Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചുട്ടുപൊള്ളുന്ന വെയിലത്ത് നിങ്ങൾ നടന്നു നീങ്ങുമ്പോൾ ഒപ്പം ഞങ്ങളുമുണ്ട്; പണം ഇല്ലാതെയും പ്രാഥമിക സൗകര്യം ഇല്ലാതെയും തെരുവിൽ തളർന്നുവീഴാൻ ഞങ്ങൾ അനുവദിക്കില്ല: പറഞ്ഞവാക്കിൽ വിശ്വാസമുണ്ടെങ്കിൽ ഈ പാവങ്ങളുടെ ശാപമേറ്റു വാങ്ങാൻ നിന്നു കൊടുക്കരുതേ മുഖ്യമന്ത്രി....ഇൻസ്റ്റന്റ് റെസ്‌പോൺസ്

ചുട്ടുപൊള്ളുന്ന വെയിലത്ത് നിങ്ങൾ നടന്നു നീങ്ങുമ്പോൾ ഒപ്പം ഞങ്ങളുമുണ്ട്; പണം ഇല്ലാതെയും പ്രാഥമിക സൗകര്യം ഇല്ലാതെയും തെരുവിൽ തളർന്നുവീഴാൻ ഞങ്ങൾ അനുവദിക്കില്ല: പറഞ്ഞവാക്കിൽ വിശ്വാസമുണ്ടെങ്കിൽ ഈ പാവങ്ങളുടെ ശാപമേറ്റു വാങ്ങാൻ നിന്നു കൊടുക്കരുതേ മുഖ്യമന്ത്രി....ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ മലയാളി ബ്യൂറോ

നാളെ നഴ്‌സുമാരുടെ സമരമാണ്. ഇന്ന് രാത്രി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് കേരളത്തിലെ സ്വകാര്യ ആശുപത്രിയിലെ മഹാഭൂരിപക്ഷം വരുന്ന നഴ്‌സുമാരും ചേർത്തല ആശുപത്രിയുടെ മുമ്പിലെത്തും. അവിടെ നിന്നും 170 കിലോമീറ്റർ നടന്ന് ദേശീയപാതയിലൂടെ അവർ തിരുവനന്തപുരം സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് ചെയ്യുകയാണ്. ഒരേ സമയം കുറഞ്ഞത് 10000 നഴ്‌സുമാരെങ്കിലും സമരത്തിൽ ഉണ്ടാവും. ഇതിൽ 8500മുതൽ 9000 വരെ സ്ത്രീകളായിരിക്കും. എന്നാൽ നഴ്‌സുമാർ സമരം പ്രഖ്യാപിച്ചിട്ടും സർക്കാർ അനങ്ങുന്നതേ ഇല്ല. കാരണം ഈ നഴ്‌സുമാർക്ക് നാലഞ്ച് ദിവസം നീണ്ട് 170 കിലോമീറ്റർ താണ്ടി തിരുവനന്തപുരം നഗരം വരെ എത്താനുള്ള ശേഷി ഇല്ല എന്ന തോന്നൽ കൊണ്ടാണ്. കാരണം അവർക്ക് ആവശ്യത്തിന് പണം ഇല്ല.

അവർക്ക് പ്രാഥമിക സൗകര്യങ്ങൾ നിറവേറ്റാനുള്ള സൗകര്യം പോലും ഇല്ല. പ്രത്യേകിച്ച് 10000ത്തോളം സ്ത്രീകൾ കാൽനടയായി യാത്ര ചെയ്യുമ്പോൾ അവർക്ക് രാത്രി അന്തിയുറങ്ങാൻ ഇടം കിട്ടേണ്ടതുണ്ട്. അവർക്ക് ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും ഇരിക്കാനും ഇടം കണ്ടെത്തേണ്ടതുണ്ട്. അവർക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ എവിടെ എങ്കിലും പോകേണ്ടതുണ്ട്. ഇതൊക്കെ പ്രായോഗികമല്ലെന്നും അതുകൊണ്ട് തന്നെ ഒരു ദിവസത്തെ ബഹളത്തിന് ശേഷം ഈ സമരം അങ്ങ് പരാജയപ്പെടും എന്ന് സർക്കാർ കരുതുന്നു. എന്നാൽ സർക്കാരിന്റെ കണക്കു കൂട്ടൽ തെറ്റും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

കാരണം അന്തസായി ജീവിക്കാൻ വേണ്ടിയാണ് അവർ സമരം ചെയ്യുന്നത്. അവർ അവരുടെ പ്രാഥമികമായ ചുമതലകൾ തെറ്റാതെ നിറവേറ്റിയ ശേഷം അവർ സർക്കാരിനെ പ്രതിസന്ധിയിലാക്കാതിരിക്കാൻ പരമാവധി ശ്രമിച്ചതിന് ശേഷം അവർ രോഗികളുടെ ജീവൻ വെച്ച് പന്താടാതിരിക്കാൻ പരമാവധി ശ്രമിച്ചതിന് ശേഷം മറ്റൊരു നിവർത്തിയുമില്ലാതെയാണ് തെരുവിലിറങ്ങുന്നത്. ഒരു പക്ഷേ അവർ സൂര്യാഘാതം ഏറ്റ് നിലത്തു വീണെന്നു വരാം. മരിച്ചു വീണെന്നും വരാം. എങ്കിലും അവരുടെ ലക്ഷ്യബോധം അവരുടെ സമരത്തെ വിജയിപ്പിക്കുക തന്നെ ചെയ്യും. അവരുടെ സമരം വിജയിക്കുമ്പോൾ അത് ആഘാതമാകുന്നത് ജനകീയ സർക്കാരിന് തന്നെയാണ്.

ഈ സർക്കാർ അല്ലെങ്കിൽ ഈ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വരെ നഴ്‌സുമാരുടെ മുഖത്ത് നോക്കി പറഞ്ഞത് നിങ്ങൾക്ക് ശമ്പളത്തിന് അർഹതയുണ്ട് എന്നാണ്. അത് നിങ്ങൾക്ക് വാങ്ങി തരും എന്ന് തന്നെയാണ്. സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരം ഉണ്ടാക്കിയ ശമ്പളമാണ് ഇവർ ആവശ്യപ്പെടുന്നത്. ആ ശമ്പളം ശരിയാണോ എന്ന് പഠിക്കാൻ വേണ്ടി പിണറായി വിജയൻ തന്നെ നിയമിച്ച സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥന്മാരും ഈ ശനപളം നൽകാൻ നിർദ്ദേശിച്ചു. ആ കമ്മീഷൻ ശുപാർശ ചെയ്ത ശമ്പളം മിനിമം വേജ് കമ്മറ്റിയും അംഗീകരിച്ചതാണ്. എന്നാൽ ഇത് നൽകാനാവില്ലെന്ന് പറഞ്ഞ മാനേജ്‌മെന്റ് നടപടി തെറ്റാണ് എന്ന് പറഞ്ഞ ഹൈക്കോടതിയും ഈ ശമ്പള വ്യവസ്ഥ അംഗീകരിച്ചു എന്നാൽ ഇതു നടപ്പിലാക്കാൻ പിണറായി വിജയൻ സർക്കാർ തയ്യാറാവുന്നില്ല.

എന്തിന് വേണ്ടിയാണ് ആശുപത്രി മുതലാളിമാർക്ക് വേണ്ടി നഴ്‌സുമാരുടെ കണ്ണുനീർ ഈ സർക്കാർ അവഗണിക്കുന്നത്. സ്വകാര്യ ആശുപത്രികൾ ചികിത്സയ്‌ക്കെത്തുന്നവരിൽ നിന്നും എത്രരൂപ ഫീസ് വാങ്ങണമെന്ന് സർക്കാർ നിശ്ചയിച്ചിട്ടില്ല. ഓരോ ആശുപത്രികളും അവർക്ക് തോന്നിയത് പോലെയാണ് പണം പിരിക്കുന്നത്. പഞ്ച നക്ഷത്ര സൗകര്യങ്ങൾ ഉള്ള ആശുപത്രികൾ ഒരു ദിവസം കിടക്കയ്ക്ക് വേണ്ടി 5000 മുതൽ 10000 വരെയാണ് ഈടക്കുന്നത്. മരിക്കുമെന്ന് ഉറപ്പായ രോഗികളുടെ കുടുംബാംഗങ്ങളെ പോലും കഴുത്തറുത്ത് നിരവധി ആശുപത്രികൾ കോടികൾ കൊയ്യുന്നു. പക്ഷേ ജോലി ചെയ്യുന്നവർക്ക് മാന്യമായി ശമ്പളം കൊടുക്കാൻ ഇവർ തയ്യാറല്ല.

നഴ്‌സുമാർ ചോദിക്കുന്നത് ഐഎഎസ്സുകാരുടേയും ഐപിഎസ്സുകാരുടേയും ഡോക്ടർമാരുടേയും ശമ്പളമല്ല. 20000 മിനിമം ശമ്പളം തരൂ എന്നാണ് അവർ പറയുന്നത്. നാലു വർഷം പഠിച്ച് നിരവധി തവണ തൊഴിൽ ചെയ്ത് പരിശീലിച്ച് വരുന്നവർക്ക് 20000 രൂപ ശമ്പളം നൽകേണ്ടത് തന്നെയാണ്. സീനിയോറിറ്റി അനുസരിച്ച് 35,000 വരെ ശമ്പളം നൽകണം. ഇതുകൊടുക്കാൻ എന്താണ് തടസ്സം. ഇതു കൊടുക്കാൻ പണം ഇല്ലാത്തവൻ ആശുപത്രി നടത്തരുത്. ഇവിടെ സർക്കാർ ആശുപത്രികൾ മതി. സ്വകാര്യ ആശുപത്രികൾ കച്ചവട സ്ഥാപനങ്ങളാണ്. അപ്പോൾ അവർ ആവശ്യപ്പെട്ട ശമ്പളം തന്നെ കൊടുക്കണം.

സ്ത്രീകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങുന്നത്. അത് അവരുടെ ആരോഗ്‌ത്തെയാണ് ബാധിക്കുന്നത്. കേരളത്തിലെ നഴ്‌സുമാർ തെരുവിലിറങ്ങിയാൽ നിരവധി രോഗികളുടെ ജീവനാണ് ഭീഷണിയിലാകുക. ഐസിയുവിൽ കിടക്കുന്ന രോഗികൾ അപകടത്തിലാകും. ഇവരെ ആരു നോക്കും. അനേകം ജീവനുകൾ നഷ്ടപ്പെടുമ്പോൾ അത് നഴ്‌സുമാർക്കെതിരെയുള്ള ജനവികാരമായി മാറുമെന്ന മൗഢ്യം സർക്കാരിനുണ്ടെങ്കിൽ ആ ജനവികാരം നഴ്‌സുമാർക്കെതിരെയല്ല മറിച്ച് സർക്കാരിനെതിരെ ആയിരിക്കും. കാരണം സ്വകാര്യ ആശുപത്രിയാണെങ്കിലും സർക്കാർ ആശുപത്രിയാണെങ്കിലും രോഗികളുടെ ജീവൻ രക്ഷിക്കാനുള്ള ബാധ്യത സർക്കാരിനാണുള്ളത്.

നഴ്‌സുമാർക്ക് ശമ്പളം കൊടുക്കില്ല എന്ന് പിടിവാശി കാണിക്കുന്ന സ്വകാര്യ ആശുപത്രി മുതലാളിമാർ ഏതെങ്കിലും ഒരു രോഗിയുടെ ജീവന് ഭീഷണി ആയാൽ നഴ്‌സുമാരല്ല, മറിച്ച് അവരാണ് കൊലപാതികൾ. നഴ്‌സുമാരുടെ ഈ സമരത്തിനൊപ്പം ബഹുജനങ്ങൾ ഉണ്ട്. ഇത് തിരിച്ചറിഞ്ഞില്ലെങ്കിൽ നാളെ സംഭവിക്കുന്ന അനിഷ്ടങ്ങളുടെ ഉത്തരവാദി സർക്കാർ മാത്രമായിരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP