സ്വാതന്ത്ര്യം എന്നാൽ തല്ലിക്കൊല്ലാനുള്ള ലൈസൻസല്ല; നിരപരാധികളുടെ കണ്ണീര് വീണാൽ കേരളം ചുട്ടു ചാമ്പലാകും; ശ്രീജിത്തുമാർ ആവർത്തിക്കപ്പെടാതിരിക്കാൻ ഉണർന്നേ പറ്റൂ; മുഖ്യമന്ത്രി ഈ പൊലീസ് താങ്കൾക്ക് പണി തരും മുമ്പ് ഉറക്കം ഉപേക്ഷിക്കുക-ഇൻസ്റ്റെന്റ് റെസ്പോൺസ്
April 10, 2018 | 02:27 PM | Permalink

മറുനാടൻ മലയാളി ബ്യൂറോ
മറ്റൊരു പൊലീസ് കസ്റ്റഡി മരണം കൂടി കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. വരാപ്പുഴയിൽ ശ്രീജിത്ത് എന്ന 26കാരനാണ് പൊലീസ് മർദ്ദനമേറ്റ് കൊല്ലപ്പെട്ടിരിക്കുന്നത്. ശ്രീജിത്ത് നിരപരാധിയായിരുന്നു എന്നിടത്താണ് അതിന്റെ ഭീകരത ഇരട്ടിയാക്കുന്നത്. മറ്റൊരു ശ്രീജിത്തിന് പകരമായി പൊലീസ് തെറ്റിദ്ധരിച്ച് അറസ്റ്റ് ചെയ്ത വ്യക്തിയാണ് കൊല്ലപ്പെട്ട ശ്രീജിത്ത്. അതേസമയം ശ്രീജിത്തിന്റെ അനുജൻ ആത്മഹത്യാ പ്രേരണാ കുറ്റത്തിൽ പ്രതിയായിരുന്നു.
വെള്ളിയാഴ്ച രാത്രി പൊലീസ് വീട്ടിലെത്തി കസ്റ്റഡയിൽ എടുത്ത ശ്രീജിത്തിനെ അവശ നിലയിലായിട്ടം ഞായറാഴ്ച പുലർച്ചേ ആണ് പൊലീസ് ആശുപത്രിയിൽ എത്തിക്കുന്നത്.അറസ്റ്റ് ചെയ്താൽ 24 മണിക്കൂറിനകം ഒരാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണം എന്നാണ് നിയമം. കസ്റ്റഡിയിൽ എടുത്ത ആൾക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നം ഉണ്ടെങ്കിൽ ഉടനെ ആശുപത്രിയിൽ വിടണം എന്നും നിയമം ഉണ്ട്. അതുമാത്രമല്ല ഈ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുന്ന 24 മണിക്കൂറിനകം മെഡിക്കൽ പരിശോധനയും ബന്ധുക്കളുടേയും സ്വന്തക്കാരുടേയും ഒക്കെ കയ്യൊപ്പും അടക്കമുള്ള എല്ലാ പ്രക്രീയും പൂർത്തിയാക്കണം. ഇതൊന്നും ചെയ്യാതിരുന്ന പൊലീസ് കസ്റ്റഡിയിൽ എടുത്ത യുവാവിനെ മൂന്നാം ദിവസം ഗുരുതര നിലയിൽ ആശുപത്രിയിലെത്തിക്കുന്നു.
ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ച യുവാവിന് പ്രാഥമിക പരിശോധനയിൽ തന്നെ കുടലിനും മറ്റും ക്ഷതമേറ്റിരിക്കുന്നതായി കണ്ടെത്തി. എന്നാൽ പതിവു പോലെ പൊലീസ് മറ്റുള്ളവരുടെ തലയിൽ ഈ കുറ്റവും കെട്ടിവെക്കാൻ ശ്രമിക്കുകയാണ്. ഇത് പൊലീസിന്റെ ഗുരുതരമായ വീഴ്ചയാണ്. പൊലീസിന്റെ കസ്റ്റഡിയിൽ കിട്ടുമ്പോൾ ഗുരതരമായി പരിക്കേറ്റിട്ടുണ്ടെങ്കിൽ ആശുപത്രിയിലാക്കേണ്ട ഉത്തരവാദിത്തം പൊലീസിനുണ്ട്. ഇവിടെ ആ ഉത്തരവാദിത്തം പൊലീസ് കാണിച്ചില്ല.
അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിനെ പീഡിപ്പിച്ചതു പോലും പൊലീസ് അല്ല എന്ന് തുറന്ന് പറയാൻ സാധിക്കില്ല. വിനായകൻ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തതും മർദ്ദിച്ചതും ഒക്കെ മുടി നീട്ടി വളർത്തി എന്നതിന്റെ പേരിലായിരുന്നു. ശ്രീജിത്ത് എന്ന യുവാവ് തന്റെ അനുജനെ മർദ്ദിച്ചു കൊന്ന കേസിലെ പൊലീസുകാരെ പിടികൂടണമെന്ന് ആവശ്യപ്പെട്ടുള്ള സമരം ഇപ്പോഴും തുടരുകയാണ്. പേരൂർക്കടയിൽ അമ്മയെ കൊന്ന കേസിലെ പ്രതിയായ അക്ഷയ്നെ ഗരുഡം തൂക്കം നടത്തിയതും വാർത്തയായിരുന്നു. അക്ഷയ്നെ പീഡിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഡിജിപി ശ്രീലേഖ ഉത്തരവിട്ടിരുന്നു. എന്നാൽ അക്ഷയ്നെ മർദ്ദിച്ചവർക്കെതിരെ ഇതുവരെ ഒരു ചെറു വിരൽ പോലും പൊലീസ് അനക്കിയിട്ടില്ല.
ശ്രീശീജിത്തിന്റെ മരണം സംഭവിച്ചിട്ട് 24 മണിക്കൂറാകുന്നു. ഇത്രയധികം പ്രതിഷേധത്തിന് ഇടയായിട്ടും പൊലീസിനെ ഭരിക്കുന്ന പിണറായി വിജയൻ ഇതുവരെ ഒരു ചെറു വിരൽ പോലും അനക്കിയിട്ടില്ല. മനുഷ്യരെ കൊല്ലാക്കല ചെയ്യാൻ പൊലീസിന് ഒരു അധികാരവും ഇല്ല. കേരളത്തിലെ പൊലീസുകാര എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇങ്ങനെ അഴിച്ചു വിടുന്നത് എന്ന് മനസ്സിലാവുന്നില്ല. മലപ്പുറത്ത് സ്വന്തം സ്വത്തും വീടും സംരക്ഷിക്കാൻ വേണ്ടി സമരത്തിനിറങ്ങിയ സാധാരണക്കാരന്റെ വീട്ടിൽ കയറി പൊലീസ് മർദ്ദിച്ചു.
മുഖ്യമന്ത്രിക്കെതിരെ വന്ന ഒരു തമാശ ഷെയർ ചെയ്തതിന് എത്രപേരെയണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഒരു അഭിപ്രായം പറഞ്ഞതിന് കേരളാ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥനായ ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തിരിക്കുന്നു. എന്നാൽ കസ്റ്റഡിയിൽ വെച്ചിരിക്കുന്നവരെ ക്രൂരമായി മർദ്ദിക്കുന്ന പൊലീസുകാർക്കെതെിരെ ഒരു നടപടിയും എടുക്കാൻ പിണറായി വിജയൻ താൽപര്യം കാണിക്കുന്നില്ല. ഇത് ജനാധിപത്യത്തിന്റെ മരണമണിയാണ്. ഏത് ക്രിമിനലിന്റെയും ജീവൻ രക്ഷിക്കാനുള്ള ബാധ്യത പൊലീസിനുണ്ട്. ആരും ഇനി കസ്റ്റഡിയിൽ മരണപ്പെടാൻ ഇടയാവരുത്. ശ്രീജിത്തിന്റേത് അക്കൂട്ടത്തിലെ അവസാനത്തേത് ആയിരിക്കണം. അതിന് പിണറായി വിജയൻ എന്ന ഇരട്ട ചങ്കൻ മുന്നിട്ടിറങ്ങണം.