Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെരഞ്ഞെടുപ്പിൽ തോറ്റതോടെ ചെങ്ങന്നൂർ വിട്ട ശ്രീധരൻ പിള്ള വീണ്ടും എത്തുന്നത് സ്ഥാനാർത്ഥിത്വം ഉറപ്പിച്ചപ്പോൾ'; തിരക്കേറിയ വക്കീൽ പണിയിൽ നിന്നുള്ള പ്രതിഫലം നഷ്ടമാകാതിരിക്കാനുള്ള ആഗ്രഹം തന്നെ ബിജെപി സ്ഥാനാർത്ഥിക്ക് വിനയാകും; കോഴിക്കോട്ടും കൊച്ചിയിലുമായി കഴിയുന്ന പിള്ള ചെങ്ങന്നൂർകാരനാകുമോ എന്ന സംശയം ഉയർത്തി പ്രവർത്തകർ

തെരഞ്ഞെടുപ്പിൽ തോറ്റതോടെ ചെങ്ങന്നൂർ വിട്ട ശ്രീധരൻ പിള്ള വീണ്ടും എത്തുന്നത് സ്ഥാനാർത്ഥിത്വം ഉറപ്പിച്ചപ്പോൾ'; തിരക്കേറിയ വക്കീൽ പണിയിൽ നിന്നുള്ള പ്രതിഫലം നഷ്ടമാകാതിരിക്കാനുള്ള ആഗ്രഹം തന്നെ ബിജെപി സ്ഥാനാർത്ഥിക്ക് വിനയാകും; കോഴിക്കോട്ടും കൊച്ചിയിലുമായി കഴിയുന്ന പിള്ള ചെങ്ങന്നൂർകാരനാകുമോ എന്ന സംശയം ഉയർത്തി പ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങന്നൂർ: സിറ്റിങ് എംഎൽഎ രാമചന്ദ്രൻ നായരുടെ അപ്രതീക്ഷിത വിയോഗം ചെങ്ങന്നൂരിൽ വീണ്ടും ഉപതെരഞ്ഞെടുപ്പ് എത്തിക്കുന്നു. രാമചന്ദ്രൻനായരുടെ മരണത്തിന്റെ സഹതാപം ചെങ്ങന്നൂരിൽ ആഞ്ഞടിക്കാൻ സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയം തന്നെയാകും ചർച്ചാവിഷയം. ഇത് മനസ്സിലാക്കിയാണ് ചെങ്ങന്നൂരിൽ ഒരു പിടി മുമ്പേ ബിജെപി എറിയുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയപ്രതീക്ഷയുമായി ഇറങ്ങിയ ബിജെപിക്ക് ചെങ്ങന്നൂരിൽ കിട്ടിയത് 42,000 വോട്ടാണ്. 5000കൂടി കിട്ടിയാൽ ജയിക്കാമെന്ന അവസ്ഥ. ഇത് മനസ്സിലാക്കിയാണ് മുതിർന്ന നേതാവ് പിഎസ് ശ്രീധരൻ പിള്ള വീണ്ടും ചെങ്ങന്നൂരിൽ മത്സരിക്കാനെത്തുന്നത്.

ചെങ്ങന്നൂരുകാരൻ എന്ന വികാരം ആളിക്കത്തിച്ചാണ് കഴിഞ്ഞ തവണ ശ്രീധരൻ പിള്ള വമ്പൻ മുന്നേറ്റം ബിജെപിക്കായി നടത്തിയത്. എന്നാൽ ആ തെരഞ്ഞെടുപ്പിന് ശേഷം ചെങ്ങന്നൂരുകാർ ശ്രീധരൻ പിള്ളയെ കണ്ടിട്ടില്ല. ചെങ്ങന്നൂരാണ് ജനിച്ചതെങ്കിലും ശ്രീധരൻ പിള്ളയുടെ താമസം കോഴിക്കോട്ടാണ്. കർമ്മ മണ്ഡലം കൊച്ചിയിലും. കേരളത്തിലെ തിരിക്ക് പിടിച്ച ക്രിമിനൽ അഭിഭാഷകനാണ് ശ്രീധരൻ പിള്ള. ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ശ്രീധരൻ പിള്ള കേസുകളുടെ തിരക്ക് മൂലം ബിജെപിയുടെ നേതൃയോഗത്തിൽ പോലും സ്ഥിരമായി എത്താറില്ല. ഈ തിരിക്ക് കാരണം തെരഞ്ഞെടുപ്പിന് ശേഷം ചെങ്ങന്നൂരിലും പിള്ള എത്തിയില്ലെന്നതാണ് വസ്തുത.

ഈ സാഹചര്യത്തിലാണ് കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയാക്കാൻ ഒരു വിഭാഗം നീക്കം നടത്തിയത്. ചെങ്ങന്നൂരിൽ സജീവമായി നിറയാത്ത ശ്രീധരൻ പിള്ളയെ ഇനി ചെങ്ങന്നൂരുകാരനായി അവതരിപ്പിക്കുന്നത് വിനയാകുമെന്നാണ് ഇവരുടെ പക്ഷം. എന്നാൽ ശ്രീധരൻ പിള്ളയ്ക്ക് പിന്നിൽ ഒറ്റക്കെട്ടായി അണിനിരന്നാൽ അത്ഭുതം കാട്ടാനാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ മനസാക്ഷി സൂക്ഷിപ്പുകാരനാണ് ശ്രീധരൻ പിള്ള. എൻഎസ് എസിന്റെ കേസുകളും വാദിക്കുന്നു. ഇതിനൊപ്പം എസ് എൻ ഡി പി യുണിയനുമായി അടുത്ത ബന്ധമുണ്ട്. ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ശ്രീധരൻ പിള്ളയുമായി അടുപ്പം സൂക്ഷിക്കുന്ന വ്യക്തിയാണ്. ഈ അടുപ്പങ്ങൾ പിള്ളയ്ക്ക് കൂടുതൽ വോട്ട് എത്തിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

ജയിക്കാനാണ് ശ്രീധരൻ പിള്ളയെ നിർത്തുന്നതെന്ന് ബിജെപി പറയുന്നു. എന്നാൽ അദ്യ ലക്ഷ്യം കഴിഞ്ഞ തവണത്തെ 42,000 വോട്ടുകൾ പെട്ടിയിലാക്കൽ തന്നെയാണ്. മലപ്പുറത്തും വേങ്ങരയിലും ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് കുറഞ്ഞിരുന്നു. ഇതിന് കാരണം സിപിഎം-ലീഗ് ഒത്തുകളിയാണെന്ന് ബിജെപി ആരോപിച്ചിരുന്നു. എന്നാൽ ചെങ്ങന്നൂരിൽ വോട്ട് കുറഞ്ഞാൽ ഇത്തരം ന്യായം പറയാനാകില്ല. അതുകൊണ്ട് തന്നെ ശ്രീധരൻ പിള്ള കഴിഞ്ഞ തവണ നേടിയ വോട്ടുകൾ ഉറപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിന് വേണ്ടി കൂടിയാണ് വളരെ നേരത്തെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ തീരുമാനം എടുക്കുന്നത്. ഉടൻ ചെങ്ങന്നൂരിൽ ശ്രീധരൻ പിള്ള നിറയും. പരമാവധി വീട് കയറിയുള്ള പ്രചരണമാകും നടത്തുക.

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പിഎസ് ശ്രീധരൻ പിള്ളയെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി കോർ കമ്മറ്റി യോഗം നേരത്തെ തീരുമാനിച്ചതാണ്. പ്രചരണത്തിൽ മുന്നോട്ട് കുതിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. ശ്രീധരൻ പിള്ളയും സ്ഥാനാർത്ഥിയാകാൻ സമ്മതം മൂളി. യു.ഡി.എഫിൽനിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നവരിൽ അയ്യപ്പസേവാസംഘം ദേശീയ വൈസ് പ്രസിഡന്റ് ഡി.വിജയകുമാറിന്റെ പേരുമുണ്ട്. പലവട്ടം പട്ടികയിൽവന്നു തള്ളിപ്പോയ പേരാണ് വിജയകുമാറിന്റേത്. ജനകീയനായ കോൺഗ്രസ് നേതാവായി നിൽക്കുമ്പോഴും അദ്ദേഹം ക്ഷേത്രങ്ങൾ, എൻ.എസ്.എസ്., പള്ളിയോടം, വിവിധ സമുദായങ്ങൾ എന്നിവരുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മണ്ഡലത്തിൽ സജീവമാണ്. സംഘപരിവാർ അനുഭാവി വോട്ടുകളിലും വിജയകുമാറിന് സ്വാധീനം ചെലുത്താനാകും. കോൺഗ്രസിലെ ഹൈന്ദവ മുഖമാണ് വിജയകുമാറിന്റേത്.

ഈ സാഹചര്യത്തിൽ പിഎസ് ശ്രീധരൻ പിള്ളയെ മാറ്റി കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയാക്കുന്നത് പരിഗണിച്ചത്. എന്നാൽ എൻഡിഎ ഘടകകക്ഷികൾക്ക് ശ്രീധരൻ പിള്ളയോടായിരുന്നു താൽപ്പര്യം. ഇത് മനസ്സിലാക്കിയാണ് ശ്രീധരൻ പിള്ളയെ തന്നെ ബിജെപി മത്സരിപ്പിക്കുന്നത്. കഴിഞ്ഞ തവണ ബിജെപി. സ്ഥാനാർത്ഥിയായി പി.എസ്.ശ്രീധരൻപിള്ള നേടിയ 42,000 വോട്ടുകൾ സംഘടനയുടെ വലിയ നേട്ടമായിരുന്നു. അത് നിലനിർത്തുകയാണ് ബിജെപിയുടെ പ്രധാന ലക്ഷ്യം. സിപിഎമ്മിലെ കെ.കെ. രാമചന്ദ്രൻ നായർ എംഎൽഎയുടെ നിര്യാണത്തെത്തുടർന്നാണ് ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പറ്റിയ സ്ഥാനാർത്ഥികൾക്കായി കോൺഗ്രസും സിപിഎമ്മും തലപുകയ്ക്കുന്നതിനിടെയാണ് ബിജെപി അപ്രതീക്ഷിതമായി സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. കഴിഞ്ഞതെരഞ്ഞെടുപ്പിലും ശ്രീധരൻ പിള്ളയായിരുന്നു ബിജെപി. സ്ഥാനാർത്ഥി. ബി.ഡി.ജെ.എസ്. പിന്തുണയോടെ 42,682 വോട്ട് നേടിയ എൻ.ഡി.എ. മൂന്നാം സ്ഥാനത്തായിരുന്നു. രണ്ടാം സ്ഥാനത്ത് കോൺഗ്രസിലെ പി.സി. വിഷ്ണുനാഥിനു 44,897 വോട്ടും വിജയിച്ച രാമചന്ദ്രൻ നായർക്ക് 52,880 വോട്ടും ലഭിച്ചു. 2016 ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഏറ്റവുമധികം സാധ്യത കൽപ്പിച്ചിരുന്ന മണ്ഡലങ്ങളിലൊന്നായിരുന്നു ചെങ്ങന്നൂർ.

കോൺഗ്രസിൽ ഇനിയും വ്യക്തത വന്നിട്ടില്ല. എ.ഐ.സി.സി സെക്രട്ടറിയായ പി.സി. വിഷ്ണുനാഥിനെ സ്ഥാനാർത്ഥിയാക്കുന്നതിനോട് രാഹുൽ ഗാന്ധിക്കു താൽപര്യമില്ല. അടുത്തു നടക്കാൻ പോകുന്ന രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതലയിലേക്ക് വിഷ്ണു നാഥിനെ നിയോഗിച്ചേക്കും. എം മുരളിയുടെ പേരും പരിഗണനയിലുണ്ട്. എന്നാൽ വിഷ്ണുനാഥിനെ തന്നെ മത്സരിപ്പിക്കണമെന്ന വാശിയിലാണ് ഉമ്മൻ ചാണ്ടി. ഇത് തീരുമാനത്തെ സ്വാധീനിച്ചേക്കും. സിപിഎം സ്ഥാനാർത്ഥിയായി സിഎസ് സുജാതയുടെ പേരാണ് ആദ്യം ഉയർന്നത്. ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ പേരും പരിഗണനയിലുണ്ട്. എന്നാൽ ചെങ്ങന്നൂരെന്ന സിറ്റിങ് സീറ്റ് നിലനിർത്താൻ യോജിച്ച വ്യക്തിയെ ഇനിയും സിപിഎമ്മിന് കണ്ടെത്താനായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP