Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യാ പ്രസ് ക്ലബ് ഏഴാമത് നാഷണൽ കോൺഫറൻസ് ഓഗസ്റ്റ് 24 മുതൽ; കേരളത്തിലെ പ്രമുഖ മാധ്യമ പ്രവർത്തകരെത്തും

ഇന്ത്യാ പ്രസ് ക്ലബ് ഏഴാമത് നാഷണൽ കോൺഫറൻസ് ഓഗസ്റ്റ് 24 മുതൽ; കേരളത്തിലെ പ്രമുഖ മാധ്യമ പ്രവർത്തകരെത്തും

മേരിക്കൻ മലയാളികളുടെ ചിരകാല വായനാ ബോധത്തിൽ നിന്നും നിർഭയമായ പ്രതികരണ ശേഷിയിൽ നിന്നും പിറവികൊണ്ട, അക്ഷര പ്രോജ്വലതയുടെ തൂലികപ്പതിപ്പായ 'ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക'യുടെ ഏഴാമത് നാഷണൽ കോൺഫറൻസിന് കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകരുടെ പ്രമുഖ നിരയെത്തുന്നു. വാർത്തകളിലൂടെയും വർത്തമാനങ്ങളിലൂടെയും അളന്നുകുറിച്ചുള്ള ചോദ്യ ശരങ്ങളിലൂടെയുമൊക്കെ മലയാളികൾ നിത്യവും കണ്ടും കേട്ടു പരിചിതരായ ഉണ്ണി ബാലകൃഷ്ണൻ (മാതൃഭൂമി ന്യൂസ്), ഷാനി പ്രഭാകർ (മനോരമ ന്യൂസ്), അളകനന്ദ (ഏഷ്യനെറ്റ് ന്യൂസ്), എം രാജീവ് (കൈരളി ടി.വി) എന്നിവരാണ് കോൺഫറൻസിനെ സജീവമാക്കാനും തങ്ങളുടേതായ മാധ്യമ വിചാരങ്ങൾ പങ്കുവയ്ക്കാനുമായി കോൺഫറൻസിനെത്തുന്നതെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് ശിവൻ മുഹമ്മ, ജനറൽ സെക്രട്ടറി ഡോ. ജോർജ് കാക്കനാട്ട്, ട്രഷറാർ ജോസ് കാടാപുറം എന്നിവർ പറഞ്ഞു. വരുന്ന ഓഗസ്റ്റ് 24 മുതൽ 26വരെ ഷിക്കാഗോയിലെ ഇറ്റാസ്‌കയിലുള്ള ഹോളിഡേ ഇൻ ഹോട്ടലിലാണ് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഏഴാമത് കോൺഫറൻസ് നടക്കുന്നത്.

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ചാനൽ വാർത്താ ആഭിമുഖ്യത്തെ സമ്പന്നമാക്കുന്ന ഉണ്ണി ബാലകൃഷ്ണൻ മാതൃഭൂമി ന്യൂസ് ചാനലിനെ നയിക്കുന്ന വളരെ ഉത്തരവാദിത്തമുള്ള കർത്തവ്യത്തിലേർപ്പെട്ടിരിക്കുന്ന വ്യക്തിയാണ്. ചാനലിനെ സംബന്ധിക്കുന്ന ആക്ഷേപങ്ങൾക്കും വിമർശനങ്ങൾക്കും മറുപടി പറയേണ്ട ബാധ്യത അദ്ദേഹത്തിനുണ്ട്. 2010ൽ ഏഷ്യാനെറ്റിലെ രാഷ്ട്രീയ സാമൂഹിക വിശകലന പരിപാടിയായ 'പോയിന്റ് ബ്ലാങ്ക്' തുടങ്ങിവച്ചത് ഉണ്ണി ബാലകൃഷ്ണനാണ്. ഇപ്പോൾ മാതൃഭൂമി ന്യൂസിന്റെ പൂർണ ചുമതല വഹിക്കുന്നതിനോടൊപ്പം 'ചോദ്യം ഉത്തരം...' എന്ന ശ്രദ്ധേയമായ അഭിമുഖ സംഭാഷണ പരിപാടിയും കൈകാര്യം ചെയ്തു വരുന്നു. റിപ്പോർട്ടർ ടി.വി, മനോരമ ന്യൂസ് എന്നീ ചാനലുകളിൽ തിളങ്ങി ഇപ്പോൾ മാതൃഭൂമി ന്യൂസിന്റെ അവിഭാജ്യ ഘടകമായ വേണു ബാലകൃഷ്ണന്റെ ജ്യേഷ്ഠനാണ് ഉണ്ണി ബാലകൃഷ്മൻ. ഉണ്ണിയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിലാണ് മാതൃഭൂമി ന്യൂസ് സംപ്രേഷണം ആരംഭിക്കുന്നത്. ആനുകാലിക വിഷയങ്ങളിലിടപെട്ട് ശരിയുടെ പക്ഷം പിടിക്കുന്ന ഈ ജനകീയ മാധ്യമ പ്രവർത്തകനാണിദ്ദേഹം.

ആധുനിക മലയാള മാധ്യമ സംസ്‌കാരത്തിന്റെ ചാനൽ മുറിയിലിരുന്ന് വ്യക്തവും കൃത്യവുമായ നിരീക്ഷണ ബോധത്തോടെ സമൂഹത്തിന്റെ വിവിധ വിഷയങ്ങളിലും പ്രശ്‌നങ്ങളിലും സജീവമായി ഇടപെട്ടു സംസാരിക്കുന്ന വ്യക്തിയാണ് ഷാനി പ്രഭാകർ. വാക്കുകൾ ചാട്ടുളി പോലെ ലക്ഷ്യങ്ങൾ ഭേദിക്കുമ്പോൾ എതിർവശത്തിരിക്കുന്നവർ പലപ്പോഴും വിയർക്കുന്നത് കാണാം. ആനുകാലിക വിഷയങ്ങളോട് പക്ഷപാതിത്വമില്ലാതെ സംസാരിച്ച്, ചർച്ച ചെയ്ത്, വിശകലനം നടത്തി കൃത്യമായ ഉത്തരങ്ങളിലേക്ക് എത്തിക്കുന്ന തിരുത്തൽ ശക്തിയായി കൃത്യനിർവഹണം നടത്തുന്ന ഷാനി പ്രഭാകർ മാന്യമായായ മാധ്യമ സംസ്‌കാരത്തിന്റെ ശക്തയായ വക്താവാണ്.

ഏഷ്യാനെറ്റ് ന്യൂസിന്റെ മുതിർന്ന വാർത്താ അവതാരകയായ അളകനന്ദ ഈ രംഗത്തെ സൗമ്യ ശബ്ദത്തിന്റെയും ദീപ്തമായ മുഖത്തിന്റെയും ഉടമയാണ്. വാർത്താ അവതരണത്തിൽ ഉന്നത നിലവാരം പുലർത്തുന്നതോടൊപ്പം തന്റെ വിശകലന പാടവവും തെളിയിക്കുന്നു. 'ലോകജാലകം' എന്ന പരിപാടിയിലൂടെ ലോകത്ത് നടക്കുന്ന വിസ്മയങ്ങളും വിശേഷങ്ങളും ലോക മലയാളികളുടെ വിരൽ തുമ്പിലെത്തിക്കുന്നു.

യുവത്വത്തിന്റെ ശബ്ദമായ എം രാജീവ് 2000ൽ കൈരളി ടി.വിയിൽ ട്രെയിനിയായി ജേർണലിസം കരിയർ ആരംഭിച്ചു. ഇപ്പോൾ എക്‌സിക്യുട്ടീവ് എഡിറ്റർ. സമകാലികം, ഇടപെടൽ, ക്രൈം സ്റ്റോറി, ലോകവല തുടങ്ങി നിരവധി പരിപാടികളുടെ അവതാരകനായും സംവിധായകനായും മികവ് തെളിയിച്ചു. 2006ൽ മലയാളത്തിലെ ആദ്യ സ്റ്റിങ് ഓപ്പറേഷന്റെ ഭാഗമായും പ്രവർത്തിച്ചു. കൈരളി ടി.വി എം.ഡി ജോൺ ബ്രിട്ടാസ് അവതാരകനായ ജെ.ബി ജംഗ്ഷന്റെ ഷോ ഡയറക്ടറായും പ്രവർത്തിക്കുന്നു..

അമേരിക്കൻ മലയാളി മാധ്യമങ്ങൾക്കെന്നും ദിശാബോധം നൽകുന്നവരാണ് കേരളത്തിലെ മാധ്യമ കുലപതികൾ. മുൻ കാല കോൺഫറൻസുകളിൽ അവരുടെയൊക്കെ സാന്നിധ്യം അമേരിക്കയിലുണ്ടായിട്ടുണ്ട്. വാർത്തകൾക്ക് വിരാമമില്ലാത്ത കാലത്ത്...വേദനകൾ പടർത്തുമ്പോൾ...വിശേഷങ്ങൾ തളിർക്കുമ്പോൾ...ചിന്തകൾ ചൈതന്യവത്താകുമ്പോൾ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക എന്ന ഈടുറ്റ സംഘടനയുടെ ഏഴാമത്തെ കൺവൻഷന് ഭാവുകങ്ങൾ നേരുകയാണിവർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP