Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രസംഗത്തിൽ മാത്രമല്ല തന്ത്രങ്ങളിലും വിജയിച്ച് മോദിയും അമിത് ഷായും; ഈ വിജയ തന്ത്രങ്ങൾ കൊണ്ട് മാത്രം മോദിക്ക് വീണ്ടും അധികാരം ഉറപ്പിക്കാനാവുമോ? ലോക്‌സഭയിലെ അവിശ്വാസ പ്രമേയം സൂചിപ്പിക്കുന്നത് എന്തൊക്കെ? ഇൻസ്റ്റന്റ് റസ്‌പോൺസ്

പ്രസംഗത്തിൽ മാത്രമല്ല തന്ത്രങ്ങളിലും വിജയിച്ച് മോദിയും അമിത് ഷായും; ഈ വിജയ തന്ത്രങ്ങൾ കൊണ്ട് മാത്രം മോദിക്ക് വീണ്ടും അധികാരം ഉറപ്പിക്കാനാവുമോ? ലോക്‌സഭയിലെ അവിശ്വാസ പ്രമേയം സൂചിപ്പിക്കുന്നത് എന്തൊക്കെ? ഇൻസ്റ്റന്റ് റസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

ന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല ദിവസങ്ങളിൽ ഒന്നായിരുന്നു വെള്ളിയാഴ്ച. 15 വർഷത്തിന് ശേഷം സർക്കാരിനെതിരെ വന്ന അവിശ്വാസ പ്രമേയം 12 മണിക്കൂറിലേറെ ചർച്ച ചെയ്തതിന്റെ ഫലം എന്തുമാവട്ടെ, അത് ജനാധിപത്യത്തിന്റെ നല്ല അടയാളങ്ങളിൽ ഒന്നാണ്. ചർച്ചയിൽ പങ്കെടുത്തവരെല്ലാം തങ്ങളുടെ റോൾ ഭംഗിയാക്കി എന്നുള്ളതാണ് സുവർണ ലിപികളാൽ എഴുതി ചേർക്കേണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭാവി പ്രധാനമന്ത്രി എന്ന് സ്വയം വിശേഷിപ്പിക്കുന്ന രാഹുൽ ഗാന്ധിയും പരസ്പരം ഏറ്റുമുട്ടി എന്ന സവിശേഷതയുമുണ്ടായിരുന്നു. രാഹുൽ എംപിയായും കോൺഗ്രസിന്റെ സമുന്നത നേതാവായും പദവി അലങ്കരിക്കാൻ തുടങ്ങിയിട്ട് നാളേറെയായെങ്കിലും ഏതെങ്കിലും ഒരുപ്രമുഖനോട് പരസ്യമായി ഏറ്റുമുട്ടുന്നത് ഒരുപക്ഷേ ഇതാദ്യമായിരിക്കും.

രാഹുൽ എങ്ങനെയാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത് എന്നറിയാൻ ഇന്ത്യയിലെ സാധാരണ ജനങ്ങൾക്കും മാധ്യമങ്ങൾക്കും കൗതുകമുണ്ടായിരുന്നു. ഇക്കാര്യത്തിൽ രാഹുൽ വലിയ തോതിൽ വിജയിച്ചു എന്നുപറയാതിരിക്കാൻ സാധിക്കുകയില്ല. രാഹുലിന്റെ പ്രസംഗം വലിയ തോതിൽ അംഗീകരിച്ചത് എംപിമാർ മാത്രമല്ല രാജ്യത്തെ ജനങ്ങൾ കൂടിയാണ്. പ്രസംഗത്തിൽ തന്നെ പപ്പുമോൻ എന്ന് വിളിച്ച് ആക്ഷേപിക്കുന്നതിൽ പരാതി സ്‌നേഹത്തോടെ പറയുകയും, എന്നിട്ടും താനും കോൺഗ്രസും ബിജെപിയോട് വിദ്വേഷം കാട്ടുന്നില്ലെന്ന് പറയാനും രാഹുലിന് കഴിഞ്ഞു. മുൻകൂട്ടി പ്ലാൻ ചെയ്തത് പോലെ പ്രസംഗശേഷം മോദിയെ ആശ്ലേഷിച്ച് ക്ഷമിക്കുവാനും വിരുത് കാട്ടി. രാഹുലിന്റെ ശത്രുസ്‌നേഹത്തെ മാധ്യമങ്ങളും ചാനലുകളും വലിയ കൈയടിയോടെയാണ് സ്വീകരിച്ചതും അഭിനന്ദിച്ചതും.

എന്നാൽ, മറുപടി പ്രസംഗത്തിനായി പ്രധാനമന്ത്രി എഴുന്നേറ്റതോടെ രാഹുലിന്റെ തന്ത്രങ്ങളൊക്കെ ഏകദേശം പരാജയപ്പെട്ട പോലെയായിരുന്നു. തന്റെ വാക്ചാതുരിയെ വെല്ലാൻ രാഹുലിനെന്നല്ല, ഇന്ത്യയിൽ മറ്റൊരു നേതാവിനും കഴിയില്ലെന്നുതെളിയിക്കുന്നതായിരുന്നു മോദിയുടെ അനർഗ്ഗളപ്രസംഗം. നാലുവർഷത്തെ വികസന പ്രവർത്തനങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് മോദി പ്രതിപക്ഷവാദങ്ങളുടെ മുനയൊടിച്ചു. കെട്ടിപ്പിടിച്ചും കണ്ണിറുക്കിയും രാഹുൽ കൈയടി നേടാൻ ശ്രമിച്ചതിനെ പരിഹസിച്ചും, അതിനെ അതേ നാണയത്തിൽ മറികടന്നും മോദി കൈയടി നേടി.

അടുത്ത പൊതുതിരഞ്ഞെടുപ്പിൽ മുഖ്യതിരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളിലൊന്ന് ഫ്രാൻസുമായുള്ള റാഫേൽ വിമാനക്കരാർ ആയിരിക്കുമെന്ന സൂചനയാണ് രാഹുൽ നൽകിയത്. എന്നാൽ, അതിന് കൃത്യമായി മറുപടി പറയുകയും രാജ്യത്തെ അപമാനിക്കാൻ രാഹുൽ കൂട്ടുനിൽക്കുകയാണെന്ന് തെളിയിക്കാൻ ശ്രമിക്കുകയും ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിന്റെ വാദങ്ങൾ വരെ ശബ്ദത്തിലൂടെ എത്തിക്കാൻ ശ്രമിക്കുകയും ചെയ്തു. വിലയിരുത്തി നോക്കിയാൽ രാഹുൽ തിളങ്ങിയെങ്കിലും മോദിയുടെ വൃക്തിപ്രഭാവത്തിലും, വാക്ചാതുരിയിലും ആ തിളക്കം അൽപം മങ്ങിപ്പോയി എന്നും പറയേണ്ടി വരും. ആരാണ് ആ സംവാദത്തിൽ ജയിച്ചത് എന്ന് ചോദിച്ചാൽ, തീർച്ചയായും മോദി എന്നുതന്നെ പറയേണ്ടി വരും.

പാർലമെന്റിൽ ആരുജയിച്ചാലും തോറ്റാലും, തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ പ്രതിപക്ഷ ഐക്യത്തിനേറ്റ തിരിച്ചടിയാണ് വെള്ളിയാഴ്ച സംഭവിച്ചത് എന്ന് പറയേണ്ടി വരും. കേവല ഭൂരിപക്ഷത്തിന് 271 സീറ്റുകൾ വേണമെന്നിരിക്കെ, 272 സീറ്റ്, വെറും ഒരേയൊരു സീറ്റ് മാത്രം കൂടുതലുള്ള പാർട്ടി 325 വോട്ടോടെ, മൂന്നിൽ രണ്ടുഭൂരിപക്ഷത്തോടെ ജയിക്കാൻ കഴിഞ്ഞുവെന്നത് ബിജെപിക്ക് അഭിമാനിക്കാനും കോൺഗ്രസിന് നിരാശപ്പെടാനുമുള്ള സാഹചര്യം സൃഷ്ടിച്ചു. മോദി വിരുദ്ധ വിശാല സഖ്യം എന് ആശയവുമായി രാഹുൽ രാജ്യം മുഴുവൻ ഓടി നടക്കുന്നുണ്ടെങ്കിലും, ബംഗാളിലെ സിപിഎമ്മിനെയും തൃണമൂൽ കോൺഗ്രസിനെയും മാത്രമാണ് കൂടെ കൂട്ടാനായത് എന്നത് ലജ്ജാവഹമാണ്. മോദി വിരോധികളായ ശിവസേനയെ പോലും ഒപ്പം ചേർക്കാൻ കോൺഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഒഡീഷയിലെ നവീൻ പട്‌നായിക്കിനെയും പാട്ടിലാക്കാൻ കോൺഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതിന്റെ തെളിവാണ് ഇന്നലത്തെ വിട്ടുനിൽക്കൽ. അണ്ണാഡിഎംകെ മോദിക്കൊപ്പം നിൽക്കുക കൂടി ചെയ്തതോടെ പ്രതിപക്ഷ നിര നേരിട്ടത് വലിയ തിരിച്ചടി തന്നെയാണ്. കോൺഗ്രസിന്റെ കനിവ് കൊണ്ട് സംസ്ഥാനം രൂപീകരിച്ച് കിട്ടിയെങ്കിലും ടിആർഎസും ഒപ്പം നിൽക്കുന്നില്ല. വെറും 126 വോട്ടുകൾ മാത്രമേ സമാഹരിക്കാൻ കഴിയുമായിരുന്നുള്ളുവെങ്കിൽ എന്തിനാണ് ഇങ്ങനെയൊരു അവിശ്വാസ പ്രമേയത്തെ കോൺഗ്രസ് പിന്തുണച്ചത്. ടിഡിപി അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോൾ മാന്യമായ വോട്ടെങ്കിലും നേരിടാനുള്ള തയ്യാറെടുപ്പ് കോൺഗ്രസ് നടത്തേണ്ടിയിരുന്നു.

അതേസമയം, പാർലമെന്റിലെ ഈ നേട്ടം അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടമാകുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. മോദി വിരുദ്ധ വികാരം മുതലാക്കാൻ രാഹുൽ ഏറെ വിയർപ്പൊഴുക്കേണ്ടി വരും. ഈ അനുഭവത്തിൽ നിന്ന് രാഹുൽ പഠിക്കേണ്ടത് പ്രതിപക്ഷ നിരയെ ഒത്തിണക്കുകയും സഖ്യത്തിലെ കക്ഷികളുടെ അംഗബലം കൂട്ടുകയും ചെയ്യുക എന്നതാണ്. ബംഗാളിൽ തൃണമൂലിന്റെ പിന്തുണ നേടിയ പോലെ യുപിയിൽ എസ്‌പിയുടെയും ബിഎസ്‌പിയുടെയും ഒഡീഷയിൽ ബിജെഡിയുടെയും പിന്തുണ ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു. കേരളത്തിലെയും കർണാടകയിലെയും, ബംഗാളിലെയും വോട്ടുകൾ കൊണ്ടുപോരാട്ടം നയിക്കാമെന്ന് കരുതാതെ കൂടുതൽ വിശാലമായ പിന്തുണ ആർജ്ജിക്കാനുള്ള പോംവഴികൾ രാഹുലും കോൺഗ്രസുംകണ്ടെത്തേണ്ടിയിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP