Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സിനിമാ വിശേഷങ്ങൾ പങ്കുവച്ച് ബേസിൽ ജോസഫ്; കാതോർത്ത് സിനിമാ പ്രേമികളും

സിനിമാ വിശേഷങ്ങൾ പങ്കുവച്ച് ബേസിൽ ജോസഫ്; കാതോർത്ത് സിനിമാ പ്രേമികളും

ബഹ്‌റൈൻ കേരളീയ സമാജം സിനിമ ക്ലബിന്റെ ആഭിമുഖ്യത്തിൽ നവാഗത സംവിധായകൻ ബേസിൽ ജോസഫുമായി മുഖാമുഖം സംഘടിപ്പിച്ചു. സമാജം എം.എം.രാമചന്ദ്രൻ ഹാളിൽ നടന്ന മുഖാമുഖത്തിൽ യുവ സംവിധായകനുമായി സംവദിക്കാൻ പുതിയ തലമുറയിലെയും പഴയ തലമുറയിലെയും അനവധി സിനിമാ പ്രേമികൾ എത്തിയിരുന്നു.

നിരവധി ഷോർട്ട് ഫിലിമുകളിൽ അഭിനയിക്കുകയും ശ്രദ്ധേയമായ പല ഷോട്ട് ഫിലിമുകൾ സംവിധാനം ചെയ്യുകയും ചെയ്തതിന്റെ അനുഭവ സമ്പത്തുമായാണ് ബേസിൽ സിനിമാ രംഗത്തേക്ക് കടന്നു വന്നത്. തന്റെ സിനിമകളിലെന്നപോലെ കൗതുകകരവും രസകരവുമായ നിമിഷങ്ങൾക്കിടയിൽ ഗൗരവമുള്ള വിഷയങ്ങളും ചർച്ച ചെയ്തുകൊണ്ട് ബേസിൽ തന്റെ അനുഭവങ്ങൾ പങ്കുവച്ചത്. ബേസിലിന്റെ ഷോർട്ട് ഫിലിമുകളിൽ താൽപര്യം തോന്നിയ വിനീത് ശ്രീനിവാസനാണ് തന്റെ ചിത്രമായ ''തിര''യുടെ സഹസംവിധായകനായി ബേസിലിനെ സിനിമാ ലോകത്തേയ്ക്ക് കൊണ്ടുവരുന്നത്.

ഒരു ഷോർട്ട് ഫിലിം പദ്ധതി ഒടുവിൽ ''കുഞ്ഞിരാമായണം'' എന്ന സൂപ്പർഹിറ്റ് ചിത്രമായതിന്റെ പിന്നിലെ കഥകൾ ബേസിൽ പറയുമ്പോൾ ഈ യുവസംവിധായകന് തന്റെ സിനിമയെക്കുറിച്ചും അത് കാണാനിരിക്കുന്ന പ്രേക്ഷകനെ കുറിച്ചുമുള്ള ധാരണ വ്യക്തമായിരുന്നു. എല്ലാത്തരം പ്രേക്ഷകനെയും കയ്യിലെടുക്കുക എന്ന ലക്ഷ്യത്തോടെ ഒരു മുത്തശ്ശികഥയുടെ രൂപത്തിൽ പറഞ്ഞ കുഞ്ഞിരാമായണത്തിൽ, തൊണ്ണൂറുകളിൽ യുവാക്കളുടെയും സാധാരണക്കാരന്റെയും സ്വകാര്യ ഹരമായിരുന്ന 'സൽസ' എന്ന ബ്രാന്റിന്റെ ഉപയോഗം കൂടിയായപ്പോൾ അത് ഒരു തലമുറയുടെ നൊസ്റ്റാൾജിയ കൂടിയായി ബേസിൽ തന്റെ കണക്കു കൂട്ടലുകൾ കൃത്യമായതിന്റെ സന്തോഷം പങ്കുവച്ചു. ഒപ്പം അച്ഛനെ വെല്ലുന്ന അഭിനയം കാഴ്ചവച്ച മക്കളുടെ പ്രകടനം കൂടിയായപ്പോൾ വിജയം പൂർത്തിയായി.
നാടക സിനിമ പ്രവർത്തനങ്ങളുമായി കഴിവുറ്റ നിരവധിപേർ ബഹ്‌റൈനിലുമുണ്ടെന്ന് അറിഞ്ഞപ്പോൾ ബേസിലിന്റെ മറുപടി ഇങ്ങനെ, ''കഴിവുകൾ ഒതുക്കിവച്ച് അവസരങ്ങൾക്കായി കാത്തുനിൽക്കാതെ തങ്ങളുടെ കഴിവുകൾ സോഷ്യൽ മീഡിയകളും മറ്റും വഴി ഷോക്കേസ് ചെയ്യുകയാണ് വേണ്ടത്. അപ്പോൾ അവസരങ്ങൾ തങ്ങളെ തേടിവരിക തന്നെ ചെയ്യും. അതിന് എന്റെ അനുഭവം തന്നെയാണ് വലിയ ഉദാഹരണം.''

ദേശീയ-അന്തർദേശീയ തലങ്ങളിൽ അവാർഡുകൾ വാരിക്കൂട്ടുന്ന പല നല്ല സിനിമകളും ശ്രദ്ധിക്കപ്പെടാതെ പോകുന്നത് പ്രേക്ഷകർ തീയറ്ററിൽ പോയി അത്തരം ചിത്രങ്ങൾ കാണാത്തതുകൊണ്ടാണെന്ന് ഒരു ചോദ്യത്തിന് മറുപടിയായി ബേസിൽ പറഞ്ഞു. എന്നാൽ അവാർഡ് വിവാദങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, എന്തെങ്കിലും പറഞ്ഞ് വെറുതെ വിവാദമുണ്ടാക്കാൻ തനിക്ക് ഭയമാണെന്ന് തുറന്ന് പറയാനും ഈ യുവ സംവിധായകൻ മടിച്ചില്ല.

ഗുസ്തി പശ്ചാത്തലമാക്കി ഒരുക്കുന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയായി വരുന്നതിനിടെ, കേരള എഞ്ചിനീയേഴ്‌സ് ഫോറം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുവാനായി ബഹ്‌റൈനിൽ എത്തിയതായിരുന്നു എഞ്ചിനീയർ കൂടിയായ ബേസിൽ. മടക്കയാത്രയ്ക്ക് തൊട്ട് മുൻപുള്ള അല്പസമയം ബഹറിൻ കേരളീയ സമാജത്തിന്റെ ക്ഷണം സ്വീകരിച്ച് എത്തുകയും സിനിമാ പ്രേമികൾക്ക് മറക്കാനാവാത്ത കുറച്ച് നിമിഷങ്ങളും സമ്മാനിച്ച് കൊണ്ടാണ് അദ്ദേഹം യാത്രയായത്.

ചടങ്ങിൽ സമാജം ആക്ടിങ് പ്രസിഡണ്ട് ഫ്രാൻസിസ് കൈതാരത്ത്, ജനറൽ സെക്രട്ടറി എൻ. കെ. വീരമണി, കലാവിഭാഗം സെക്രട്ടറി മനോഹരൻ പാവറട്ടി, സിനിമ ക്ലബ് കൺവീനർ അജിത്നായർ എന്നിവർ സംസാരിച്ചു. ജോയിന്റ് കൺവീനർ രഞ്ജിഷ് മുണ്ടയ്ക്കൽ നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP