ബഹ്‌റിനിലും സ്വദേശിവത്ക്കരണം വരുന്നു; പൊതുമേഖലയിലുള്ള അമ്പതു ശതമാനത്തോളം വിദേശികൾക്ക് ഉടൻ തന്നെ തൊഴിൽ നഷ്ടമാകും; നിർദ്ദേശം ഷൂര കൗൺസിൽ പരിഗണനയിൽ
November 09, 2016 | 03:43 PM IST | Permalink

സ്വന്തം ലേഖകൻ
മനാമ: സൗദി അറേബ്യയിലും മറ്റും സ്വദേശിത്ക്കരണം ശക്തമായ തോതിൽ നടപ്പാക്കുന്നതിനു പിന്നാലെ ബഹ്‌റിനിലും സ്വദേശിവത്ക്കരണം വരുന്നു. ഇവിടെ പൊതുമേഖലയിൽ ജോലി ചെയ്യുന്ന പകുതിയോളം വിദേശികൾക്ക് അവരുടെ തൊഴിൽ ഉടൻ തന്നെ നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. പൊതുമേഖലയിലുള്ള വിദേശികളിൽ അമ്പതു ശതമാനത്തോളം പേർക്ക് അവരുടെ വർക്ക് പെർമിറ്റ് കാലാവധി കഴിയുന്നതോടെ പുതുക്കി നൽകേണ്ടതില്ല എന്നതാണ് തീരുമാനം. ഇതുസംബന്ധിച്ച പാർലമെന്ററി നിർദ്ദേശം നടപ്പാക്കിയാൽ ബഹ്‌റിനിൽ സ്വദേശിവത്ക്കരണം പ്രാബല്യത്തിൽ വരും.
തൊഴിലില്ലാത്ത ബഹ്‌റിനികൾക്ക് അവസരം നൽകുക എന്ന ആശയവുമായാണ് കഴിഞ്ഞ ദിവസം എംപിമാരുടെ യോഗം ചേർന്നത്. സർക്കാർ സ്ഥാപനങ്ങളിലും മറ്റു ജോലി ചെയ്യുന്ന എല്ലാ വിദേശികളുടേയും കോൺട്രാക്ട് കാലാവധിക്കു ശേഷം പുതുക്കി നൽകേണ്ട എന്നായിരുന്നു യോഗത്തിൽ ഉയർന്ന നിർദ്ദേശം. ഈ നിർദ്ദേശത്തോട് ഭൂരിഭാഗം എംപിമാരും അനുകൂലമായിരുന്നു എന്നാണ് റിപ്പോർട്ട്.
യോഗ്യതയുള്ള ബഹ്‌റിനികൾക്ക് പൊതുമേഖലയിൽ തൊഴിൽ നൽകുന്നതിനും രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറച്ചുകൊണ്ടുവരുന്നതിനും പുതിയ നിർദ്ദേശം സഹായകരമാകുമെന്ന് നിർദ്ദേശത്തെ പിന്തുണച്ച എംപിമാർ വ്യക്തമാക്കി. എംപിമാരുടെ നിർദ്ദേശം ഇപ്പോൾ ഷൂര കൗൺസിൽ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. ഇതിൽ കൗൺസിൽ ഉചിത തീരുമാനം എടുത്ത ശേഷം പാർലമെന്റിൽ അവതരിപ്പിക്കും. പാർലമെന്റിൽ പാസാകുന്ന മുറയ്ക്ക് സർക്കാർ നിയമം പുറപ്പെടുവിക്കുകയും ചെയ്യും.

Readers Comments
More News in this category

