Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെട്ടേറ്റ ശിവൻ പ്രധാന റോഡിലേക്ക് ഓടിയപ്പോൾ ബാബു പിന്നാലെചെന്നു വെട്ടിവീഴ്‌ത്തി; തിരിച്ചെത്തി സ്മിതയെ വീണ്ടും വെട്ടി മരണം ഉറപ്പാക്കി; കുരുന്നുകളെയും ലക്ഷ്യമിട്ടെങ്കിലും കുട്ടികൾ ഓടി രക്ഷപെട്ടു; മൂക്കന്നൂരിൽ ബാബു നടത്തിയത് അൽപംപോലും കരുണ കാട്ടാതെ അതിക്രൂര ആക്രമണം; കൊല്ലപ്പെട്ടവർക്ക് കണ്ണീരിൽ കുതിർന്ന യാത്രമൊഴി നൽകി ഗ്രാമം

വെട്ടേറ്റ ശിവൻ പ്രധാന റോഡിലേക്ക് ഓടിയപ്പോൾ ബാബു പിന്നാലെചെന്നു വെട്ടിവീഴ്‌ത്തി; തിരിച്ചെത്തി സ്മിതയെ വീണ്ടും വെട്ടി മരണം ഉറപ്പാക്കി; കുരുന്നുകളെയും ലക്ഷ്യമിട്ടെങ്കിലും കുട്ടികൾ ഓടി രക്ഷപെട്ടു; മൂക്കന്നൂരിൽ ബാബു നടത്തിയത് അൽപംപോലും കരുണ കാട്ടാതെ അതിക്രൂര ആക്രമണം; കൊല്ലപ്പെട്ടവർക്ക് കണ്ണീരിൽ കുതിർന്ന യാത്രമൊഴി നൽകി ഗ്രാമം

മറുനാടൻ മലയാളി ബ്യൂറോ

 അങ്കമാലി: സ്വത്തു തർക്കത്തെത്തുടർന്ന് മൂക്കന്നൂരിൽ പെട്ടി ഓട്ടോ ഡ്രൈവർ ബാബു മൂന്നു ബന്ധുക്കളെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ആഘാതം ഒരു നാടിനെ മൊത്തം നടുക്കിയിരിക്കയാണ്. ആസൂത്രിതകമായ കൊലപാതകം തന്നെയാണ് ബാബു നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കൊല ചെയ്ത രീതിയിൽ നിന്നു തന്നെ ഇത് വ്യക്തമാണെന്നും പൊലീസ് വ്യക്തമാക്കി. ആയിരങ്ങൾ അശ്രുപൂക്കളുമായാണ് കൊല്ലപ്പെട്ടവർക്ക് യാത്രാമൊഴി നൽകിയത്.

എരപ്പ് സന്റെ് ജോർജ് കപ്പേളക്ക് സമീപം അറയ്ക്കൽ വീട്ടിൽ കൊച്ചാപ്പുവിന്റെ മകൻ ശിവൻ (62), ശിവന്റെ ഭാര്യ വത്സല (58), ഇവരുടെ മൂത്ത മകൾ എടലക്കാട് കുന്നപ്പിള്ളി വീട്ടിൽ സുരേഷിന്റെ ഭാര്യ സ്മിത (30) എന്നിവരാണ് തിങ്കളാഴ്ച വൈകീട്ട് കൊല്ലപ്പെട്ടത്. സ്വത്ത് തർക്കത്തെത്തുടർന്ന് ശിവന്റെ ഇളയ സഹോദരൻ ബാബുവാണ് (42) മൂവരെയും അതിക്രൂരമായി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.

വത്സലയുടെയും സ്മിതയുടെയും മൃതദേഹങ്ങൾ ശിവന്റെ വീടിന്റെ അടുക്കള ഭാഗത്തും ശിവന്റെ മൃതദേഹം മറ്റൊരു സഹോദരൻ പരേതനായ ഷാജിയുടെ തൊട്ടടുത്തുള്ള വീടിന്റെ വരാന്തയിലുമാണ് കാണപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ എട്ടിന് മൂന്ന് മൃതദേഹങ്ങളും കളമശ്ശേരി സഹകരണ മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസ് സർജൻ പോസ്റ്റ്‌മോർട്ടം ചെയ്തു. വൈകീട്ട് 5.40ഓടെ മൃതദേഹങ്ങൾ ശിവന്റെ മറ്റൊരു സഹോദരൻ ഷിബുവിന്റെ വീടിന് മുന്നിൽ പൊതുദർശനത്തിന് വെച്ചു. ശിവൻ-വത്സല ദമ്പതികളുടെ മറ്റ് മക്കളായ സരിതയെയും സവിതയെയും മൂവരുടെയും മരണ വിവരം അറിയിച്ചിരുന്നില്ല.

വെട്ടേറ്റുവെന്നും അവശതയിലാണെന്നുമാണ് അറിയിച്ചിരുന്നത്. അതോടെ മോഹാലസ്യപ്പെട്ട് അവശതയിലായ ഇരുവരെയും ഷിബുവിന്റെ ഭാര്യ സേതുലക്ഷ്മിയെയും മൂക്കന്നൂർ എം.എ.ജി.ജെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ പൊതുദർശനത്തിന് വെക്കുന്നതിന് അൽപം മുമ്പാണ് മൂവരെയും ആശുപത്രിയിൽനിന്ന് വീട്ടിൽ കൊണ്ടുവന്നത്. 6.15ഓടെ ശിവന്റെയും വത്സലയുടെയും മൃതദേഹങ്ങൾ അങ്കമാലി എസ്.എൻ.ഡി.പി ശാന്തിനിലയം ശ്മശാനത്തിൽ സംസ്‌കരിച്ചു. സ്മിതയുടെ മൃതദേഹം എടലക്കാട്ടുള്ള ഭർതൃഗൃഹ വളപ്പിലാണ് സംസ്‌കരിച്ചത്. മൂത്ത മകൻ അതുൽ ചിതക്ക് തീകൊളുത്തി.

കൊലപാതകത്തെ കുറിച്ച് പൊലീസ് പറയുന്നത്

ആറു വർഷം മുൻപു മൂക്കന്നൂർ കാളാർകുഴിയിലെ വാടകവീട്ടിലേക്കു താമസം മാറ്റിയ ബാബു തറവാട്ടുപറമ്പിലെ മരങ്ങൾ വിൽപന നടത്തുന്നതിനു കച്ചവടക്കാരനുമായി സ്‌കൂട്ടറിലാണ് എത്തിയത്. സർവേയറുടെ സഹായിയായ ശിവനും കൂലിപ്പണി കഴിഞ്ഞു വത്സയും വീട്ടിലെത്തിയിട്ട് കുറച്ചുനേരമേ ആയിരുന്നുള്ളൂ. മരങ്ങൾ വെട്ടിക്കൊള്ളാൻ മരിച്ചുപോയ അമ്മ മുൻപു പറഞ്ഞിട്ടുള്ളതാണെന്നു ബാബു അറിയിച്ചപ്പോൾ, രേഖകളുമായി വന്നിട്ട് വെട്ടിക്കൊള്ളാൻ ശിവൻ ആവശ്യപ്പെട്ടു. ഇതാണ് പ്രകോപനത്തിന് ഇടയാക്കിയത്.

തുടർന്ന് ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കമായി. ഇതിനിടെ ബാബുവിന്റെ വീതത്തിലുള്ള തറവാട്ടുവീട്ടിൽനിന്ന് വാക്കത്തിയെടുത്തു വന്ന് ആദ്യം വത്സയെ വെട്ടുകയായിരുന്നു. ഇതുകണ്ടു തടുക്കാനായി വന്ന സ്മിതയെയും ശിവനെയും വെട്ടി. തുടർന്ന് അടുത്തുനിന്ന കുട്ടികളെയും ആക്രമിച്ചു. ബാബുവിനെ കൂടെയുണ്ടായിരുന്ന മരക്കച്ചവടക്കാരൻ ശിവൻ തടയാൻ ശ്രമിച്ചു. എന്നാൽ, അയാളെ കഴുത്തിൽ വാക്കത്തിവച്ചു ഭീഷണിപ്പെടുത്തിയ ശേഷമാണു വത്സയെ വെട്ടിയത്. വെട്ടേറ്റ ജ്യേഷ്ഠൻ ശിവൻ പ്രധാന റോഡിലേക്ക് ഓടിയപ്പോൾ ബാബു പിന്നാലെചെന്നു വെട്ടിവീഴ്‌ത്തി. ഇതിനു ശേഷം തിരിച്ചെത്തി സ്മിതയെ വീണ്ടും വെട്ടി മരണം ഉറപ്പാക്കി.

അമ്മയോടൊപ്പം ശിവരാത്രിക്കു പോകാനാണ് സ്മിത വീട്ടിലെത്തിയത്. ഉറക്കത്തിലായിരുന്ന സ്മിത ബഹളം കേട്ട് എഴുന്നേറ്റു വന്നതായിരുന്നു. സ്മിതയുടെ ഭർത്താവ് സുരേഷ് വിദേശത്താണ്. മരം വെട്ടുന്നതിനായി കുറച്ചുനാൾ മുൻപു ബാബു മറ്റൊരു മരക്കച്ചവടക്കാരനുമായി ഇവിടെ വന്നിരുന്നു. അന്നും വഴക്കുണ്ടായി. എന്നാൽ, അന്നു പ്രകോപനങ്ങളില്ലാതെ ബാബു വാടക വീട്ടിലേക്കു മടങ്ങിപ്പോയിരുന്നു. തറവാടു വീട് ബാബുവിന്റെ പേരിലാണെങ്കിലും ഈ വീട് ഒഴിഞ്ഞുകിടക്കുകയാണ്.

പ്രതിയായ ബാബു വൈകിട്ട് 6.45 നാണ് ആത്മഹത്യാശ്രമം നടത്തിയത്. സ്‌കൂട്ടറിൽ ദേശീയപാതയുടെ ഉപറോഡിലൂടെ എത്തിയ ഇയാൾ നാട്ടുകാർ കാൺകെ വാഹനം കുളത്തിലേക്കു ചാടിക്കുകയായിരുന്നു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ കൊരട്ടി എസ്‌ഐ കെ.എസ്. സുബീഷ് മോൻ, എഎസ്‌ഐ പി.ടി. വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എറിഞ്ഞു കൊടുത്ത തുണികൾ കൂട്ടിക്കെട്ടിയ വടത്തിലൂടെ ഇയാൾ കരയ്ക്കു കയറി. തുടർന്നാണ് കൊലപാതക കേസിലെ പ്രതിയാണെന്ന വിവരം ഇയാൾ വെളിപ്പെടുത്തിയത്.

കുരുന്നുകൾക്ക് നേരെയും വാക്കത്തിയോങ്ങി.. ഭയന്നു വിളിച്ച് ഓടി രക്ഷപെട്ട് അശ്വിനും അപർണയും

സ്വന്തം അമ്മയും മുത്തശ്ശനും അമ്മാമ്മയും കൺമുന്നിൽ ചോരചീന്തി മരിച്ചത് കണ്ട ആഘാതത്തിലാണ് കുടുംബത്തിലെ പേരക്കുട്ടികൾ. ഉറ്റബന്ധു തന്നെ ജീവിതത്തിലെന്നേക്കും ദുരന്തം വിതച്ച കൊലയാളിയായി മാറിയപ്പോൾ വെട്ടേറ്റതിന്റെ നടുക്കത്തിലാണ് അശ്വിൻ, അപർണ എന്നിവർ. ആശുപത്രിയിൽ എത്തിയപ്പൊഴും എന്റെ അമ്മയെ കൊന്നു എന്നു പറഞ്ഞുകൊണ്ടിരിക്കുകയാണ് കുട്ടികൾ. ശിവരാത്രി ആഘോഷിക്കാൻ അമ്മവീട്ടിൽ എത്തിയതായിരുന്നു ഇവർ.

മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ഇവരുടെ മുന്നിൽ ദാരുണമായ കൊലപാതകം നടക്കുന്നത്. ഓടിച്ചെന്ന അശ്വിനും അപർണയ്ക്കും വെട്ടേറ്റു. വെട്ടേൽക്കാതെ രക്ഷപ്പെട്ടത് അതുൽ മാത്രം. കൊലവിളിയുമായി അശ്വിനെയും ലക്ഷ്യം വച്ച പ്രതിയെ കണ്ട് അശ്വിൻ ഓടിരക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ ഓടിയെത്തുമ്പോൾ ഭീതിയോടെ ഇരുട്ടിൽ നിൽക്കുകയായിരുന്നു അശ്വിൻ. ഓടി രക്ഷപ്പെട്ടില്ലായിരുന്നില്ലെങ്കിൽ ജീവൻ നഷ്ടപ്പെടുമായിരുന്നു. ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലും ഉറ്റവരുടെ വേർപാടോർത്തു വിലപിക്കുകയാണ് ഈ അമ്മ.

ഭർതൃ സഹോദരൻ കൊലക്കത്തിയുമായി ഓടിച്ചെങ്കിലും കത്തിമുനയിൽ നിന്നു ജീവിതത്തിലേക്കു തിരികെ കയറുകയായിരുന്നു അറയ്ക്കൽ പരേതനായ ഷാജിയുടെ ഭാര്യ ഉഷ. എന്റെ കുടൽമാല എടുക്കുമെന്നു നേരത്തെ മുതൽ അവൻ പറയുമായിരുന്നു. ഉറ്റവരെ വെട്ടിവീഴ്‌ത്തുന്നതു തടയാനായി ചെന്നതാണ്. പക്ഷേ, അപ്പോഴേയ്ക്കും അവൻ എന്നെയും കൊല്ലാനായി പാഞ്ഞടുത്തു. എങ്ങോട്ടൊക്കെയൊ ഓടി. സ്‌കൂളിൽ പഠിക്കുമ്പോൾ എന്റെ കൈകൊണ്ടാണ് അവനു ചോറു വാരി കൊടുത്തത്. അവൻ എന്റെ ജീവനെടുക്കാനായി പാഞ്ഞടുത്തു. ഈശ്വരനാണ് ഓടാൻ തോന്നിച്ചത്. സർവതും നശിപ്പിക്കാനുള്ള ധൃതിയിലായിരുന്നു കൊലയാളി ഉഷ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP