Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിയമസഭയിലേക്ക് 1.4 ശതമാനം മാത്രം വോട്ടുകിട്ടിയപ്പോൾ ലോക്സഭയിലേക്ക് കിട്ടിയത് അഞ്ചുശതമാനത്തിലേറെ; നേതാക്കളെ ഓരോരുത്തരെയായി ചാക്കിട്ടു പിടിച്ച് കോൺഗ്രസിനെ വിഴുങ്ങി വൻ വളർച്ച; ത്രിപുര പിടിച്ചാൽ കേരളം പിടിക്കാമെന്ന പ്രതീക്ഷയിൽ മോദിയുൾപ്പെടെ അമ്പത് പ്രബലരെ ഇറക്കി ഇളക്കിമറിച്ച പ്രചരണം; മണിക് സർക്കാരിനെ വീഴ്‌ത്തി ത്രിപുരയിൽ ബിജെപി അധികാരം പിടിക്കുമോ?

നിയമസഭയിലേക്ക് 1.4 ശതമാനം മാത്രം വോട്ടുകിട്ടിയപ്പോൾ ലോക്സഭയിലേക്ക് കിട്ടിയത് അഞ്ചുശതമാനത്തിലേറെ; നേതാക്കളെ ഓരോരുത്തരെയായി ചാക്കിട്ടു പിടിച്ച് കോൺഗ്രസിനെ വിഴുങ്ങി വൻ വളർച്ച; ത്രിപുര പിടിച്ചാൽ കേരളം പിടിക്കാമെന്ന പ്രതീക്ഷയിൽ മോദിയുൾപ്പെടെ അമ്പത് പ്രബലരെ ഇറക്കി ഇളക്കിമറിച്ച പ്രചരണം; മണിക് സർക്കാരിനെ വീഴ്‌ത്തി ത്രിപുരയിൽ ബിജെപി അധികാരം പിടിക്കുമോ?

മറുനാടൻ ഡെസ്‌ക്‌

ത്രിപുരയിൽ ഇന്നാണ് നിയമസഭാ തിരഞ്ഞെടുപ്പ്. അറുപതിൽ അമ്പതു സീറ്റും നേടിയാണ് കഴിഞ്ഞകുറി സിപിഎം അധികാരത്തിൽ എത്തിയത്. അവർ ഇക്കുറിയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞതവണ വെറും 1.4 ശതമാനം വോട്ടുമാത്രം നേടി പ്രതിപക്ഷത്തുപോലും ആകാതെ പോയ പാർട്ടിയാണ് ബിജെപി. പക്ഷെ ഇക്കുറി അധികാരം പിടിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് അവർ.

ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരും ഉൾപ്പെടെ അമ്പതോളം നേതാക്കൾ ത്രിപുരയിലെത്തി. അതിൽ നിന്നുതന്നെ വ്യക്തം. ഇക്കുറി രണ്ടും കൽപിച്ചാണ് ബിജെപി. തൃപുര പിടിച്ചാൽ കേരളവും പിടിക്കാമെന്ന ആത്മവിശ്വാസമാണ് ഇതിന്റെ അടിത്തറ. ഈ വിശ്വാസത്തെ അത്രവേഗം പുച്ഛിച്ചു തള്ളാനാവില്ല. കേരളവും ത്രിപുരയും തമ്മിൽ അത്രത്തോളം ആത്മബന്ധമുണ്ട്. സാമ്യങ്ങളുണ്ട്. ത്രിപുരയിലൂടെ നടന്നാൽ കാണുന്ന കാഴ്ചകൾ തന്നെ കേരളത്തിലും. നെൽവയലുകളും റബ്ബർ തോട്ടങ്ങളും മുതൽ ചുവന്ന കൊടികൾവരെ.

നിയമസഭാ തിരഞ്ഞെടുപ്പിൽ 1.4 ശതമാനം മാത്രം വോട്ടുകിട്ടിയ ബിജെപിക്ക് പിന്നീട് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ അഞ്ചുശതമാനത്തിലേറെ വോട്ടുകിട്ടി. എന്നാൽ അതിനുശേഷം ഒട്ടേറെ നാടകീയ നീക്കങ്ങൾ ത്രിപുരയിൽ നടന്നു. കഴിഞ്ഞതവണ പത്തുസീറ്റ് നേടിയ കോൺഗ്രസ് ത്രിപുരയിൽ ഇപ്പോൾ നാമാവശേഷമായി. കോൺഗ്രസ്സുകാർ നേതാവിനെ വിട്ട് തൃണമൂലിലേക്കും അത് വിജയിക്കാതെ വന്നതോടെ ബിജെപിയിലേക്കും എത്തി. ആർഎസ്എസ് നേതാവ് റാം മാധവിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളെ തുടർന്ന് കോൺഗ്രസ് പാർട്ടി ഏതാണ്ട് പൂർണമായും ബിജെപിയായി മാറുന്ന കാഴ്ചയാണ് കണ്ടത്.

ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അവിടെ അധികാരത്തിലെത്തുക അത്ര എളുപ്പമല്ലെങ്കിലും പ്രതിപക്ഷ സ്ഥാനത്ത് ബിജെപി തന്നെയായിരിക്കും എന്നർത്ഥം. മുമ്പത്തെ സ്ഥിതിയിൽ നിന്ന് അവിടെ വലിയ തോതിൽ വളർന്നു എന്നതുതന്നെ ബിജെപിയുടെ പ്രതീക്ഷയ്ക്ക് കാരണം. മോദി ഉൾപ്പെടെ പങ്കെടുത്ത റാലികളിൽ ഉണ്ടായ ജനപ്രാതിനിധ്യം ബിജെപിക്ക് വലിയ ആത്മവിശ്വാസം പകർന്നു.

തൊട്ടടുത്തുള്ള അസമിൽ ബിജെപി കോൺഗ്രസിനെ താഴെയിറക്കി അധികാരം പിടിച്ചു. മണിപ്പൂരിൽ കോൺഗ്രസ് ഭൂരിപക്ഷം നേടിയെങ്കിലും കാലുവാരലിലൂടെ അവരെ താഴെയിറക്കി. അരുണാചലിലും ബിജെപി ഭരണം പിടിച്ചു. അടുത്തത് ത്രിപുരതന്നെയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയുടെ തന്ത്രങ്ങൾ ഇത്തരത്തിൽ കാലുവാരിയും കോൺഗ്രസിനെ ഏതുവിധേനയും ഇല്ലാതാക്കിയും അധികാരത്തിൽ എത്തുകയെന്നതു തന്നെയാണ്. ഇത്തരത്തിൽ ത്രിപുരയിൽ അധികാരത്തിൽ എത്തും എന്ന വലിയ പ്രതീക്ഷയില്ലെങ്കിലും പ്രതിപക്ഷത്ത് എങ്കിലും ആദ്യഘട്ടത്തിൽ എത്തുമെന്ന ആത്മവിശ്വാസത്തിൽ ബിജെപി നീങ്ങുന്നത് കേരളം മുന്നിൽ കണ്ടുതന്നെ ആണ്.

റാം മാധവിന് മാത്രമല്ല വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ പിടിക്കാൻ ചുക്കാൻ പിടിക്കുന്നതിൽ മലയാളിയായ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനും ചുമതലയുണ്ട്. ഈ മേഖലയിലെ കത്തോലിക്കാ വിശ്വാസം തന്നെ കാരണം. എന്നാൽ കേരളത്തിലേയോ ബംഗാളിലേയോ സ്ഥിതിയല്ല ത്രിപുരയിൽ. മണിക് സർക്കാർ എന്ന ദരിദ്രനും അതോടൊപ്പം ജനകീയനുമായ മണിക് സർക്കാരിനെ ഓവർടെയ്ക്ക് ചെയ്യുക അത്ര എളുപ്പമല്ല ബിജെപിക്ക്. അതേസമയം, ബിജെപിയിൽ നിന്ന് സിപിഎം നേരിടുന്നത് വലിയ വെല്ലുവിളിയാണുതാനും.

ഇതിന്റെ ആഴമറിയാൻ അൽപം ചരിത്രം പരിശോധിക്കണം. 36 ലക്ഷം ജനങ്ങൾ മാത്രമേയുള്ളൂ ത്രിപുരയിൽ. അതിൽ 26 ലക്ഷത്തിന് മാത്രമേ വോട്ടവകാശമുള്ളൂ. വലുപ്പത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ മൂന്നാമത്തെ ചെറിയ സംസ്ഥാനം. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ മുന്നിലുള്ള സംസ്ഥാനം. ത്രിപുരി എന്ന നാട്ടുരാജ്യമായിരുന്നു സ്വാതന്ത്ര്യത്തിന് മുമ്പ് ഈ ദേശം. ബംഗാൾ വിഭജിക്കപ്പെട്ടപ്പോൾ ബംഗാളിൽ നിന്നുള്ള ഹിന്ദു അഭയാർത്ഥികളെ കൈയും നീട്ടി സ്വീകരിച്ച പാരമ്പര്യമുണ്ട് ത്രിപുരയ്ക്ക്. ബംഗാളിലെ ഹിന്ദു കുടിയേറ്റക്കാർ കൂടുതലായി എത്തിയതോടെ കാലക്രമേണ ഇവിടെയുള്ള ഗോത്രവർഗക്കാർ ന്യൂനപക്ഷമായി മാറി.

ആ ന്യൂനപക്ഷങ്ങൾ തങ്ങളുടെ അവകാശങ്ങൾ രക്ഷിച്ചെടുക്കാനായി ആണ് സിപിഎമ്മിനൊപ്പം നിലകൊണ്ടതും പാർട്ടി ജനങ്ങളുടെ മനസ്സിൽ ഇടംപിടിച്ചതും. എന്നാൽ പിന്നീട് ബംഗാളി ഹിന്ദുക്കൾ സിപിഎമ്മിന്റെ ലേബലിൽ അധികാരത്തിൽ എത്തുന്ന സ്ഥിതി വന്നതോടെ ഇത് പ്രശ്നമായി. ഇത്തരത്തിൽ അതൃപ്തരായ ഗോത്രവർഗക്കാരിൽ ഒരു വിഭാഗത്തെ കുടെ നിർത്തിയാണ് ബിജെപി ഇന്ന് സിപിഎമ്മിനെ തകർക്കാൻ ശ്രമിക്കുന്നത്.

വളരെ വിചിത്രമായൊരു രാഷ്ട്രീയ സമവാക്യമാണ് ഇതെങ്കിലും ബംഗാളികളുടെ കൈയിലായി സിപിഎം എന്നൊരു തോന്നൽ അവിടെയുള്ള പരമ്പരാഗത ഗോത്രവർഗക്കാർക്ക് ഇടയിൽ ശക്തമായുണ്ട്. ഇത് ബിജെപിക്ക് ഗുണംചെയ്യും. എന്നാലും മണിക് സർക്കാരിനെ പോലുള്ള ഒരു ശക്തനായ നേതാവിന്റെ സാന്നിധ്യത്തെ മറികടക്കാൻ ബിജെപിക്ക് കഴിയുന്ന ഒരു സാഹചര്യം ബംഗാളിൽ ഇല്ല. പക്ഷേ, കോൺഗ്രസിനെ ഏറെക്കുറെ വിഴുങ്ങിക്കഴിഞ്ഞ സാഹചര്യത്തിൽ സിപിഎമ്മിന് ശക്തമായ വെല്ലുവിളി ഉയർത്താനും പ്രതിപക്ഷത്ത് പ്രബലരായി നിൽക്കാനും ബിജെപിക്ക് കഴിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP