Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെന്നൈ അധോലോകത്തിന്റെ പേടി സ്വപ്നമായ 'ഗുണ്ട ബിനു' പത്തിമടക്കിയത് പ്രമേഹം മൂർച്ഛിച്ചതോടെ; അസുഖം ശമിച്ചതോടെ തിരിച്ചുവരവിന് ആഗ്രഹമുദിച്ചു; വടിവാൾ കൈയിലെടുത്ത് കേക്ക് മുറിച്ച് ആഘോഷം പുരോഗമിക്കവേയുണ്ടായ പൊലീസ് റെയ്ഡിനെ കുറിച്ചും സംശയം; പിറന്നാൾ ആഘോഷം പൊലീസിന് ചോർത്തിയത് 'തലവെട്ടി'യോ? ബിനുവിനെ പൊലീസ് പിടിക്കാത്തതിൽ സർവ്വത്ര ദുരൂഹത

ചെന്നൈ അധോലോകത്തിന്റെ പേടി സ്വപ്നമായ 'ഗുണ്ട ബിനു' പത്തിമടക്കിയത് പ്രമേഹം മൂർച്ഛിച്ചതോടെ; അസുഖം ശമിച്ചതോടെ തിരിച്ചുവരവിന് ആഗ്രഹമുദിച്ചു; വടിവാൾ കൈയിലെടുത്ത് കേക്ക് മുറിച്ച് ആഘോഷം പുരോഗമിക്കവേയുണ്ടായ പൊലീസ് റെയ്ഡിനെ കുറിച്ചും സംശയം; പിറന്നാൾ ആഘോഷം പൊലീസിന് ചോർത്തിയത് 'തലവെട്ടി'യോ? ബിനുവിനെ പൊലീസ് പിടിക്കാത്തതിൽ സർവ്വത്ര ദുരൂഹത

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: മലയാളിയായ ഗുണ്ടാ നേതാവ് ബിനുവിന്റെ പിറന്നാൾ ആഘോഷം ചെന്നൈയിൽ കബാലി സ്റ്റൈലിൽ പുരോഗമിക്കവേയാണ് പൊലീസ് റെയ്‌ഡെത്തിയത്. തുടർന്നങ്ങോട്ട് പുറത്തുവന്നത് സിനിമയെ വെല്ലുന്ന നിരവധി കഥകളാണ്. കേരളത്തിൽ നിന്നും ചെന്നൈയിലെത്തി അധോലോകത്തെ രാജാവായി വാണ ബിനുവിന്റെ കഥ ആരെയും അമ്പരപ്പിക്കുന്നതായി. ചായക്കട ജോലിക്കാരനിൽ നിന്നും വളർന്ന് അധോലോക രാജാവായി ബിനു മാറുകയായിിരുന്നു.

സ്വയരക്ഷയ്ക്കായി പഠിച്ച ബ്‌ളാക് ബെൽറ്റ് പണം സമ്പാദിക്കാനുള്ള ഉപാധിയായി മനസിൽ തെളിഞ്ഞതും പൊടിമീശ മുളച്ച കാലത്തു തന്നെയാണ്. അതിനായി അധിക ദൂരമൊന്നും ബിനുവിനു പോകേണ്ടിവന്നില്ല. ചൂളൈമേട്ടിലെ പ്രാദേശിക നേതാവിന്റെ ബോഡി ഗാർഡുകളിൽ ഒരാളായി മാറി. തല്ലുകൊടുത്തും തിരിച്ചുവാങ്ങിയും വളരെപ്പെട്ടന്നു തന്നെ ഗുണ്ടാനേതാവായി മാറി. പിന്നീട് ഒരു ബിനുയുഗം തന്നെയായിരുന്നു. ഗുണ്ടകളെ വിളിച്ചുകൂട്ടി കൊടുവാളിൽ കേക്കു മുറിച്ച് പിറന്നാൾ ആഘോഷിച്ച ബിനുവിന്റെ കഥയും ജീവിതവും സിനിമാക്കഥകളെപ്പോലും വെല്ലുന്നതാണ്.

നാലു കൊലപാതകങ്ങളുൾപ്പെടെ ഒട്ടേറെ കേസുകളിലെ പിടികിട്ടാപ്പുള്ളിയാണ്. തിരുവനന്തപുരം സ്വദേശിയാണെന്നാണ് പറഞ്ഞുകേട്ടെങ്കിലും വാസ്തവം അതല്ല. സ്വദേശം തൃശൂരാണ്. ജോലി തേടിയാണ് ബിനുവിന്റെ കുടുംബം 1994ൽ ചെന്നൈയിലെത്തിയത്. അവിടെ നിന്നാണ് ബിനു ചൂളൈമേട്ടിലെ ചായക്കടയിൽ സഹായിയാകുന്നത്. ഇപ്പോൾ ചെന്നൈ ചൂളൈമേട് വിനായകപുരം മൂർത്തി നഗറിലായിരുന്നു താമസം. അവിടെ നിന്നാണ് കേരളത്തിലേക്ക് മുങ്ങിയത്.

തലവെട്ടി' എന്നാണ് ഗുണ്ടാ ബിനു അറിയപ്പെടുന്നത്. ക്വട്ടേഷൻ ഏറ്റെടുത്താൽ തലയുമായി മാത്രമേ ബിനു മടങ്ങൂ. റിയൽ എസ്റ്റേറ്റ് രംഗത്തടക്കം അടക്കിവാഴുന്ന ബിനു കോടികൾ സമ്പാദിച്ചിരുന്നു. ദാവൂദ് ഇബ്രാഹിം എന്നാണ് ചെന്നൈയിൽ ബിനു അറിയപ്പെടുന്നത്. 28 കേസുകളാണ് തമിഴ്‌നാട്ടിലുള്ളത്. രണ്ട് വർഷമായി ഒളിവിലായിരുന്നു ജീവിതം.

ചെന്നൈക്കാരുടെ പേടിസ്വപ്നമായി മാറിയ ബിനുവിന്റെ പത്തി താഴ്‌ത്തിയത് പ്രമേഹം. അസുഖം കടുത്തതോടെ രണ്ടു വർഷം മുമ്പ് ബിനു ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഒതുങ്ങി. പൊലീസുകാർ ബിനുവിനായി തമിഴ്‌നാട്ടിൽ തിരച്ചിൽ നടത്തുമ്പോൾ ബിനു മലയാള മണ്ണിൽ വിലസി നടക്കുകയായിരുന്നു. ഇതിനിടെയാണ് തിരിച്ചുവരാനായി മോഹമുദിച്ചത്. തന്റെ സ്ഥാനം മറ്റു പലരും കൈയടക്കിയതറിഞ്ഞ് അവരെ ഒതുക്കാനുള്ള വിളംബരം കൂടിയായിരുന്നു പിറന്നാൾ ആഘോഷം. ബിനുവിന്റെ വലംകൈ ആയിരുന്ന രാധാകൃഷ്ണൻ എതിരാളിയായ മണിയുടെ സംഘത്തിലെത്തിയതും ഇരുവരും ചേർന്ന് റിയൽ എസ്റ്റേറ്റിലൂടെ കോടികൾ സമ്പാദിച്ചതും ബിനു അറിഞ്ഞു. ഇതോടെയാണ് തിരിച്ചുവരവ് പ്രഖ്യാപിക്കാനും ആഘോഷിക്കാനും തീരുമാനിച്ചത്

രജനീകാന്ത് നായകനായ കബാലി സിനിമയുടെ ചുവടുപിടിച്ചാണ് ബിനു പിറന്നാൾ പാർട്ടി ഒരുക്കിയത്. അതിലേക്ക് എതിരാളി മണിക്കും പഴയ ചങ്ങാതി രാധാകൃഷ്ണനും ക്ഷണമുണ്ടായിരുന്നു. ഇരുവരെയും പാർട്ടിക്കിടയിൽ വകവരുത്തുകയായിരുന്നു ബിനുവിന്റെ ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, ഇരുവരും പാർട്ടിയിൽ പങ്കെടുത്തില്ല. പങ്കെടുത്ത ഗുണ്ടകളിൽ പലർക്കും ബിനുവിനെ അറിയുകയുമില്ല. പിറന്നാൾ പാർട്ടിക്കു പണം ഒഴുക്കിയത് ഒരു പ്രാദേശിക നേതാവാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. ബിനുവിന് തമിഴ്‌നാട്ടിൽ എത്താനുള്ള വാഹനസൗകര്യം ഉൾപ്പെടെയുള്ള സൗകര്യം ഈ നേതാവ് ഒരുക്കിയതായും അറിയുന്നു.

ബിനുവിന്റെ 47-ാം പിറന്നാളാണ് ഗുണ്ടാ സംഗമ വേദിയായി മാറിയത്. ഇരുന്നൂറോളം ഗുണ്ടകളാണ് ഒത്തുകൂടിയത്. ബിരിയാണിയും കേക്കും ബിയറുമായി പൊടിപൊടിക്കുന്ന ആഘോഷമാണ് പദ്ധതിയിട്ടത്. വെടിക്കെട്ടിനും തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. രാത്രി ഒൻപത് മണിയോടെ ബൈക്കിലും കാറിലും എത്തിയ സംഘം ഒരു വർക്ക്‌ഷോപ്പ് കൈയടക്കി അതിനുള്ളിലാണ് പാർട്ടിക്ക് സൗകര്യം ഒരുക്കിയത്. വേദി അവർ നേരത്തേ സ്വയം നിശ്ചയിച്ചിരുന്നു. ബൈക്കിലും കാറിലുമായെത്തിയ ഗുണ്ടകളെ കണ്ട് വർക്ക്‌ഷോപ്പ് ഉടമയും ജീവനക്കാരനും ഭയന്നു. ചോദ്യം ചെയ്യാനോ എതിർക്കാനോ കഴിയാതെ വിറച്ചു നിന്ന ഇവരെ പിന്നീട് പൊലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. റോസാപ്പൂവിന്റെ വലിയ ഹാരമണിയിച്ചാണ് ബിനുവിനെ സ്വീകരിച്ചത്. ബിയർ കുപ്പികൾ പൊട്ടിച്ച് ഒഴിച്ച് വരവേറ്റു. കൂക്കുവിളിയും ബഹളവും കാരണം പരിസരവാസികൾ കതകടച്ച് വീട്ടിനുള്ളിലിരുപ്പായിരുന്നു. സഹായി കൈമാറിയ വടിവാളുകൊണ്ട് കേക്ക് മുറിച്ചു. ആഘോഷം മൂത്തതോടെയാണ് അപ്രതീക്ഷിതമായി പൊലീസ് രംഗത്തെത്തിയത്. വൈകിട്ട് ഏഴു മണി മുതൽ പൊലീസുകാർ ഗുണ്ടാ സംഗമത്തിനായി കാത്തിരിക്കുകയായിരുന്നു.

അതേസമയം ഗുണ്ടാ ബിനുവിനെ പിടികൂടാൻ പൊലീസ് നടത്തിയ ഓപ്പറേഷനിൽ ചില സംശയം നിലനിൽക്കുന്നുണ്ട്. പൊലീസ് റെയ്ഡിൽ മറ്റെല്ലാവരും അറസ്റ്റിലായെങ്കിലും ബിനുവിനെ മാത്രം പിടികൂടാൻ സാധിച്ചില്ല. ഇത് ചില കോണുകളിൽ നിന്നും ഒത്തുകളി ആരോപണങ്ങളും ഉയർത്തുന്നതായി. പിറന്നാളാഘോഷത്തിന് ഒരാഴ്ച മുൻപ് പൊലീസ് പട്രോളിംഗിനിടെ പിടിയിലായ ഗുണ്ട മദനാണ് ഗുണ്ടാസംഗമത്തെക്കുറിച്ച് പൊലീസിന് സൂചന നൽകിയതെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ, ഇതിൽ വിശ്വാസ്യത പോരെന്ന് വാദിക്കുന്നവരുമുണ്ട്.

തൊട്ടടുത്ത സ്റ്റേഷനുകളിലേതുൾപ്പെടെ 50 പൊലീസുകാരാണ് ഓപ്പറേഷൻ ബർത്ത്‌ഡേയിൽ പങ്കെടുത്തത്. പൊലീസ് വളഞ്ഞതറിഞ്ഞ് ചിതറിയോടിയ ഗുണ്ടകൾക്ക് പിന്നാലെ പോകാൻ പോലും ഇവർ തികയുമായിരുന്നില്ല. കൂടുതൽ പേർ പങ്കെടുത്താൽ പദ്ധതി ചോർന്നുപോകുമെന്നതിനാൽ വിശ്വസ്തരായവരെ മാത്രമാണ് ടീമിലെടുത്തതെന്നാണ് പൊലീസ് ഭാഷ്യം. ജനവാസ കേന്ദ്രങ്ങളിൽ ഒളിച്ചിരുന്ന പലരെയും നാട്ടുകാരാണ് പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്. അങ്ങനെയാണ് 73 പേർ പിടിയിലായത്. അവരിൽ ഭൂരിപക്ഷവും പല കേസുകളിൽ പിടികിട്ടാപ്പുള്ളികളായിരുന്നു. ചൊവ്വാഴ്ച രാത്രിയിൽ തുടങ്ങിയ റെയ്ഡ് ബുധനാഴ്ച രാവിലെ 9 മണി വരെ നീണ്ടു.

പൊലീസ് ഇത്രയും ശക്തമായ വല വിരിച്ചിട്ടും തലവെട്ടി ബിനു കടന്നു കളഞ്ഞു. അടുത്ത അനുയായികളായ വിക്കിയും കനകരാജും ബിനുവിനൊപ്പം മുങ്ങി. ഇവരെ പിടികൂടാനായി ആന്ധ്രയിലും തെരച്ചിൽ നടത്തുന്നുണ്ട്. എന്നാൽ, ബിനു ഒരു രാഷ്ട്രീയ നേതാവിന്റെ വീട്ടിൽ അഭയം പ്രാപിച്ചിരിക്കുകയാണെന്നും അറിഞ്ഞിട്ടും പൊലീസ് മൗനം പാലിക്കുകയാണെന്നും വാർത്തകൾ വരുന്നുണ്ട്. ഗുണ്ടകൾ പാർട്ടി നടത്തിയ പന്തലിൽ നിന്നും പിടിച്ചെടുത്ത 60 മൊബൈൽ ഫോണുകളും പന്തലിന് അടുത്തുനിന്ന് 400 കിലോ രക്തചന്ദനവും പിടിച്ചെടുത്തിരുന്നു. എട്ടു കാറുകൾ. 45 ബൈക്കുകൾ, നിരവധി വടിവാളുകൾ, കത്തികൾ എന്നിവയെല്ലാം പൊലീസ് പിടികൂടി. വർക്ക്‌ഷോപ്പിനു സമീപം സിനിമാസ്‌റ്റൈൽ ആക്ഷനായിരുന്നു പൊലീസും ഗുണ്ടകളും തമ്മിലുണ്ടായത്.

ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർ എ.കെ. വിശ്വനാഥനും ഡെപ്യൂട്ടി എസ്. സർവേശുമായിരുന്നു ഓപ്പറേഷൻ ആസൂത്രണം ചെയ്തത്. പൊലീസ് നേരത്തെ തന്നെ ആഘോഷ വേദിക്ക് സമീപം മറഞ്ഞിരുന്നു. വടിവാൾ ഉപയോഗിച്ച് കേക്ക് മുറിച്ചതോടെയായിരുന്നു ആഘോഷം തുടങ്ങിയത്. ആഘോഷം പൊലിക്കുന്നതിനിടയിൽ പൊലീസ് തോക്കുമായി ചാടിവീണു. ഇതോടെയാണ് ഗുണ്ടകൾ ചിതറിയോടിയത്. സമീപമുണ്ടായിരുന്ന തടാകത്തിൽ ചാടിയാണ് പലരും രക്ഷപെട്ടതത്രേ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP