Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വി എസ് ഗ്രൂപ്പിന് പകരം സിപിഎമ്മിൽ ഇപ്പോൾ ഉയർന്നത് യെച്ചൂരി ഗ്രൂപ്പ്! മക്കൾ വിവാദത്തിലൂടെ പ്രതിച്ഛായ നഷ്ടമായ കോടിയേരിയെ മാറ്റാൻ വഴി തേടി ദേശീയ സെക്രട്ടറി; ഐസക്കിനെയും ബേബിയെയും കൊണ്ടുവരിക അസാധ്യമെന്ന് തിരിച്ചറിഞ്ഞു പി.ജയരാജനെ സെക്രട്ടറിയാക്കാനുള്ള സാധ്യത തേടുന്നു; പിണറായി കൈവിട്ടില്ലെങ്കിൽ കോടിയേരി സേഫ്

വി എസ് ഗ്രൂപ്പിന് പകരം സിപിഎമ്മിൽ ഇപ്പോൾ ഉയർന്നത് യെച്ചൂരി ഗ്രൂപ്പ്! മക്കൾ വിവാദത്തിലൂടെ പ്രതിച്ഛായ നഷ്ടമായ കോടിയേരിയെ മാറ്റാൻ വഴി തേടി ദേശീയ സെക്രട്ടറി; ഐസക്കിനെയും ബേബിയെയും കൊണ്ടുവരിക അസാധ്യമെന്ന് തിരിച്ചറിഞ്ഞു പി.ജയരാജനെ സെക്രട്ടറിയാക്കാനുള്ള സാധ്യത തേടുന്നു; പിണറായി കൈവിട്ടില്ലെങ്കിൽ കോടിയേരി സേഫ്

കെ വി നിരഞ്ജൻ

കോഴിക്കോട്: ബ്രാഞ്ച് മുതൽ ജില്ലവരെയുള്ള സമ്മേളനങ്ങൾ പൂർത്തിയാക്കി സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുമ്പോൾ കോടിയേരി ബാലകൃഷ്ണന്റെ സെക്രട്ടറി സ്ഥാനത്തെചൊല്ലി സിപിഎമ്മിൽ ഉൾപാർട്ടി ചർച്ചകൾ പുരോഗമിക്കുന്നു. മക്കളായ ബിനീഷിന്റെയും, ബിനോയിയുടെയും പേരിൽ ഗൾഫിനിന്ന് ഉയർന്നുവന്ന സാമ്പത്തിക ക്രമക്കേടുകളുടെ വാർത്തകൾ കോടിയേരിയുടെ പ്രതിച്ഛായയേയും സാരമായി ബാധിച്ചുകഴിഞ്ഞു. അതുകൊണ്ടുതന്നെ കോടിയേരിയെ മാറ്റി പകരക്കാരനെ വേണമെന്ന ആവശ്യം ഒരു വശത്തു നിന്നും ഉയർന്നു കഴിഞ്ഞു. ഈ ആവശ്യത്തിന് ചുക്കാൻ പിടിക്കുന്നത് കേരള ഘടകത്തിനെതിരെ പട നയിച്ച ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയാണ്.

കേരള ഘടകത്തിൽ യെച്ചൂരി പക്ഷ അനുകൂലികളായി അറിയപ്പെടുന്നവരിൽ മുമ്പൻ തോമസ് ഐസക്കാണ്. എം എ ബേബിയും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ, കണ്ണൂർ ലോബി ശക്തമായ സാഹചര്യത്തിൽ കോടിയേരിയെ മാറ്റി പകരം ആളു വരുമ്പോൾ ഇവരിൽ ആരെങ്കിലും സെക്രട്ടറിയാകണം എന്നാണ് യെച്ചൂരിയുടെ കണക്കു കൂട്ടൽ, എന്നാൽ, അതിന് എളുപ്പം സാധിക്കില്ലെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെ പിണറായി പക്ഷക്കാനായ പി ജയരാജനെ സെക്രട്ടറിയാക്കാമെന്നാണ് യെ്ച്ചൂരിയുടെ മനസിലിരുപ്പ്. എന്നാൽ, ഇത് എത്രകണ്ട് വിജയിക്കും എന്ന കാര്യം സംശയമാണ്. നിലവിലെ സാഹചര്യത്തിൽ പിണറായി കൈവിട്ടാൽ മാത്രമേ സെക്രട്ടറി സ്ഥാനത്തു നിന്നും കോടിയേരിക്ക് ചലനം ഉണ്ടാകുകയുള്ളൂ.

സിപിഎം കണ്ട ഏറ്റവും ജനപ്രിയ നേതാവായ പി.ജയരാജനെ സെക്രട്ടറിയാക്കാനാണ് ഒരു വിഭാഗം നീക്കം നടത്തുന്നത്.സിപിഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും പിന്തുണ ഈ നീക്കത്തിനുണ്ട്. അതുകൊണ്ടുതന്നെ പഴയ വി എസ് ഗ്രൂപ്പിനുപകരം യെച്ചൂരി ഗ്രൂപ്പ് എന്ന രീതിയിലാണ് സിപിഎമ്മിലേക്ക് വിഭാഗീയത കടന്നുവരുന്നത്.

ആലപ്പുഴയിൽ നടന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തലടക്കം സിപിഎമ്മിൽ വി എസ്-പിണറായി വിഭാഗങ്ങൾ തമ്മിലുള്ള വിഭാഗീയത ശക്തമായിരുന്നെങ്കിൽ ഇന്ന് വി എസ് ഗ്രൂപ്പ് എന്നൊരു സാധനം തന്നെ പാർട്ടിയിൽ ഇല്ലാതായിരിക്കയാണ്.മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന ഔദ്യോഗിക പക്ഷത്തിന് മൃഗീയ ഭൂരിപക്ഷമുള്ള നിലയിലാണ് നിലവിൽ ജില്ലാസമ്മേളനങ്ങളിലെ അടക്കം അവസ്ഥ.അതുകൊണ്ടുതന്നെ പിണറായിയുടെ നിലപാടാണ് കോടിയേരിക്ക് നിർണ്ണായകമാവുക.നിലവിൽ പിണറായി പക്ഷത്ത് ഉറച്ചുനിൽക്കുന്ന നേതാവാണ് പി.ജയരാജൻ.പുതിയ സ്ഥാനങ്ങളിലേക്കൊന്നും താനില്‌ളെന്ന നിലപാടാണ് ജയരാജൻ ഇപ്പോൾ എടുത്തിട്ടുള്ളത്.

കേരള ഘടകത്തിൽ കോടിയേരിയുടെ നില ഭദ്രമാണെങ്കിലും കേന്ദ്ര നേതൃത്വത്തിൽ കാര്യങ്ങൾ മറിച്ചാണ്.കോൺഗ്രസ് സഹകരണവുമായി ബന്ധപ്പെട്ട് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രേഖ വോട്ടിനിട്ട് തോൽപ്പിച്ചതോടെ ഈ അകൽച്ച വർധിച്ചിരിക്കായാണ്.ബിനോയ് കോടിയേരിക്കെതിരെ നേരത്തെതന്നെ യെച്ചൂരിക്ക് പരാതി കിട്ടിയിരുന്നെന്നും പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽനിന്നാണ് ഈ പരാതി മാധ്യമങ്ങൾക്ക് ലഭിച്ചതെന്നും നേരത്തെതന്നെ ആരോപണമുണ്ട്.ഇതിനിടെ ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലും യെച്ചൂരി,കോടിയേരി അടക്കമുള്ള സിപിഎം കേരളാ നേതൃത്വത്തെ പരോക്ഷമായി വിമർശിക്കുന്നുണ്ട്.

ബിനോയ്‌കോടിയേരിക്കെതിരായ പരാതി തനിക്ക് കിട്ടിയെന്ന് സ്ഥിരീകരിച്ച യെച്ചൂരി, പാർട്ടിയിൽ യാതൊരു തരത്തിലുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കാനാവില്‌ളെന്നും, നേതാക്കളുടെയും മക്കളുടെയും ആഡംബര ജീവിത ശൈലി പരിശോധിക്കണമെന്നും തുറന്നടിച്ചിരുന്നു.ഈ വിഷയങ്ങൾ സംസ്ഥാന സമ്മേളനത്തിൽ ഗൗരവമായ ചർച്ചക്ക് വന്നാൽ കോടിയേരി പ്രതിരോധത്തിലാവുമെന്ന് ഉറപ്പാണ്.
നിലവിൽ സംസ്ഥാന നേതൃത്വത്തിൽ യെച്ചൂരിക്ക് വലിയ പിടിയൊന്നുമില്ല.എന്നും യെച്ചൂരിക്കൊപ്പം നിന്നിരുന്ന വി എസ് അച്യുതാനനന്ദന് ഇന്ന് കേരളഘടകത്തിൽ യാതൊരു റോളുമില്ലാത്ത അവസ്ഥയാണ്.കോൺഗ്രസ് ബാന്ധവവുമായി ബന്ധപ്പെട്ട ചർച്ചയിൽ കേരളത്തിൽനിന്ന് ധനമന്ത്രി തോമസ് ഐസക്ക് മാത്രമാണ് യെച്ചൂരിയെ പിന്തുണച്ചത്.

ഇതും പ്രശാനധിഷ്ഠിത പിന്തുണയായി മാത്രമേ കണക്കാക്കാൻ ആവൂ.എന്നാൽ ഇതേ പ്രശാനാധിഷ്ഠിത പിന്തുണ,കോടിയേരി വിഷയത്തിൽ കൂടുതൽ അംഗങ്ങളിൽനിന്ന് കിട്ടുമെന്നാണ് യെച്ചൂരി ക്യാമ്പ് കരുതുന്നത്.വിജിലൻസ് അന്വേഷണത്തിൽ തന്നെ കുറ്റ വിമുക്തനാക്കിയിട്ടും പാർട്ടിയിൽനിന്ന് നീതികിട്ടിയില്‌ളെന്ന് വിശ്വസിക്കുന്ന ഇ.പി ജയരാജനെപ്പോലുള്ളവരും കോടിയേരിക്കെതിരെ തിരിയാൻ സാധ്യതയുണ്ട്.പി.കെ ശ്രീമതിയടക്കമുള്ള നേതാക്കളും കോടിയേരിയുമായി സുഖത്തിലല്ല.ഇതിനുപുറമെ പി.ബി അംഗം എം.എ ബേബിയുടെ പിന്തുണയും ഇക്കൂട്ടർ പ്രതീക്ഷിക്കുന്നുണ്ട്.

മക്കളുടെപേരിലും വ്യക്തിപരമായ പേരിലും യാതൊരു സമ്പാദ്യവുമില്ലാത്ത സുതാര്യമായ ജീവിതമാണ് പി.ജയരാജനെ പാർട്ടി അണികൾക്ക് പ്രിയങ്കരനാക്കിയത്.സ്വന്തമായി എ.ടി.എം കാർഡുപോലും ഇല്ലാത്ത, മക്കളെയും ബന്ധുക്കളെയും വഴിവിട്ട് സഹായിക്കാത്ത പി.ജയരാജന്റെ ജീവിതം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയത് ഒരു വിഭാഗം സൈബർ സഖാക്കൾ തന്നെയാണ്.നിരവധി ആർ.എസ്.എസ് നേതാക്കളെപോലും പാർട്ടിയിലേക്ക് കൊണ്ടുവരികയും, പല സംഘ്പരിവാർ ഗ്രാമങ്ങളും പിടിച്ചെടുക്കയും ചെയ്തതും ജയരാജന്റെ നേതൃത്വിലാണ്.ജയരാജന്റെ വളർച്ചയിൽ അസൂയപൂണ്ട ഒരു വിഭാഗമാണ് സ്വയം മഹത്വവത്ക്കരിക്കാൻ ശ്രമിക്കുന്ന എന്ന ചർച്ചയൊക്കെ സംസ്ഥാന സമിതിയിൽ വരുത്തിച്ച്, ജയരാജനെതിരെ പാർട്ടി നടപടിയുണ്ടായി എന്ന വ്യാജവാർത്ത പ്രചരിപ്പിച്ചത്.

ഈ വിഷയത്തിൽ കോടിയേരിയുടെ നിലപാടിൽ അമർഷമുണ്ടെങ്കിലും ജയരാജൻ അത് പുറത്ത് പറഞ്ഞിട്ടില്ല.എന്നാൽ പാർട്ടി അണികളിൽനിന്നും പ്രാദേശിക നേതാക്കളിൽനിന്നും ഈ നീക്കത്തിന് കനത്ത തിരിച്ചടി കിട്ടുന്നതാണ് സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിലടക്കം കണ്ടത്.എതിരില്ലാതെയാണ് പി.ജയരാജൻ ഇവിടെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.സിപിഎമ്മിലെ ഒരു രീതി അനുസരിച്ച് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും കഴിഞ്ഞാൽ പിന്നെ ഏറ്റവും കരുത്തനായ നേതാവ് കണ്ണൂർ ജില്ലാസെക്രട്ടറിയാണ്.എന്നാൽ പുതിയ സ്ഥാനങ്ങളിലേക്കൊന്നും താൻ ഇല്ല എന്ന സന്ദേശമാണ് ജയരാജൻ തന്റെ അടുത്ത സുഹൃത്തുക്കളുമായി പങ്കുവെച്ചത്.

അതേസമയം മക്കൾ വിവാദം ഉണ്ടാകുന്നതുവരെ കോടിയേരിയുടെ നില ഭദ്രമായിരുന്നു.ആരോടും എറ്റുമുട്ടലിന് പോവാതെ പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കുകയെന്ന കോടിയേരിയുടെ ശൈലിക്ക് സിപിഎം അണികളിൽ വലിയ പിന്തുണയാണ് കിട്ടിയത്.വെട്ടൊന്ന് മുറി രണ്ട് എന്ന രീതിയിലുള്ള പിണറായി വിജയന്റെയും മറ്റും ശൈലിയിൽനിന്ന് നേർ വിപരീതമായിരുന്നു കോടിയേരിയുടെ സമീപനം.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളെ പരോക്ഷമായ തള്ളിക്കൊണ്ട് കോടിയേരി മുൻകൈയെടുത്ത് നടത്തിയ അനുരഞ്ജന ശ്രമങ്ങളാണ്,ജിഷ്ണു പ്രണോയ് സംഭവങ്ങളെ തുടർന്ന് കോഴിടേ് വളയത്തും ഒഞ്ചിയം മോഡൽ 'കുലംകുത്തികൾ' ഉണ്ടാകുമെന്ന് സ്വപ്നം കണ്ടിരുന്ന ബിജെപിയെയും കോൺഗ്രസിനെയും നിരാശരാക്കിയത്.ജിഷ്ണു പ്രണോയിയുടെ വീട് സന്ദർശിക്കാനും കാര്യങ്ങൾ നേരിട്ട് നിഷ്പക്ഷമായി പഠിക്കാനും കോടിയേരി നടത്തിയ ശ്രമമാണ്, വലിയ പൊട്ടിത്തെറിയിൽനിന്ന് പാർട്ടിയെ രക്ഷിച്ചത്.കാര്യങ്ങൾ പഠിച്ചശേഷം 'ഇത്രയും പാർട്ടിക്കാരായ ഒരു കുടുംബത്തെ നിങ്ങളായിട്ട് പാർട്ടിവിരുദ്ധരാക്കരുതെന്ന്' ശക്തമായ സ്വരത്തിൽ പ്രാദേശിക നേതൃത്വത്തിലെ ചിലരോട് കോടിയേരിക്ക് പറയേണ്ടിവന്നു.

ഈ രീതിയിൽ സംസ്ഥാനത്തൊട്ടാകെ ഓരോ പ്രാദേശിക വിഷയങ്ങളിലും ഇടപെട്ടതുകൊണ്ടുതന്നെ ജില്ലാസമ്മേളനങ്ങളിൽ സംസ്ഥാന സെക്രട്ടറിയുടെ പ്രവർത്തനത്തിൽ വലിയ മതിപ്പാണ് രേഖപ്പെടുത്തിയത്.എന്നാൽ മക്കൾ വിവാദം പുറത്തുവന്നതോടെ കോടിയേരിയുടെ ആ ഇമേജെല്‌ളൊം ഒറ്റയടിക്ക് ഇല്ലാതാവുകയും ചെയ്തു.അതുകൊണ്ടുതന്നെ സംസ്ഥാന സമ്മേളനത്തിൽ എന്ത് സംഭവിക്കുമെന്ന് കണ്ടുതന്നെ അറിയേണ്ടതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP