Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ആദ്യം മുന്നിൽ നിന്ന കോൺഗ്രസ് ഇപ്പോൾ രണ്ടാമത്; സിപിഐഎം സ്ഥാനാർത്ഥി മുന്നിലെത്തിയപ്പോൾ ബിജെപി കിതച്ചു നിൽക്കുന്നു: തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾ ചെങ്ങന്നൂരിൽ സംഭവിക്കുന്നത് - ഇൻസ്റ്റന്റ് റെസ്‌പോൺസ്

ആദ്യം മുന്നിൽ നിന്ന കോൺഗ്രസ് ഇപ്പോൾ രണ്ടാമത്; സിപിഐഎം സ്ഥാനാർത്ഥി മുന്നിലെത്തിയപ്പോൾ ബിജെപി കിതച്ചു നിൽക്കുന്നു: തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾ ചെങ്ങന്നൂരിൽ സംഭവിക്കുന്നത് - ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ മലയാളി ഡസ്‌ക്

കൃത്യം ഒരു മാസം കഴിഞ്ഞാൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പാണ്. ഏതാണ്ട് ഒരു മാസത്തോളം നീണ്ടു നിന്ന സജീവ ചർച്ചയ്ക്ക് ശേഷം തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള അനിശ്ചിതത്വത്തെ തുടർന്ന് പിന്നോട്ട് മാറിയ പ്രചാരകർ വീണ്ടും രംഗത്തിറങ്ങിയിരിക്കുന്നു. മൂന്ന് പാർട്ടിയുടെയും സ്ഥാനാർത്ഥികൾ വളരെ സജീവമായി തന്നെ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി കഴിഞ്ഞു. ആരു ജയിക്കും എന്ന ചോദ്യം വളരെ സജീവമായി ചർച്ച ചെയ്ത് തുടങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ ഉണ്ടാവും എന്ന കണക്ക് കൂട്ടലിലാണ് മൂന്ന് പാർട്ടികളും. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച സമയത്ത് നേരിയ മുൻതൂക്കം യുഡിഎഫ് സ്ഥാനാർത്ഥി വിജയകുമാറിനായിരുന്നു. ഇപ്പോൾ തിരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോൾ അൽപ്പം മുന്നിട്ട് നിൽക്കുന്നത് എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാനാണെന്ന് പറയേണ്ടി വരും.

എന്നാൽ സജി ചെറിയാനാണ് വിജയിക്കുക എന്ന് ഇപ്പോൾ ആർക്കും പറയാൻ സാധിക്കുകയില്ല. മൂന്ന് സ്ഥാനാർത്ഥികൾക്കും ഏതാണ്ട് തുല്യമായ വിജയ സാധ്യതയാണ് തുടക്കത്തിൽ തന്നെ ഉള്ളത്. എന്നാൽ എൽഡിഎഫ് സ്ഥാനാർത്ഥിയേക്കാളും യുഡിഎഫ് സ്ഥാനാർത്ഥിയേക്കാളും അൽപം പിന്നിലാണ് ബിജെപി സ്ഥാനാർത്ഥി. അത്തരം ഒരു പിന്നോട്ട് പോകലിന് പല കാരണങ്ങളുണ്ട്. കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിൽ ശ്രീധരൻ പിള്ള ചെങ്ങന്നൂരിൽ മത്സരിക്കുമ്പോൾ വിജയിക്കുമെന്ന് പോലും പ്രവചിച്ചിരുന്നു. കാരണം കേന്ദ്രത്തിൽ മോദി തരംഗം സജീവമായി നിലനിൽക്കുന്ന സമയത്തായിരുന്നു ആ തിരഞ്ഞെടുപ്പ് വന്നത്. എന്നാൽ രാജ്യവ്യാപകമായി മോദി തരംഗത്തിന് ഏറ്റ തിരിച്ചടി സ്വാഭാവികമായും ശ്രീധരൻ പിള്ളയ്ക്കും ക്ഷീണമായി മാറും. എന്നുമാത്രമല്ല ബിജെപിയുടെ സഖ്യങ്ങളിലുണ്ടായ മാറ്റം അതിനിർണായകമാണ്.

ചെങ്ങന്നൂരിലെ ഏറ്റവും നിർണായകമായ വോട്ട് ബാങ്ക് നായർ വോട്ടുകളാണെങ്കിലും ഈഴവ വോട്ടുകളുടെ പ്രാധാന്യം തിരസ്‌ക്കരിക്കാൻ സാധ്യമല്ല. ബിജെപിയുടെ സഖ്യകക്ഷിയായ ബിഡിജെഎസിന്റെ സമ്മുന്നത നേതാവായ തുഷാർ വെള്ളാപ്പള്ളിക്ക് മന്ത്രി സ്ഥാനം നൽകാമെന്ന് പറഞ്ഞ് പറ്റിച്ചത് ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാതിരിക്കില്ല. ബിഡിജെഎസിന്റെ അസ്വസ്ഥത സിപിഎമ്മിന് ഗുണകരമാകും എന്ന് തന്നെയാണ് കണക്കാക്കുന്നത്. വെള്ളാപ്പള്ളി നടേശന്റെ പേരിലുള്ള നിരവധി കേസുകൾ മുൻപോട്ട് പോവാതിരിക്കാൻ പിണറായി വിജയൻ സഹായം നൽകാമെന്ന വാഗ്ദാനം നൽകിയതിനെ തുടർന്ന് വെള്ളാപ്പള്ളി അളവില്ലാത്ത പിന്തുണയാണ് സിപിഎമ്മിന് നൽകുന്നത്. അത് സിപിഎമ്മിന് ഗുണം ചെയ്യുമ്പോൾ ബിജെപിക്ക് ക്ഷീണം ചെയ്യാതിരിക്കില്ല.

സിപിഎം സ്ഥാനാർത്ഥി സജി ചെറിയാന് ക്രൈസ്തവ വോട്ടുകൾ ക്രോഡീകരിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസവും ഉണ്ട്. എന്നാൽ മണ്ഡലത്തെ ചെറിയ വിഭാഗമായ സിഎസ്‌ഐ സഭയെ പ്രതിനിധീകരിക്കുന്ന ആൾ എന്ന നിലയിൽ പ്രധാനപ്പെട്ട യാക്കോബായ ഓർത്തഡോക്‌സ്, മാർത്തോമ സഭ വിശ്വാസികളും സഭാ നേതൃത്വവും എങ്ങനെ കാണും എന്ന് കണ്ടറിയേണ്ടതുണ്ട്. എന്നിരുന്നാലും സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി എന്ന നിലയിലും കെ കെ രാമചന്ദ്രൻ മണ്ഡലത്തിലെ അഭിമതനായ ഒരു സ്ഥാനാർത്ഥിയും എംഎൽഎയും ആയിരുന്നു എന്നുള്ളതും സിപിഎമ്മിന് ഗുണകരമാകും. മാത്രമല്ല മണ്ഡലത്തിൽ കാര്യമായ സർക്കാർ വിരുദ്ധ വികാരം ഇല്ല എന്നതും ശ്രദ്ധേയമാണ്.

ഇവയൊക്കെ സ്വാഭാവികമായും ഗുണം ചെയ്യേണ്ടത് യുഡിഎഫ് സ്ഥാനാർത്ഥി വിജയകുമാറിനാണ്. മണ്ഡലത്തിൽ ഏറ്റവും കൂടുതൽ ബന്ധമുള്ള നേതാവും വിജയകുമാറാണ്. മാത്രമല്ല മണ്ഡലത്തിലെ അയ്യപ്പ ഭക്തന്മാർക്ക് വിജയകുമാറിനെ മറക്കാൻ സാധ്യമല്ല. എന്നാൽ കോൺഗ്രസിന് ക്ഷീണം ചെയ്യുന്നത് വിജയകുമാറിന്റെ തണുപ്പൻ പ്രകൃതം മാത്രമല്ല കോൺഗ്രസ് നേതൃത്വത്തിന്റെ അലംഭാവം കൂടിയാണ്. മണ്ഡലത്തിൽ ദീർഘകാലം എംഎൽഎ ആയിരുന്ന വിഷ്ണുനാഥ് കർണാടകയുടെ തിരക്കുമായി നടക്കുമ്പോൾ ആ മണ്ഡലത്തിൽ സജീവമായി ഇടപെട്ട് മുഴുവൻ വോട്ടുകളും മേടിച്ചു കൊടുക്കാൻ ശ്രമം നടത്തുമോ എന്ന ചോദ്യം ബാക്കിയാണ്. വിജയകുമാർ വിജയിച്ചാൽ വിഷ്ണുനാഥിന് ഒരു മണ്ഡലും തന്നെ നഷ്ടപ്പെടാമെന്ന അവസ്ഥ നിർണായകമാണ്.

കോൺഗ്രസിന്റെ ഇപ്പോഴത്തെ നേതൃത്വം തന്നെയായിരിക്കും വിജയകുമാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. രമേശ് ചെന്നിത്തലയെ പോലെ ഒരു പ്രതിപക്ഷ നേതാവിന്റെ തണുപ്പൻ സമീപനവും എംഎം ഹസനെ പോലുള്ള ഒരു കെപിസിസി പ്രസിഡന്റിന്റെ ഒന്നിനും കൊള്ളാത്ത സമീപനവും കോൺഗ്രസിലേക്ക് ആളെ ആകർഷിക്കാനുള്ള ഒരു ഘടകമേ ആകുന്നില്ല എന്നതാണ് സത്യം. ചുരുക്കി പറഞ്ഞാൽ മൂന്ന് സ്ഥാനാർത്ഥികൾക്കും ഗുണകരമായ ഒരു പാട് കാര്യങ്ങൾ ഉണ്ടെങ്കിലും മൂന്ന് സ്ഥാനാർത്ഥികൾക്കും എതിരായ കാര്യങ്ങളും സജീവമാണ്. അതിനാൽ തന്നെ മൂന്ന് പേർക്കും തുല്യമായ വിജയ സാധ്യതയാണുള്ളത്. ഭരണ വിരുദ്ധ വികാരം ഇല്ല എന്നത് സിപിഎമ്മിന് ഗുണം ചെയ്യുമ്പോൾ കത്വാ പീഡനമടക്കമുള്ള പ്രശ്‌നങ്ങൾ ബിജെപിക്ക് പ്രശ്‌നം ചെയ്യും. അങ്ങനെ മൂന്ന് സ്ഥാനാർത്ഥികൾക്കും ഒരു പോലെ ജയിക്കാനും തോൽക്കാനുമുള്ള സാധ്യതകൾ ഉണ്ട്.

ഒരു പാർട്ടിയുടെ നേതാവിന് പോലും തങ്ങളുടെ സ്ഥാനാർത്ഥി ജയിക്കുമെന്ന് തറപ്പിച്ചു പറയുാൻ കഴിയുന്നില്ല. മണ്ഡലത്തിലെ അടിയൊഴുക്കുകൾ ഏത് സമയവും മാറാം. ഭരണ വിരുദ്ധ വികാരമോ ഭരണ അനുകൂല വികാരമോ ഒക്കെ മണ്ഡലത്തിൽ ഇനിയും സ്വാധീനം ചെലുത്താം. തൽക്കാലം സിപിഎമ്മിന്റെ സ്ഥാനാർത്ഥി സജി ചെയറിയാനാണ് മുൻതൂക്കമെങ്കിലും ഏത് നിമിഷവും മറ്റ് രണ്ട് പേരും മുൻപിലേക്ക് വരാനുള്ള സാധ്യത തുല്യം തന്നെയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP