Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫോമാ കൺവൻഷൻ കുടുംബങ്ങളുടെ മഹോത്സവത്തിന്റെ മിനുക്കു പണികൾ അവസാനഘട്ടത്തിൽ; വൻ പ്രാതിനിധ്യമുണ്ടാകുമെന്ന് ജിബി തോമസ്

ഫോമാ കൺവൻഷൻ കുടുംബങ്ങളുടെ മഹോത്സവത്തിന്റെ മിനുക്കു പണികൾ അവസാനഘട്ടത്തിൽ; വൻ പ്രാതിനിധ്യമുണ്ടാകുമെന്ന് ജിബി തോമസ്

ജൂൺ 21 മുതൽ 24 വരെ ഷിക്കാഗോയിൽ അരങ്ങേറുന്ന ഫോമാ കൺവൻഷന്റെ അന്തിമഘട്ട മിനുക്കുപണികൾ നടക്കുമ്പോൾ വിജയകരമായ ഒരു കൺവൻഷിലേക്കു നടന്നടുക്കുന്ന സംതൃപ്തിയുമായി സാരഥികൾ. ഇത്തവണത്തെ കൺവൻഷൻ പലതുകൊണ്ടും പുതുമയുള്ളതായിരിക്കും. ഒന്നാമത് ഇതൊരു ഫാമിലി കൺവൻഷനായിരിക്കും. രജിസ്റ്റർ ചെയ്തവരിൽ ഭൂരിപക്ഷവും കുടുംബങ്ങളാണ്. മിക്കപ്പോഴും കൺവൻഷന്റെ മുഖ്യാകർഷണമാകുന്ന ഇലക്ഷൻ ഇത്തവണ പിന്നിലേക്കു പോയി. ഇതൊരു ഇലക്ഷൻ കൺവൻഷനാകില്ല എന്നർത്ഥം- ജനറൽ സെക്രട്ടറി ജിബി തോമസ് ചൂണ്ടിക്കാട്ടുന്നു.

ഫോമയ്ക്കുവേണ്ടി ഫുൾടൈം പ്രവർത്തിക്കുന്ന പ്രസിഡന്റിനെ ലഭിച്ചുവെന്നതും സ്വാർത്ഥ താത്പര്യങ്ങളില്ലാത്ത ടീം നേതൃനിരയിലും കമ്മിറ്റികളിലും വന്നുവെന്നുമുള്ളതാണ് ഇത്തവണത്തെ പ്രവർത്തനം മികവുറ്റതാക്കിയത്. അതു കൺവൻഷനിലും പ്രതിഫലിക്കും- ജിബി തോമസ് പറഞ്ഞു. ഏപ്രിൽ 30-നു രജിസ്ട്രേഷൻ ക്ലോസ് ചെയ്യും. ഇതിനകം തന്നെ 300-ൽപ്പരം കുടുംബങ്ങൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. അഞ്ഞൂറു കുടുംബമെങ്കിലും രജിസ്റ്റർ ചെയ്യുമെന്നുറപ്പ്. ഏർലി ബേർഡ് രജിസ്ട്രേഷനിൽ കുറഞ്ഞ നിരക്ക് ഒട്ടേറെപ്പേർ പ്രയോജനപ്പെടുത്തി. ഫാമിലിക്ക് അന്ന് 999 ഡോളറായിരുന്നത് ഇപ്പോൾ 1250 ഡോളറായി.

പ്രോഗ്രാമിന്റെ രൂപരേഖ ചർച്ചയിലാണ്. ജൂൺ 21-നു വ്യാഴാഴ്ച രാവിലെ മുതൽ രജിസ്ട്രേഷൻ. വൈകിട്ട് 5 മണിക്ക് ഫോമാ കൺവൻഷന് തുടക്കമാകും. 201 പേരുടെ തിരുവാതിരയും, 101 പേരുടെ ചെണ്ടമേളവും. തുടർന്നു ഡിന്നറും കലാപരിപാടികളും. അതോടൊപ്പം തന്നെ രാത്രി 9 മണിക്ക് ജനറൽ ബോഡി. സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തൽ. വെള്ളിയാഴ്ച രാവിലെ 8 മുതൽ 12 വരെ ഇലക്ഷൻ. പരിധി വിട്ട് ഇലക്ഷൻ പ്രചാരണം ഉണ്ടാവരുതെന്നു നിർദേശിച്ചിട്ടുണ്ട്. അതുപോലെ ബൂത്തിനു സമീപമൊക്കെ ഇലക്ഷൻ പ്രചാരണം അനുവദിക്കില്ല. ഇലക്ഷൻ കൺവൻഷനെ ബാധിക്കാതിരിക്കാനുള്ള മുൻകരുതലുകളാണിവ.

വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ അർധരാത്രി വരെ നീളുന്ന നോൺസ്റ്റോപ്പ് പരിപാടികൾ ഉണ്ടാകും. വിവിധ സ്റ്റേജുകളിൽ വിവിധ പ്രോഗ്രാമുകൾ. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഏതെങ്കിലും പ്രോഗ്രാം ഏതെങ്കിലും സ്റ്റേജിൽ ഉണ്ടാകും. യുവ തലമുറയ്ക്കായി പ്രത്യേക പരിപാടികളാണ്. പ്രൊഫഷണലായി ഗുണകരമാകുന്ന പരിപാടികൾക്കാണ് മുൻതൂക്കം. ബ്യൂട്ടി പേജന്റ്, വനിതാരത്നം, മലയാളി മന്നൻ, ബെസ്റ്റ് കപ്പിൾ തുടങ്ങിയ പതിവ് മത്സരങ്ങൾക്ക് പുറമെ വിവിധ നഗരങ്ങളിൽ നിന്നുള്ള കലാകാരന്മാർ അവതരിപ്പിക്കുന്ന അര മണിക്കൂറിൽ കവിയാതെയുള്ള കലാപരിപാടികളുടെ മത്സരങ്ങളും ഉണ്ടാകും.

മെയിൻ ഹാളിനു മുന്നിലായി നാലു ചെറിയ ഹാളുകളും ഉപയോഗപ്പെടുത്താം. പ്രോഗ്രാമുകൾക്കായി 20 സബ് കമ്മിറ്റികൾ പ്രവർത്തിക്കുന്നു. വെള്ളിയാഴ്ചയും ശനിയാഴ്ചയും സിനിമാതാരങ്ങൾ അടക്കമുള്ളവർ പങ്കെടുക്കുന്ന കലാപരിപാടി നടക്കും. വരുന്നവർ ആരെന്നും മറ്റും ഉടനെ തീരുമാനമാകും. എല്ലാ ദിവസവും കൺവൻഷനിൽ പങ്കെടുക്കുകയും ജനങ്ങളുമായി സംവദിക്കുകയും, വിവിധ യോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നവരെ കൊണ്ടുവരികയാണ് ലക്ഷ്യം. സാഹിത്യ സമ്മേളനത്തിനും മീഡിയ സെമിനാറിലും നാട്ടിൽ നിന്ന് ആരൊക്കെ പങ്കെടുക്കുമെന്നത് ചർച്ചയിലാണ്.

ബിസിനസ് ലഞ്ച് ഉണ്ടാകും. മികച്ച സുവനീറും തയാറായി വരുന്നു. രജിസ്റ്റർ ചെയ്തവരുമായി രജിസ്ട്രേഷൻ കമ്മിറ്റി ബന്ധപ്പെടുന്നുണ്ട്. രജിസ്റ്റർ ചെയ്തവർ വരുമ്പോൾ എന്താണ് ലഭിക്കുകയെന്നു മുൻകൂട്ടി തന്നെ വ്യക്തമാക്കും. പാക്കേജ് കിട്ടാതെയും റൂം കിട്ടാതെയുമൊന്നും വരുന്ന അവസ്ഥയുണ്ടാവില്ല. രജിസ്ട്രേഷൻ നേരത്തെ ക്ലോസ് ചെയ്യുന്നതു തന്നെ വ്യക്തമായ തയ്യാറെടുപ്പിനു വേണ്ടിയാണ്. കായിക മത്സരങ്ങൽ ഇല്ലാതില്ല. പ്രൊഫഷണൽ- നെറ്റ് വർക്കിങ് പരിപാടികൾക്കാണ് മുൻതൂക്കം. യൂത്ത് കമ്മിറ്റി ഇതിന്റെ പ്രോഗ്രാം തയാറാക്കുന്നു.

പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയുടെ റീജിയനായ ചിക്കാഗൊായിൽ നിന്നും സെക്ട്ര്ടറിയുടെ റീജ്യനായ മിഡ് അറ്റ്ലാന്റിക്കിൽ നിന്നുമാണ് ഏറ്റവും കൂടുതൽ രജിസ്ട്രേഷൻ ഇപ്പോൾ. പ്രസിഡന്റിന്റെ നേത്രുത്വത്തിൽ വീടുകളിൽ ചെന്നു ജനങ്ങളുമായി ബന്ധപ്പെടുന്നത് വലിയ പ്രതികരണം ഉണ്ടാക്കി. കേരള മുഖ്യമന്ത്രി, മുൻ മുഖ്യമന്ത്രി, കേന്ദ്ര മന്ത്രിമാർ തുടങ്ങിയവർക്കൊക്കെ ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. ആരൊക്കെ വരുമെന്ന് ഉറപ്പില്ല. ഓടിവന്ന് മുഖംകാണിച്ചിട്ട് പോകുന്നവരെ കൊണ്ടുവന്നിട്ട് കാര്യവുമില്ല.

ഇവിടുത്തെ ഇന്ത്യക്കാരായ തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് അംഗങ്ങളും, പ്രത്യേകിച്ച് മലയാളിയായ കോൺഗ്രസ് വുമൺ പ്രമീള ജയ്പാൽ, ന്യൂജേഴ്സി സ്റ്റേറ്റ് സെനറ്റർ വിൻ ഗോപാൽ തുടങ്ങിയവരേയും ക്ഷണിക്കുന്നുണ്ട്. എല്ലാ കൺവൻഷനു മുമ്പും നഷ്ടം വരില്ല എന്നു ഭാരവാഹികൾ പറയാറുണ്ടെങ്കിലും പലപ്പോഴും നഷ്ടത്തിൽ കലാശിക്കാറുണ്ട്. അത് ഇപ്രാവശ്യം ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ട്. നഷ്ടം നികത്തുക ഭാരവാഹികൾക്ക് എളുപ്പമല്ല.

ഇതേവരെയുള്ള പ്രവർത്തനങ്ങൾ തിരിഞ്ഞു നോക്കുമ്പോൾ സംതൃപ്തിയുണ്ടെന്ന് ജിബി പറയുന്നു. സംഘടനയെ ചലനാത്മകമാക്കാൻ കഴിഞ്ഞു. എന്തു പ്രശ്നം വന്നാലും അമേരിക്കൻ മലയാളികൾക്ക് ആശ്രയിക്കാവുന്ന സംഘടനയായി ഫോമ മാറി. എച്ച് 1 വിസയിൽ വന്നിട്ടുള്ളവരുമായി സംവദിക്കാനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഫോമ മുന്നിട്ടിറങ്ങാനും തീരുമാനിച്ചത് വലിയ മാറ്റമായി കരുതുന്നു. ഇതിനായി ഒരു ടീമിനെ നിയോഗിച്ചു. തങ്ങൾ ഇവിടെയാണോ, നാട്ടിലാണോ കഴിയുകയെന്നതിൽ സന്ദേഹപ്പെട്ട് നിൽക്കുന്ന ഒരു വിഭാഗമാണവർ. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് അംഗങ്ങളുമായും മറ്റും ബന്ധപ്പെടാനും തീരുമാനിച്ചു.

ഗ്രാൻഡ് കാനിയൻ യൂണിവേഴ്സിറ്റിയുമായി ഉണ്ടാക്കിയ ബന്ധം മലയാളി സമൂഹത്തിനു മൊത്തം ഗുണകരമായി. ഫീസിലെ ഡിസ്‌കൗണ്ട് 10 ശതമാനത്തിൽ നിന്നു 15 ശതമാനമാക്കി. നഴ്സിംഗിനു മാത്രമല്ല ഇരുനൂറോളം വിഷയങ്ങൾക്ക് ഇത് ലഭ്യമാകും. ഇതിനു പുറമെ നാട്ടിൽ നിന്നു ഫോമയുമായി ബന്ധപ്പെട്ട് വരുന്ന വിദ്യാർത്ഥികൾക്ക് ഇന്റർനാഷണൽ സ്റ്റുഡന്റ്സ് എന്ന ഉയർന്ന ഫീസിനു പകരം അമേരിക്കൻ വിദ്യാർത്ഥി എന്ന നിലയിലുള്ള ഫീസേ വാങ്ങുകയുള്ളു. വെരിഫിക്കേഷൻ ഫീസും ഒഴിവാക്കും. ഇത് വലിയൊരു നേട്ടമാണ്.

ഫോമയിൽ പുതുതായി എട്ടിൽപ്പരം അസോസിയേഷനുകൾ അംഗങ്ങളായി. മൊത്തം 72 സംഘടനകൾ. ഇനിയും അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. നല്ല ടീം ഉണ്ടായി എന്നതാണ് ഇത്തവണത്തെ മികവിനു കാരണം. ഫുൾടൈം പ്രസിഡന്റ് എന്നത് പുതിയൊരു അനുഭവമാണ്. അതിന്റെ മെച്ചം സംഘടനയ്ക്ക് ലഭിച്ചു. ആറു റീജിയനുകളിൽ ഇതിനകം യൂത്ത് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. ബാക്കിയുള്ളിടത്തും ഉടൻ സംഘടിപ്പിക്കും.

ഫോമയുടെ വിശ്വാസ്യത ഏറെ കൂടി. പ്രശ്നങ്ങൾ വരുമ്പോൾ തുണയ്ക്കാൻ ഫോമ ഉണ്ടാവുമെന്ന വിശ്വാസം ജനങ്ങൾക്കുണ്ടായി. വനിതാ ഫോറത്തിന്റെ പ്രവർത്തനങ്ങളാണ് ഫോമയെ കൂടുതൽ ചൈതന്യവത്താക്കിയത്. നാട്ടിൽ സ്‌കോളർഷിപ്പ് നൽകുക, പാലിയേറ്റീവ് കെയർ എന്നിവയൊക്കെ തികച്ചും അഭിമാനമർഹിക്കുന്നു. സെക്രട്ടറി സ്ഥാനം തീർന്നുകഴിഞ്ഞാൽ അടുത്തത് എന്ത് എന്ന ചോദ്യത്തിന് ആദ്യം ഇതൊന്നു കഴിയട്ടെ എന്നായിരുന്നു മറുപടി. മുഖ്യധാരയിൽ പ്രവർത്തിക്കണമെന്നാണ് ആഗ്രഹം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP