Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശമ്പളവർധനയുടെ പേരിൽ ആറുമാസം മുമ്പ് ചികിത്സാ ഫീസ് കൂട്ടിയ ആശുപത്രി ഉടമകളെ എങ്ങനെ വിശ്വസിക്കും? നിയമം ലംഘിക്കുന്ന മുതലാളിമാർക്കെതിരേ നടപടിയെടുക്കാൻ എന്താണ് സർക്കാരിന് പേടി. സമരം നിരോധിച്ച കോടതി ഉത്തരവിന്റെ നിയമസാധുത എന്ത്? മാർച്ച് 31 ന് കേരളത്തിലെ നഴ്സുമാർക്ക് ശമ്പളം കൂടുമോ?-ഇൻസ്റ്റന്റ് റെസ്‌പോൺസ്

ശമ്പളവർധനയുടെ പേരിൽ ആറുമാസം മുമ്പ് ചികിത്സാ ഫീസ് കൂട്ടിയ ആശുപത്രി ഉടമകളെ എങ്ങനെ വിശ്വസിക്കും? നിയമം ലംഘിക്കുന്ന മുതലാളിമാർക്കെതിരേ നടപടിയെടുക്കാൻ എന്താണ് സർക്കാരിന് പേടി. സമരം നിരോധിച്ച കോടതി ഉത്തരവിന്റെ നിയമസാധുത എന്ത്? മാർച്ച് 31 ന് കേരളത്തിലെ നഴ്സുമാർക്ക് ശമ്പളം കൂടുമോ?-ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: മലയാളത്തിന്റെ മാലാഖമാർ വീണ്ടും സമരമുഖത്താണ്. അവർ കഴിഞ്ഞദിവസം മുതൽ അനിശ്ചിതകാല സമരം തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു. വൈകാതെ ഹൈക്കോടതി അവരുടെ സമരം നിരോധിച്ചതായി പ്രഖ്യാപിച്ചു. നിരോധനം വന്നയുടൻ അവധിയെടുത്ത് സമരം ചെയ്യുമെന്ന് അവർ പ്രഖ്യാപിച്ചു. സ്വാഭാവികമായും അത് കോടതിയെ അലോസരപ്പെടുത്തുകയും കോടതി അലക്ഷ്യ നടപടികളിലേക്ക് കടക്കുകയും ചെയ്യാവുന്ന ഒരു സാഹചര്യമുണ്ടായിരുന്നു. എന്നാൽ ഭാഗ്യം കൊണ്ട് കോടതി അത്തരമൊരു നടപടിയിലേക്ക് പോയില്ല. മാത്രമല്ല നഴ്സുമാരുടെ സമരം നിരോധിച്ച കോടതി സമരക്കാർ ഉന്നയിച്ച ആവശ്യങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ നിർദേശവും നൽകി. വളരെ നല്ലത്.

ആ കോടതി നിർദേശത്തെത്തുടർന്നുള്ള ആദ്യ ചർച്ചയിൽ മുഖ്യമന്ത്രി അപ്രതീക്ഷിതമായി ഒരു പ്രഖ്യാപനം നടത്തി. നഴ്സുമാരുടെ ശമ്പളം മാർച്ച് 31 ന് മുമ്പ് പരിഷ്‌കരിച്ച് ഉത്തരവിറക്കുമെന്ന്. സമരം പിൻവലിക്കപ്പെട്ടു. പക്ഷെ സമരം പിൻവലിക്കപ്പെട്ടു എന്നു പറയുന്നതിനേക്കാൾ ഇഷ്ടം സമരം മാറ്റിവയ്ക്കപ്പെട്ടു എന്ന് പറയുന്നതിലാണ്. ഏറെ നാളുകളായി മലയാളി നഴ്സുമാർ കേരളത്തിലെ ആശുപത്രി മുതലാളിമാരാലും കേരളത്തിലെ ഭരണകൂടങ്ങളാലും വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത്തരം പ്രഖ്യാപനങ്ങൾ ആദ്യമായല്ല സർക്കാരുകൾ നടത്തുന്നത്. പിണറായി വിജയൻ എന്ന ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രി പോലും ഏതാണ്ട് ഒരു വർഷം മുമ്പ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരുന്നു. ആദ്യം മുതലേ നഴ്സുമാരോട് വളരെ അനുകൂലമായ നിലപാടെടുത്തിരുന്ന മുഖ്യമന്ത്രിക്കുപോലും അതിലുറച്ച് നിൽക്കാനോ നഴ്സുമാരുടെ ശമ്പളവർധന നടപ്പാക്കാനോ സാധിക്കുന്നില്ല.

മാർച്ച് 31 ന് നഴ്സുമാരുടെ ശമ്പളം വർധിപ്പിക്കുമെന്ന് പിണറായി വിജയൻ പ്രഖ്യാപിച്ചത് നടക്കാതിരിക്കാനാണ് കൂടുതൽ സാധ്യത. കാരണം, ആശുപത്രി മുതലാളിമാർ പ്രഖ്യാപിച്ചുകഴിഞ്ഞു ഞങ്ങളത് സമ്മതിക്കില്ല എന്ന്. മുഖ്യമന്ത്രി പറഞ്ഞാലും സർക്കാർ പ്രഖ്യാപിച്ചാലും ശമ്പളം വർധിപ്പിക്കില്ല എന്ന്. 2016 ഫെബ്രുവരിയിൽ അന്നത്തെ തൊഴിൽ മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞതാണ് നഴ്സുമാരുടെ ശമ്പളം വർധിപ്പിക്കുമെന്ന്. അതിന് തൊട്ടുമുമ്പത്തെ ജനുവരിയിൽ സുപ്രീംകോടതി പറഞ്ഞതാണ് ആ കമ്മീഷൻ റിപ്പോർട്ടനുസരിച്ച് നഴ്സുമാർക്ക് ശമ്പളം നൽകാൻ. രാവുംപകലും ജോലി ചെയ്യുന്ന നഴ്സുമാർ, മറ്റാരും ചെയ്യാൻ മടിക്കുന്ന ജോലികൾ ചെയ്യുന്ന നഴ്സുമാർ. ദിവസം എണ്ണൂറു രൂപ ശമ്പളം ചോദിക്കുമ്പോഴാണ് പറ്റില്ലെന്ന് കോടികളുണ്ടാക്കുന്ന ആശുപത്രിയുടമകൾ പറയുന്നത്.

ഒരു രോഗി അവന്റെ ജീവനുമായി ആശുപത്രിക്ക് മുന്നിൽ ചെല്ലുമ്പോൾ ആ ജീവന് വിലപേശുന്നതിൽ ആശുപത്രി മുതലാളിമാർ എക്കാലത്തും കേമന്മാരാണ്. രക്ഷപ്പെടാൻ ഒരു സാധ്യതയുമില്ലാത്ത മനുഷ്യരെ വെന്റിലേറ്ററിൽ കിടത്തി അഞ്ചും പത്തും ഇരുപതും ലക്ഷം പിടിച്ചുവാങ്ങുന്ന കണ്ണിൽച്ചോരയില്ലാത്ത വർഗമാണ് ആശുപത്രി മുതലാളിമാർ. നമ്മുടെ നാട്ടിൽ മാത്രമുള്ള പ്രക്രിയയാണിത്. വിദേശരാജ്യങ്ങളിലൊക്കെ ഒരു ജീവൻ രക്ഷിക്കാൻ സാധിക്കില്ലെങ്കിൽ അതിനുവേണ്ടി അനാവശ്യമായി പണം നൽകുകയില്ല. എന്നാൽ മരിക്കുമെന്നുറപ്പുള്ള രോഗിയെപ്പോലും വെന്റിലേറ്ററിലിട്ട് അവരുടെ കുടുംബത്തെ വഴിയാധാരമാക്കി കീശ വീർപ്പിക്കുന്ന ആശുപത്രി മുതലാളിമാർക്ക് ആ കോടികളുടെ ലാഭത്തിൽനിന്നും അധ്വാനിക്കുന്ന നഴ്സുമാർക്ക് അൽപ്പം ശമ്പളം കൊടുക്കാൻ സാധിക്കുന്നില്ല.

എന്തൊരു അഹങ്കാരമാണ് ആശുപത്രി മുതലാളിമാർ പറയുന്നത്. എത്ര നിയമവിരുദ്ധമായാണ് ഇവർ പ്രവർത്തിക്കുന്നത്. 2016 ജനുവരിയിൽ സുപ്രീംകോടതിയും ഫെബ്രുവരിയിൽ മന്ത്രിയും പറഞ്ഞകാര്യം 2018 മാർച്ചായിട്ടും നടപ്പിലാക്കാൻ സാധിക്കുന്നില്ല. നഴ്സുമാരുടെ സമരം ന്യായമാണെന്ന് പറഞ്ഞ് ചർച്ച നടത്തിയ തൊഴിൽമന്ത്രി രാമകൃഷ്ണൻ ഇപ്പോൾ പറയുന്നു നഴ്സുമാരുടെ സമരം അനാവശ്യമാണെന്ന്. നഴ്സുമാർ നടത്തുന്ന സമരം എന്തിനാണെന്നുപോലും അറിയാതെയാണ് പൊതുസമൂഹം പലപ്പോഴും വിലയിരുത്തലുകൾ നടത്തുന്നത്. 2016 ൽ സുപ്രീംകോടതി നിർദേശിച്ച, അതിനുംമുമ്പ് കമ്മീഷൻകണ്ടെത്തിയ ശമ്പളം ലഭിക്കാൻ വേണ്ടിയാണ് നഴ്സുമാരുടെ സമരം. എന്നാൽ ചേർത്തല ആശുപത്രിക്കു മുന്നിൽ സമരം നടത്തുന്നവർ അതിനുവേണ്ടി മാത്രമല്ല.

2013 ൽ അംഗീകരിച്ച ശമ്പളം ഇതുവരെ കൊടുത്തിട്ടില്ല. സർക്കാർ നടപ്പിലാക്കി, ബാക്കിയെല്ലാവരും കൊടുത്ത ശമ്പളം ചേർത്തല കെവി എം ആശുപത്രിയിൽ നൽകിയിട്ടില്ല. അതിനുവേണ്ടി പണിമുടക്കിയവരെയാണ് അവർ പിരിച്ചുവിട്ടിരിക്കുന്നത്. ഈ സത്യങ്ങളൊന്നും മനസിലാക്കാതെ നഴ്സുമാരുടെ സഹനസമരത്തെ മോശമാക്കി ചിത്രീകരിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് അപലപിക്കപ്പെടേണ്ടത്. പിണറായി വിജയൻ ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രിയാണെന്ന് കരുതാൻ തന്നെയാണ് ഇഷ്ടം. എന്നാൽ ആശുപത്രി മാനേജ്മെന്റിന്റെ ഹുങ്കിനുമുന്നിൽ അദ്ദേഹവും തലകുനിക്കുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ചേർത്തല ആശുപത്രിയിൽ സമരം നടന്നപ്പോൾ അന്ന് മന്ത്രി സുധാകരനും മന്ത്രി തോമസ് ഐസക്കുമടക്കമുള്ളവർ, ആലപ്പുഴ കലക്ടർ അനുപമ അടക്കമുള്ളവർ ന്യായത്തിനുവേണ്ടി മുന്നിൽനിന്നപ്പോൾ മേശയിലടിച്ചിട്ട് ഇറങ്ങിപ്പോയ ആശുപത്രി മുതലാളിയാണ്. ആ വാദത്തെ അനുകൂലിച്ച് ഹൈക്കോടതി ഉത്തരവ് വന്നു.

ഹൈക്കോടതി ഒരു സമരത്തെ നിരോധിച്ചിരിക്കുന്നു. ഇന്ത്യൻ ഭരണഘടന ഒരു മനുഷ്യന് നൽകുന്ന മൗലികമായ അവകാശമാണ് നിയമപരമായി സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശം. ആശുപത്രിയിൽ പെട്ടെന്നുണ്ടാകുന്ന വിഷയത്തെത്തുടർന്ന് സമരം ചെയ്യാനാണെങ്കിൽ രണ്ടുദിവസം മുമ്പ് നോട്ടീസ് കൊടുത്താൽ മതി. അല്ലെങ്കിൽ പതിനാലു ദിവസത്തെ നോട്ടീസ് കൊടുത്താൽ മതി. പതിനഞ്ചുദിവസത്തെ നോട്ടീസ് കൊടുത്തിട്ടാണ് നഴ്സുമാർ സമരം തുടരുന്നതെന്ന് പറഞ്ഞപ്പോൾ ഹൈക്കോടതി അത് നിരോധിച്ചിരിക്കുന്നു, ഭരണഘടനാ വിരുദ്ധമായിട്ട്.

ബഹുമാനപ്പെട്ട കോടതിയും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും അറിഞ്ഞിരിക്കേണ്ടത്, നഴ്സുമാർ മറ്റാരും ചെയ്യാത്ത ജോലി നാലുകൊല്ലം പഠിച്ച് രണ്ടുകൊല്ലം പരിശീലനം നടത്തി ചെയ്യുന്നവരാണ്. ജോലിയുടെ കൂലി ചോദിക്കുമ്പോൾ ആ കൂലി വേഗം കൊടുക്കുക. മാർച്ച് 31 ന് ഉത്തരവിറക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ ഉത്തരവിറക്കണം. ആ ഉത്തരവ് നടപ്പാക്കാനാകില്ലെന്ന് മുതലാളിമാർ പറഞ്ഞാൽ അവർക്കെതിരേ നടപടിയെടുക്കണം. നിയമലംഘനത്തിന് കേസെടുക്കണം.

കോടതി ഉത്തരവ് എന്നത് നിയമലംഘകർക്കെതിരേയാകണം. സ്വന്തം അവകാശങ്ങൾക്കുവേണ്ടി, ജോലി ചെയ്തതിന് കൂലി ആവശ്യപ്പെട്ട് സമരം നടത്തുന്ന നഴ്സുമാർക്കെതിരേയാകരുത്. ചേർത്തല ആശുപത്രി മുതലാളിക്ക് സർക്കാർ ഇട്ടിരിക്കുന്ന മൂന്നുകോടി രൂപയുടെ പിഴ ഇതുവരെ അടച്ചിട്ടില്ല. അത് പിടിച്ചെടുക്കാനുള്ള തന്റേടം കാട്ടണം. അല്ലാത്ത ആശുപത്രികൾ പൂട്ടട്ടെ. കേരളത്തിലെ മുഴുവൻ സർക്കാർ ആശുപത്രികളും നല്ല ശമ്പളം കൊടുത്ത്, നല്ല മരുന്ന് കൊടുത്ത് രോഗിക്ക് മെച്ചപ്പെട്ട ചികിത്സ കൊടുത്താൽ ഈ സ്വകാര്യ ആശുപത്രികളെല്ലാം പൂട്ടിപ്പൊയ്ക്കോളും. ലോകത്തെ കാപ്പിറ്റലിസത്തിന്റെ തലസ്ഥാനമായ ബ്രിട്ടണിൽപോലും സ്വകാര്യ ആശുപത്രികളില്ല. ഒന്നോ രണ്ടോ പേരിനുമാത്രമേയുള്ളൂ. അതുകൊണ്ട് സർക്കാർ സംവിധാനം കാര്യക്ഷമമാക്കിയാൽ ആശുപത്രി മുതലാളിമാർ മുട്ടുമടക്കിയിരിക്കും.

കാരണം കൈക്കൂലി കൊടുത്തും കള്ളത്തരത്തിലുമൊക്കെ പാസാകുന്ന ഡോക്ടർമാരാണ് അവിടെയിരിക്കുന്നത്. സർക്കാർ ആശുപത്രികളിൽ റാങ്ക് ലിസ്റ്റിൽവന്ന മിടുക്കന്മാരാണ് ഇരിക്കുന്നത്. ഇന്നും മെഡിക്കൽ കോളേജിലെ ഡോക്ടർമാരോടാണ് സാധാരണക്കാർക്ക് വിശ്വാസം. ഇന്നും കെഎസ്ആർടിസി ബസിനോടാണ് സാധാരണക്കാർക്ക് വിശ്വാസം. പക്ഷെ സർക്കാർ അതുപയോഗിക്കണം. ഈ സമരം തുടർന്നാൽ, ഈ നഴ്സുമാർക്കൊക്കെ ശമ്പളം കൊടുക്കുന്നതിന് വിസമ്മതിച്ചാൽ, ഉത്തരവ് ലംഘിച്ചാൽ ആശുപത്രികൾ പൂട്ടാൻ പിണറായി വിജയൻ ചെയ്യേണ്ടത് സർക്കാർ ആശുപത്രികൾ ശക്തമാക്കുകയാണ്.

അവിടുത്തെ ഡോക്ടർമാർക്ക് ശമ്പളം കൊടുക്കുകയാണ്. അവിടെ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുകയാണ്. അങ്ങനെ സർക്കാർ ആശുപത്രികൾ കാര്യക്ഷമമാകുന്നതോടു കൂടി സ്വകാര്യ ആശുപത്രി മുതലാളിമാരുടെ അഹങ്കാരം അവസാനിക്കും. പത്താശുപത്രികൾ അടച്ചുപൂട്ടിപ്പോയാൽ കേരളത്തിൽ ഒന്നും സംഭവിക്കില്ല. അമിതമായി മരുന്ന് കഴിപ്പിക്കുന്ന അമിതമായി പോക്കറ്റടിക്കുന്ന സംവിധാനം ഇല്ലാതാവുകയേ ഉള്ളൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP