിവരിക്കുന്നു. ഒപ്പം മുൻകരുതലുകളെക്കുറിച്ചും.

വെടിക്കെട്ടപകടമാണ് അടുത്തത്. പറവൂർ പുറ്റിങ്ങൽ അപകടത്തിന്റെ പശ്ചാത്തലത്തിൽ, മിക്കവർഷവും കേരളത്തിലാവർത്തിക്കുന്ന വെടിക്കെട്ടപകടങ്ങളെക്കുറിച്ച് എഴുതുന്ന മുരളി, സാമൂഹികവും മതപരവും വിശ്വാസപരവും ശാസ്ത്രീയവുമായ വാദങ്ങളെയൊക്കെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഇത്തരം ദുരന്തങ്ങളുടെ നിവാരണം ഭാവിയിലെങ്ങനെ സാധിക്കാം എന്നു വിശദീകരിക്കുന്നത്.

ഓടകളും കിണറുകളും മറ്റും വൃത്തിയാക്കാനിറങ്ങി ശ്വാസം മുട്ടി മരിക്കുന്നവരെക്കുറിച്ചുള്ള വാർത്തകളുദ്ധരിച്ച് ഈ വിഷയത്തിന്റെ വരുംവരായ്കകൾ വിവരിക്കുന്നു, മറ്റൊരു രചന.

ഏറെ ഉയരമുള്ള കെട്ടിടങ്ങൾ വരുത്തിവയ്ക്കുന്ന നാനാതരം അപകടങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന കണക്കുകളുണ്ട് മറ്റൊരു ലേഖനത്തിൽ. 2011-ൽ മാത്രം 636 പേർ, ഉയരമുള്ള കെട്ടിടങ്ങളിൽനിന്ന് വീണു മരിച്ചു. അഗ്നിബാധ, കെട്ടിടം തകരൽ എന്നിങ്ങനെ മറ്റു പല അപകടങ്ങളും ഇതോടൊപ്പം വരുന്നു.

കാമ്പസുകളിലെ വാഹനാപകടങ്ങളാണ് മറ്റൊരു വിഷയം. 12000 സ്‌കൂളുകൾ 4000 കോളേജുകൾ. വാഹനങ്ങൾ മുതൽ ലാബുകൾ വരെയുള്ളവ ഒരുക്കിവയ്ക്കുന്ന മരണക്കുഴികൾ കാമ്പസുകളിലുണ്ട്.

വിമാനാപകടങ്ങൾ, കടലാക്രമണം, വൈദ്യുതി അപകടങ്ങൾ, അമിത വേഗത്തിലോടുന്ന ആംബുലൻസുകൾ വരുത്തിവയ്ക്കുന്ന അപകടങ്ങൾ, ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചുണ്ടാകുന്ന ദുരന്തങ്ങൾ എന്നിവയാണ് തുടർന്നു ചർച്ചചെയ്യുന്നവ. 'മദ്യദുരന്ത'മൊഴികെ എല്ലാമുണ്ട്, ഇവിടെ. ഓരോന്നിന്റെയും ഭൂതകാലം മാത്രമല്ല, വർത്തമാനവും ഭാവിയും ഒരേമട്ടിൽ കണക്കിലെടുത്തുകൊണ്ടുള്ള വിശദീകരണങ്ങൾ. സംഭവിച്ചതിന്റെ സ്ഥിതിവിവരക്കണക്കുകളുണ്ട്. പക്ഷെ ഊന്നൽ അതിലല്ല, സംഭവിക്കാനിരിക്കുന്നതിന്റെ വിദൂരസാധ്യതകൾപോലും തിരിച്ചറിയേണ്ടതിലാണ്.

ഇതുവരെയുള്ള രചനകൾ 'ദുരന്ത'ത്തെക്കുറിച്ചായിരുന്നുവെങ്കിൽ ഇനിയങ്ങോട്ടുള്ള പന്ത്രണ്ടു രചനകൾ 'ദുരന്തനിവാരണ'ത്തെക്കുറിച്ചാണ്. നടന്ന ദുരന്തങ്ങളുടെ 'സ്റ്റോക്കെടുക്കൽ' മുരളിയുടെ ഒന്നാമത്തെ മുന്നറിയിപ്പാണ്. കരുതലിന്റെയും താക്കീതിന്റെയും ആദ്യപാഠം. ഉൽക്കണ്ഠയും പ്രതീക്ഷയും ഭാവിയെക്കുറിച്ചുമാത്രമാണ്. സംഭവിച്ച ദുരന്തങ്ങളുടെ പോസ്റ്റ്‌മോർട്ടമല്ല ദുരന്തനിവാരണം. സംഭവിക്കാനിടയുള്ളതിനെക്കുറിച്ചുള്ള മുന്നറിയിപ്പുനൽകലും സംഭവിച്ചാലെന്തുചെയ്യണമെന്നതിനെക്കുറിച്ചുള്ള ബോധവൽക്കരണവും സംഭവിക്കാതെ തടയാൻ കഴിയുന്നവയുടെ തടയലുമാണ്. പ്രകൃതിജന്യമാകട്ടെ, മനുഷ്യനിർമ്മിതമാകട്ടെ, ദുരന്തങ്ങളുടെയും അപകടങ്ങളുടെയും സാധ്യത പരമാവധി കുറയ്ക്കുക എന്നതാണ് ദുരന്തനിവാരണനയങ്ങളുടെയും സ്ഥാപനങ്ങളുടെയും ലക്ഷ്യവും പരിപാടിയും. മനുഷ്യനിർമ്മിതമായ ദുരന്തങ്ങളിൽ അപകടത്തിന്റെ ഉത്തരവാദിത്തം സ്ഥാപനത്തിന്റെ ഉന്നതസ്ഥാനത്തുള്ള വ്യക്തിയിൽ കേന്ദ്രീകരിക്കുന്ന നിയമം വന്നാൽ ദുരന്തനിർമ്മാർജനത്തിൽ ഉത്തരവാദിത്തമുണ്ടാകുമെന്ന് മുരളി ഊന്നിപ്പറയുന്നത് ശ്രദ്ധേയമാണ്.

ദുരന്തനിവാരണം ഭരണകൂടത്തിന്റെയും പൊതുസമൂഹത്തിന്റെയും പൊതുനയത്തിന്റെ ഭാഗമാകാത്തിടത്തോളം കാലം അവ വിജയിക്കില്ല. മുരളി ചൂണ്ടിക്കാണിക്കുന്നതു നോക്കുക:

'ദുരന്തങ്ങൾ അടിസ്ഥാനപരമായി ഒഴിവാക്കണമെങ്കിൽ ദുരന്തസാധ്യത കുറയ്ക്കാനുള്ള നയങ്ങളും പദ്ധതികളും ഉണ്ടാകണം. എന്നാലിത് ദുരന്തനിവാരണ വകുപ്പിന്റെ അധികാരത്തിൽ വരുന്നതല്ല. ലോകത്തെവിടെയും ദുരന്തലഘൂകരണത്തിന്റെ ഏറ്റവും ഫലപ്രദവും ചെലവ് കുറഞ്ഞതുമായ പണി ഭൂവിനിയോഗ പ്ലാനിങ്ങാണ്. ഓരോ സ്ഥലത്തിന്റെയും അപകടസാധ്യത അറിഞ്ഞുവേണം അവിടത്തെ ഭൂവിനിയോഗം നടപ്പിലാക്കാൻ. ഇതിന് പണച്ചെലവില്ലെങ്കിലും രാഷ്ട്രീയമായ വലിയ എതിർപ്പുകളെ നേരിടേണ്ടിവരും. അതുകൊണ്ടാണ് വികസ്വരരാജ്യങ്ങളിലെല്ലാം തന്നെ ദുരന്തസാധ്യത വർധിക്കുന്നത്. കേരളത്തിലെ കാര്യവും വ്യത്യസ്തമല്ല. ദുരന്തലഘൂകരണം എന്നത് നമ്മുടെ വികസനത്തിന്റെ ഡി.എൻ.എ.യുടെ ഭാഗമാകുന്നതുവരെ സാമ്പത്തികവികസനം കൂടുതൽ ദുരന്തസാധ്യത ഉണ്ടാക്കുകയേയുള്ളൂ'.

ദുരന്തകാലത്തെ മാധ്യമപ്രവർത്തനത്തെക്കുറിച്ചാണ് ശ്രദ്ധേയമായ ഒരു രചന. കൊച്ചി മെട്രോയുടെ സുരക്ഷാപാഠങ്ങൾ, ശബരിമലയിലെ ദുരന്ത-സുരക്ഷാസാധ്യതകൾ, ദുരന്തത്തിനിരയാകുന്നവർക്കു ലഭിക്കേണ്ടതും ലഭിക്കുന്നതുമായ ചികിത്സകൾ, ആശുപത്രികൾതന്നെ ദുരന്തകേന്ദ്രങ്ങളാകുന്ന അവസ്ഥ, മനുഷ്യനിർമ്മിത ദുരന്തങ്ങളുടെ ഒഴിവാക്കൽ, അതിനായുള്ള ചില പാഠങ്ങൾ എന്നിങ്ങനെ ഈരംഗത്തെ ഏറ്റവും അടിസ്ഥാനപരമായ തത്വങ്ങളും അവയുടെ പ്രയോഗനിർദ്ദേശങ്ങളുമാണ് മുരളി അവതരിപ്പിക്കുന്നത്. ജീവനും സ്വത്തിനുമുള്ള സുരക്ഷയും ദുരന്തപരിഹാരങ്ങളും പ്രാഥമികമായും അധിഷ്ഠിതമായിരിക്കുന്നത് അപകടങ്ങളുടെ സാധ്യതയെക്കുറിച്ചുള്ള തിരിച്ചറിവിലാണ്. ഭരണകൂടത്തിനും ജനങ്ങൾക്കും അതുവഴി സമൂഹത്തിനാകെയും കൈവരുത്തേണ്ട ഉത്തരവാദിത്തം എന്ന നിലയിലാണ് മുരളി ദുരന്തങ്ങളുടെ തടയിടലിന്റെയും നിവാരണത്തിന്റെയും മറികടക്കലിന്റെയും കാര്യങ്ങൾ വിശദീകരിക്കുന്നത്. അദ്ദേഹം സംഗ്രഹിക്കുന്നു:

'ഒരു വർഷം ശരാശരി എണ്ണായിരം പേരാണ് കേരളത്തിൽ അപകടത്തിൽ മരിക്കുന്നത്. നാലായിരം പേർ റോഡിൽ, ആയിരത്തി അഞ്ഞൂറു പേർ വെള്ളത്തിൽ, അഞ്ഞൂറോളം പേർ ട്രെയിനിടിച്ച്, ഇരുന്നൂറ്റമ്പതോളം പേർ ഷോക്കടിച്ച്, നൂറോളം പേർ ഇടിമിന്നലേറ്റ്, മുപ്പതോളം പേർ ആന കുത്തി എന്നിങ്ങനെ പോകും ഈ കണക്ക്. ഇങ്ങനെ ആയിരങ്ങൾ മരിക്കുമ്പോൾ അതൊഴിവാക്കാൻ സമൂഹം എന്തെങ്കിലും കൂട്ടായ ശ്രമം നടത്തേണ്ടതാണ്. പക്ഷേ, കഴിഞ്ഞ നാല്പതു വർഷത്തെ കണക്കു പരിശോധിച്ചാൽ ഓരോ വർഷവും അപകടം കൂടിവരികയാണ് ചെയ്യുന്നത്. മാത്രമല്ല നമ്മുടെ ജനസംഖ്യയുടെ വളർച്ചാനിരക്കിനെക്കാൾ കൂടുതലാണ് അപകടത്തിന്റെ വളർച്ചാനിരക്ക്. നാം പോകുന്ന വണ്ടിയുടെ മേൽ മരം മറിഞ്ഞു വീഴുന്നതിനെതിരേയോ വഴിയേ നടക്കുമ്പോൾ ഇടിവെട്ടേൽക്കുന്നതിനെതിരേയോ നമുക്ക് വ്യക്തിപരമായി അധികമൊന്നും ചെയ്യുവാൻ പറ്റില്ല. എന്നാൽ ഓരോ അപകടവും അടുത്തു പരിശോധിച്ചാൽ മനസ്സിലാകും ഇതിൽ ഭൂരിഭാഗവും നമ്മൾ ശ്രദ്ധിച്ചാൽ ഒഴിവാക്കാവുന്നതായിരുന്നു എന്ന്'.

മലയാളിയുടെ പൊതുബോധത്തിൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ മാത്രം രൂപംകൊണ്ട ഒരു സവിശേഷ വിജ്ഞാനമണ്ഡലമാണ് ദുരന്തനിവാരണത്തിന്റേത്. ഏറെ പ്രസക്തിയുള്ള ഈയൊരു വിഷയമേഖലയെക്കുറിച്ച് മലയാളിക്കു തിരിച്ചറിവുണ്ടാക്കിയത് മുരളിയാണ്. ഭരണകൂടത്തിന്റെയും സ്ഥാപനങ്ങളുടെയും സമൂഹത്തിന്റെ തന്നെയും ഉത്തരവാദിത്തമായി മാറേണ്ട ദുരന്തനിവാരണത്തെക്കുറിച്ചുള്ള ഗൃഹപാഠങ്ങൾ മറ്റൊരാളും ഇത്രമേൽ ആർജ്ജവത്തോടും സൂക്ഷ്മതയോടും ജാഗ്രതയോടും കൂടി മലയാളിയെ പഠിപ്പിക്കുന്നില്ല. മുരളി നൽകുന്ന മുന്നറിയിപ്പുകൾ കേട്ടാൽ മലയാളിക്ക് വരുംവർഷങ്ങൾ അത്രമേൽ സങ്കടഭരിതവും രക്തരൂഷിതവുമാകില്ലെന്നുറപ്പ്.

പുസ്തകത്തിൽനിന്ന്:-

'സുരക്ഷാവിഷയങ്ങളിൽ ആധുനിക പരിശീലനം ലഭിച്ച വിദഗ്ദ്ധർ നമ്മുടെ നാട്ടിൽ ഫാക്ടറികളിലും ഔദ്യോഗിക സംവിധാനങ്ങളിലും തീരെ കുറവാണ്. ഇതിന് മൂന്ന് കാരണങ്ങളാണുള്ളത്. ഒന്നാമതായി നല്ല പരിശീലനവും പ്രവർത്തനപരിചയവുമുള്ള സുരക്ഷാവിദഗ്ദ്ധർക്ക് ലോകവ്യാപകമായി ഡിമാന്റ് ഉണ്ട്. അതിനാൽ മലയാളിയാണെങ്കിലും കൊച്ചിൻ യൂണിവേഴ്‌സിറ്റി ഉൾപ്പെടെ കേരളത്തിലെ സ്ഥാപനങ്ങളിൽനിന്നും സുരക്ഷാപരിശീലനം നേടുന്നവരായാലും അവർക്കെല്ലാം ഇന്ത്യയ്ക്ക് പുറത്ത് നല്ല ജോലിയും ശമ്പളവും കിട്ടുന്നു.

രണ്ടാമത് സുരക്ഷ എന്നത് നാം ഇപ്പോഴും പ്രാധാന്യം മനസ്സിലാക്കിയിട്ടില്ലാത്ത ഒരു വിഷയമാണ്. സുരക്ഷാ വിദഗ്ദ്ധർക്ക് കേരളത്തിലെ സ്ഥാപനങ്ങളിൽ വേണ്ടത്ര അംഗീകാരം കിട്ടുന്നില്ല. നിയമം മൂലം നിർബന്ധമല്ലാത്ത പണിയിടങ്ങളിൽ സുരക്ഷാവിദഗ്ദ്ധർ ഉണ്ടാകുകകൂടിയില്ല. വേണ്ടയിടങ്ങളിലാകട്ടെ പറ്റിയാൽ മറ്റു ജോലികളുടെ കൂടെ 'അഡീഷണൽ ഡ്യൂട്ടി' ആയിട്ടോ, പലപ്പോഴും മറ്റു ഡിപ്പാർട്ടുമെന്റുകളിൽനിന്നും മാറ്റി നിറുത്തപ്പെടുന്നവരൊക്കെയാണ് സുരക്ഷാവകുപ്പ് കൈകാര്യം ചെയ്യുന്നത്. സുരക്ഷ ഏറെ പ്രധാനമായ, വർഷത്തിൽ ഏറെ തൊഴിലാളികൾ മരിക്കുന്നതുമായ ഇലക്ട്രിസിറ്റി ബോർഡിൽ ഒരു മുഴുവൻസമയ സുരക്ഷാവിഭാഗം ഇല്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി. മറ്റു വകുപ്പുകളും വ്യത്യസ്തമല്ല. രണ്ടായിരത്തി പതിമൂന്നിലെ കണക്കുവെച്ച് കെ.എസ്.ആർ.ടി.സി.യുമായി ബന്ധപ്പെട്ട് ആയിരത്തോളം അപകടമുണ്ടായി, അതിൽ നൂറ്റിതൊണ്ണൂറ്റിമൂന്നു പേർ മരിച്ചു. ആയിരത്തി ഇരുന്നൂറ്റി അൻപത്തിയേഴു പേർക്ക് പരിക്കും പറ്റി. എന്നിട്ടും ആ വകുപ്പിലും സുരക്ഷയ്ക്ക് ഉത്തരവാദിയായ ഒരു ഓഫീസർ ഉണ്ടെന്നു വെബ്‌സൈറ്റിൽ കാണുന്നില്ല. സുരക്ഷയെ കാര്യമായി എടുക്കുന്ന രാജ്യങ്ങളിൽ മിക്കവാറും കമ്പനികൾക്ക് ഒരു സുരക്ഷാവിഭാഗം നിർബന്ധമായും ഉണ്ടായിരിക്കും. സുരക്ഷാവിദഗ്ദ്ധന് കമ്പനിയുടെ പണി മുഴുവൻ നിർത്തിവെപ്പിക്കാനുള്ള അധികാരമുണ്ട്. എണ്ണക്കമ്പനിപോലെ സുരക്ഷ പ്രധാനമായ സ്ഥാപനങ്ങളിൽ ഓരോ പ്രവൃത്തി ദിവസവും ഓരോ മീറ്റിങ്ങും ആരംഭിക്കുന്നത് സുരക്ഷയെപ്പറ്റി സംസാരിച്ചുകൊണ്ടാണ്. കേരളത്തിൽ അപകടസാധ്യതയുള്ള വകുപ്പുകളിലെല്ലാം ഓരോ സുരക്ഷാ വിഭാഗവും അതിൽതന്നെ അറിവും പരിശീലനവുമുള്ള ഉദ്യോഗസ്ഥരും ഉണ്ടാവേണ്ട കാലം എന്നേ കഴിഞ്ഞു.

മൂന്നാമത്തെ കാര്യം, വൻകിട ഫാക്ടറികളിലോ നിർമ്മാണ പ്രവർത്തനങ്ങളിലോ ഒഴിച്ച് സുരക്ഷാവിദഗ്ദ്ധന്മാരെ ചെറുകിട ഇടത്തരം പ്രസ്ഥാനങ്ങളിൽ കാണാനേ ഇല്ല. വികസിതരാജ്യങ്ങളിൽ ഏഴുപേരിൽ കൂടുതൽ പണിയെടുക്കുന്ന നിർമ്മാണ സ്ഥലത്തോ ഇരുപതു പേരിൽ കൂടുതൽ ജോലി ചെയ്യുന്ന കമ്പനികളിലോ സുരക്ഷാവിദഗ്ദ്ധൻ നിർബന്ധമായും ഉണ്ടായിരിക്കണം. ഓരോ നിർമ്മാണപ്രവർത്തനത്തിലും ഉത്പാദന പ്രക്രിയയിലും അതിന്റെ സുരക്ഷ അവലോകനം ചെയ്ത് ആവശ്യമായ മുൻകരുതലുകൾ, സംവിധാനം, പരിശീലനം, വ്യക്തി സുരക്ഷാവസ്തുക്കൾ, അപകടമുണ്ടായാൽ എന്തുചെയ്യണം എന്നുള്ള ആസൂത്രണം ഇതൊക്കെ ശരിയായാൽ മാത്രമേ പണി തുടങ്ങാൻ സാധിക്കുകയുള്ളൂ. ഇതെല്ലാം നമ്മുടെ നാട്ടിലും നിർബന്ധമായും നടപ്പിലാക്കണം. പണച്ചെലവ് അല്പം കൂടിയാലും ആയിരക്കണക്കിന് മരണം ഒഴിവാക്കാം. പതിനായിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ ഉണ്ടാക്കുകയും ചെയ്യാം.

അപകടത്തിന് ഉത്തരവാദിയായി ഒരു വ്യക്തിയെ കണ്ടെത്തുന്നത് പ്രായോഗികമായി ഗുണകരമല്ല എന്ന് ആദ്യം പറഞ്ഞല്ലോ. എന്നാൽ ഇതിന് ഒരു ഒഴിവ് ഉണ്ട്. വലിയ പ്രസ്ഥാനത്തിൽ അപകടമുണ്ടായാലും അതിന്റെ മുഖ്യ കാര്യനിർവഹണ അധികാരി വ്യക്തിപരമായി (സിവിലായും ക്രിമിനലായും) ഉത്തരവാദിയാണ് എന്ന നിയമം പ്രാബല്യത്തിൽ വന്നാൽ, ഉദാഹരണത്തിന് റിഫൈനറിയുടെ ടാങ്കർ അപകടത്തിൽ പെട്ടാൽ അതിന്റെ മാനേജിങ് ഡയറക്ടറും ടൂറിസം വകുപ്പിന്റെ ബോട്ടു മുങ്ങിയാൽ വകുപ്പുമന്ത്രിയും നേരിട്ട് ഉത്തരവാദികൾ ആകുമെന്ന് നിയമം ഉണ്ടാക്കിയാൽ, അപകടമുണ്ടായി നാട്ടുകാർ മരിച്ചാൽ ജയിലിൽ കിടക്കാൻ പോകുന്നത് ടാങ്കറിന്റെ ഡ്രൈവർ ആയ മറുനാടൻ തൊഴിലാളി അല്ല മറിച്ച് മാനേജിങ് ഡയറക്ടർ ആണെന്ന് വന്നാൽ സുരക്ഷാവിഷയത്തിന് പെട്ടെന്ന് ഗൗരവം വരും. സുരക്ഷ ഒരു അധികച്ചെലവാണെന്ന ചിന്ത മാറി അത്യാവശ്യ കാര്യമാണെന്നുള്ള സ്ഥിതി വരും. അപകടം കുറയുകയും ചെയ്യും'.

ഹൊ! കേരളത്തെ നടുക്കിയ ദുരന്തങ്ങളും നിവാരണമാർഗങ്ങളും
മുരളി തുമ്മാരുകുടി
ഡി.സി. ബുക്‌സ്
2017, വില: 150 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP