Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഐഎപിസി ഡയറക്ടർ ബോർഡ് വിപുലീകരിച്ചു

ഐഎപിസി ഡയറക്ടർ ബോർഡ് വിപുലീകരിച്ചു

ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ഇന്ത്യൻ മാദ്ധ്യമപ്രവർത്തകരുടെ ശക്തമായ സംഘടനയായ ഇൻഡോ- അമേരിക്കൻ പ്രസ്‌ക്ലബ്‌ന്റെ (ഐഎപിസി) ഡയറക്ടർ ബോർഡ് വിപുലീകരിച്ചു. ചെയർമാനും വൈസ് ചെയർപേഴ്സണും ഉൾപ്പടെ 16 ഡയറക്ടർമാരാണ് ഐഎപിസിക്കുള്ളത്.

ഇന്ത്യൻ അമേരിക്കൻ മാദ്ധ്യമ പ്രവർത്തകരെ ഒരു കുടക്കീഴിൽ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ മൂന്നു വർഷം മുമ്പ് രൂപീകരിച്ച ഐഎപിസിയിപ്പോൾ ശക്തമായ വളർച്ചയുടെ പാതയിലാണ്. രൂപീകൃതമായി ചുരുങ്ങിയ കാലം കൊണ്ടുതന്നെ അമേരിക്കയിലും കാനഡയിലുമായി നിരവധി ഐഎപിസി ചാപ്റ്ററുകളാണ് പ്രവർത്തിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രഗത്ഭ മാദ്ധ്യമപ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് എല്ലാവർഷവും നടത്തുന്ന ഇന്റർനാഷ്ണൽ മീഡിയ കോൺഫ്രൻസിനുള്ള ഒരുക്കത്തിലാണിപ്പോൾ ഐഎപിസി. ഇത്തവണത്തെ കോൺഫ്രൻസ് കാനഡയിലെ ടൊറന്റോയിൽ ഒക്ടോബറിൽ നടക്കും. ഇതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

പ്രമുഖ മാദ്ധ്യമ പ്രവർത്തകനും മാദ്ധ്യമ സംരംഭകനുമായ ജിൻസ്മോൻ പി. സക്കറിയയാണ് ഐഎപിസിയുടെ ചെയർമാൻ. ജയ്ഹിന്ദ് ടിവിയുടെ അമേരിക്കയിലെ ഡയറക്ടറായ ജിൻസ്മോൻ പി. സക്കറിയ ദൃശ്യമാദ്ധ്യമരംഗത്ത് പുതുമകൾ അവതരിപ്പിച്ച് ശ്രദ്ധേയനായി. ജയ്ഹിന്ദ് ടിവിക്കുവേണ്ടി ജിൻസ്മോൻ അമേരിക്കയിലെ മുഴുവൻ സംസ്ഥാനങ്ങളിലും ആദ്യമായി റിയാലിറ്റി ഷോ നടത്തിയത് ചരിത്രസംഭവമായി. നൂറുകണക്കിന് മലയാളികൾ പങ്കെടുത്ത റിയാലിറ്റി ഷോ ഇരുന്നൂറ്റിയമ്പതോളം എപ്പിസോഡു കളിലാണ്  സംപ്രേഷണം ചെയ്തത്. നിരവധി ഗായകർക്ക് ഈ പരിപാടിയിലൂടെ തങ്ങളുടെ കഴിവുകൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു.

കഴിഞ്ഞ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജയ്ഹിന്ദ് ടിവിക്കു വേണ്ടി വിശദമായി റിപ്പോർട്ട് ചെയ്യുകയും പ്രത്യേക പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. യുഎസ് ഡയറി എന്ന പ്രതിവാര പരിപാടിയിലൂടെ അമേരിക്കൻ മലയാളികളുടെ നിരവധി പ്രശ്നങ്ങൾ അധികാരികൾക്കു മുന്നിൽ എത്തിച്ചു. ദൃശ്യ മാദ്ധ്യമ രംഗത്തിനൊപ്പം അച്ചടി മാദ്ധ്യമരംഗത്തും വ്യത്യസ്തത നിറഞ്ഞ സമീപനം സ്വീകരിച്ചിട്ടുള്ള ജിൻസ്മോൻ  അമേരിക്കയിലും കാനഡയിലുമായി നാല് എഡിഷനുകളുള്ള ജയ്ഹിന്ദ് വാർത്തയുടെ ചെയർമാനാണ്. അമേരിക്കയിലെ പ്രമുഖ മലയാളം മാഗസിനായ അക്ഷരം മാസികയുടെ ചീഫ് എഡിറ്ററായ അദ്ദേഹം ഇംഗ്ലീഷ് മാസികയായ ഏഷ്യൻ ഇറയുടെ പ്രസിഡന്റും സിഇഒയുമാണ് . അമേരിക്കയിലെ  പ്രമുഖ ഇംഗ്ലീഷ്  പത്രമായ ദി സൗത്ത് ഏഷ്യൻ ടൈംസ്ന്റെ മാനേജ്മെന്റിൽ പ്രവർത്തിക്കുന്ന ജിൻസ്മോൻ പതിനാലുവർഷം മുമ്പ് ദീപിക ദിനപത്രത്തിന്റെ യൂറോപ്പ് എഡിഷന്റെ ചാർജ് ഏറ്റെടുത്തുകൊണ്ടാണ് പത്രപ്രവർത്തന രംഗത്ത് തുടക്കം കുറിക്കുന്നത്. 

പ്രവാസ പത്രപ്രവർത്തന രംഗത്ത് നിരവധി മാറ്റങ്ങൾ കൊണ്ടുവന്നിട്ടുള്ളയാളാണ് ജിൻസ്മോൻ സക്കറിയ. ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദം നേടിയ അദ്ദേഹം അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് പ്രവാസലോകത്തെത്തുന്നത്. ഇതിനിടെ ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.  അമേരിക്കയിലും യൂറോപ്പിലുമായി നിരവധി സംഘടനകളിൽ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുള്ള ജിൻസ്മോൻ സക്കറിയ യൂറോപ്പിലെ ലിവർപൂൾ മലയാളി അസോസിയേഷന്റെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്നു. ഇൻഡോ അമേരിക്കൻ ലോയേഴ്സ് ഫോറം ജനറൽ സെക്രട്ടറി, ഇൻഡോ അമേരിക്കൻ മലയാളി ചെംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി, കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ പ്രസിഡന്റ് തുടങ്ങി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

നോർത്ത് അമേരിക്കയിലെ അറിയപ്പെടുന്ന  ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റായ വിനീത നായരാണ് ഡയറക്ടർ ബോർഡ് വൈസ് ചെയർപേഴ്സൺ. കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള വിനീത പഠനകാലത്തുതന്നെ മാദ്ധ്യമരംഗത്തു സജീവസാന്നിധ്യമായിരുന്നു. ദൂരദർശൻ, ഏഷ്യനെറ്റ്, സൂര്യ ടിവി, ഓൾ ഇന്ത്യ റേഡിയോ തുടങ്ങി വിവിധ മാദ്ധ്യമ സ്ഥാപനങ്ങളിൽ നിരവധി ശ്രദ്ധേയമായ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ചലച്ചിത്രമേളകൾ റിപ്പോർട്ടു ചെയ്തിട്ടുള്ള വിനീത രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, സാഹിത്യ രംഗങ്ങളിലെ പ്രമുഖരുമായി അഭിമുഖങ്ങൾ നടത്തിയിട്ടുണ്ട്. 1999 ൽ കായംകുളം തെർമൽ പവർ പ്ലാന്റ് മുൻ  ഇന്ത്യൻ പ്രധാനമന്ത്രി എ.ബി. വാജ്പെയ് ഉദ്ഘാടനം ചെയ്ത ചടങ്ങിന്റെ ഔദ്യോഗിക ഹോസ്റ്റായിരുന്നു അന്ന് വിദ്യാർത്ഥിനിയായിരുന്ന  വിനീത. വിവിധ മാദ്ധ്യമ മേഖലകളിൽ എഴുത്തുകാരി, എഡിറ്റർ, കോപ്പിറൈറ്റർ, അവതാരക, റിപ്പോർട്ടർ, ഇന്റർവ്യൂവർ, ടോക് ഷോ ഹോസ്റ്റ്, പ്രോഡ്യൂസർ, പബ്ലിക്ക് റിലേഷൻസ് ഓഫീസർ  എന്നീ നിലകളിലും 'വിനി' എന്നറിയപ്പെടുന്ന വിനീത നായർ പ്രവർത്തിച്ചിട്ടുണ്ട്. ന്യൂജേഴ്സി കേന്ദ്രമാക്കിയുള്ള മലയാളം ഐപിടിവി   നെറ്റ്‌വർക്കിൽ സംപ്രേഷണം ചെയ്തിരുന്ന  'മലയാളം ടെലിവിഷൻ ന്യൂസ് വിത്ത് വിനീത നായർ' എന്ന പരിപാടി വൻ  പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.  അച്ചടി, ദൃശ്യമാദ്ധ്യമങ്ങളിൽ പ്രവർത്തിക്കുന്നതിനൊപ്പം തന്നെ  പബ്ലിക്ക് സ്പീക്കിങ് സ്‌കിൽ വർധിപ്പിക്കുന്നതിനുള്ള കോച്ചിംഗും വിനി നായർ നൽകിവരുന്നു.

എഴുത്തുകാരനും പത്രപ്രവർത്തകനുമായ പോൾ ഡി പനയ്ക്കലാണ് ഡയറക്ടർ ബോർഡ് സെക്രട്ടറി. മലയാള മനോരമ സൺഡേ സപ്ലിമെന്റ്, വനിത, മാതൃഭൂമി ആഴ്ചപ്പതിപ്പ്, ദീപിക, കേരള ടൈംസ് എന്നീ പ്രസിദ്ധീകരണങ്ങളിൽ ഇദ്ദേഹത്തിന്റെ നിരവധി ലേഖനങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ജർമ്മനിയിൽ നിന്നും പ്രസിദ്ധീകരിച്ച 'എന്റെ ലോകം' എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്റോറിയൽ ബോർഡ് അംഗമായിരുന്നു. 'മലയാളം യൂറോപ്പിൽ' എന്ന പേരിൽ ഇദ്ദേഹം രചിച്ച പുസ്തകം ഡിസി ബുക്സ് പ്രസിദ്ധീകരിച്ചു.  അമേരിക്കയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാള അച്ചടി, ഓൺലൈൻ മാദ്ധ്യമങ്ങൾക്കു വേണ്ടി സാമൂഹ്യ പ്രസക്തിയുള്ള ലേഖനങ്ങളും വാർത്തകളും ഇദ്ദേഹം എഴുതുന്നുണ്ട്.

മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ:

സുനിൽ ജോസഫ് കൂഴമ്പാല - മലയാളത്തിലെ ആദ്യ ദിനപത്രമായ ദീപിക പ്രസിദ്ധീകരിക്കുന്ന രാഷ്ട്രദീപിക കമ്പനിയുടെ മാനേജിങ് ഡയറക്ടറാരുന്നു. ദീപിക പത്രം പ്രതിസന്ധി കാലഘട്ടത്തിലൂടെ കടന്നുപോകുന്നതിനിടെയാണ് അദ്ദേഹം കമ്പനിയുടെ എംഡിയായി ചുമതലയേൽക്കുന്നത്. അദ്ദേഹത്തിന്റെ പ്രവർത്തന മികവുകൊണ്ട് കമ്പനിയുടെ പ്രതിസന്ധികളെല്ലാം ചുരുങ്ങിയകാലം കൊണ്ടുതന്നെ മറികടക്കാൻ സാധിച്ചു. കുട്ടികൾക്കു വേണ്ടി  പ്രസിദ്ധീകരിച്ചിരുന്ന' 'ചിൽഡ്രൻസ് വേൾഡ്' മാസികയുടെ പബ്ലീഷറായിരുന്നു. അമേരിക്കയിൽ അറിയപ്പെടുന്ന ബിസിനസുകാരനായ ഇദ്ദേഹം മാദ്ധ്യമസംരംഭങ്ങളുടെ മാർഗദർശി കൂടിയാണ്.

ഷൊമിക്ക് ചൗധരി - ഇന്ത്യൻ അമേരിക്കൻ മാദ്ധ്യമരംഗവുമായി രണ്ടു പതിറ്റാണ്ടോളം അടുത്തു പരിചയമുള്ള ഷൊമിക്ക് ചൗധരി. ആറു വർഷത്തോളം പാരിഖ് വേൾഡ് വൈഡ് മീഡിയയുടെ സിഒഒ ആയിരുന്നു. ഇപ്പോൾ അന്താരാഷ്ട്ര ഡിജിറ്റൽ മാർക്കറ്റിങ് ഏജൻസിയായ ആഡ്ഫോഴ്സ് നോർത്ത് അമേരിക്കയുടെ വൈസ് പ്രസിഡന്റാണ്. ബിരുദാനന്തര ബിരുദം ഇന്ത്യയിൽ നിന്നും മാർക്കറ്റിങ് മാനേജ്മെന്റ് ഹാർവാർഡിൽ നിന്നും എക്സിക്യൂട്ടീവ് ലീഡർഷിപ്പ് കോർനൽ യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് നേടിയിട്ടുള്ളത്. ഇന്റർനാഷ്ണൽ എൻജിഒയുടെ യുഎൻ പ്രതിനിധിയും യുഎന്നിന്റെ റിസോഴ്സ് പേഴ്സണുമാണ്.

ജോസ് തയ്യിൽ - അമേരിക്കയിലെ ആദ്യകാല മലയാള പ്രസിദ്ധീകരണങ്ങളിൽ ഇന്നു നിലവിലുള്ള ഏക പ്രസിദ്ധീകരണമായ കൈരളി പത്രത്തിന്റെ ചീഫ് എഡിറ്ററാണ് ജോസ് തയ്യിൽ. 1977 ലാണ് അദ്ദേഹം നോർത്ത് അമേരിക്കയിൽ പത്രപ്രവർത്തന ജീവിതം ആരംഭിച്ചത്. 1981 ലാണ് ജോസ് തയ്യിൽ മുഖ്യപത്രാധിപരും പ്രസാധകനുമായി കൈരളി പത്രം ആരംഭിക്കുന്നത്. പ്രവാസ ലോകത്ത് 39 വർഷത്തെ പ്രവർത്തന പരിചയമുള്ള മുതിർന്ന ഇന്ത്യൻ മാദ്ധ്യമപ്രവർത്തകൻ കൂടിയാണ് ജോസ് തയ്യിൽ.


ഫാ. ജോൺസൻ പുഞ്ചകോണം- നോർത്ത് അമേരിക്കയിലെ അറിയപ്പെടുന്ന മാദ്ധ്യമപ്രവർത്തകരിൽ ഒരാളായ ഫാ. ജോൺസൻ പുഞ്ചകോണം അച്ചടി, ഓൺലൈൻ, ദൃശ്യമാദ്ധ്യമങ്ങളിൽ വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ളയാളാണ്. എഴുത്തും ഗ്രാഫിക്സും ഉപയോഗിച്ച് പത്രങ്ങളിലും മാസികകളിലും വിവിധ വിഷയങ്ങൾ സമഗ്രമായി അവതരിപ്പിക്കുന്നതിൽ ഇദ്ദേഹം ഏറെ ശ്രദ്ധേയനാണ്. ഓർത്തഡോക്സ് ടിവിയുടെ സിഇഒയും ഓപ്പറേഷൻസ് മാനേജറുമായി പ്രവർത്തിക്കുന്ന ഫാ. ജോൺസൺ പുഞ്ചക്കോണം ജോയി ടിവി നെറ്റ് വർക്കിന്റെ ഓപ്പറേഷൻസ് മാനേജർ കൂടിയാണ്.

ആഷ്ലി ജെ.മാങ്ങഴ- പ്രവാസി മലയാളി മാദ്ധ്യമപ്രവർത്തകരിൽ പ്രമുഖരിൽ ഒരാളായ ആഷ്ലി ജെ.മാങ്ങഴ അമേരിക്കയിലും കാനഡയിലുമായി നാല് എഡിഷനുകളുള്ള ജയ്ഹിന്ദ് വാർത്തയുടെ ചീഫ് എഡിറ്ററാണ്. ജയ്ഹിന്ദ്വാർത്തയുടെ എഡിറ്റോറിയൽ ബോർഡ് അംഗമായി പ്രവർത്തനം തുടങ്ങിയ ആഷ്ലി തന്റെ പ്രവർത്തന മികവു കൊണ്ടാണ് ചീഫ് എഡിറ്റർ പദവിയിലെത്തിയത്. കാനഡയിലെയും അമേരിക്കയിലെയും പ്രവാസികളെ സംബന്ധിക്കുന്ന നിരവധി പ്രശ്നങ്ങളാണ് അദ്ദേഹം, തന്റെ ലേഖനങ്ങളിലൂടെ ജനശ്രദ്ധയിൽ എത്തിച്ചത്. ഒന്നര പതിറ്റാണ്ടിന്റെ പത്രപ്രവർത്തന പാരമ്പര്യമുള്ള ആഷ്ലി ഫ്ളോറിഡയിൽ നിന്നു പ്രസിദ്ധീകരിച്ച 'മലയാളി മനസ്' എന്ന പത്രത്തിന്റെ ചീഫ് റിപ്പോർട്ടറായിട്ടായി  പ്രവർത്തിച്ചു. അമേരിക്കയിലെ പ്രമുഖ മലയാളം മാസികയായ അക്ഷരത്തിന്റെ മാനേജിങ് എഡിറ്ററായും പ്രവർത്തിച്ചു. സാമൂഹ്യ, രാഷ്ട്രീയ, സാഹിത്യ വിഷയങ്ങളിൽ ആഷ്ലിയുടേതായി നിരവധി ലേഖനങ്ങളാണ് ഇതിനോടകം തന്നെ അച്ചടി, ഓൺലൈൻ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. റേഡിയോ അവതാരകനായും പ്രവർത്തിക്കുന്നു.
ഷാജി രാമപുരം-  ഒരു ദശാബ്ദമായി അമേരിക്കയിൽ നിന്നുള്ള വാർത്തകൾ ഇന്ത്യൻ മാദ്ധ്യമങ്ങൾക്കുവേണ്ടി റിപ്പോർട്ട് ചെയ്യുന്ന സ്വതന്ത്ര പത്രപ്രവർത്തകനാണ് ഷാജി രാമപുരം. നോർത്ത് അമേരിക്കയിലെയും യൂറോപ്പിലെയും മാർത്തോമ രൂപതയുടെ മീഡിയ കമ്മറ്റി അംഗമായി പ്രവർത്തിക്കുന്നു. ഒപ്പം, ഡിഎഫ് ഡബ്ല്യു പ്രൊവിൻസിലെ വേൾഡ്മലയാളി  കൗൺസിൽ പ്രസിഡന്റ്, ഡബ്ല്യുഎംസി അമേരിക്കൻ റീജ്യൻ വൈസ്പ്രസിഡന്റ് എന്നീപദവികൾ വഹിക്കുന്ന ഇദ്ദേഹം കേരളത്തിലും അമേരിക്കയിലുമായി നിരവധി സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ നേതൃനിരയിൽ പ്രവർത്തിച്ചിട്ടുണ്ട്.

ജോസ് വി. ജോർജ് -  ജയ്ഹിന്ദ് വാർത്ത കാനഡയുടെ വൈസ് ചെയർമാനായ ജോസ് വി. ജോർജ്  എഴുത്തുകാരനും കോളമിസ്റ്റുമാണ്. സാമൂഹ്യ പ്രസക്തിയുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങൾ  കാനഡയിലെ മലയാളികളുടെ ജീവിത സാഹചര്യങ്ങൾ ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ  വഹിച്ച പങ്ക് വളരെ വലുതാണ്. സ്‌കൂൾ,കോളേജ്തലം  മുതൽ കലാ, സാംസ്‌കാരിക രംഗങ്ങളിൽ  സജീവ സാന്നധ്യമായ അദ്ദേഹം അറിയപ്പെടുന്ന നിരൂപകൻ കൂടിയാണ്.

രാജു ചിറമണ്ണിൽ - നോർത്ത് അമേരിക്കയിലെ അറിയപ്പെടുന്ന ചെറുകഥാകൃത്തും മാദ്ധ്യമപ്രവർത്തകനുമാണ് രാജു ചിറമ്മണ്ണിൽ. അമേരിക്കൻ മലയാളികളുടെ നിരവധി പ്രശ്നങ്ങൾ അദ്ദേഹത്തിന്റെ എഴുത്തിലൂടെ പുറം ലോകം അറിഞ്ഞിട്ടുണ്ട്. വാർത്താ എഴുത്തിലും ചെറുകഥാ രചനയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഇദ്ദേഹത്തിന് നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്. ചെറുകഥാ രചനയ്ക്ക് 2001 ലെ കേരളദർശനം അവാർഡ്, 2011ലെ പ്രവാസി ഫെഡറേഷൻ ഇന്റർനാഷ്ണൽ അവാർഡ്, 2012 ലെ ഫോമ നാഷ്ണൽ അവാർഡ്, 2014 ലെ ഫൊക്കാന നാഷ്ണൽ അവാർഡ്, 2015 ലെ ജയ്ഹിന്ദ് അവാർഡ് എന്നിവ അദ്ദേഹത്തിന്റെ എഴുത്തു മികവിനു ലഭിച്ച അംഗീകാരങ്ങളാണ്.

ജോർജ്  കൊട്ടാരത്തിൽ - പതിറ്റാണ്ടുകളായി അമേരിക്കയിൽ മാദ്ധ്യമപ്രവർത്തനം നടത്തുന്ന ജോർജ് കൊട്ടാരത്തിൽ നോർത്ത് അമേരിക്കയിലെ പ്രമുഖ മലയാളപത്രമായ ജയ്ഹിന്ദ് വാർത്തയുടെ എഡിറ്റോറിയൽ ബോർഡ് അംഗവും അക്ഷരം മാസികയുടെ റിസർച്ച് എഡിറ്ററുമാണ്. ദൃശ്യമാദ്ധ്യമരംഗത്തും വർഷങ്ങളുടെ പ്രവർത്തനപരിചയമുണ്ട് . എറണാകുളം രാജഗിരി കോളജിൽ നിന്നും പത്രപ്രവർത്തനത്തിൽ പിജി ഡിപ്ലോമ നേടിയിട്ടുള്ള ഇദ്ദേഹത്തിന്റേതായി നിരവധി ലേഖനങ്ങളാണ് അച്ചടി, ഓൺ ലൈൻ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിവിധ വിഷയങ്ങളിൽ പഠനം നടത്തി വിശദമായ പഠന റിപ്പോർട്ടുകളും ജോർജ് കൊട്ടാരത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബാബു യേശുദാസ് - ജയ്ഹിന്ദ് വാർത്ത ടെക്സാസ് എഡിഷന്റെ റീജണൽ ഡയറക്ടറായ ബാബു യേശുദാസ് എട്ടുവർഷമായി അമേരിക്കയിലെ മാദ്ധ്യമരംഗത്തെ സജീവ സാന്നിധ്യമാണ്. അമേരിക്കൻ മലയാളികളുടെ നിരവധി പ്രശ്നങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ കൊണ്ടുവന്നതിൽ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്.  ടെക്സാസ് കേന്ദ്രീകരിച്ചാണ് ബാബു യേശുദാസ് പ്രവർത്തിക്കുന്നത്. ടെക്സാസിലെ മലയാളികളുടെ ഓരോ സ്പന്ദനവും തന്റെ തൂലികയിലൂടെ ലോകത്തെ അറിയിക്കുന്ന ഇദ്ദേഹം അച്ചടി, ഓൺലൈൻ മാദ്ധ്യമങ്ങളിൽ കോളമിസ്റ്റുകൂടിയാണ്. ജയ്ഹിന്ദ് ടിവി അമേരിക്കയിൽ ആരംഭിച്ചപ്പോൾ അതിന്റെ ഭാഗമായിരുന്ന ബാബു ദൃശ്യമാദ്ധ്യമരംഗത്തും വർഷങ്ങളുടെ പ്രവർത്തനപരിചയമുള്ളയാളാണ്.

ഓ. കെ. ത്യാഗരാജൻ - അച്ചടി, ദൃശ്യമാദ്ധ്യമപ്രവർത്തകനായ ഓ.കെ. ത്യാഗരാജൻ കാനഡ കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നത്. പ്രശസ്ത ടെലിവിഷൻ പ്രോഗ്രാമായ കനേഡിയൻ കണക്ഷന്റെ സംവിധായകനും എഴുത്തുകാരനുമാണ് ഇദ്ദേഹം. ജയ്ഹിന്ദ് വാർത്ത കാനഡയുടെ റീജണൽ ഡയറക്ടറായ ഇദ്ദേഹത്തിന്റേതായി നിരവധി ലേഖനങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. തിരുവനന്തപുരം പ്രസ്‌ക്ലബ് വിദ്യാർത്ഥിയായിരുന്ന ത്യാഗരാജൻ ദൂരദർശനുവേണ്ടി എട്ടു ഡോക്യുമെന്റികൾ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. 2010 ൽ ഇദ്ദേഹത്തിന്റെ ചെറുകഥകളുടെ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എ.സി. ജോർജ്- മലയാളി പ്രസ്‌കൗൺസിൽ പ്രസിഡന്റായ എ.സി. ജോർജ് മുപ്പത്തിയഞ്ചുവർഷമായി അമേരിക്കയിൽ പ്രവർത്തിക്കുന്ന മാദ്ധ്യമപ്രവർത്തകനാണ്. അമേരിക്കയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാള മാദ്ധ്യമങ്ങളിൽ നിരവധി ലേഖനങ്ങളാണ് ഇദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുള്ളത്. അറിയപ്പെടുന്ന കോളമിസ്റ്റുകൂടിയാണ് എ.സി. ജോർജ് ആദ്യകാല മലയാളി സംഘടനയായ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ പ്രസിദ്ധീകരണമായ കേരളദർശനത്തിന്റെ മുഖ്യപത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യകാത്തലിക് അസോസിയേഷന്റെ മുഖപത്രമായ കാത്തലിക് വോയിസിന്റെ ചീഫ് എഡിറ്ററായി ഏഴുവർഷത്തോളം പ്രവർത്തിച്ചു. നിരവധി സാമൂഹ്യ, സാംസ്‌കാരിക സംഘടനകളുടെ അമരക്കാരനായും എ.സി. ജോർജ് പ്രവർത്തിച്ചിട്ടുണ്ട്.

ജോജി കവനാൽ - ജയ്ഹിന്ദ് വാർത്തയുടെ റീജണൽ ഡയറക്ടർ ആയ  ജോജി കവനാൽ  അമേരിക്കയിലെ പ്രവാസ ലോകത്ത് സാമൂഹ്യ സാംസ്‌കാരിക സംഘടന മേഖലകളിൽ പ്രവർത്തിച്ചു വരുന്നു.



കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP