നന്നാക്കാൻ ഇറങ്ങിയ രാജമാണിക്യത്തെ പുകച്ച ജ്യോതിലാൽ തച്ചങ്കരിയെയും പുകയ്ക്കാൻ രംഗത്തുണ്ട്; സ്വകാര്യ ബസ് ലോബിക്കും യൂണിയൻ നേതാക്കൾക്കും വിട് പണി ചെയ്യുന്ന ഗതാഗത സെക്രട്ടറിയെ പുറത്താക്കിയില്ലെങ്കയിൽ കെ എസ് ആർ ടി സിയെ നന്നാക്കാൻ ദൈവത്തിന് പോലും സാധിക്കില്ല; ജീവനക്കാരുടെ ശമ്പളം വഴിമുട്ടാൻ നടത്തിയ അട്ടിമറി സർക്കാർ കണ്ടില്ലെന്ന് നടിക്കരുത്: കേരളത്തിന്റെ സ്വന്തം ആനവണ്ടിയെ കാക്കാൻ തൽക്കാലം നമുക്ക് തച്ചങ്കരിക്കൊപ്പം നിൽക്കാം
August 02, 2018 | 06:46 PM IST | Permalink

മറുനാടൻ ഡെസ്ക്
തിരുവനന്തപുരം:കരളീയ സമൂഹത്തിലെ എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പൊതുമേഖല സ്ഥാപനമാണ് കെഎസ്ആർടിസി. അതിന്റെ യഥാർഥ കാരണം എല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തിട്ടുണ്ട് എന്നത് തന്നെയാണ്. അതിനാൽ തന്നെ കെഎസ്ആർടിസി എന്നത് ലോകമെമ്പാടുമുള്ള മലയാളികളുടെ വികാരവും ആവേശവുമാണ്. അതിങ്ങനെ നശിച്ച് പോകുന്നത് നഷ്ടത്തിലാകുന്നതും, ശമ്പളം കിട്ടാതെ ജീവനക്കാർ ആത്മഹത്യ ചെയ്യുന്നതും എല്ലാ മലയാളികളുടേയും വേദനയാകുന്നത് ആ ഇഷ്ടം കൊണ്ട് തന്നെയാണ്. കെഎസ്ആർടിസി ഇങ്ങനെയൊക്കെയായത് എന്ത്കൊണ്ടാണ് എന്ന് ഗവേഷണം നടത്തേണ്ട കാര്യവുമില്ല.
കെഎസ്ആർടിസിയുടെ വകുപ്പ് മന്ത്രിമാരും എംഡിമാരും ഉദ്യോഗസ്ഥരും കാലാകാലങ്ങളിൽ അതിൽ നിന്നും അടിച്ച് മാറ്റിയത് തന്നെയാണ് അത് നഷ്ടത്തിലായതിന്റെ കാരണം. രാഷ്ട്രീയക്കാർ കെഎസ്ആർടിസിയെ ലാഭമുണ്ടാക്കാൻ ഒരു വെള്ളാനയായി കണ്ടപ്പോൾ ഉദ്യോഗസ്ഥർ തങ്ങളുടെ ജോലി പൂർത്തിയാക്കാതെയാണ് അടിച്ച് മാറ്റൽ നടത്തിയിരുന്നത്. സ്പെയർ പാർട്സ് ഊരിയെടുത്തും ഡീസൽ ഊറ്റിയെടുത്തുമൊക്കെയാണ് പലരും കെഎസ്ആർടിസിയെ കൊള്ളയടിച്ചത്. അതുകൊണ്ട് തന്നെ കെഎസ്ആർടിസിയെ രക്ഷിക്കാൻ ആരെങ്കിലും ശ്രമിക്കുന്നു എന്ന് കോൾക്കുമ്പോൾ തന്നെ കയ്യടിയോടെയാണ് കേരളീയ സമൂഹം അതിനെ സ്വീകരിക്കുന്നത്.
ഏറ്റവുമൊടുവിൽ രാജമാണിക്യം എന്ന ഉദ്യോഗസ്ഥനാണ് ഏറ്റവും അധികം കയ്യടി നേടിയത്. കെഎസിആർടിസിയെ രക്ഷിക്കാൻ തന്നാലാവുന്നതെല്ലാം രാജമാണിക്യം ചെയ്തു. ഒരു ടയർ മാറാൻ ബസ് നിറയെ ജീവനക്കാർ പൊയ്ക്കൊണ്ടിരുന്ന അവസ്ഥ മാറ്റി സ്പാനറുമായി രാജമാണിക്യം തന്നെ റോഡിലേക്കിറങ്ങിയത് മലയാളികൾ ആഘോഷിച്ചിരുന്നു. നിർഭാഗ്യവശാൽ ദൗത്യം പൂർത്തിയാക്കാൻ അനുവദിക്കാതെ രാജമാണിക്യത്തെ ചിലർ ഓടിച്ച് വിട്ടു. പിന്നീട് ഹേമചന്ദ്രൻ എന്ന ഐപിഎസ് ഉദ്യോഗസ്ഥൻ വന്നെങ്കിലും പ്രത്യേകിച്ച് ഒന്നും നടന്നില്ല. കെഎസ്ആർടിസി നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് പോവുകയും ശമ്പളവും പെൻഷനും ലഭിക്കാതെ ജീവനക്കാർ ആത്മഹത്യ ചെയ്യുന്ന സാഹചര്യവുമുണ്ടായി.
ഈ സാഹചര്യത്തിലാണ് പിണറായി വിജയൻ ധീരമായ ഒരു തീരുമാനത്തിലൂടെ ടോമിൻ ജെ തച്ചങ്കരി എന്ന വിശ്വസ്തനായ പൊലീസുകാരനെ ആ സ്ഥാനത്തേക്ക് കൊണ്ട് വന്നു.ഒട്ടേറെ പേരുദോഷങ്ങൾ ഉണ്ടായിരുന്നെങ്കിലും കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥൻ എന്ന നിലയ്ക്ക് എല്ലാവരും കൈയടിച്ച് വ്യക്തിയാണ് തച്ചങ്കരി. കെഎസ്ആർടിസി രക്ഷപ്പെടും എന്ന ഘട്ടത്തിലാണ് ഇപ്പോൾ ചിലരുടെ ഉറക്കം നശിക്കുന്നത്. കെഎസ്ആർടിസിയെ കൊള്ളയടിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെക്കുറിച്ചാണ് ഇന്നതെത ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്.
