Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാടകഗർഭത്തിൽ പിറന്ന കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം ലോകമെങ്ങും വിവാദമാകുന്നു; മാതാപിതാക്കളുടെ വാദം പൊളിച്ച് തായ്‌ലണ്ടിൽ നിന്നും ചാൻബുവ, സറോഗസി നിയമത്തിൽ പൊളിച്ചെഴുത്തിന് ഓസ്‌ട്രേലിയൻ സർക്കാർ

വാടകഗർഭത്തിൽ പിറന്ന കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം ലോകമെങ്ങും വിവാദമാകുന്നു; മാതാപിതാക്കളുടെ വാദം പൊളിച്ച് തായ്‌ലണ്ടിൽ നിന്നും ചാൻബുവ, സറോഗസി നിയമത്തിൽ പൊളിച്ചെഴുത്തിന് ഓസ്‌ട്രേലിയൻ സർക്കാർ

മെൽബൺ: ഓസ്‌ട്രേലിയൻ ദമ്പതികൾക്ക് വാടക ഗർഭത്തിൽ പിറന്ന കുഞ്ഞിനെ തായ്‌ലണ്ടിൽ ഉപേക്ഷിച്ച സംഭവം വിവാദമാകുന്നു. തായ്‌ലണ്ടിലെ ഒരു സ്ത്രീയുടെ വാടക ഗർഭത്തിൽ പിറന്ന ഇരട്ടക്കുട്ടികളിൽ ബുദ്ധിമാന്ദ്യമുള്ള കുഞ്ഞിനെ തായ്‌ലണ്ടിൽ തന്നെ ഉപേക്ഷിച്ചതാണ് പരക്കെ വിവാദമായിരിക്കുന്നത്. സംഭവം ഓസ്‌ട്രേലിയയിൽ എന്ന പോലെ ലോകമെങ്ങും ഏറെ ചർച്ചകൾക്ക് വഴി തെളിച്ചിരിക്കുകയാണ്.

പെർത്തിൽ നിന്നുള്ള ദമ്പതികൾക്കാണ് വാടക ഗർഭത്തിലൂടെ തായ്‌ലണ്ടിലെ ചാൻബുവ എന്ന സ്ത്രീയിൽ ഇരട്ടക്കുട്ടികൾ ജനിക്കുന്നത്. ഇതിൽ ഒരു കുഞ്ഞിന് ബുദ്ധിമാന്ദ്യം ഉള്ളതിനെത്തുടർന്ന് കുട്ടിയെ തായ്‌ലണ്ടിൽ തന്നെ ഉപേക്ഷിച്ച് ഇരട്ട സഹോദരിയേയും കൊണ്ട് ഓസ്‌ട്രേലിയയിലേക്ക് ദമ്പതികൾ മടങ്ങുകയായിരുന്നു. ഗാമി എന്നു പേരിട്ടിരിക്കുന്ന ഈ ആൺകുഞ്ഞിന് ബുദ്ധിമാന്ദ്യം കൂടാതെ ഹൃദയത്തിന് ഒരു സുഷിരം ഉള്ളതായും  കണ്ടെത്തിയിട്ടുണ്ട്.

ഇരുപത്തൊന്നുകാരിയായ ചാൻബുവ 16,000 ഡോളറിനാണ് ഓസ്‌ട്രോലിയൻ ദമ്പതികൾക്ക് ഗർഭപാത്രം വാടകയ്ക്കു നൽകിയത്. ഡൗൺ സിൻഡ്രമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ദമ്പതികൾ ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയത് അടുത്തിടെയാണ് മാദ്ധ്യമ ശ്രദ്ധയിൽ വരുന്നതും വിവാദമാകുന്നതും. ഇരട്ടക്കുട്ടികളാണ് ചാൻബുവയിൽ തങ്ങൾക്കു പിറന്നതെന്ന് അറിയില്ലെന്നായിരുന്നു ഓസ്‌ട്രേലിയൻ ദമ്പതികളുടെ വാദം. എന്നാൽ ഗാമിക്ക് സുഖമില്ലെന്ന് അറിഞ്ഞുകൊണ്ട് മാതാപിതാക്കൾ തായ്‌ലണ്ടിൽ എത്തി കുഞ്ഞിനെ സന്ദർശിച്ചിരുന്നു എന്ന് ചാൻബുവ വ്യക്തമാക്കിയതോടെ ദമ്പതികളുടെ വാദം പൊളിഞ്ഞിരിക്കുകയാണ്.

കൂടാതെ ഇരട്ടക്കുട്ടികളാണ് തന്റെ ഗർഭത്തിൽ വളരുന്നതെന്ന് നാലാം മാസം മുതൽ വ്യക്തമായിരുന്നുവെന്നും ഇതിൽ ഒരു ശിശുവിന് പ്രശ്‌നങ്ങൾ ഉള്ളതായി ഗർഭാവസ്ഥയിൽ തന്നെ കണ്ടെത്തിയിരുന്നുവെന്നു ചാൻബുവ വ്യക്തമാക്കുന്നു. വൈകല്യമുള്ള ശിശുവിനെ നശിപ്പിച്ചു കളയാൻ ഡോക്ടർമാരോട് മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ ഇരട്ടശിശുക്കളുടെ കാര്യം ഗർഭത്തിന്റെ ഏഴാം മാസം വരെ തന്നിൽ നിന്നു ഡോക്ടർമാരും മറച്ചുവച്ചതായും ചാൻബുവ പറയുന്നു.

ഗർഭഛിദ്രം നടത്താനുള്ള മാതാപിതാക്കളുടെ ആവശ്യം താൻ നിരാകരിച്ചുവെന്നും തായ്‌ലണ്ടിലെ നിയമം അതിന് അനുവദിക്കാതിരുന്നതാണ് കാരണമെന്നും ചാൻബുവ ചൂണ്ടിക്കാട്ടി. മറ്റു രണ്ടു കുട്ടികൾ കൂടിയുള്ള ചാൻബുവയ്ക്ക് ഗാമിയുടെ ചികിത്സാ ചെലവുകൾ കണ്ടെത്താൻ ബുദ്ധിമുട്ടേറിയതോടെയാണ് സംഭവം പുറത്താകുന്നത്. ഓസ്‌ട്രേലിയൻ മാതാപിതാക്കൾ വാടകഗർഭത്തിലൂടെ പിറന്ന കുഞ്ഞിനെ തായ്‌ലണ്ടിൽ ഉപേക്ഷിച്ചുവെന്ന വാർത്ത പുറത്തായപ്പോൾ തന്നെ ഏറെ വിവാദങ്ങൾ അതേച്ചൊല്ലി പുറത്താകാൻ തുടങ്ങിയിരുന്നു.

പേര് വെളിപ്പെട്ടിട്ടില്ലാത്ത ദമ്പതികൾ തെക്കൻ പെർത്തിൽ നിന്നുള്ളവരാണെന്നാണ് പറയപ്പെടുന്നത്. കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം ശ്രദ്ധയില്പെട്ട ഓസ്‌ട്രേലിയൻ ഇമിഗ്രേഷൻ മിനിസ്റ്റർ സ്‌കോട്ട് മോറിസൺ ചാൻബുവയെ വിശുദ്ധ എന്നാണ് വിശേഷിപ്പിച്ചത്. ചാൻബുവയ്ക്ക് ഇക്കാര്യത്തിൽ ഓസ്‌ട്രേലിയക്കാർ പിന്തുണ നൽകുന്നുണ്ടെന്നും സറോഗസി നിയമത്തിൽ വിദേശകാര്യ മന്ത്രാലയവുമായി കൂടിയാലോചിച്ച് വേണ്ട തീരുമാനം കൈക്കൊള്ളുമെന്നും മോറിസൺ വ്യക്തമാക്കിയിട്ടുണ്ട്. ചാൻബുവ തായ്‌ലണ്ടിൽ ജീവിക്കുന്നതിനാൽ മറ്റൊരു രാജ്യത്തെ സറോഗസി നിയമം വ്യത്യസ്തമായതിനാൽ അന്തിമ തീരുമാനമെടുക്കാൻ നാളുകൾ വേണമെന്നാണ് മന്ത്രി വെളിപ്പെടുത്തിയിരിക്കുന്നത്.

അന്താരാഷ്ട്ര സറോഗസി നിയമത്തിൽ വ്യക്തത ഇനിയും വേണ്ടതുണ്ടെന്നും എങ്കിലേ വിദേശരാജ്യങ്ങളിലെ സ്ത്രീകളെ വാടകഗർഭത്തിന് ഉപയോഗിക്കാൻ സാധിക്കൂ എന്നും സ്‌കോട്ട് മോറിസൺ വ്യക്തമാക്കി. കമേഴ്‌സ്യൽ സറോഗസി ഓസ്‌ട്രേലിയയിൽ അനധികൃതമാണ്. അതേസമയം അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ച ഈ സംഭവത്തിൽ തായ്‌ലണ്ടിൽ ഗാമിക്ക് ചികിത്സയ്ക്കായി 200,000 ഡോളറിലധികം സ്വരൂപിക്കാൻ സാധിച്ചുവെന്നാണ് പറയുന്നത്. ചികിത്സയ്ക്കായി ലഭിച്ച തുക ഗാമിയുടെ ആവശ്യങ്ങൾക്കായി മാത്രമേ ചെലവഴിക്കുവെന്നും ചാൻബുവ പറഞ്ഞിട്ടുണ്ട്. ഇനി ഗാമിയുടെ യഥാർഥ മാതാപിതാക്കൾ എത്തിയാലും അവനെ ഞാൻ വിട്ടുകൊടുക്കില്ല- ചാൻബുവ തറപ്പിച്ചു പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP