Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

56,000 കോടി കർഷകർക്ക് നൽകിയതുകൊണ്ട് ആ പാപക്കറ മായ്ക്കാനാവില്ല; കോൺഗ്രസ് തുടങ്ങിവച്ച ജനാധിപത്യ ഹിംസ ബിജെപി വ്യാവസായിക അടിസ്ഥാനത്തിൽ നടത്തുമ്പോൾ പേടിച്ചു വിറയ്ക്കുന്നത് അവസാനത്തെ അഭയകേന്ദ്രമായ ഭരണഘടനയാണ്- ഇൻസ്റ്റന്റ് റെസ്‌പോൺസ്

56,000 കോടി കർഷകർക്ക് നൽകിയതുകൊണ്ട് ആ പാപക്കറ മായ്ക്കാനാവില്ല; കോൺഗ്രസ് തുടങ്ങിവച്ച ജനാധിപത്യ ഹിംസ ബിജെപി വ്യാവസായിക അടിസ്ഥാനത്തിൽ നടത്തുമ്പോൾ പേടിച്ചു വിറയ്ക്കുന്നത് അവസാനത്തെ അഭയകേന്ദ്രമായ ഭരണഘടനയാണ്- ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ മലയാളി ബ്യൂറോ

ന്ത്യൻ ജനാധിപത്യം ബലാത്സംഗത്തിന് ഇരയായിരിക്കുകയാണ്. ബലാത്സംഗം ചെയ്തതോ ഇന്ത്യ ഭരിക്കുന്ന പ്രധാന മന്ത്രിയും ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ അധ്യക്ഷനും ചേർന്ന്. അതിന്റെ മുമ്പിൽ നിസ്സഹായനായി നോക്കി നിൽക്കാൻ മാത്രമേ ഭരണ ഘടനയിലെ രണ്ടാമത്തെ വലിയ തൂണായ നീതി വ്യവസ്ഥയ്ക്ക് സാധിക്കുന്നുള്ളൂ. ഒരുപക്ഷേ മുമ്പ് ഭരിച്ചിരുന്ന കോൺഗ്രസ് നടത്തിയിരുന്ന അതേ തെമ്മാടിത്തരമാണ് ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ നടത്തുന്നത് എന്ന ന്യായം നിരത്താൻ സാധിക്കാം. അത് സത്യമാണ് താനും.

കർണാടകയിൽ പരസ്പരം മത്സരിച്ച മൂന്ന് രാഷ്ട്രീയ പാർട്ടികൾക്കും ഭൂരിപക്ഷമില്ല. അതിൽ രണ്ട് രാഷ്ട്രീയ പാർട്ടികൾ ഒരുമിച്ച് ചേർന്ന് തങ്ങൾ സർക്കാർ ഉണ്ടാക്കാമെന്ന് ഗവർണറോട് പറയുന്നു. എന്നാൽ ഗവർണർ ഭൂരിപക്ഷം അവർക്ക് ഉണ്ട് എന്ന ഉറച്ച ബോധ്യം ഉണ്ടായിട്ട് കൂടി ഭൂരിപക്ഷം ഇല്ലാത്ത ബിജെപിയെ സർക്കാർ ഉണ്ടാക്കാൻ വിളിക്കുന്നു. എന്ന് മാത്രമല്ല ആ സർക്കാർ കാലുമാറ്റത്തിലൂടെ ഭൂരിപക്ഷം ഉണ്ടാക്കാൻ വേണ്ടി കേട്ടു കേൾവി ഇല്ലാത്ത വിധം സമയം അനുവദിച്ചു കൊടുക്കുന്നു. രായ്ക്ക് രാമാനം കോടതിയെ സമീപിക്കുന്നു.

ജനാധിപത്യം എന്ന് പറയുന്നത് കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടേയും സർക്കാരിന്റേയും താൽപര്യങ്ങൾക്ക് അനുസരിച്ച് അങ്ങോട്ടും ഇങ്ങോട്ടും വളയേണ്ടതാണോ എന്ന ചോദ്യമാണ് ഉണ്ടാകുന്നത്. ഇതിന് മുമ്പ് മണിപ്പൂരിലും മേഘാലയിലും അരുണാചൽ പ്രദേശിലും ഗോവയിലും ഒക്കെ സമാനമായ സാഹചര്യം ഉണ്ടായപ്പോൾ ഭരണത്തിൽ കയറിയത് ബിജെപിയാണെന്ന് വരുമ്പോൾ കർണാടകയിലെ സാഹചര്യം തിരിച്ചായിട്ടും ബിജെപി തന്നെ അധികാരത്തിൽ എത്തി എന്ന് വരുമ്പോൾ ജനാധിപത്യം എന്ന് പറയുന്നത് അപമാനിക്കപ്പെട്ടിരിക്കുകയാണ്, അവഹേളിക്കപ്പെട്ടിരിക്കുകയാണ്. ഒരു കാരണവശാലം ഭൂരിപക്ഷം ഉള്ള രണ്ട് രാഷ്ട്രീയ പാർട്ടികളെ ഒരുമിച്ച് ചേർന്ന് സർക്കാരുണ്ടാക്കാൻ വിളിക്കാതെ കുതിരക്കച്ചവടത്തിന് അവസരം ഉണ്ടാക്കി കൊടുത്തത് അംഗീകരിക്കാൻ കഴിയില്ല. ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമായ അടിയന്തരാവസ്ഥയുടെ പ്രചോദാക്കൾ കോൺഗ്രസായിരുന്നു. അടിയന്തിരാവസ്ഥയ്ക്ക് ശേഷം അധികാരത്തിൽ വന്ന ഇന്ദിരാഗാന്ധി എട്ട് തവണയാണ് ജനതാ സർക്കാരിനെ പിരിച്ച് വിട്ടത്.

കേരളത്തിലെ ഇഎംഎസ് സർക്കാരിനെ പിരിച്ചുവിട്ടതും ഇന്ദിരയുടെ ബുദ്ധി. അടിയന്തരാവസ്ഥയ്ക്ക് ശേഷം ഭരണം നഷ്ടപ്പെട്ട് വീണ്ടും കസേരയിൽ എത്തിയപ്പോഴും ഇന്ദിര തന്റെ വൈരാഗ്യ നിലപാട് തുടർന്നു. കർണ്ണാടകയും ഇതിന് സാക്ഷിയായി. ഈ പാരമ്പര്യമാണ് ഇപ്പോൾ പ്രധാനമന്ത്രി കസേരയിൽ മോദിയും നടത്തുന്നത്. എല്ലാ സംസ്ഥാനങ്ങളിലും തന്റെ മുഖ്യമന്ത്രിമാർ മതിയെന്ന ഇന്ദിരയുടെ മനസ്സാണ് കർണ്ണാടകയിൽ യെദൂരിയപ്പയെ അധികാരത്തിലെത്തിച്ച് മോദി നടപ്പാക്കുന്നത്. അങ്ങനെ ഇന്ദിരയയുടെ യഥാർത്ഥ പിൻഗാമിയായി മോദി ഫെഡറലിസത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കാൻ തന്ത്രങ്ങൾ ഒരുക്കുകയാണ്. വടക്ക് കിഴക്കന് സംസ്ഥാനങ്ങളിൽ അധികാരം പിടിച്ചതും ഗോവയെ കൈപ്പിടിയിലൊതുക്കിയതുമെല്ലാം ഇന്ദിരയുടെ വഴിയേ യാത്ര ചെയ്താണ്. അങ്ങനെ രാജ്യത്തെ 20 സംസ്ഥാനങ്ങളിൽ ബിജെപി ഭരണത്തിലെത്തിയിരിക്കുന്നു.

എട്ട് ജനതാ സർക്കാറുകളെയാണ് ഇന്ദിര ഒറ്റയടിക്ക് പുറത്താക്കിയത്. 1983ൽ കർണ്ണാടകയിൽ ജനതാ സർക്കാർ അധികാരത്തിലെത്തി. ഈ സർക്കാരിന പ്രതിസന്ധിയിലാക്കാൻ എംഎഎൽഎമാരെ ചാക്കിട്ടു പിടിച്ചു. അന്ന് ഒരു എംഎൽഎയ്ക്ക് 25 ലക്ഷമായിരുന്നു കോൺഗ്രസ് ഓഫർ ചെയ്തത്. 35 കൊല്ലം മുമ്പ് 25ലക്ഷമെന്നാൽ അതിന്റെ മൂല്യം ഏറെ ഉയരത്തിലാണ്. ഇന്ന് 100 കോടിയാണ് എംഎൽഎമാരുടെ വില. ഗോവയിലും മണിപ്പൂരിലുമെല്ലാം എംഎൽഎമാരെ കൂടുമാറ്റി ബിജെപി അധികാരം പിടിച്ചെടുത്തു. ഇവിടെയെല്ലാം ഭരണം നഷ്ടമായത് കോൺഗ്രസിനാണ്. ഇതിനെ ചരിത്രത്തിന്റെ അനിവാര്യമായ തിരിച്ചടിയായി രാഷ്ട്രീയ വിശകലന വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇതുവരെയായി 115 തവണ ജനാധിപത്യം അട്ടിമറിക്കപ്പെട്ടു. അതായത് ജനവധിയെ കേന്ദ്രസർക്കാർ അധികാരം ഉപയോഗിച്ച് പിരിച്ചുവിടുന്ന രീതി. അങ്ങനെ സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടുന്നത് ഇന്ദിരാഗാന്ധിയുടെ സ്ഥിരം ശൈലിയായിരുന്നു. 87 തവണയാണ് കോൺഗ്രസ് സംസ്ഥാന സർക്കാരുകളെ ഇതുവരെ പിരിച്ചുവിട്ടത്. കുതിരക്കച്ചവടത്തിലൂടെ അധികാരം പടിച്ചെടുക്കുന്ന ശൈലി അവതരിപ്പിച്ചതും കോൺഗ്രസ് തന്നെ. 1959 ൽ കേരളത്തിലെ ഇഎംഎസ് സർക്കാരിനെ പിരിച്ചു വിട്ടുകൊണ്ട് ജാവഹർലാൽ നെഹ്രു തുടങ്ങിവെച്ച സംസ്ഥാനഭരണം പിടിച്ചെടുക്കൽ രീതി 1966 - 1977 നിടയിൽ ഇന്ദിരാഗാന്ധി 39 തവണയാണ് പ്രയോഗിച്ചത്. കുതിരക്കച്ചവടക്കഥ തുടങ്ങുന്നത് 1953ലാണ്. 1984 ൽ അമേരിക്കയിൽ ചികിൽസക്ക് പോയ എൻടിആറിനെ അട്ടിമറിച്ചതും ഇതേ തന്ത്രത്തിലൂടെയായിരുന്നു.

1958ൽ ഇ.എം.എസ്. സർക്കാറിനെതിരെ കോൺഗ്രസ്സിന്റെ കാർമികത്വത്തിൽ വിമോചന സമരം പൊട്ടിപുറപ്പെട്ടു. സമരക്കാർക്ക് നേരെ അങ്കമാലിയിൽ നടന്ന വെടിവെപ്പിൽ ഏഴു പേർ കൊല്ലപ്പെട്ടത് കോൺഗ്രസ് അവസരമായി കണ്ടു. ക്രമസമാധാന പാലനം തകർന്നെന്നാരൊപിച്ച് രാഷ്ട്രപതി ഭരണത്തിനായി കോൺഗ്രസ് മുറവിളി കൂട്ടി. അന്നത്തെ കോൺഗ്രസ് പ്രസിഡന്റ് ഇന്ദിര ഗാന്ധിയുടെ സമ്മർദ്ദത്തിന് വഴങ്ങി പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു കേരള മന്ത്രിസഭ പിരിച്ചു വിടാൻ ശിപാർശ ചെയ്തതിന്റെ ഫലമായി കേരളത്തിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്നു.

ഇന്ദിര ഗാന്ധിയുടെ ഭരണകാലത്ത് മാത്രം അൻപത് തവണയാണ് വിവിധ സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തപ്പെട്ടിട്ടുള്ളത്. തമിഴ്‌നാട്ടിൽ നാല് തവണ മന്ത്രിസഭ പിരിച്ചു വിട്ടതിൽ മൂന്ന് തവണയും മന്ത്രിസഭയ്ക്ക് നിയമസഭയിൽ ഭൂരിപക്ഷം ഉണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് കേന്ദ്ര സർക്കാർ നൽകിയ നിർദ്ദേശങ്ങൾ നടപ്പാക്കാത്തതായിരുന്നു 1976ൽ തമിഴ്‌നാടിനെതിരെ ആരോപിച്ച കുറ്റം. തമിഴ് പുലികൾക്ക് സംസ്ഥാനത്ത് പിന്തുണ കൂടുന്നത് തടയുന്നതിൽ തമിഴ്‌നാട് സർക്കാർ പരാജയപ്പെട്ടു എന്നാരോപിച്ച് 1991 ലും രാഷ്ട്രപതി ഭരണം അടിച്ചേൽപ്പിച്ചു. ഉൾഫ തീവ്രവാദികളെ നേരിടുന്നതിൽ അസ്സം സർക്കാർ പരാജയപ്പെട്ടു എന്നാരോപിച്ച് അസ്സം ഗണ പരിഷദ് സർക്കാറിനെ പിരിച്ചു വിട്ടത് 1991ൽ ആയിരുന്നു. ഇതെല്ലാം അധികാരത്തിൽ സ്വാധീനമുണ്ടാക്കാനുള്ള കോൺഗ്രസിന്റെ തന്ത്രമായിരുന്നു.

കേവലം 104 അംഗങ്ങളുടെ പിന്തുണയുള്ള ബിജെപി.യുടെ പ്രതിനിധിയായ യെദ്യൂരപ്പയെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിച്ച കർണാടക ഗവർണർ വാജുഭായ് വാല തികച്ചും ഭരണഘടനാമൂല്യങ്ങളെ കാറ്റിൽപ്പറത്തിയിരിക്കുന്നുവെന്ന വാദമാണ് നിലവിൽ സജീവമാകുന്നു. ''മറ്റ് രാഷ്ട്രീയകക്ഷിയുടെയോ എംഎൽഎ.മാരുടെയോ പിൻതുണയോടെ സ്ഥിരതയുള്ള സർക്കാർ രൂപവത്കരിക്കാൻ കഴിയുമെന്ന് ഒരു രാഷ്ട്രീയപ്പാർട്ടി ഗവർണറെ ബോധ്യപ്പെടുത്തുന്ന പക്ഷം, ആ അവകാശവാദം നിരാകരിക്കാൻ ഗവർണർക്ക് കഴിയില്ലെന്ന സുപ്രീംകോടതി നിർദ്ദേശമാണ് ഗവർണ്ണർ കാറ്റിൽ പറത്തുന്നത്. കർണ്ണാടകയിൽ ബിജെപി.ക്ക് നിയമവിരുദ്ധവും അധാർമികവുമായ വഴിയിലൂടെയല്ലാതെ 112 എന്ന മാന്ത്രികസംഖ്യ കടക്കാനാവില്ലെന്ന് ഗവർണർക്കറിയാം.

എന്നിട്ടും ബിജെപിക്കാരനായ ഗവർണ്ണർ തന്റെ പാർട്ടിക്ക് അനുകൂലമായ തീരുമാനം എടുത്തുവെന്നാണ് കോൺഗ്രസിന്റെ ആരോപണം. എന്നാൽ ചരിത്രത്തിന്റെ പുനർവായനയിൽ ഇത്തരമൊരു കുറ്റം ആരോപിക്കാൻ കോൺഗ്രസിനാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP