മെത്രാന്റെയും അച്ചന്മാരുടെയും പീഡനങ്ങളും അഭിമന്യുവിന്റെ കൊലപാതകവും വൈറലായപ്പോൾ മറന്ന് പോയത് തല്ലുക്കൊണ്ട് കഴുത്ത് പൊട്ടിയ ഒരു പൊലീസുകാരന്റെ രോദനം; ചാനൽ കൂടൊഴിയുമ്പോൾ വെറുതെ ആകുന്നത് നിരപരാധികളുടെ നിലവിളികൾ; ഇൻസ്റ്റന്റ് റസ്‌പോൺസ്
July 07, 2018 | 01:45 PM IST | Permalink

മറുനാടൻ ഡെസ്‌ക്
24 മണിക്കൂറും പ്രവർത്തിക്കുന്ന ചാനലുകൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമായതോട് കൂടി എന്തും വാർത്തയാകും.ഒരുവാർത്ത നിറഞ്ഞുനിന്ന് പഴകി പുതിയ ഒരെണ്ണംവരുമ്പോൾ പഴയത് വിട്ട് പോകും.മാധ്യമങ്ങൾ നൽകിയ പ്രചാരണത്തിന്റെ തിളക്കത്തിൽ നീതി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന സാധാരണക്കാർ പെരുവഴിയിലാകും.എഡിജിപി സുധേഷ് കുമാറിന്റെ ഡ്രൈവറായിരുന്ന ഗാവസ്‌കറുടെ ദുർവിധി ഉദാഹരണം.ഒന്നുരണ്ടാഴ്ച മുമ്പ് നിറഞ്ഞുനിന്ന വാർത്ത പുതിയവ വന്നതോടെ മാധ്യമങ്ങൾ ഉപേക്ഷിച്ചിരിക്കുകയാണ്.
മാർത്തോമ-കത്തോലിക സഭകളിലെ വൈദികർക്ക് നേരേയുള്ള പീഡനാരോപണങ്ങൾ വാർത്തയാകുന്നത് നല്ലകാര്യം തന്നെ. അഭിമന്യുവിന്റെ രക്തസാക്ഷിത്വവും മാധ്യമങ്ങൾ ഉയർത്തിക്കൊണ്ടുവരേണ്ടത് തന്നെയാണ്.എന്നാൽ, ഗാവസ്‌കറുടെ നിരാലംബത്വത്തെ അത്രവേഗം മറക്കുന്നത് ശരിയാണോ? ഈ കേസ് അന്വേഷിക്കുന്ന സംഘവുമായി മറുനാടൻ മലയാളി കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു.ഗാവസ്‌കർ പൂർണമായും നിരപരാധിയും സത്യസന്ധനുമാണെന്നും, എഡിജിപിയുടെ മകൾ നിർദാക്ഷിണ്യം ഡ്രൈവറെ മർദ്ദിച്ചതായി തെളിഞ്ഞുവെന്നുമാണ്.തന്നെ അറസ്റ്റ് ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് എഡിജിപിയുടെ മകൾ സ്‌നിഗ്ധയെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അതംഗീകരിച്ചില്ല.അതുകൊണ്ട സ്വാഭാവികമായി കരുതാവുന്നത് ആ പെൺകുട്ടി ഉടൻ അറസ്റ്റിലാവുമെന്നാണ്.എന്നാൽ, ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോൾ മനസ്സിലായത് ആ പെൺകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്യാനേ പോകുന്നില്ല എന്നാണ്.അതല്ലെങ്കിൽ, എന്തുകൊണ്ട് ഈ പെൺകുട്ടിയെ അറസ്റ്റുചെയ്യുന്നില്ല, അറസ്റ്റുചെയ്യൂ എന്ന് കോടതി പറയേണ്ടിയിരിക്കുന്നു.
ഒരുസാധാരണക്കാരൻ വിശപ്പ് മാറ്റാൻ ഒരുകഷണം റൊട്ടി മോഷ്ടിച്ചാൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുന്ന നാടാണിത്.സോഷ്യൽ മീഡിയയിൽ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഇവിടെ നിരവധി പേരെ അറസ്റ്റ് ചെയ്തിരിക്കുന്നു.എന്നിട്ടും അധികാരത്തിന്റെ തിമിരം ബാധിച്ച ഒരു പൊലീസുദ്യാഗസ്ഥന്റെ മകൾ കുറ്റക്കാരിയെന്നു കണ്ടെത്തിയിട്ടും അറസ്റ്റ് ചെയ്യാത്തത് പൊലീസിന്റെ ഒത്തുകളിയാണെന്ന് സാധാരണക്കാർ കരുതുക.എന്നാൽ, മറുനാടൻ സംസാരിച്ച സാധാരണക്കാരും, ഉന്നതരുമായ പൊലീസ് ഉദ്യോഗസ്ഥരെല്ലാം അഭിപ്രായപ്പെട്ടത് തെറ്റ് ചെയ്ത എഡിജിപിയുടെ മകളെ അറസ്റ്റ് ചെയ്യണമെന്ന് തന്നെയാണ്.എന്നാൽ, പഞ്ചാബിലെ ഒരു ആദിവാസി കുടുംബത്തിൽ പെട്ട പെൺകുട്ടിക്കെതിരെ നടപടിയെടുക്കാൻ നമ്മുടെ നിയമത്തിൽ വ്യവസ്ഥയില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.ആദിവാസി എന്ന പരിരക്ഷ തീർച്ചയായും നിയമത്തിൽ അത്യാവശ്യമാണ്.എന്നാൽ,സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽ പെട്ട തെറ്റുചെയ്ത് യുവതിക്ക് ആ ആനുകൂല്യം കിട്ടുമ്പോൾ നമ്മുടെ നിമയമസംവിദാനത്തിന് എന്തോ തകരാറുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.ഇങ്ങനെ സമൂഹത്തിന്റെ മേൽത്തട്ടിൽ പെട്ട വ്യക്തി ഇത്തരത്തിൽ ആനുകൂല്യം നേടിയെടുക്കുമ്പോൾ കബളിപ്പിക്കപ്പെടുന്നത് താഴെ തട്ടിലുള്ള ആനുകൂല്യങ്ങൾ ഒന്നും കിട്ടാൻ സാധ്യതയില്ലാത്ത പാവപ്പെട്ട ആദിവാസി വിഭാഗമാണ്.
കനകക്കുന്ന് കൊട്ടാരത്തിന് മുന്നിൽ വച്ച് ഡ്രൈവറായിരിക്കുന്ന പൊലീസുകാരനെ ആ പെൺകുട്ടി മർദ്ദിച്ചു എന്ന് ആ പെൺകുട്ടി പരാതിപ്പെടുമ്പോൾ,തന്റെ കാലിൽ കൂടി വണ്ടി കയറ്റി വിട്ടെന്നും ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നും പെൺകുട്ടി ആരോപിക്കുന്നു.പൊലീസിനെതിരെയുള്ള കേസ് എന്ന നിലയിൽ ഒരാൾ പോലും ഇതിന് സാക്ഷി പറയാൻ വന്നിട്ടില്ല.അതുകൊണ്ട് തന്നെ ഏതെങ്കിലുമൊന്ന് തെളിയിക്കുക എന്ന ബാധ്യതയാണ് പൊലീസിനുള്ളത്. ഈ പെൺകുട്ടി പൊലീസിന് കൊടുത്ത മൊഴിയും എസ്‌പി ഫോർട്ട് ആശുപത്രിയിലെ ഡോക്ടർക്ക് നൽകിയ മൊഴിയും വ്യത്യസ്തമാണെന്ന് വെളിപ്പെടുത്തിയ ഡോക്ടർക്കെതിരെ കേസെടുക്കാൻ പോകുന്നു.
പട്ടിക വർഗ പീഡന നിരോധന നിയമം മൂലം അറസ്റ്റ് ചെയ്‌തെന്ന് വരാം.ഇത് വല്ലാത്ത അവസ്ഥയാണ്.പട്ടികജാതി പട്ടിക വർഗത്തിൽ പെടുന്നവർ പ്രത്യേകമായി സംരക്ഷിക്കപ്പടേണ്ടതുണ്ട്.അവർക്ക് വേണ്ടി പ്രത്യേക നിയമങ്ങൾ തന്നെ കൊണ്ടുവരണം.ഇന്ത്യൻ ശിക്ഷാനിയമവും മറ്റുനിയമങ്ങളും അവരെ സംരക്ഷിക്കാൻ പ്രാപ്തരല്ല.കാരണം അവർ എളുപ്പത്തിൽ പ്രലോഭനത്തിന് ഇരയാകുന്നവരും ചൂഷണത്തിന് വിധേയരാകുന്നവരുമാണ്.എന്നാൽ, ആ ലേബലൊട്ടിച്ച് കൊണ്ട് സമൂഹത്തിന്റെ ഉന്നതശ്രേണിയിൽ പെട്ടവർ രക്ഷപ്പെടാൻ വേണ്ടി അത് ദുരുപയോഗിക്കുന്നത് നിയമം മൂലം നിരോധിക്കേണ്ടതും ഒഴിവാക്കേണ്ടതുമാണ്. ഇത്തരമൊരു കേസുമായി മുന്നോട്ട് പോകുമ്പോൾ കുഴപ്പത്തിലാകുന്നുവെന്ന കരുതുന്ന പൊലീസുകാരം സംരക്ഷിക്കേണ്ട ബാധ്യതയും നിയമത്തിനുണ്ട്.അല്ലങ്കിൽ നാളെ ഒരുദർബല സമൂഹത്തെ സംരക്ഷിക്കാൻ കൊണ്ടുവന്ന നിയമം ആ സമൂഹത്തിന് തന്നെ ഭീഷണിയായെന്ന് വരാം.
