Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നിന്റെ നാളുകൾ എണ്ണപ്പെട്ടു.. ഞങ്ങളോട് കളിച്ചവർ ആരും.. സ്വന്തം വീട്ടിൽ മരിച്ചിട്ടില്ല..! മട്ടന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിനെതിരെ സിപിഎം പ്രവർത്തകരുടെ കൊലവിളി പ്രകടനം; വീഡിയോ പുറത്തുവന്നതോടെ സിപിഎം പ്രതിരോധത്തിൽ; വധഭീഷണി മുഴക്കിയത് മട്ടന്നൂർ ഏരിയ കമ്മറ്റിയിലെ സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ: സിപിഎമ്മിന് പങ്കില്ലെന്ന് വിശദീകരിച്ച് പി ജയരാജൻ

നിന്റെ നാളുകൾ എണ്ണപ്പെട്ടു.. ഞങ്ങളോട് കളിച്ചവർ ആരും.. സ്വന്തം വീട്ടിൽ മരിച്ചിട്ടില്ല..! മട്ടന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിനെതിരെ സിപിഎം പ്രവർത്തകരുടെ കൊലവിളി പ്രകടനം; വീഡിയോ പുറത്തുവന്നതോടെ സിപിഎം പ്രതിരോധത്തിൽ; വധഭീഷണി മുഴക്കിയത് മട്ടന്നൂർ ഏരിയ കമ്മറ്റിയിലെ സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ: സിപിഎമ്മിന് പങ്കില്ലെന്ന് വിശദീകരിച്ച് പി ജയരാജൻ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: മട്ടന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ സിപിഎം ആണെന്ന ആരോപണം ശക്തമാകുന്നതിനിടെ ഭരണപ്പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന വീഡിയോ പുറത്ത്. ശുഹൈബിനെതിരെ കൊലവിളി പ്രസംഗം നടത്തുന്ന വീഡിയോ പുറത്തുവന്നതോടെ സിപിഎം കൂടുതൽ പ്രതിരോധത്തിലായി. യൂത്ത് കോൺഗ്രസ് പ്രവർത്തകന് വധഭീഷണി ഉണ്ടായിരുന്നു എന്ന വ്യക്തമാക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്.

രണ്ടാഴ്ച മുമ്പ് എടയന്നൂരിൽ നടത്തിയ പ്രകടനത്തിലാണ് കൊലവിളി ഉയർത്തിയത്. നിന്റെ നാളുകൾ എണ്ണപ്പെട്ടു എന്ന് ശുഹൈബിന്റെ പേരെടുത്ത് പറഞ്ഞാണ് സിപിഎം പ്രവർത്തകർ മുദ്രാവാക്യം മുഴക്കുന്നത്. നിന്റെ നാളുകൾ എണ്ണപ്പെട്ടു.. ഞങ്ങളോട് കളിച്ചവർ ആരും.. സ്വന്തം വീട്ടിൽ മരിച്ചിട്ടില്ല.. എന്നു പറഞ്ഞാണ് കൊലവിളി മുഴക്കുന്നത്. സിഐടിയു പ്രവർത്തകരെ തടഞ്ഞു വയ്ക്കുകയും ഓഫീസ് ആക്രമിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് ശുഹൈബിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു തുടങ്ങിയെന്ന തരത്തിൽ ഭീഷണി മുഴക്കിയിരിക്കുന്നത്.

മട്ടന്നൂർ ഏരിയയിലെ സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പ്രതിഷേധ പ്രകടനത്തിലാണ് വധഭീഷണി മുഴക്കി കൊണ്ടുള്ള മുദ്രാവാക്യങ്ങൾ ഉയർന്നത്. എടയന്നൂരിൽ സിഐടിയുവും യൂത്ത് കോൺഗ്രസുമായി രാഷ്ട്രീയ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതേതുടർന്ന് ഇരു പാർട്ടികളുടെയും ഓഫീസ് ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായി ശുഹൈബ് പൊലീസ് കസ്റ്റഡിയിലാകുകയും 14 ദിവസം റിമാൻഡിൽ കഴിയുകയും ചെയ്തിരുന്നു. ജയിലിൽ നിന്ന് പുറത്തുവന്ന് അധികം ദിവസം പിന്നിടുന്നതിന് മുമ്പാണ് ഈ സംഭവം.

എന്നാൽ, ആക്രമണത്തിന് പിന്നിൽ സിപിഎമ്മാണെന്ന വാദം പാർട്ടി നേതൃത്വം തള്ളി. മട്ടന്നൂർ ഏരിയയിൽ ഇരു പാർട്ടികളും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും കൊലപാതകത്തിൽ കലാശിക്കുന്ന തലത്തിലുള്ള രാഷ്ട്രീയ വൈരാഗ്യം കോൺഗ്രസുമായി ഉണ്ടായിരുന്നില്ലെന്നാണ് പാർട്ടി നേതാക്കൾ നൽകുന്ന വിശദീകരണം. സംഭവത്തിൽ സിപിഐ എമ്മിന് പങ്കില്ലെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനും പറഞ്ഞു. കൊലപാതകത്തെ ശക്തമായി അപലപിക്കുന്നതായി പറഞ്ഞ ജയരാജൻ വിഷയം പാർട്ടി അന്വേഷിക്കുമെന്നും പറഞ്ഞു. പാർട്ടി പ്രവർത്തകർക്ക് പങ്കുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും പി ജയരാജൻ പറഞ്ഞു.

എടയന്നൂരിനടത്ത് തെരൂരിൽ ഇന്നലെ രാത്രി 11.30ഓടെയാണ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ശുഹൈബിനെ വെട്ടിക്കൊന്നത്. സുഹൃത്തിന്റെ തട്ടുകടയിൽ ചായകുടിക്കുന്നതിനിടെ വാനിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശുഹൈബിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരണം സംഭവിച്ചു. ബോംബേറിൽ പരുക്കേറ്റ പള്ളിപ്പറമ്പത്ത് ഹൗസിൽ നൗഷാദ്(27), റിയാസ് മൻസിലിൽ റിയാസ്(27) എന്നിവരെ കണ്ണൂർ കൊയിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിക്രൂരമായ രീതിയിലായിരുന്നു കൊല.

സുഹൃത്തിന്റെ തട്ടുകടയിൽ ചായ കുടിക്കുകയായിരുന്ന ഇവർക്കു നേരെ വാനിലെത്തിയ സംഘം ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷം വെട്ടി പരുക്കേൽപിക്കുകയായിരുന്നു. ഇരു കാലുകൾക്കും സാരമായി വെട്ടേറ്റ ഷുഹൈബിനെ കോഴിക്കോട്ടേക്കു കൊണ്ടുപോകുംവഴി തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ഇന്നു പുലർച്ചെ ഒന്നിനാണ് മരിച്ചത്.

മട്ടന്നൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അക്രമികളെ കണ്ടെത്താനായിട്ടില്ല. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, യൂത്ത് കോൺഗ്രസ് നേതാവ് ജോഷി കണ്ടത്തിൽ എന്നിവർ സംഭവസ്ഥലത്ത് എത്തിയിരുന്നു. മൂന്നാഴ്ചമുമ്പ് എടയന്നൂർ എച്ച്.എസ്.എസിൽ എസ്.എഫ്.ഐ.-കെ.എസ്.യു. സംഘർഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഷുഹൈബ് റിമാൻഡിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ സംഘർഷത്തിന്റെ തുടർച്ചയാണ് കൊലയെന്നാണ് വിലയിരുത്തൽ.

കണ്ണൂരിൽ സിപിഎം-ബിജെപി സംഘർഷങ്ങൾ രണ്ട് കൊല്ലമായി വ്യാപകമാണ്. സമാധാന ശ്രമങ്ങളിലൂടെ ഇത് പരിഹരിക്കാൻ ജില്ലാ ഭരണകൂടം ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് യുത്ത് കോൺഗ്രസ് പ്രവർത്തകന്റെ കൊല. ഇതോടെ കണ്ണൂരിലെ അക്രമ രാഷ്ട്രീയം വീണ്ടും ചർച്ചയാകും. ബിജെപിക്കെതിരായ ആക്രമങ്ങളെ സംഘപരിവാർ ദേശീയ തലത്തിൽ ചർച്ചയാക്കിയിരുന്നു. സമാന ഇടപെടലിലൂടെ സിപിഎമ്മിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനാകും കോൺഗ്രസും ശ്രമിക്കുക. കൊല നടന്നതിനെ ഗൗരവത്തോടെയാണ് കോൺഗ്രസും കാണുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP