Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വലംകൈയായ ശുഹൈബിനെ 36 വെട്ടിൽ തീർത്തതറിഞ്ഞ് വിങ്ങിപ്പൊട്ടിയ കെ സുധാകരൻ ഖത്തറിൽ നിന്നും അടുത്ത വിമാനത്തിൽ നാട്ടിലെത്തി; വെട്ടിനുറുക്കിയ മൃതദേഹം കണ്ട് സങ്കടവും രോഷവും അണപൊട്ടി കണ്ണൂരിലെ നേതാവ്; മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കളുടെ അറിവോടെ നടന്ന ആസൂത്രിത കൊലപാതകമെന്ന് പറഞ്ഞ് പൊട്ടിത്തെറിച്ചു; ഇരുട്ടിന്റെ മറവിൽ അക്രമികൾ ഇല്ലാതാക്കിയത് മൂന്ന് അനുജത്തിമാരുടെയും പ്രതീക്ഷയായ ഏകആൺതരിയെ

വലംകൈയായ ശുഹൈബിനെ 36 വെട്ടിൽ തീർത്തതറിഞ്ഞ് വിങ്ങിപ്പൊട്ടിയ കെ സുധാകരൻ ഖത്തറിൽ നിന്നും അടുത്ത വിമാനത്തിൽ നാട്ടിലെത്തി; വെട്ടിനുറുക്കിയ മൃതദേഹം കണ്ട് സങ്കടവും രോഷവും അണപൊട്ടി കണ്ണൂരിലെ നേതാവ്;  മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കളുടെ അറിവോടെ നടന്ന ആസൂത്രിത കൊലപാതകമെന്ന് പറഞ്ഞ് പൊട്ടിത്തെറിച്ചു; ഇരുട്ടിന്റെ മറവിൽ അക്രമികൾ ഇല്ലാതാക്കിയത് മൂന്ന് അനുജത്തിമാരുടെയും പ്രതീക്ഷയായ ഏകആൺതരിയെ

മറുനാടൻ മലയാളി ബ്യൂറോ

 കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ശുബൈന്റെ കൊലപാതകം കണ്ണൂർ രാഷ്ട്രീയത്തിലെ കരുത്തനെന്ന് അറിയപ്പെടുന്ന കോൺഗ്രസ് നേതാവാ കെ സുധാകരനെ ശരിക്കും തളർത്തിയിട്ടുണ്ട്. അപ്രതീക്ഷിതമായി കൊലപാതക വാർത്ത അറിഞ്ഞ അദ്ദേഹം ശരിക്കും തകർന്നു പോയിരുന്നു. ഖത്തറിൽ പൊതുവേദിയിൽ സംസാരിച്ചു കൊണ്ടിരിക്കുന്ന വേളയിലാണ് വലംകൈയായ ശുഹൈബിന്റെ മരണ വാർത്ത അദ്ദേഹം കേട്ടത്. പ്രസംഗിച്ചുകൊണ്ടിരിക്കെ വേദിയിലിരുന്ന മറ്റൊരു കോൺഗ്രസ് പ്രവർത്തകനാണ് സുധാകരന് ശുഹൈബിന്റെ വേർപാട് സംബന്ധിച്ച കുറിപ്പ് കൈമാറിയത്. കുറിപ്പ് വായിച്ച സുധാകരൻ നമ്മുടെ ഒരു പ്രവർത്തകനെ കൂടി നഷ്ടപ്പെട്ടുവെന്നു പറയുകയും വിങ്ങിപ്പൊട്ടുകയുമായിരുന്നു. തുടർന്ന് പ്രസംഗം മുഴുമിപ്പിക്കാതെ നാട്ടിലേക്ക് മടങ്ങുന്നതായി അറിയിക്കുകയും ചെയ്തു.

വേദിയിൽ വെച്ച് തന്നെ തീർത്തും ദുർബലനായി കണ്ഠമിടറി കരുത്തു ചോർന്നിരുന്നു നേതാവിന്. പ്രസംഗം മുഴുവിപ്പിക്കാതെ പരിപാടി അവസാനിപ്പിച്ച് തനിക്ക് പോകണം എന്നു പറഞ്ഞ് അദ്ദേഹം ഉടനെ ഖത്തറിൽ നിന്നും അടുത്ത വിമാനത്തിൽ നാട്ടിലേക്ക് കയറി. കോഴിക്കോട്ടേക്കാണ് അദ്ദേഹം വിമാനത്തിൽ എത്തിയത്. കണ്ണൂർ കോൺഗ്രസിലെ യുവാക്കൾക്ക് മികച്ച പിന്തുണ കൊടുക്കുന്ന നേതാവാണ് സുധാകരൻ. സുധാകരണന്റെ തണലിൽ തന്നെയാണ് ശുഹൈബ് യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം ബ്ലോക്ക് സെക്രട്ടറിയായി മാറിയതും. വളരെ ആത്മബന്ധമുള്ള യുവാവിനെ നടുറോട്ടിൽ രാഷ്ട്രീയ എതിരാളികൾ വെട്ടിക്കൊന്നു എന്ന വാർത്ത സുധാകരനെ ശരിക്കും നടുക്കിയിരുന്നു.

കോഴിക്കോട് എത്തിയ അദ്ദേഹം ശുഹൈബിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എത്തിച്ച കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എത്തുകയായിരുന്നു. ഇവിടെ വെച്ച് വെട്ടിനുറുക്കിയ മൃതദേഹം കണ്ട് സങ്കടവും രോഷവും അണപൊട്ടി. സിപിഎമ്മാണ് കൊലയാളികൾ എന്ന് ഉറച്ചു പറഞ്ഞു അദ്ദേഹം. മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കളുടെ അറിവോടെയാണ് ഷുഹൈബിനെ കൊലപ്പെടുത്തിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നീതി പൂർവ്വമായ അന്വേഷണം പ്രതീക്ഷിക്കുന്നില്ല. സി പി എമ്മിന്റെ മനുഷ്യത്വമില്ലായ്മയുടെ ഇരയാണ് ശുഹൈബെന്നും അദ്ദേഹം വ്യക്തമാക്കി.

സി പി എമ്മിന്റെ മനുഷ്യത്വമില്ലായ്മയുടെ തെളിവാണ് ഷുഹൈബിനേറ്റ 36 മുറിവുകളെന്നും കെ സുധാകരൻ പറഞ്ഞു. ഒരുപാട് കാലങ്ങളായി കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള സംഘർഷം കുറവായിരുന്നു. ശുഹൈബിന്റെ കൊലപാതകത്തിൽ നിന്നും സിപിഎമ്മിന് ഒഴിഞ്ഞു മാറാൻ കഴിയില്ല. ശുഹൈബിന്റെ നാളുകൾ എണ്ണപ്പെട്ടു എന്ന് മുദ്രാവാക്യം വിളിക്കുന്ന വീഡിയോയിൽ നിന്നും തന്നെ എല്ലാം വ്യക്തമാണ്. വരാൻ പോകുന്ന വിപത്തിന്റെ തിരിച്ചറിഞ്ഞിരുന്നു.

ഉമ്മയും ഉപ്പയും മൂന്ന് സഹോദരിമാരും മാത്രമുള്ള കുടുംബത്തിന്റെ അത്താണിയെയാണ് സിപിഎം ഇല്ലാതാക്കിയതെന്നും സുധാകരൻ പറഞ്ഞു. 36 വെട്ടുവെട്ടി നടത്തിയ കൊലപാതകത്തെ കുറിച്ച് സിപിഎം ചിന്തിക്കണം. കാര്യമായ രാഷ്ട്രീയ എതിർപ്പും അവിടെ ഉണ്ടായിട്ടില്ല. ശുഹൈബിന് നേരത്തെയും വധഭീഷണി ഉണ്ടായിട്ടുണ്ട്. ചെറുപ്പക്കാർക്ക് ആവേശം പകർന്ന നേതാവാണ് ശുഹൈബ്. ഭരിക്കുന്നത് സിപിഎമ്മാണ്. ആരാടോണവർ യുദ്ധം ചെയ്യുന്നത്. ബിജെപിയോടും, മുസ്ലിംലീഗനോടും കോൺഗ്രസിനോടും അവർ യുദ്ധത്തിലാണ്. എല്ലാ പ്രദേശത്തും അവർ ആക്രമണം നടത്തുന്നു. പൊലീസ് നിഷ്‌ക്രിയരായി നോക്കിയിരിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.

കണ്ണൂർ ജയിലിൽ പോലും സിപിഎം ക്രിമിനലുകൾ അഴിഞ്ഞാടുകയാണെന്നും സുധാകരൻ ആരോപിച്ചു. ജയിലിന് അകത്തു വെച്ച് പോലും വധശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. യുവാവായ ഒരു യുവാവിനെ നിഷ്‌ക്കരുണം ഇല്ലാതാക്കിയതിലൂടെ കോൺഗ്രസിനെ തകർക്കാനാവില്ലെന്നും സുധാകരൻ പറഞ്ഞു. എന്റെ സഹോദരനെയാണ് സിപിഎം ഇല്ലാതാക്കിയതെന്നും സുധാകരൻ ആരോപിച്ചു. ഇന്നലെ രാത്രിയോടു കൂടിയാണ് ശുഹൈബിനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. തുടർന്ന് അക്രമികൾ വാനിൽ കയറി രക്ഷപ്പെട്ടു. ഇതുവരെ കൊലയാളികളെ പിടികൂടാൻ സാധിച്ചതുമില്ല.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം വൈകിട്ട് എടയന്നൂരിൽ പൊതുദർശനത്തിനു വയ്ക്കും. അതിനുശേഷം എടയന്നൂരിൽത്തന്നെയാണ് കബറടക്കം. കണ്ണൂരിലും തളിപ്പറമ്പിലും പൊതുദർശനമുണ്ടായിരിക്കുമെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും അതു വേണ്ടെന്നുവെക്കുകയായിരുന്നു. മട്ടന്നൂർ സ്റ്റേഷൻ പരിധിയിലെ എടയന്നൂർ തെരൂരിൽ ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷമാണ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. ബോംബേറിൽ പരുക്കേറ്റ പള്ളിപ്പറമ്പത്ത് ഹൗസിൽ നൗഷാദ്(27), റിയാസ് മൻസിലിൽ റിയാസ്(27) എന്നിവർ കണ്ണൂർ കൊയിലി ആശുപത്രിയിൽ ചികിത്സയിലാണ്.

ശുഹൈബിനെ കൊലയാളികൾ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന റിയാസിന്റെ പ്രതികരണം. സിപിഐഎം കോൺഗ്രസ് സംഘർഷം നിലനിന്നിരുന്ന എടയന്നൂരിൽ പാർട്ടിക്ക് വേണ്ടി ചെറുത്തുനിന്നത് ശുഹൈബായിരുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ രണ്ടാഴ്ച ജയിലിൽ റിമാന്റിൽ കഴിഞ്ഞിരുന്ന ശുഹൈബ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

വെളുത്ത വാഗ്നർ കാറിലെത്തിയ സംഘം മറ്റുള്ളവരെ തള്ളിമാറ്റി ശുഹൈബിനെ വെട്ടുകയായിരുന്നുവെന്ന് സുഹൃത്ത് റിയാസ് പറയുന്നു. ശുഹൈബിനെതിരെ സിപിഐഎം പ്രവർത്തകർ കൊലവിളി നടത്തുന്ന വീഡിയോയും ഇതിനിടയിൽ പുറത്തുവന്നിരുന്നു. രണ്ടാഴ്ച മുൻപ് എടയന്നൂരിൽ നടന്ന റാലിക്കിടെയായിരുന്നു പ്രവർത്തകരുടെ കൊലവിളി. ശുഹൈബിന്റെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞുവെന്നായിരുന്നു മുദ്രാവാക്യം. അതേസമയം റാലിയിൽ വിളിച്ച മുദ്രാവാക്യവും ഈ കൊലപാതകവും തമ്മിൽ ബന്ധമുണ്ടോ എന്ന് അന്വേഷിച്ച് കണ്ടെത്തേണ്ട കാര്യമാണെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP