Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമ്മ എന്ന അശ്ലീലത്തിൽ കൊണ്ടുതലവയ്‌ക്കേണ്ട ആവശ്യം എന്തായിരുന്നു മിസ്റ്റർ മോഹൻലാൽ? ലെഫ്റ്റനനന്റ് കേണൽ പദവിയിൽ ഇരുന്ന് താങ്കൾ ക്രിമിനലുകൾക്ക് ഓശാന പാടിയാൽ അപമാനിക്കപ്പെടുന്നത് രാജ്യം തന്നെയാണ്; ബലാൽസംഗത്തിനിരയായ നടിയേക്കാൾ പ്രാധാന്യം കുറ്റാരോപിതനായ നടന് കൊടുക്കുന്നവർക്കൊപ്പം നിൽക്കാൻ താങ്കൾക്ക് എങ്ങനെ കഴിയുന്നു?സാധാരണക്കാർ കല്പിച്ച് നൽകിയ താരപദവി താങ്കൾ ദുരുപയോഗിക്കരുത് - ഇൻസ്റ്റന്റ് റെസ്പോൺസ്

അമ്മ എന്ന അശ്ലീലത്തിൽ കൊണ്ടുതലവയ്‌ക്കേണ്ട ആവശ്യം എന്തായിരുന്നു മിസ്റ്റർ മോഹൻലാൽ? ലെഫ്റ്റനനന്റ് കേണൽ പദവിയിൽ ഇരുന്ന് താങ്കൾ ക്രിമിനലുകൾക്ക് ഓശാന പാടിയാൽ അപമാനിക്കപ്പെടുന്നത് രാജ്യം തന്നെയാണ്; ബലാൽസംഗത്തിനിരയായ നടിയേക്കാൾ പ്രാധാന്യം കുറ്റാരോപിതനായ നടന് കൊടുക്കുന്നവർക്കൊപ്പം നിൽക്കാൻ താങ്കൾക്ക് എങ്ങനെ കഴിയുന്നു?സാധാരണക്കാർ കല്പിച്ച് നൽകിയ താരപദവി താങ്കൾ ദുരുപയോഗിക്കരുത് - ഇൻസ്റ്റന്റ് റെസ്പോൺസ്

മറുനാടൻ ഡെസ്‌ക്‌

 മലയാളത്തിലെ മികച്ച നടനാരെന്ന കാര്യത്തിൽ ഫാൻസുകാർ തമ്മിൽ തർക്കം പതിവാണ്. രണ്ടുപേരും മികച്ച നടന്മാർ മാത്രമല്ല പേരും പ്രശസ്തിയും ഉള്ളവരാണ്.ഇവർ രണ്ടുപേരുമല്ലാതെ മലയാളത്തിൽ നായകപദവി അലങ്കരിക്കുന്ന നടന്മാർ വേറെയുണ്ട്.ജയറാമും,ദിലീപും, ബിജുമേനോനും, ആസിഫ് അലിയും,പൃഥ്വിരാജും, ദുൽഖർ സൽമാനും,ഫഹദ് ഫാസിലും, നിവിൻപോളിയും അടക്കമുള്ള ഒരുനിര ചെറുപ്പക്കാർ തന്നെ ഇവർക്ക് പിന്നാലെയുണ്ട്.ഇവാരാരും സൂപ്പർ താരങ്ങളെ കടന്നൊരു പദവി മോഹിക്കുന്നുമില്ല, ആരാധകർ നൽകുന്നുമില്ല.അതുകൊണ്ടാണ് മെഗാ സ്റ്റാർ എന്ന വിശേഷണം മമ്മൂട്ടിക്കും മോഹൻലാലിനും ആരാധകർ നൽകുന്നത്. ആരാധകർ മാത്രമല്ല, സാധാരണക്കാരും ഇരുവരെയും മലയാള സിനിമയുടെ ഭാഗ്യാമായാണ് കരുതുന്നത്.ഈയൊരുകാരണം കൊണ്ടുതന്നെയാണ് സാധാരണക്കാരേക്കാളുപരി സമൂഹത്തോട് ഇവർക്ക് പ്രതിബദ്ധതയുണ്ട് എന്ന് പറയുന്നത്.

കാൽനൂറ്റാണ്ടിലധികമായി താരപദവിയിൽ ഇരിക്കുന്ന ഇവർക്ക് കേരള ജനതയെ സ്വാധീനിക്കാനുള്ള പ്രാപ്തിയും കഴിവും ഉണ്ടായിരിക്കുന്നു.പ്രധാന ബ്രാൻഡുകളുടെ അംബാസഡർമാരായി ഇവർ കടന്നുവരുന്നതും അതുകൊണ്ടുതന്നെ.കേവലം കലയ്ക്കപ്പുറം ജീവിതോപാധി കൂടിയാണ് ഇവർക്ക് അഭിനയം എന്നത് അംഗീകരിച്ചേ മതിയാവൂ.പ്രതിഫലം തന്നെയാവും ചലച്ചിത്രതാരങ്ങളുടെ ആദ്യത്തെ അജണ്ട.എന്നാൽ, പണം ലഭിക്കുന്നതുകൊണ്ട് എന്തും ചെയ്യുന്നതും പറയുന്നതും ഇവർ ചെയ്യുന്ന പദവിക്ക് ചേരുന്നതല്ല.ഇത് തിരിച്ചറിയേണ്ട ഉത്തരവാദിത്വം എല്ലാ നടന്മാർക്കും നടിമാർക്കുമുണ്ട്.

അമ്മയുടെ പ്രസിഡന്റ് പദവി തന്നെ തേടിയെത്തുമ്പോൾ മോഹൻലാൽ തിരസ്‌കരിക്കേണ്ട കാര്യമില്ലെങ്കിലും, അതൊരു അംഗീകാരമായി കരുതാവുന്നതാണ്.ഇത്തരം പദവികൾ സിനിമാസമൂഹത്തെ ഒന്നിപ്പിച്ചുനിർത്തേണ്ട സാഹചര്യമൊരുക്കുമെങ്കിൽ അവർ അത് തിരസ്‌കരിക്കേണ്ട കാര്യമില്ല താനും.എന്നാൽ, സംഘടനയുടെ തലപ്പത്തിലിരിക്കുമ്പോൾ, അതിന് കളങ്കമേൽക്കുന്ന പ്രവൃത്തികൾക്ക് മുതിരാതിരിക്കുക താരപദവി നിലനിർത്തുന്നതിന് ആവശ്യമാണ്.കേണൽ പദവി മോഹൻലാലിന് നൽകിയത് ആ മനുഷ്യൻ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം കണക്കിലെടുത്താണ്.അതുകൊണ്ട് തന്നെ മമ്മൂട്ടിക്കില്ലാത്ത ഉത്തരവാദിത്വം മോഹൻലാലിന് ഈ സമൂഹത്തോട് ഉണ്ടാവുകയാണ്.നിർഭാഗ്യവശാൽ നാണംകെട്ട സംഘടനയുടെ തലപ്പത്തിരിക്കുന്നത് കേണൽ പദവിക്ക് മാത്രമല്ല മോഹൻലാലിന്റെ താരപദവിക്കും കോട്ടം വരുത്തുന്നതാണ്.പ്രത്യേകിച്ച് ലാൽ പ്രസിഡന്റായി ചുമതലയേറ്റ അതേ ദിവസം ഒരുക്രിമിനൽ കേസിലെ പ്രതിയെ മഹാനായി വാഴിച്ച അവസ്ഥ വേദനാജനകവും നിരാശാജനകവുമാണ്.

ഒരുവനിതാ അംഗത്തെ ക്രൂരമായി അപമാനിച്ച കേസിൽ 89 ദിവസം ജയിലിൽ കിടന്നയാളാണ് ദിലീപ്.അദ്ദേഹത്തെ കുറ്റവിമുക്തനായി ഇതുവരെ കോടതി പ്രഖ്യാപിച്ചിട്ടില്ല.അതുകൊണ്ട് തന്നെ എന്തിന്റെ പേരിലായാലും ദിലീപിനെ വീണ്ടും അവരോധിച്ചത് നിയമവിരുദ്ധവും, ജനസമൂഹത്തോടുള്ള വെല്ലുവിളിയുമാണ്.താൻ പ്രസിഡന്റായി ഇരിക്കിണമെങ്കിൽ വേട്ടക്കാരനോടൊപ്പമല്ല, ഇരയോടൊപ്പമായിരിക്കുമെന്ന തന്റേടമാണ് ലാൽ കാണിക്കേണ്ടിയിരുന്നത്.ഇടവേള ബാബു എന്ന പുതിയ ജനറൽ സെക്രട്ടറി ആ യോഗത്തിൽ പറഞ്ഞ വീമ്പിളക്കൽ നിർത്താൻ പറയാൻ പോലും ആരും ആ യോഗത്തിലുണ്ടായിരുന്നില്ല.അമ്മയിൽ നിന്നും നീതി കിട്ടില്ലെന്ന ഉറപ്പുള്ള ആത്മാഭിമാനമുള്ള നടിമാർ പങ്കെടുക്കാതിരുന്നവർ വിനീത വിധേയരായ ചില നടിമാർ ആക്രമണത്തിനിരയായ നടിയെ അപഹസിക്കുന്നതിന് കൂട്ടുനിന്ന കാഴ്ചയും കണ്ടു.അതിനോടൊന്നും എതിർപ്പ് പ്രകടിപ്പിക്കാതിരുന്ന മോഹൻലാൽ അതെല്ലാം ശരിവച്ചുകൊണ്ടാണ് പ്രസിഡന്റായി അവരോധിതനായത്.

ഇന്ന് കേരളമൊന്നാകെ അവൾക്കൊപ്പം എന്ന ഉറച്ചുപറഞ്ഞുകൊണ്ട് ഈ ജനാധിപത്യ വിരുദ്ധതയെക്കെതിരെ ശബ്ദമുയർത്തുമ്പോൾ ഒന്നുവാതുറക്കാൻ പോലും ലാലിന് കഴിയുന്നില്ല.ലാൽ ഈ സമൂഹത്തെ ഇത്തരത്തിൽ വല്ലാതെ നിരാശപ്പെടുത്തുകയാണ്.ഇതിന് മുമ്പും പദവികൾ അലങ്കരിച്ചുകൊണ്ട് മോഹൻലാൽ സമൂഹത്തിന് ചില തെറ്റായ മാതൃകകൾ നൽകിയിട്ടുണ്ട്.സർക്കാരിന്റെ പണം കൈപ്പററി കൊണ്ട് നടത്തിയ ലാലിസം എന്ന പരിപാടി വെറും ചുണ്ടനക്കൽ പരിപാടിയായ കഥ എല്ലാവർക്കും അറിയാം.അന്ന് ഏറെ വിവാദങ്ങൾ ഉണ്ടായിട്ടും പാഠങ്ങൾ പഠിക്കാതെ അതിന്റെ തനിയാവർത്തനം ഓസ്‌ട്രേലിയയിലും അരങ്ങേറി.സ്വന്തം ശബ്ദം നേരത്തെ റെക്കോഡ് ചെയ്ത് വച്ചിട്ട് യഥാർഥാനുഭവം കാത്തിരിക്കുന്ന പ്രേക്ഷകരെ ചുണ്ടനക്കി കാട്ടുന്നത് തെമ്മാടിത്തരവും, ചതിയുമാണ്.ഈ പശ്ചാത്തലത്തിൽ ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ തീരുമാനം തിരുത്തുകയും ആ നടനെതിരെ നടപടിയെടുക്കുകയും ചെയ്യുക.അല്ലാത്ത പക്ഷം തന്റെ പ്രസിഡന്റ് പദവിയൊഴിയുകയുമാണ് മോഹൻലാലിന് ചെയ്യാവുന്ന ഉചിതമായ കാര്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP