Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ സൈന്യത്തിന് ആറുമാസം വേണമെങ്കിൽ സ്വയം സേവക സംഘത്തിന് മൂന്ന് ദിവസം മതിയെന്ന മോഹൻ ഭാഗവതിന്റെ പരാമർശം പുലിവാലായതോടെ വിശദീകരണവുമായി ആർഎസ്എസ്; സൈന്യവുമായി താരതമ്യം ചെയ്തിട്ടില്ലെന്ന് മന്മോഹൻ വൈദ്യ ന്യായീകരിച്ചെങ്കിലും രൂക്ഷ വിമർശനവുമായി കോൺഗ്രസും സിപിഎമ്മും

ഇന്ത്യൻ സൈന്യത്തിന് ആറുമാസം വേണമെങ്കിൽ സ്വയം സേവക സംഘത്തിന് മൂന്ന് ദിവസം മതിയെന്ന മോഹൻ ഭാഗവതിന്റെ പരാമർശം പുലിവാലായതോടെ വിശദീകരണവുമായി ആർഎസ്എസ്; സൈന്യവുമായി താരതമ്യം ചെയ്തിട്ടില്ലെന്ന് മന്മോഹൻ വൈദ്യ ന്യായീകരിച്ചെങ്കിലും രൂക്ഷ വിമർശനവുമായി കോൺഗ്രസും സിപിഎമ്മും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി സംഘ് വക്താവ് രംഗത്തെത്തി. ഇന്ത്യൻ സൈന്യത്തിനു യുദ്ധത്തിനു തയ്യാറെടുക്കാൻ ആറ് മാസം വേണമെങ്കിൽ ആർഎസ്എസ്സിനു വെറും മൂന്ന് ദിവസം മതിയെന്ന് മോഹൻ ഭാഗവത് പറഞ്ഞതായാണ് റിപ്പോർട്ടുകൾ വന്നത്. ബിഹാറിലെ മുസ്സാഫർപുർ സന്ദർശനത്തിനിടെയായിരുന്നു വിവാദപരാമർശം.

'ആർഎസ്എസ്സിനു സൈനികരെ മൂന്ന് ദിവസം കൊണ്ട് തയ്യാറെടുപ്പിക്കാൻ കഴിയും. ഇന്ത്യൻ സൈന്യത്തിന് ആറ് മുതൽ ഏഴ് മാസം വരെ സമയം എടുക്കുന്നിടത്താണ് ഇത്. ഇതാണ് ഞങ്ങളുടെ കഴിവ്. ഭരണഘടന അനുവദിക്കുകയാണെങ്കിൽ നിർണ്ണായക ഘട്ടത്തിൽ മുൻനിരയിൽ നിന്ന് ശത്രുക്കൾക്കെതിരെ പോരാടും', മോഹൻ ഭാഗവത് പറഞ്ഞു.

'ആർഎസ്എസ് എന്നത് സൈനികമോ അർധസൈനികമോ ആയ സംഘടനയല്ല. ഇത് ഒരു കുടുംബത്തിന്റെ കെട്ടുപാടുള്ള സംഘടനയാണ്. പക്ഷെ സൈന്യത്തിന്റേതിന് സമാനമായ ചിട്ടവട്ടങ്ങളും അച്ചടക്കവും ആണ് പാലിക്കുന്നതെന്ന് മാത്രം', അദ്ദേഹം തുടർന്നു. തന്റെ അണികൾക്ക് രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിക്കാൻ സന്തോഷം മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഈ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്തുവെന്നാണ് അഖിൽ ഭാരതീയ പ്രചാർ പ്രമുഖായ മന്മോഹൻ വൈദ്യ ഇന്ന് വിശദമാക്കിയത്.

സ്വയം സേവകർ അച്ചടക്കം പരിശീലിക്കുന്നവരായതുകൊണ്ട് സാഹചര്യം ആവശ്യപ്പെടുകയും ഭരണഘടന അനുവദിക്കുകയും ചെയ്താൽ, സമൂഹത്തെ ഒരുക്കിയെടുക്കാൻ മൂന്ന് ദിവസം മതിയാവുമെന്നാണ് സർസംഘചാലക് ഉദ്ദേശിച്ചത്.

അതേസമയം, ഇന്ത്യൻ സേനയ്ക്ക് ഇതിന് ആറുമാസം വേണ്ടി വന്നേക്കും. സൈന്യവുമായല്ല പൊതുസമൂഹവുമായാണ് സ്വയം സേവകരെ താരതമ്യം ചെയ്തതെന്നും , ഇരുവിഭാഗത്തെയും പരിശീലിപ്പിക്കേണ്ടത് സൈന്യം മാത്രമാണെന്നും മന്മോഹൻ വൈദ്യ പറഞ്ഞു.

അതേസമയം, മന്മോഹൻ ഭാഗവതിന്റെ പ്രസ്താവനയ്‌ക്കെതിരെ പലകോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നു.ആർഎസ്എസ് മേധാവിയുടെ പരാമർശം ഓരോ ഇന്ത്യാക്കാരനും അപമാനമാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.ഈ പ്രസ്താവന രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചവരോടുള്ള അനാദരവാണെന്നും അദ്ദേഹം ആരോപിച്ചു.

മോഹൻ ഭാഗവത് എന്താണ് കൃത്യമായി പറഞ്ഞതെന്ന് തനിക്ക് അറിയില്ലെന്ന് ബിജെപി ജനറൽ സെക്രട്ടറി രാം മാധവ് പ്രതികരിച്ചു. സ്വയം സേവകരുടെ സന്നദ്ധതയെ സൂചിപ്പിക്കാനാകും അദ്ദേഹം ഇതുപറഞ്ഞതെന്നും, സൈന്യത്തോട് സംഘടനയ്ക്ക് അതീവആദരവാണുള്ളതെന്നും രാം മാധവ് വിശദീകരിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് താൻ ഇക്കാര്യം അറിഞ്ഞതെന്നും എന്താണ് മോഹന് ഭാഗവത്ജി പ്രസ്താവിച്ചതെന്ന് അറിഞ്ഞ ശേഷം കാര്യങ്ങൾ വിശദമാക്കാമെന്നും അമിത് ഷാ പറഞ്ഞു.

ഇന്ത്യൻ ഭരണഘടനയോടോ ഭരണഘടനാ സ്ഥാപനങ്ങളോടോ ആദരവില്ലാത്ത സംഘമാണ് ആർഎസ്എസ് എന്ന് തെളിയിക്കുന്ന പ്രസ്താവനയാണ് മോഹൻ ഭഗവത് ബിഹാറിൽ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. സമാന്തര പട്ടാളത്തെ സംഘടിപ്പിക്കുന്നത് രാജ്യദ്രോഹത്തോളം ഗൗരവമുള്ളതാണ്. ഇടതുപക്ഷം നേരത്തെതന്നെ ചുണ്ടിക്കാട്ടിയ അപകടമാണ് ഇപ്പോൾ ഭഗവതിന്റെ വാക്കുകളിലുടെ പുറത്തുവന്നത്. ഹിറ്റ്ലറുടെ ജർമ്മനിയോ മുസ്സോളിനിയുടെ ഇറ്റലിയോ ആക്കി ഇന്ത്യയെ മാറ്റാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും പിണറായി വിജയൻ ഫേസ്‌ബുക്കിൽ കുറിച്ചു.

അപകടകരവും അമ്പരപ്പിക്കുന്നതുമായ പ്രസ്താവന പിൻവലിച്ച് രാഷ്ട്രത്തോട് മാപ്പ് പറയാൻ ആർഎസ്എസ് തയാറാകണം. ഇന്ത്യൻ സൈന്യത്തെ താഴ്‌ത്തിക്കെട്ടുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത പ്രസ്താവനയോട് കേന്ദ്ര സർക്കാരിന്റെ നിലപാടെന്തന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP