Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പിണറായി കേൾക്കേ വണ്ടി ഇടിച്ച് ചാവുന്നില്ലേ എന്ന് ചോദിക്കാൻ ധൈര്യമുള്ള ഏതു മാധ്യമ പ്രവർത്തകൻ ആണ് ഇവിടെ ഉള്ളത്? ഏറ്റവുമധികം വേട്ടയാടപ്പെട്ട നേതാവ് പിണറായി എന്നത് അതിശയോക്തി അല്ലേ? വായിൽ തോന്നുന്നത് കോതയ്ക്ക് പാടി സോഷ്യൽ മീഡിയയുടെ വിശ്വാസ്യത തകർക്കരുത്; ദുരൂഹത മാറ്റേണ്ടത് മുഖ്യമന്ത്രി തന്നെ; ഇൻസ്റ്റന്റ് റെസ്‌പോൺസ്

പിണറായി കേൾക്കേ വണ്ടി ഇടിച്ച് ചാവുന്നില്ലേ എന്ന് ചോദിക്കാൻ ധൈര്യമുള്ള ഏതു മാധ്യമ പ്രവർത്തകൻ ആണ് ഇവിടെ ഉള്ളത്? ഏറ്റവുമധികം വേട്ടയാടപ്പെട്ട നേതാവ് പിണറായി എന്നത് അതിശയോക്തി അല്ലേ? വായിൽ തോന്നുന്നത് കോതയ്ക്ക് പാടി സോഷ്യൽ മീഡിയയുടെ വിശ്വാസ്യത തകർക്കരുത്; ദുരൂഹത മാറ്റേണ്ടത് മുഖ്യമന്ത്രി തന്നെ; ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ മലയാളി ബ്യൂറോ

സോഷ്യൽ മീഡിയ ഇരുതല മൂർച്ഛയുള്ള വാളാണ്. അതിന്റെ ഒരു വശം കൊണ്ട് ഏത് സാധാരണക്കാരനെയും മഹാനായി ഉയർത്തി ആകാശം വരെ എത്തിക്കാം. അതിന്റെ മറുതലം കൊണ്ട് ഏത് മഹാനേയും താഴ്‌ത്തി പാതാളം വരെ എത്തിക്കാനും സാധിക്കും. പലപ്പോഴും ആകാശത്തിലേക്ക് ഉയർത്തിക്കൊണ്ടു വരുന്നവർ കള്ളനാണയങ്ങളാണെന്ന് വരാം. പാതാളത്തിലേക്ക് ചവിട്ടി താഴ്‌ത്തുന്നവർ നല്ലവരാണെന്നും വരാം. പക്ഷേ സോഷ്യൽ മീഡിയയുടെ വിധിക്കൊപ്പം നിന്ന് സഹിക്കുക അല്ലെങ്കിൽ കയ്യടിക്കുക എന്നതാണ് പൊതു സമൂഹത്തിന്റെ വിധി.

ഇന്നലെ സോഷ്യൽ മീഡിയയിൽ ഉയർന്നു വന്ന ഒരു വിവാദം പിണറായിയുടെ പ്രസ്താവനയെ കൂട്ടു പിടിച്ചു കൊണ്ട് ഉയർന്നു വന്നതായിരുന്നു. ഒരിക്കൽ മുഖ്യമന്ത്രി എകെജി സെന്ററിലേക്ക് കയറി വരുന്ന സമയത്ത് ഒരു മാധ്യമ പ്രവർത്തകൻ പറഞ്ഞു എത്രയോ പേർ വണ്ടി ഇടിച്ചു ചാവുന്നു. ഇയാൾ അങ്ങനെ പോലും കൊല്ലപ്പെടുന്നില്ലല്ലോ എന്ന് പറഞ്ഞുള്ളതായിരുന്നു. ഏറെ വൈകാതെ മാതൃഭൂമി ന്യൂസിലെ റിപ്പോർട്ടർ ശ്രീജിത്തിന്റെ പടം വെച്ചു കൊണ്ട് ആ ചെറ്റ ഇവനാണെന്ന രീതിയിൽ വധങ്ങൾ അരങ്ങേറി. സിപിഎമ്മിന്റെ സൈബർ വിഭാഗങ്ങൾ ഇത് വളരെ സജീവമായി തന്നെ ചർച്ച ചെയ്തു. ഒട്ടേറെ സൈബർ സഖാക്കൾ ഈ ചെറ്റയെ ഒറ്റപ്പെടുത്തുക എന്നുള്ള പ്രചരണം നടത്തി.

ശ്രീജിത്തിന്റെ ഫോട്ടോ സഹിതെ പ്രചരണങ്ങൾ സജീവമായി. ചില വെബ് സൈറ്റുകൾ അത് വാർത്തയുമാക്കി. ഇതോടെ ശ്രീജിത്തിനെ കടന്നാക്രമിച്ച് സോഷ്യൽ മീഡിയയിൽ സൈബർ സഖാക്കളുടെ തെറി വിളിയും സജീവമായി. എന്നാൽ മുഖ്യമന്ത്രിയുടെ അസുഖവാർത്തയുമായി ശ്രീജിത്തിന് യാതൊരു പങ്കുമില്ലായിരുന്നു. മലപ്പുറത്ത് സിപിഐയുടെ സംസ്ഥാന സമ്മേളനം റിപ്പോർട്ട് ചെയ്യുന്ന ശ്രീജിത്ത് ഇതേ കുറിച്ച് കാര്യമായി ശ്രദ്ധിച്ചു പോലുമില്ല. എന്നിട്ടും കുറ്റം മുഴുവൻ ശ്രീജിത്തിന്റെ തലയിലായി. ഇതിന് പിന്നിൽ രണ്ട് മാധ്യമ പ്രവർത്തകർ പ്രവർത്തിച്ചുവെന്നാണ് സൂചന. മാതൃഭൂമി ന്യൂസിലെ തന്നെ മറ്റൊരു പ്രധാനി ശ്രീജിത്തിനെ ഇതിലേക്ക് വലിച്ചിഴക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ സഹായത്തോടെ മുഖ്യമന്ത്രിയുടെ മരണം ആഗ്രഹിച്ചത് ശ്രീജിത്താണെന്ന് വരുത്തി തീർക്കുകയും ചെയ്തു. ഇതോടെയാണ് ശ്രീജിത്തിനെതിരെ ഫോട്ടോ സഹിതം പ്രചരണം തുടങഅങിയത്.

ചെന്നൈയിൽ ആരോഗ്യ പരിശോധനയ്ക്കുശേഷം മടങ്ങിയെത്തിയ മുഖ്യമന്ത്രി, ത്രിപുരയിലെ തിരഞ്ഞെടുപ്പു ഫലത്തിന്റെ പ്രതികരണം തേടിയ മാധ്യമ പ്രവർത്തകരോടാണ് അതേപ്പറ്റി ഒന്നും പറയാതെ ആരോഗ്യവിഷയത്തിലേക്കു കടന്നത്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞതിനെത്തുടർന്നു മുഖ്യമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ചില ദൃശ്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. തന്റെ ആരോഗ്യത്തിന് ഇപ്പോൾ ഒരു പ്രശ്നവുമില്ലെന്നു പിണറായി പറഞ്ഞു. ''എനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകണമെന്നു ചിലർ ആഗ്രഹിക്കുന്നുണ്ടാകാം. പതിവു പരിശോധനയ്ക്കായാണു ചെന്നൈയിൽ പോയത്. കഴിഞ്ഞ 15 വർഷമായി ഇതു തുടരുന്നു. പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞെന്നും മറ്റുമുള്ള വാർത്തകൾ ചിലരുടെ ആഗ്രഹങ്ങളാണ്. അങ്ങനെ ആഗ്രഹിച്ചതുകൊണ്ട് ഒരാൾക്ക് ഒന്നും സംഭവിക്കില്ല''. ഇതിന് പിന്നിൽ മാധ്യമ പ്രവർത്തകെ കുറ്റപ്പെടുത്താനായി വാഹനാപകട കഥയും പറഞ്ഞു.

ഇതിനെയാണ് വളരെ സമർത്ഥമായി ശ്രീജിത്തിനെതിരായ വാർത്തയാക്കി മാറ്റിയത്. വർഷങ്ങളായി സിപിഎം ബീറ്റ് നോക്കുന്ന മാധ്യമ പ്രവർത്തകനാണ് ശ്രീജിത്ത്. സിപിഎം സമ്മേളനം നടക്കുമ്പോൾ ശ്രീജിത്ത് എകെജി സെന്ററിന് മുന്നിൽ നിൽക്കാറുമുണ്ട്. ഇടതുപക്ഷ ചിന്താഗതിക്കാരനായ മാധ്യമ പ്രവർത്തകനാണ് ശ്രീജിത്ത്. സിപിഎമ്മിലെ പല രഹസ്യങ്ങളും ശ്രീജിത്തിലൂടെ പുറംലോകത്ത് എത്തുകയും ചെയ്തിട്ടുണ്ട്. പി ജയരാജനെതിരായ സിപിഎം സംസ്ഥാന സമിതി തീരുമാനം ആദ്യം റിപ്പോർട്ട് ചെയ്തതും ശ്രീജിത്തായിരുന്നു. സിപിഎം സമ്മേളനങ്ങളിലും സ്ഥിരമായി ശ്രീജിത്ത് റിപ്പോർട്ടറുടെ റോളിലെത്തും. എല്ലാവർക്കും അറിയാവുന്ന കാര്യമാണിത്. ഇത് മനസ്സിലാക്കിയാണ് പിണറായിയുടെ പ്രസ്താവനയിൽ ശ്രീജിത്തിനെ വില്ലനാക്കാനുള്ള ശ്രമം നടന്നത്. ഇടതുപക്ഷ അനുകൂല വെബ് സെറ്റിനെ ഇതിനായി തെരഞ്ഞെടുക്കുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖന്റെ സഹായത്തോടെ മാതൃഭൂമിയിലെ തന്നെ പ്രമുഖനാണ് പദ്ധതികൾ ആസൂത്രണം ചെയ്തത്. ബംഗളൂരുവിലെ സ്ത്രീവിഷയത്തിൽ പ്രതിസ്ഥാനത്തായ മാതൃഭൂമിയിലെ മാധ്യമ പ്രവർത്തകൻ വലിയ പ്രതിസന്ധിയിലാണ്. ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രീജിത്തിനെ ബലിയാടാക്കാനായിരുന്നു നീക്കം. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖനും മാധ്യമങ്ങളുമായി അടുത്ത ബന്ധമുണ്ട്. പിണറായി വിജയൻ ഉദ്ദേശിച്ചത് ശ്രീജിത്തിനെയാണെന്ന് ഇയാളിലൂടെ ബോധപൂർവ്വം പ്രചരിപ്പിച്ചു. ഇത്തരത്തിലൊരാൾ പറയുന്നതുകൊണ്ട് വാർത്തയ്ക്ക് വിശ്വാസ്യതയും ഏറി. ഇതോടെ വാർത്തയെത്തി. അതിന് ശേഷം സോഷ്യൽ മീഡിയയിൽ സ്‌ക്രീൻ ഷോട്ടുകളുടെ പ്രവാഹമായി. ശ്രീജിത്തിനെ കടന്നാക്രമിച്ച് സൈബർ സഖാക്കളെത്തി. ഇതോടെയാണ് ശ്രീജിത്തിനെ പ്രതിരോധവുമായി മാധ്യമ പ്രവർത്തകരും എത്തിയത്.

പിണറായി വിജയനും ശ്രിജിത്തും തമ്മിൽ യാതൊരു പ്രശ്നവുമില്ലെന്ന് വ്യക്തമാക്കി എംഎസ് സനിൽകുമാർ രംഗത്തുവന്നു. പതിനെട്ട് വർഷമായി അറിയാം ശ്രീജിത്തിനെ. സിപിഎം ചാനലായ കൈരളിയിൽ റിപ്പോർട്ടറായാണ് ശ്രീജിത്തിന്റെ തുടക്കം. പിന്നെ ഇന്ത്യാവിഷനിൽ. ഞാനും ശ്രീജിത്തും ഒരുമിച്ചാണ് ഇന്ത്യാവിഷൻ തിരുവനന്തപുരം ബ്യൂറോയിൽ റിപ്പോർട്ടർമാരായി എത്തുന്നത്. സി പി എം ആയിരുന്നു ശ്രീജിത്തിന്റെ ബീറ്റ്. അപാരമായ സോഴ്സ് ശ്രീജിത്തിന് സി പി എമ്മിലുണ്ട്. ശ്രീജിത്തിനെ സി പി എം ഉന്നതർ വിളിച്ചു വാർത്തകൾ കൊടുക്കുന്നതിന് പലതവണ ഞാൻ സാക്ഷിയായിട്ടുണ്ട്. ശ്രീജിത്തിന്റെ ഒരു വാർത്ത പോലും തെറ്റിയിട്ടില്ല. ശ്രീജിത്ത് ഇന്ത്യാവിഷനിൽ വ്യാജ സി പി എം വാർത്ത നൽകുമായിരുന്നു എന്ന് ഓൺലൈൻ മാധ്യമം പറയുന്നു. ശ്രീജിത്ത് നൽകിയ ഒരു വ്യാജ സി പി എം വാർത്ത ചൂണ്ടിക്കാണിക്കാൻ ഓൺലൈൻ വാർത്ത എഴുതിയ മഹാനോ മഹതിക്കോ കഴിയുമോ? ഇന്ത്യാവിഷനിൽ നിന്ന് ശ്രീജിത്ത് റിപ്പോർട്ടർ ചാനലിലെത്തി. അവിടെ നിന്നാണ് മാതൃഭൂമി ന്യൂസ് ചാനലിലെത്തുന്നത്.

പി ജയരാജനെതിരായ വ്യക്തിപൂജ ആരോപണം സിപിഎം സംസ്ഥാന സമിതി ചർച്ച ചെയ്യുന്നത് ആദ്യം പുറത്തുവിട്ടത് ശ്രീജിത്തായിരുന്നു. ഓഖി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് പിണറായി വിജയൻ ഹെലികോപ്ടർ യാത്ര നടത്തിയത് ആദ്യം പുറത്തുകൊണ്ടുവന്നതും ശ്രീജിത്തായിരുന്നു. പിന്നെ തൃശ്ശൂ രിൽ നടന്ന സിപിഎം സംസ്ഥാന സമ്മേളനം. സമ്മേളനത്തിന്റെ വിശദാംശങ്ങൾ വിശദീകരിക്കുന്ന ശ്രീജിത്തിന്റെ റിപ്പോർട്ടുകളായിരുന്നു ഏറ്റവും ആധികാരികം. ഇന്ത്യാവിഷൻ കാലത്ത് ശ്രീജിത്ത് ചെയ്ത പ്രധാന സിപിഎം റിപ്പോർട്ടുകളിലൊന്നായിരുന്നു സിപിഎം സംഘടനാരേഖ ചോർത്തി വാർത്ത ആക്കിയത്. ശ്രീജിത്തിന് വാർത്ത നൽകി എന്ന് സംശയിച്ച് ചിലർക്കെതിരെ പാർട്ടി നടപടി വരെ എടുത്തു. പക്ഷെ അവരൊന്നുമായിരുന്നില്ല വാർത്ത നൽകിയത്. ശ്രീജിത്തിന്റെ വാർത്താ സോഴ്സുകൾ സിപിഎമ്മിൽ ഇപ്പോഴും സുരക്ഷിതരായി ഉണ്ട്. ആ ശ്രീജിത്തിനെയാണ് വ്യാജ വാർത്ത നൽകുന്നവൻ എന്ന് ആക്ഷേപിച്ചിരിക്കുന്നത്. അപ്പോൾ തന്നെ ഉദ്ദേശം വ്യക്തം. ശ്രീജിത്ത് ഒരു സിപിഎം വിരുദ്ധനും മോശപ്പെട്ട മാധ്യമപ്രവർത്തകനും ആണെന്ന് സ്ഥാപിക്കുക. -ഇതാണ് വാർത്തയ്ക്ക് പിന്നിലെന്ന് സനിൽകുമാർ വിശദീകരിച്ചു.

ഇതിനൊപ്പം ഒരു വാൽക്കഷണവും. വെർട്ടിഗോ എന്ന രോഗമുള്ള രണ്ടു പേരാണ് പിണറായിയും ശ്രീജിത്തും. ശ്രീജിത്തിന് വെർട്ടിഗോ രോഗത്തിനു ചികിത്സിക്കാൻ മികച്ച ഡോക്ടറെ നിർദ്ദേശിച്ചുകൊടുത്തത് പിണറായിയാണ്. മാത്രമല്ല ശ്രീജിത്തിന് വേണ്ടി ആ ഡോക്ടറെ വിളിച്ച് സംസാരിക്കാനുള്ള സന്മനസ്സും പിണറായി വിജയൻ കാണിച്ചു.-ഇതാണ് സനിൽ കുമാർ കുറിച്ചത്. ഇതോടെ പിണറായിയും ശ്രീജിത്തും നല്ല ബന്ധത്തിലാണെന്നും വന്നു. അതായത് മറ്റാരോ ശ്രീജിത്തിനെ കരിവാരിത്തേക്കാൻ നടത്തിയ നീക്കമാണ് വ്യാജ വാർത്തയെന്ന് വ്യക്തമായി. റിപ്പോർട്ടറിലെ ബാലഗോപാലും സനിൽകുമാറിന്റെ അഭിപ്രായങ്ങളെ ശരിവച്ച് ശ്രീജിത്തിന് പിന്തുണയൊരുക്കാനെത്തി.

ഒരു മാധ്യമപ്രവർത്തകൻ ചെയ്ത വാർത്ത തെറ്റാണ് എന്ന് പരസ്യമായി പറയേണ്ടി വരുന്നത് വലിയ ദുഃഖകരം ആയ അവസ്ഥ ആണ്. പക്ഷേ ഇന്നലെ ആർ. ശ്രീജിത്തിനെ സംബന്ധിച്ച് ഒരു ഓൺലൈൻ മാധ്യമത്തിൽ വന്ന വാർത്ത തെറ്റാണ് എന്നാണ് എന്റെ ഉത്തമ ബോധ്യമെന്ന് ബാലഗോപാൽ കുറിക്കുന്നു. 2005 മുതൽ ശ്രീജിത്തിനെ എനിക്ക് അറിയാം. ഇന്ത്യാവിഷനിലും പിന്നീട് റിപ്പോർട്ടറിലും ഒന്നിച്ച് ജോലി ചെയ്തിട്ടും ഉണ്ട്. എന്നെ പോലെ തന്നെ മുൻ ശുണ്ഠിക്കാരൻ ആണ് ശ്രീജിത്ത്. അഭിപ്രായങ്ങൾ വെട്ടി തുറന്നു പറയുന്നവനും ആണ്. പല കാര്യങ്ങളിലും ഞങ്ങൾ തമ്മിൽ വിയോജിപ്പ് ഉണ്ടായിട്ടുണ്ട്. പക്ഷേ ശ്രീജിത്ത് ഒരിക്കലും 'എത്രയോ ആളുകൾ വണ്ടി ഇടിച്ച് ചാകുന്നു. ഇയാൾക്ക് ഒന്നും പറ്റുന്നില്ലല്ലോ' എന്ന് പിണറായി വിജയന്റെ അടുത്ത് പറയും എന്ന് കരുതുന്നില്ല.

ഇനി പിണറായി വിജയൻ ഇല്ലാത്തപ്പോൾ പോലും അങ്ങനെ പറയും എന്ന് കരുതുന്നില്ല. ഏതെങ്കിലും ഒരു മാധ്യമത്തിൽ വരുന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ശ്രീജിത്തിന് എതിരെ തെറി അഭിഷേകം നടത്തുന്ന അനുയായികളെ പാർട്ടി ഇടപെട്ട് നിയന്ത്രിക്കണം-എന്നും ബാലഗോപാൽ കുറിച്ചു. എ കെ ജി സെന്ററിന് പുറത്ത് നിൽക്കുന്ന എല്ലാ മാധ്യമ സുഹൃത്തുക്കളെയും സംശയത്തിന്റെ നിഴലിൽ നിറുത്തുന്ന പ്രസ്താവന മുഖ്യമന്ത്രിക്ക് ഒഴിവാക്കാം ആയിരുന്നു. ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അവരുടെ പേരെടുത്ത് പറയുന്നത് ആയിരുന്നു ഉചിതമെന്നും ബാലഗോപാൽ അഭിപ്രായപ്പെട്ടു. ഈ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ ശ്രീജിത്തിനെതിരായ ആരോപണങ്ങളുടെ മുനയൊടിഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP