Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒച്ചിന്റെ ശല്യം നിയന്ത്രിക്കുന്നതിന് ബോധവത്കരണ പ്രവർത്തനങ്ങൾ വേണം: മന്ത്രി കെ.പി മോഹനൻ

ഒച്ചിന്റെ ശല്യം നിയന്ത്രിക്കുന്നതിന് ബോധവത്കരണ പ്രവർത്തനങ്ങൾ വേണം: മന്ത്രി കെ.പി മോഹനൻ

തിരുവനന്തപുരം:  ആഫ്രിക്കൻ ഒച്ചുകളിൽ നിന്നുള്ള ശല്യം നേരിടുന്നതിനെ കുറിച്ച് സിസ്സയും (സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ) കേരളാ സ്റ്റേറ്റ് സയൻസ്, ടെക്‌നോളജി ആൻഡ് എൻവയോൺമെന്റ് കൗൺസിലും  (കെ.എസ്.സി.എസ്.ടി.ഇ) സംയുക്തമായി സംഘടിപ്പിച്ച ശിൽപശാല ഒച്ചുകളുടെ നിർമ്മാർജ്ജനത്തിനായി വിവിധ നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചു.

ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം അപകടരമായ നിലയിൽ വർദ്ധിച്ചിരിക്കുകയാണെന്നും ഇത് നിയന്ത്രിക്കുന്നതിന് പഞ്ചായത്ത് തലത്തിൽ അവബോധ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ടെന്നും കൃഷിമന്ത്രി കെ.പി മോഹനൻ അഭിപ്രായപ്പെട്ടു. ആഫ്രിക്കൻ ഒച്ചുകളിൽ നിന്നുള്ള ശല്യം നേരിടുന്നതിനെ കുറിച്ച് സിസ്സയും കേരളാ സ്റ്റേറ്റ് സയൻസ്, ടെക്‌നോളജി ആൻഡ് എൻവയോൺമെന്റ് കൗൺസിലും  (കെ.എസ്.സി.എസ്.ടി.ഇ) സംയുക്തമായി സംഘടിപ്പിച്ച ശിൽപശാലയുടെ സമാപന സെഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഒച്ചുകളെ നിയന്ത്രിക്കുന്നതിന് ഇതുവരെ ഒരു മാർഗ്ഗം കണ്ടെത്താൻ കഴിഞ്ഞില്ല എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു. ഒച്ചുകളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ് നിയന്ത്രിക്കുന്നതിന് പരമ്പരാഗത കർഷകർക്ക് നൽകാൻ കഴിയുന്ന നിർദ്ദേശങ്ങൾ സഹായകമായേക്കാമെന്ന് അദ്ദേഹം പറഞ്ഞു.

ആഫ്രിക്കൻ ഒച്ചുകളുടെ ആധിക്യം തദ്ദേശീയമായ പ്രയോജനപ്രദമായ ഒച്ചുകളുടെ നാശത്തിന് കാരണമാകുന്നുവെന്ന് ഡോ. നാരായണ അഭിപ്രായപ്പെട്ടു. ആഫ്രിക്കൻ ഒച്ചുകളെ നശിപ്പിക്കാനുള്ള ശ്രമങ്ങളിൽ ഇത്തരം ഒച്ചുകളാണ് കൂടുതലും നശിപ്പിക്കപ്പെടുന്നത്. ഇവ മണ്ണിന്റെ ഫലഭൂയിഷ്ടി വർദ്ധിപ്പിക്കാൻ സഹായിക്കുന്നവയാണ്. സ്റ്റാറ്റസ് ഓഫ് ജിയാന്റ് ആഫ്രിക്കൻ സ്‌നെയിൽ ആസ് പെസ്റ്റ് ഓഫ് ക്രോപ് പ്ലാന്റ്‌സ് ആൻഡ് ഇറ്റ്‌സ് മാനേജ്‌മെന്റ് എന്ന വിഷയത്തിലായിരുന്നു ഡോ. നാരായണ പ്രസന്റേഷൻ അവതരിപ്പിച്ചത്.

ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഒരു പ്രതിസന്ധിയായി മാറിയിരിക്കുകയാണെന്ന് ഡോ. സി.പി. റോബർട്ട് അഭിപ്രായപ്പെട്ടു. പത്തനംതിട്ടയിൽ കോന്നിയാണ് ഇവയുടെ ശല്യത്തിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. 2012 ലായിരുന്നു ഇതിന്റെ തുടക്കം. വാഴക്കന്നുകളിലൂടെയാണ് ഇവയുടെ ശല്യം വർദ്ധിക്കുന്നത്. അന്ന് നിയന്ത്രണ സംവിധാനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവയുടെ ശല്യത്തിൽ നിന്നും രക്ഷ നേടുന്നതിന് ഉപ്പിന്റെ ഉപയോഗമായിരുന്നു പ്രധാന ആയുധം. എന്നാൽ അത് മണ്ണിന്റെ ഘടനയെത്തന്നെ വ്യത്യാസപ്പെടുത്തുന്നതാണ്. 'ഇഫക്ടീവ് മാനേജ്‌മെന്റ് ഓഫ് സ്‌നെയിൽ ഇൻ ഫാർമേഴ്‌സ് ഫീൽഡ് എന്ന വിഷയത്തിൽ പ്രസന്റേഷൻ അവതരിപ്പിച്ചുകൊണ്ട് അലക്‌സ് ജോൺ പറഞ്ഞു.

ഒച്ചുകളുടെ ശല്യം നിയന്ത്രിക്കുന്നതിന് പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രം ഫാർമേഴ്‌സ് ഫീൽഡിൽ എന്ത് ചെയ്തു എന്നദ്ദേഹം വിശദീകരിച്ചു. ചണച്ചാക്ക് കെണി, തുരിശ്ശ് ലായനി, പുകയില കഷായം എന്നിവ ഒച്ചുകളുടെ ശല്യം നിയന്തിരക്കുന്നതിന് ഫലപ്രദമാണെന്ന് പത്തനംതിട്ടയിലെ തങ്ങളുടെ പ്രവർത്തനത്തിലൂടെ തെളിഞ്ഞതായി അദ്ദേഹം പറഞ്ഞു. രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ കെ.എസ്.സി.എസ്.ടി.ഇ മെമ്പർ സെക്രട്ടറി ഡോ. കെ.കെ. രാമചന്ദ്രൻ അധ്യക്ഷനായിരുന്നു. കേരളത്തിന്റെ ബൗദ്ധിക സാഹചര്യങ്ങളാണ് ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം ഇവിടെ വർദ്ധിക്കാൻ കാരണമെന്ന് അദ്ദേഹം അധ്യക്ഷ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് ഏറ്റവും അനുയോജ്യമായ സമയത്താണ് ഈ ശിൽപശാല നടത്തുന്നതെന്ന് സിസ്സ ജനൽ സെക്രട്ടറി സി. സുരേഷ് കുമാർ തന്റെ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. ഒച്ചുകളുടെ ശല്യം ടൂറിസം മേഖലയെ കാര്യമായി ബാധിക്കുമെന്നും മതിയായ നടപടികൾ സ്വീകരിച്ചാൽ ഒച്ചുകളുടെ ശല്യം നിയന്ത്രിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു ശിൽപശാലയ്ക്ക് മുൻകൈയെടുത്ത കെ.എസ്.സി.എസ്.ടി.ഇ യെ അദ്ദേഹം അഭിനന്ദിച്ചു. സിസ്സ സെക്രട്ടറി കെ.ജി. അജിത് കുമാർ സ്വാഗതവും സിസ്സ ഡയറക്ടർ പി.ജി. രാജേന്ദ്രൻ നന്ദിയും പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP