Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക ന്യൂയോർക്ക് ചാപ്റ്ററിന് പുതിയ നേതൃത്വം

ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക ന്യൂയോർക്ക് ചാപ്റ്ററിന് പുതിയ നേതൃത്വം

പി.പി. ചെറിയാൻ

ന്യൂയോർക്ക്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂയോർക്ക് ചാപ്റ്റർ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ഡോ. കൃഷ്ണ കിഷോറിന്റെ അദ്ധ്യക്ഷതയിൽ ന്യൂയോർക്ക് റോക്ക്ലാന്റിലെ സഫ്രോൺ ഇന്ത്യൻ കുസിനിൽ വെച്ച് നടന്ന വാർഷിക യോഗത്തിലാണ് രാജു പള്ളത്ത് (പ്രസിഡന്റ്), മൊയ്തീൻ പുത്തൻചിറ (സെക്രട്ടറി), ബിനു തോമസ് (ട്രഷറർ), ജോർജ് തുമ്പയിൽ (വൈസ് പ്രസിഡന്റ്), ഷിജോ പൗലോസ് (ജോ. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തത്.

രാജു പള്ളത്ത് (പ്രസിഡന്റ്): ഇപ്പോൾ ഇന്ത്യാ പ്രസ് ക്ലബ് നാഷണൽ വൈസ് പ്രസിഡന്റായി സേവനമനുഷ്ടിക്കുന്നു. ഏഷ്യാനെറ്റ് എച്ച്.ഡി. ചാനലിന്റെ അമേരിക്കയിലേയും കാനഡയിലേയും പ്രോഗ്രാം ഡയറക്ടറാണ്. ഏഷ്യാനെറ്റ് യു.എസ്. വീക്ക്ലി റൗണ്ടപ്പിന്റെയും അമേരിക്കൻ കാഴ്ചകൾ എന്ന പ്രോഗ്രാമിന്റെയും പ്രൊഡ്യൂസറായിരുന്നു. ഡിഷ് നെറ്റ്‌വർക്കിന്റെ റിട്ടെയിൽ ഏജന്റു കൂടിയാണ് രാജു പള്ളത്ത്. റവ. ഫാ. ഡേവിഡ് ചിറമേലിന്റെ കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അമേരിക്കയിലെ കോഓർഡിനേറ്റർമാരിൽ ഒരാളാണ്.

മൊയ്തീൻ പുത്തൻചിറ (സെക്രട്ടറി): ഒന്നര പതിറ്റാണ്ടോളമായി മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നു. സമകാലീന വിഷയങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ന്യൂയോർക്കിന്റെ തലസ്ഥാന നഗരിയിൽ ആദ്യമായി മലയാളി അസ്സോസിയേഷൻ രൂപീകരിക്കാൻ പ്രയത്‌നിച്ചു (1993). ഏഴു വർഷം ഇതേ സംഘടനയുടെ സെക്രട്ടറി, മൂന്നു വർഷം പ്രസിഡന്റ് എന്നീ പദവികൾ അലങ്കരിച്ചിട്ടുണ്ട്. ആൽബനിയിലെ ഇന്ത്യൻ സംഘടനയായ ട്രൈസിറ്റി ഇന്ത്യാ അസ്സോസിയേഷനിൽ ബോർഡ് മെംബർ, എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംബർ, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഈ സംഘടനയിലെ 2018-ലേക്കുള്ള കമ്മിറ്റിയിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംബറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. നിരവധി ലേഖനങ്ങളും കഥകളും അമേരിക്കൻ മലയാള മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമേരിക്കയിൽ നിന്ന് ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ മൂന്നു ഭാഷകളിലായി പ്രസിദ്ധീകരിക്കുന്ന മലയാളം ഡെയ്ലി ന്യൂസിന്റെ മാനേജിങ് എഡിറ്ററാണ്. 2010-ലെ ഫൊക്കാന ആൽബനി കൺവൻഷന്റെയും 2012-ലെ ഹ്യൂസ്റ്റൺ കൺവൻഷന്റേയും മീഡിയ ചെയർമാനായും, സ്റ്റാർ സിംഗർ യുഎസ്എയുടെ മീഡിയ കോ-ഓർഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങൾക്കും മാധ്യമ പ്രവർത്തനത്തിനും ഇ-മലയാളി/കൈരളി ടി.വി. അവാർഡും വിവിധ സംഘടനകളുടെ മറ്റു അവാർഡുകളും ലഭിച്ചിട്ടുണ്ട്.

ബിനു തോമസ് (ട്രഷറർ): 2008 മുതൽ കൈരളി ടിവി യു എസ് എ യുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും ട്രൈസ്റ്റേറ്റ് ബ്യൂറോ ചീഫും ആണ്. അമേരിക്കയിലെ നിർണ്ണായക വാർത്തകൾ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കായി മികവാർന്ന ദൃശ്യങ്ങളിലൂടെ അവതരിപ്പിക്കുന്ന ബിനു അമേരിക്കൻ ഫോക്കസ് എന്ന പരിപാടിയുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവാണ്. മികച്ച ക്യാമറ ടെക്നീഷ്യനും വീഡിയോ എഡിറ്ററുമായ ബിനു തോമസ്, ഫോട്ടോഗ്രാഫിയിലും തന്റെ സാന്നിദ്ധ്യവും കഴിവും തെളിയിച്ചിട്ടുണ്ട്. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക 2017-ൽ പ്രഖ്യാപിച്ച ടെക്നിക്കൽ എക്‌സലൻസ് അവാർഡ് ലഭിച്ചിട്ടുണ്ട്. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫൈവ് സ്റ്റാർ ഇലക്ട്രിക് എന്ന എൻജിനീയറിങ് & കൺസ്ട്രക്ഷൻ സ്ഥാപനത്തിൽ കമ്പ്യൂട്ടറൈസ്ഡ് ഡിസൈനറായി ജോലി ചെയ്യുന്നു.

ജോർജ് തുമ്പയിൽ (വൈസ് പ്രസിഡന്റ്): കാൽ നൂറ്റാണ്ടിലേറെയായി അമേരിക്കയിലെ ദൃശ്യ, അച്ചടി, വെബ് മാധ്യമ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച 'ജനകീയ എഴുത്തുകാരൻ' എന്ന ബഹുമതി നേടിയ വ്യക്തിയാണ് ജോർജ് തുമ്പയിൽ. തുടർച്ചയായ 9-ാം വർഷവും കോളമിസ്റ്റ് എന്ന നിലയിൽ പ്രവർത്തിക്കുന്നു. ഇപ്പോൾ രണ്ട് മാധ്യമങ്ങളിൽ ഒരേ സമയം സമകാലീന സംഭവങ്ങളെ കോർത്തിണക്കി പംക്തികൾ ചെയ്യുന്നു. ഇന്ത്യാ പ്രസ് ക്ലബ് ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ്, സെക്രട്ടറി, നാഷണൽ ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ച പരിചയസമ്പത്തുണ്ട്. ന്യൂജെഴ്‌സിയിൽ നടന്ന ദേശീയ കോൺഫറൻസുകൾ വിജയിപ്പിക്കുവാൻ പ്രവർത്തിച്ചിട്ടുണ്ട്. മലയാളം പത്രിക നാഷണൽ കറസ്‌പോണ്ടന്റ്, ഇ-മലയാളി സീനിയർ എഡിറ്റർ, പ്രവാസി ചാനൽ അവതാരകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

ഷിജോ പൗലോസ് (ജോ. സെക്രട്ടറി): ഏഷ്യാനെറ്റ് യു.എസ്. വീക്ക്ലി റൗണ്ടപ്പിന്റേയും അമേരിക്കൻ കാഴ്ചകളുടേയും എഡിറ്ററും ക്യാമറാമാനുമായി തുടക്കമിട്ടു. അമേരിക്കയിൽ നിന്നുള്ള പ്രധാനപ്പെട്ട സംഭവങ്ങൾ ഇന്ന് ലോകമെമ്പാടുമുള്ള മലയാളികൾ കാണുന്നത് ഷിജോ പൗലോസ് പകർത്തിയ ദൃശ്യങ്ങളിലൂടെയാണ്. ഏഷ്യാനെറ്റ് ന്യൂസിന്റെ അമേരിക്കയിലെ സീനിയർ ക്യാമറാമാനും പ്രൊഡക്ഷൻ കോർഡിനേറ്ററുമായ ഷിജോ, ഡോക്ടർ കൃഷ്ണ കിഷോറുമൊത്തു വാർത്തകൾ ഉടനുടൻ പ്രേക്ഷകരിലെത്തിക്കുന്നു. അമേരിക്കൻ തിരഞ്ഞെടുപ്പിന്റെ സമഗ്ര കവറേജ് , തത്സസമയ റിപ്പോട്ടുകൾ, ട്രംപിന്റെ സ്ഥാനാരോഹണത്തിന്റെ വാഷിങ്ടണിൽ നിന്നുള്ള തത്സമയ സംപ്രേഷണം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം തുടങ്ങിയ വാർത്തകൾക്കു ക്യാമറ ചലിപ്പിച്ചത് ഷിജോ പൗലോസ് ആണ്.

ഏഷ്യാനെറ്റ് ന്യൂസിന്റെ അമേരിക്ക ഈ ആഴ്ച എന്ന പ്രതിവാര പരിപാടിയുടെ പ്രൊഡക്ഷൻ ചുമതലയും വഹിക്കുന്നു. ഒപ്പം യു എസ് വീക്കിലി റൗണ്ട് അപ്പിന്റെ നിർമ്മാണ നിർവഹണവും വഹിക്കുന്നു. മികച്ച ക്യാമറാമാനും, പ്രൊഡക്ഷൻ വിദഗ്ധനുമായ ഷിജോ പൗലോസ് പത്തു വർഷമായി ഈ രംഗത്തു പ്രവർത്തിക്കുന്ന പ്രതിഭയാണ്. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക 2017-ൽ പ്രഖ്യാപിച്ച ടെക്നിക്കൽ എക്‌സലൻസ് അവാർഡ് ലഭിച്ചിട്ടുണ്ട്.

ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ, പ്രത്യേകിച്ച് ന്യൂയോർക്ക് ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് നിയുക്ത പ്രസിഡന്റ് രാജു പള്ളത്ത് പറഞ്ഞു. ട്രൈസ്റ്റേറ്റ് ഏരിയായിലെ എല്ലാ സാമൂഹ്യ-സാംസ്കാരിക-മത സംഘടനകളുമായി ആശയവിനിമയം നടത്തുമെന്നും, പ്രസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ചകൾ നടത്തുമെന്നും രാജു കൂട്ടിച്ചേർത്തു.

മാധ്യമ രംഗത്തെ നവാഗതർക്കായി പരിശീലന ക്ലാസ്സുകളും അവർക്കു വേണ്ട മാർഗനിർദ്ദേശങ്ങളും നൽകുമെന്നും പുതിയ ഭാരവാഹികൾ പറഞ്ഞു. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഏറ്റവും സജീവമായ ചാപ്റ്ററുകളിൽ ഒന്നാണ് ന്യൂയോർക്ക്.

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ നിയുക്ത ദേശീയ പ്രസിഡന്റ് മധു കൊട്ടാരക്കര, ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് ഡോ. കൃഷ്ണ കിഷോർ, സെക്രട്ടറി സണ്ണി പൗലോസ്, വൈസ് പ്രസിഡന്റ് പ്രിൻസ് മാർക്കോസ് മുൻ ഭാരവാഹികളും അംഗങ്ങളുമായ റെജി ജോർജ്ജ്, ജോർജ് ജോസഫ്, ജോസ് കാടാപുറം, ടാജ് മാത്യു, സുനിൽ ട്രൈസ്റ്റാർ എന്നിവരും യോഗത്തിൽ സംബന്ധിച്ചിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP