Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലങ്കര കാത്തോലാ സമൂഹത്തിന് സ്വപ്‌നസാക്ഷാത്കാരം; ന്യൂയോർക്കിൽ മലങ്കര കത്തോലിക്കാ ഭദ്രാസന ദേവാലയം കൂദാശ ചെയ്തു

മലങ്കര കാത്തോലാ സമൂഹത്തിന് സ്വപ്‌നസാക്ഷാത്കാരം; ന്യൂയോർക്കിൽ മലങ്കര കത്തോലിക്കാ ഭദ്രാസന ദേവാലയം കൂദാശ  ചെയ്തു

ന്യൂയോർക്ക്: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ, പ്രാർത്ഥനാ മന്ത്രങ്ങളുടെ അകമ്പടിയോടെ അമേരിക്കയിലെ മലങ്കര കത്തോലിക്കരുടെ ചിരകാലാഭിലാഷമായ ഭദ്രാസന ദേവാലയം ന്യൂയോർക്കിലെ എൽമണ്ടിൽ കൂദാശ ചെയ്യപ്പെട്ടു.

2017 മാർച്ച് 25 ന് പരിശുദ്ധ കന്യകമറിയത്തിന്റെ വചനിപ്പ് തിരുനാളിൽ ന്യൂയോർക്ക് അതിരൂപതയുടെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ തിമോത്തി ഡോളൻ, ഡോ. തോമസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്ത, ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പൊലീത്ത, കൂടാതെ വിവിധ റീത്തുകളിലെയും രൂപതകളിലേയും നിരവധി മെത്രാപ്പൊലീത്താമാരുടെയും ധാരാളം വൈദികരുടെയും അമേരിക്കയിലെയും കാനഡയിലെയും വിവിധ ഇടവകകളിൽ നിന്നുള്ള വിശ്വാസികളുടെയും സാന്നിധ്യത്തിൽ മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ ഭദ്രാസന ദേവാലയത്തിന്റെ കൂദാശ കർമ്മം നിർവഹിച്ചു.

മലങ്കരയുടെ പൈതൃകവും അന്ത്യോഖ്യൻ ആത്മീയതയും ഒരുപോലെ രൂപപ്പെടുത്തി വിശ്വാസികൾക്ക് തങ്ങളുടെ പാരമ്പര്യവും വിശ്വാസവും കെടാതെ സൂക്ഷിക്കാൻ തക്കവിധത്തിൽ ഇത് രൂപകൽപ്പന ചെയ്യാൻ കഴിഞ്ഞത് ദൈവത്തിന്റെ നമ്മോടുള്ള മഹത്തായ സ്നേഹത്തിന്നിദർശനമാണെന്ന് കൂദാശ കർമ്മം നിർവഹിച്ച ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ പറഞ്ഞു.

ന്യൂയോർക്ക് അതിരൂപതയുടെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ തിമോത്തി ഡോളൻ തന്റെ പ്രസംഗത്തിൽ മലങ്കര കത്തോലിക്ക സഭയുടെ പാരമ്പര്യവും ആരാധനയും എത്രമാത്രം അർഥവത്താണെന്നും, അമേരിക്കയിൽ വിവിധ സംസ്‌കാരങ്ങളെ യോജിപ്പിച്ചു കൊണ്ടുള്ള കത്തോലിക്കാ സഭയുടെ പ്രയാണം ഇസ്രേയൽ മക്കൾ അനുഭവിച്ച അതേ അനുഭൂതിയിലാണെന്നും ചൂണ്ടിക്കാട്ടി. ഇങ്ങനെ സഭാമക്കൾ എല്ലാവരുംകൂടി ഒരുമിച്ചുള്ള പ്രയാണത്തിൽ ദൈവം സന്തോഷിക്കുന്നുവെന്നും ഈ കത്തീഡ്രൽ സഭയ്ക്കും നാടിനും നാട്ടുകാർക്കും ആശ്വാസ ഭവനമായി മാറട്ടെ എന്നും കർദ്ദിനാൾ ഡോളൻ ആശംസിച്ചു.

2010ൽ സ്ഥാപിതമായ മലങ്കര എക്സാർക്കേറ്റ്, ചുരുങ്ങിയ സമയം കൊണ്ടുതന്നെ പരിശുദ്ധ ഫ്രാൻസിസ് മാർപ്പാപ്പ ഭദ്രാസനമായി ഉയർത്തുകയുണ്ടായി. ഇപ്പോൾ ചിരകാലാഭിലാഷമായ ഭദ്രാസന ദേവാലയവും കൂദാശ ചെയ്യപ്പെട്ടിരിക്കയാണ്. ഭദ്രാസനാധിപൻ ഡോ. തോമസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്തയുടെ ശ്ലൈഹിക നേതൃത്വപാടവവും ചുരുങ്ങിയ സമയംകൊണ്ട് സഭാമുന്നേറ്റത്തിനും ഈ സാക്ഷാത്കാരത്തിനും തുണയായി.

കൂദാശാകർമ്മങ്ങൾക്ക് രൂപതാധ്യക്ഷൻ ഡോ. തോമസ് മാർ യൗസേബിയോസ്, വികാരി ജനറൽ ഡോ. പീറ്റർ കേച്ചേരി, രൂപതാ ചാൻസലർ ഫാ. അഗസ്റ്റിൻ മംഗലത്ത്, കത്തീഡ്രൽ വികാരി ഫാ. നോബി അച്ചനേത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP