അഡലൈഡ് ദേവാലയം വിശുദ്ധ മൂറോൻ കൂദാശ നിറവിൽ
June 26, 2018 | 10:26 AM IST | Permalink

രാജൻ വി
ഓസ്‌ട്രേലിയ: അഡലൈഡ് സെന്റ്. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് ദേവാലയം വിശുദ്ധ മൂറോൻ കൂദാശയുടെ പരിമളം ഏറ്റുവാങ്ങി. ജൂൺ 15,16 (വെള്ളി,ശനി) തീയതികളിൽ നടന്ന ദേവാലയ കൂദാശയ്ക്ക് പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും മദ്രാസ് ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദീയസ്‌കോറോസ് മെത്രാപ്പൊലീത്ത മുഖ്യ കാർമികത്വം വഹിച്ചു.
ഓസ്ട്രലിയ റീജിയണിലെ വന്ദ്യ വൈദികരായ ഫാ.തോമസ് വർഗീസ്, ഫാ.ജെയിംസ് ഫിലിപ്പ്, ഫാ.ഐവാൻ മാത്യൂസ്, ഫാ.പ്രദീപ് പൊന്നച്ചൻ, ഫാ.സജു ഉണ്ണൂണ്ണി, ഫാ.അജിഷ് വി. അലക്‌സ്, ഫാ.ജിതിൻ ജോയി മാത്യു എന്നിവർ സഹകാർമികരായിരുന്നു. ഈ പള്ളിയേയും ഞങ്ങളേയും ശുദ്ധീകരിക്കണമേ എന്ന പ്രാർത്ഥനയുമായി വിശ്വസസമൂഹം കൂദാശയിൽ പങ്കുചേർന്നു. 14-ാം തീയതി പുതിയ പാഴ്‌സണേജിന്റെ കൂദാശ അഭിവന്ദ്യ തിരുമനസുകൊണ്ട് നിർവ്വഹിച്ചു. 15-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 5.45-ന് അഭിവന്ദ്യ തിരുമേനിയെയും വൈദികരേയും ഇടവക വികാരി ഫാ.അനിഷ് കെ.സാമിന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ ദേവാലയത്തിലേക്ക് സ്വീകരിക്കുകയും തുടർന്ന് സന്ധ്യാനമസ്‌കാരം നടത്തുകയും ചെയ്തു.
തുടർന്ന് പള്ളിയുടെ താക്കോൽ ബിൽഡിങ് കമ്മിറ്റി കൺവീനർ ഏബ്രഹാം പാലക്കാട്ട് അഭിവന്ദ്യ തിരുമേനിയെ ഏൽപ്പിക്കുകയും തിരുമേനി വികാരിക്ക് നൽകുകയും വികാരി ഇടവക കൈക്കാരൻ ബിജു കുര്യാക്കോസിന് കൈമാറുകയും ചെയ്തു. അതിനു ശേഷം ദേവാലയകൂദാശയുടെ ഒന്നാം ശുശ്രൂഷ നിർവ്വഹിച്ചു. 16-ാം തീയതി ശനിയാഴ്ച രാവിലെ 7 മണിക്ക് പ്രഭാതനമസ്‌കാരവും തുടർന്ന് ദേവാലയകൂദാശയുടെ രണ്ടാം ശുശ്രൂഷയും വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും അർപ്പിച്ചു. പൊതുസമ്മേളനം, ആശീർവ്വാദം, സ്‌നേഹവിരുന്ന് എന്നിവയോടു കൂടി കൂദാശ ശുശ്രൂഷകൾക്ക് പരിസമാപ്തിയായി.
2007-ൽ ആരാധന ആരംഭിച്ച ദേവാലയത്തിന്റെ ദശവർഷ ജൂബിലി നിറവിൽ ദൈവം നൽകിയ സമ്മാനമാണ് ഈ പുതിയ ദേവാലയം. അഡലൈഡ് പട്ടണത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കത്തക്ക വിധത്തിൽ 1.23 ഏക്കർ സ്ഥലത്താണ് (2B, Tolmer Road, Elizabeth Park, Adelaide 5113) ദേവാലയം ഒരുങ്ങിയിരിക്കുന്നത്. പാഴ്‌സണേജും മറ്റ് അനുബന്ധ സൗകര്യങ്ങളും ദേവാലയത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. കൂദാശാ ശുശ്രൂഷയിൽ അഡലൈഡിലെ എല്ലാ ദേവാലയങ്ങളിൽ നിന്നും അതോടൊപ്പം മെൽബൺ, സിഡ്‌നി, ബ്രിസ്‌ബെയ്ൻ, ക്യാൻബെറ എന്നിവിടങ്ങളിൽ നിന്നുമുള്ള വിശ്വാസികൾ സംബന്ധിച്ചു.