Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമിത വേഗത്തിലെത്തിയ കൃഷ്ണ ബസ് നിയന്ത്രണം വിട്ട് ബൈക്കിന് മേലേക്ക് പാഞ്ഞു കയറി; പിന്നിലിരുന്ന അമ്മയുടെ മേൽ പിൻ ചക്രം കയറി ഇറങ്ങുന്നത് കണ്ട് നിസ്സഹായനായി നിലവിളിച്ച് മകൻ; അപകടം രുഗ്മിണിയുടെ അമ്മയുടെ ശ്രാദ്ധത്തിന് ശേഷം വീട്ടിലേക്ക് മടങ്ങവേ; രോക്ഷാകുലരായ നാട്ടുകാർ ബസ് അടിച്ചു തകർത്തു; ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസെടുത്ത് പൊലീസ്

അമിത വേഗത്തിലെത്തിയ കൃഷ്ണ ബസ് നിയന്ത്രണം വിട്ട് ബൈക്കിന് മേലേക്ക് പാഞ്ഞു കയറി; പിന്നിലിരുന്ന അമ്മയുടെ മേൽ പിൻ ചക്രം കയറി ഇറങ്ങുന്നത് കണ്ട് നിസ്സഹായനായി നിലവിളിച്ച് മകൻ; അപകടം രുഗ്മിണിയുടെ അമ്മയുടെ ശ്രാദ്ധത്തിന് ശേഷം വീട്ടിലേക്ക് മടങ്ങവേ; രോക്ഷാകുലരായ നാട്ടുകാർ ബസ് അടിച്ചു തകർത്തു; ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസെടുത്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നിരത്തുകളിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ ഒരു വീട്ടമ്മകൂടി ദാരുണമായി കൊല്ലപ്പെട്ടു. മകന്റെ കൺമുന്നിൽ ബസ് കയറി ഇറങ്ങി പറവൂർ കണ്ണമാലി ചെറിയകടവ് തുണ്ടത്തിപ്പറമ്പിൽ ലക്ഷ്മണന്റെ ഭാര്യ രുഗ്മിണി (67) ആണു മരിച്ചത്. ഇന്നലെ വൈകിട്ടു ദേശീയപാതയിൽ ചെറിയപ്പിള്ളിയിലായിരുന്നു അപകടം. രുഗ്മിണിയുടെ അമ്മയുടെ ശ്രാദ്ധമായിരുന്നു ഇന്നലെ. ഇതിൽ പങ്കെടുക്കാനായി പട്ടണത്തെ കുടുംബവീട്ടിൽ മകൻ ആനന്ദകുമാറുമായി പോയി ചടങ്ങിൽ പങ്കെടുത്തശേഷം കണ്ണമാലിയിലേക്കു ബൈക്കിൽ തിരികെ വരുകയായിരുന്നു. ചെറിയപ്പള്ളിയിലെത്തിയപ്പോൾ അമിത വേഗതയിൽ എത്തിയ 'കൃഷ്ണ' എന്ന സ്വകാര്യ ബസ് ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിൽ തെറിച്ചുവീണു.

റോഡിലേക്ക് തെറിച്ചു വീണ രുഗ്മിണിയുടെ ശരീരത്തിലൂടെ ബസിന്റെ പിൻ ചക്രം കയറിയിറങ്ങി. രുഗ്മിണി സംഭവസ്ഥലത്തുതന്നെ മരിച്ചു. സാരമായി പരുക്കേറ്റ ആനന്ദകുമാർ ചികിൽസയിലാണ്. സ്ഥിരമായി ഈ റൂട്ടിൽ അമിത വേഗതയിൽ പായുന്ന ബസ് നാട്ടുകാർ തടയുന്നത് പതിവായിരുന്നു. ഇന്നലെ ഒരു ജീവൻ അപഹരിച്ചതോടെ നാട്ടുകാർ രോക്ഷാകുലരാകുകയും ബസ് അടിച്ചു തകർക്കുകയും ചെയ്തു. ഇതിനിടെ ബസിന്റെ ഫസ്റ്റ് എയ്ഡ് ബോക്സിൽ നിന്നും കഞ്ചാവ് പൊലീസ് കണ്ടെടുത്തു. ബസ് ഡ്രൈവർക്കെതിരെ നരഹത്യയ്ക്കു കേസെടുത്തതായി സ്റ്റേഷൻ ഹൗസ് ഓഫിസർ ക്രിസ്പിൻ സാം പറഞ്ഞു.

സ്വകാര്യ ബസുകൾ കൊലയാളികളായി തുടങ്ങിയിട്ട് കാലം കുറെയായി. ഇവയ്ക്കു മൂക്കുകയറിടാൻ ആരുമില്ല. അശ്രദ്ധമായ ഡ്രൈവിങും അമിത വേഗവും വീതികുറഞ്ഞ വഴിയിലൂടെയുള്ള നെട്ടോട്ടവും ജനങ്ങളുടെ ജീവനു ഭീഷണിയാകുന്നു. ഉദ്യോഗസ്ഥരുടെ അനങ്ങാപ്പാറ നയമാണ് ഈ അപകടത്തിനു വഴിവച്ചത്. പറവൂരിലൂടെ പോകുന്ന ചില സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസുകൾ സ്ഥിരം പ്രശ്നക്കാരാണ്. ഓരോവട്ടവും അപകട മരണങ്ങൾ കഴിയുമ്പോൾ നാട്ടുകാർ പ്രതിഷേധംനടത്തും. ഉടനടി അധികൃതർ ചില തീരുമാനങ്ങളെടുക്കും. ഇതു കുറച്ചു ദിവസം നടപ്പാക്കും. ജനങ്ങളുടെ രോഷപ്രകടനം കെട്ടടങ്ങുമ്പോൾ എല്ലാം പഴയപടിയാകും. ഏതെല്ലാം ബസുകളാണു പതിവായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്ന് പൊലീസിനും മോട്ടോർ വാഹന വകുപ്പിനും അറിയാവുന്നതാണ്. ഇവയുടെ പേരുകൾ ചൂണ്ടിക്കാട്ടി ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയിലും താലൂക്ക് വികസന സമിതിയിലും നടപടിയെടുക്കാൻ ആവശ്യമുയർന്നിരുന്നു. എന്നിട്ടും അധികാരികൾ കണ്ട ഭാവം. ബസുടമകളും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണു ഇതിന് പിന്നിലെന്ന് ആരോപണമുണ്ട്.

അമിത വേഗത്തിൽ നിയന്ത്രണങ്ങളൊന്നുമില്ലാതെ ഓടുന്ന സ്വകാര്യ ലിമിറ്റഡ് ബസുകളെ നിയന്ത്രിക്കാൻ അധികൃതർക്കാകുന്നില്ല.  പേരിൽ ദേശീയപാതയാണെങ്കിലും ഒട്ടുംതന്നെ വീതിയില്ലാത്ത വഴിയുടെ മധ്യത്തിലൂടെ അലറിവിളിച്ച് ചീറിപ്പാഞ്ഞെത്തുന്ന ബസിൽനിന്ന് രക്ഷ നേടുകയെന്നത് ഭാഗ്യംകൊണ്ടു മാത്രമേ ഇവിടെ സാധ്യമാകൂ. ഒരേ പേരിൽ ഓടുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകളാണ് ഇവിടെ സ്ഥിരം വില്ലന്മാർ. ഇത്തരം ബസുകൾ നിരന്തരമായി അപകട മരണങ്ങളും അപകടങ്ങളും പതിവാക്കിയിട്ടും അധികാരികൾ ഇടപെടുന്നില്ല.

ഒട്ടുമിക്ക അപകടങ്ങളും നടക്കുന്നത് അമിത വേഗത്തിലെത്തുന്ന ബസുകൾ മറ്റു വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ്. ഒരാഴ്ച മുമ്പ് അപകടമുണ്ടാക്കിയ ഇതേ ബസ് അമിത വേഗത്തിൽ, അപകടകരമായി ഓടിച്ചതിനെ തുടർന്ന് വള്ളുവള്ളി സ്‌കൂളിനു സമീപം നാട്ടുകാർ തടഞ്ഞിട്ടിരുന്നു. മുടിനാരിഴ വ്യത്യാസത്തിലാണ് ഇവിടെ വൻ അപകടം ഒഴിവായത്.

പൊലീസ് സ്ഥലത്തെത്തി താക്കീത് ചെയ്തയച്ച അതേ ബസ് തന്നെയാണ് ബൈക്ക് യാത്രികരായ അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ചത്. അമിത വേഗത്തിൽ മറ്റു വാഹനങ്ങളെ മറികടക്കുന്നത് ബസിലിരിക്കുന്ന യാത്രക്കാരാരെങ്കിലും ചോദ്യം ചെയ്താൽ ബസ് ജീവനക്കാർ ഭീഷണിപ്പെടുത്താറുണ്ടെന്നാണ് യാത്രക്കാർ പറയുന്നത്. അപകടം നടക്കുമ്പോൾ നാട്ടുകാർ ഉണ്ടാക്കുന്ന ബഹളം മാത്രമാണ് ഇവർക്കെതിരേയുണ്ടാകുന്ന പ്രതിഷേധം. നാട്ടുകാർ തടഞ്ഞാൽത്തന്നെ, പൊലീസ് എത്തി ബസ് മോചിപ്പിച്ചു കൊണ്ടുപോകുന്നതും പതിവു കാഴ്ചയാണ്.

കഴിഞ്ഞ വർഷം സമാനമായ രീതിയിൽ വള്ളുവള്ളിയിൽ യുവ എൻജിനീയർ മരിക്കാനിടയായതോടെ നാട്ടുകാർ പ്രതിഷേധവുമായി എത്തിയിരുന്നു. ഒരാഴ്ചയിലേറെ കൊലയാളി ബസുകളെ നിരത്തിലിറക്കാൻ നാട്ടുകാർ അനുവദിച്ചതുമില്ല. തുടർന്ന് പൊലീസ്, ആർ.ടി.ഒ., ബസ് മുതലാളിമാർ, ജീവനക്കാരുടെ പ്രതിനിധികൾ എന്നിവർ യോഗം ചേർന്നാണ് പ്രശ്‌നപരിഹാരം ഉണ്ടാക്കിയത്. വരാപ്പുഴ-പറവൂർ മേഖലയിൽ അമിത വേഗത്തിൽ ഓടുന്ന വാഹനങ്ങളെ നിയന്ത്രിക്കുമെന്നും പതിവായി അപകടം ഉണ്ടാക്കുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ പെർമിറ്റ് റദ്ദ് ചെയ്യുമെന്നും ആയിരുന്നു ചർച്ചയിലെ പ്രധാന തീരുമാനം.

മൂന്നു മാസത്തോളം പിന്നെ കുഴപ്പങ്ങളൊന്നുമില്ലാതെ കടന്നുപോയി. പൊലീസ്-ആർ.ടി.ഒ. അധികൃതരുടെ പരിശോധനയും ക്രമേണ കുറഞ്ഞുകുറഞ്ഞ് ഇല്ലാതായി. ബസുകൾ പഴയപടി, സകല ട്രാഫിക് നിയമങ്ങളും തെറ്റിച്ച് വീണ്ടും ഓടാൻ തുടങ്ങിയതോടെ ഈ മേഖലയിൽനിന്നുള്ള അപകട വാർത്തകളും ദിനംപ്രതി പെരുകി.

ബസ് ഡ്രൈവർക്കെതിരേ നരഹത്യക്ക് കേസെടുക്കുമെന്ന് പറവൂർ എസ്.എച്ച്.ഒ. ജി.എസ്. ക്രിസ്പിൻ സാം പറഞ്ഞു. ബസിൽനിന്ന് കഞ്ചാവ് കണ്ടെടുത്തതിന് വേറെ കേസ് ചുമത്തുമെന്നും ക്രിസ്പിൻ സാം അറിയിച്ചു. നിയമങ്ങൾ തെറ്റിച്ച് സർവീസ് നടത്തുന്ന ബസുകൾക്കെതിരേ കർശന നടപടിയുണ്ടാകും. സ്ഥിരമായി അപകടം ഉണ്ടാക്കുന്ന ബസുകൾ സർവീസ് നടത്താൻ അനുവദിക്കില്ലെന്ന് നാട്ടുകാർ. ഓരോ അപകടവും മനഃപൂർവം ഉണ്ടാക്കുന്നതാണ്. വാഹനങ്ങളുടെ അമിത വേഗവും ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നതുമാണ് ഒട്ടുമിക്ക അപകടങ്ങൾക്കു പിന്നിലും. അധികൃതർക്ക് ഇവരെ നിയന്ത്രിക്കാനായില്ലെങ്കിൽ നാട്ടുകാർക്ക് ഇടപെടേണ്ടി വരും. ഈ സാഹചര്യം ഒഴിവാക്കാൻ ശ്രമിക്കേണ്ടത് അധികാരികളാണ്. നൂറുകണക്കിന് ജീവനുകൾ ദേശീയപാതയിൽ പൊലിഞ്ഞുവീഴുമ്പോൾ നോക്കി നിൽക്കാനാകില്ലെന്നും നാട്ടുകാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP