ന്യൂസിലന്റ് സംഭവം: മുഴുവൻ വിശ്വാസികളും ഇന്ന് പ്രാർത്ഥന നടത്തുക: സമസ്ത
March 22, 2019 | 04:48 PM IST | Permalink

മനാമ: ന്യൂസിലൻഡിലെ ഇരു മസ്ജിദുകളിലുണ്ടായ ഭീകരാക്രമണത്തിൽ 50 പേർ ശഹീദാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ മുഴുവൻ വിശ്വാസികളും ഇന്ന് പ്രത്യേക പ്രാർത്ഥന നടത്തണമെന്ന് സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീൻ കോയ തങ്ങൾ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
ബഹ്‌റൈനിൽ സമസ്തക്കു കീഴിലുള്ള മുഴുവൻ ഏരിയാ കേന്ദ്രങ്ങളിലും പ്രതിവാര സ്വലാത്ത് മജ് ലിസുകളിലും ഇന്ന് പ്രത്യേക പ്രാർത്ഥനയും മയ്യിത്ത് നിസ്‌കാരവും സംഘടിപ്പിക്കണമെന്ന് ഏരിയാ ഭാരവാഹികൾക്കും സമസ്ത ബഹ്‌റൈൻ കേന്ദ്രകമ്മറ്റിയുടെ പേരിൽ തങ്ങൾ പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതനുസരിച്ച് ബഹ്‌റൈനിലുടനീളം ഇന്ന് മയ്യിത്ത് നിസ്‌കാരവും പ്രത്യേക പ്രാർത്ഥനയും നടക്കും. വിശ്വാസികൾ സ്വന്തം രാജ്യത്തിനും താമസിക്കുന്ന രാജ്യത്തിനും കുടി പ്രാർത്ഥിക്കണമെന്നും തങ്ങൾ പ്രത്യേകം നിർദേശിച്ചിട്ടുണ്ട്.
അതേ സമയം ന്യൂസ് ലാന്റിൽ ഈ വെള്ളിയാഴ്ച, മുസ്ലിം വിശ്വാസികൾക്ക് പിന്തുണ അറിയിച്ച് പൗരന്മാരെല്ലാം രണ്ടു മിനിറ്റ് മൗനപ്രാർത്ഥന നടത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. കൂടാതെ ജുമുഅ സമയത്ത് രാജ്യത്തെ റേഡിയോ, ടെലിവിഷൻ എന്നിവ മുഖേനെ വിശ്വാസികൾക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ച് ബാങ്കുവിളിയും പ്രക്ഷേപണം ചെയ്യും. ഈ സമയത്ത് സ്ത്രീ ജനങ്ങളെല്ലാം ഹിജാബ് ധരിക്കും. ദാരുണമായ സംഭവത്തിന് ശേഷം രാജ്യത്തെ മസ്ജിദുകളിൽ പ്രാർത്ഥനക്കെത്തുന്ന വിശ്വാസികൾക്ക് പ്രാർത്ഥന കഴിയും വരെ ഇതര വിശ്വാസികൾ കാവൽ നിൽക്കുന്ന കാഴ്ചയും ഇപ്പോൾ രാജ്യത്ത് സാധാരണമായിരിക്കുകയാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലോകത്തെ നടുക്കിയ ദുരന്തം ന്യൂസിലന്റിലുണ്ടായത്. ക്രൈസ്റ്റ് ചർച്ചിലെ അൽ നൂർ മസ്ജിദിലും ലിൻവുഡ് സബർബിലെ മറ്റൊരു മസ്ജിദിലുമുണ്ടായ വെടിവെപ്പിൽ ജുമുഅ പ്രാർത്ഥനക്കെത്തിയ 50 പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
ലോകമാകെ വർധിച്ചുവരുന്ന വംശീയതയുടേയും ഇസ്ലാമോഫോബിയയുടേയും ദുരന്തഫലമാണ് ഈ സംഭവമെന്ന് പ്രമുഖർ അഭിപ്രായപ്പെട്ടിരുന്നു. അതേ സമയം പരമാവധി 2 ശതമാനം മാത്രം വരുന്ന രാജ്യത്തെ ഇസ്ലാം മത വിശ്വാസികളോട് സന്പൂർണ്ണ ഐക്യദാർഢ്യവും സ്‌നേഹവും സാന്ത്വനവും പകരുന്ന സമീപനമാണ് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആർഡേനിന്റെ നേതൃത്വത്തിൽ രാജ്യം ചെയ്തത്.
ന്യൂസിലാന്റിന്റെ ഔദ്യോഗിക ചിഹ്നമായ സിൽവർ ഫേൺ എന്ന ചെടിയുടെ രൂപത്തിലുള്ള എംബ്ലം സംഘടിത നിസ്‌കാരത്തിന്റെ രൂപത്തിലാക്കി വരച്ച ഐക്യദാർഢ്യ ചിത്രം, പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പാർലിമെന്റ് പ്രഭാഷണം എന്നിവ ലോകശ്രദ്ധ നേടിയിരുന്നു.
കൂടാതെ, രാജ്യത്തെ ഇതര മതസ്തരായ വിശ്വാസികൾ സംഘടിതമായെത്തി മസ്ജിദുകൾക്ക് മുമ്പിലും മതിലിലും സ്നേഹ പുഷ്പങ്ങൾ വിതറിയതും വിദ്യാർത്ഥികൾ മെഴുകുതിരി തെളിയിച്ച് ഐക്യദാർഢ്യവും അനുശോചനവും രേഖപ്പെടുത്തിയതും ശ്രദ്ധേയമായിരുന്നു.
ഇതിനെല്ലാം പുറമെ രാജ്യമൊട്ടുക്കും സ്നേഹത്തിന്റേയും സമാധാനത്തിന്റേയും സന്ദേശങ്ങളെഴുതിയ പോസ്റ്ററുകൾ പതിച്ച ജനത പിന്നീട് പള്ളിയിൽ നടക്കുന്ന നിസ്‌കാരങ്ങൾക്കെല്ലാം വിശ്വാസികൾക്ക് കാവൽ നിൽക്കുകയും ചെയ്തിരുന്നു.
Readers Comments
More News in this category
