ലൊയോള ഓൾഡ് ബോയ്സ് അസോസിയേഷൻ ഗ്ലോബൽ ലീഡർഷിപ്പ്, യങ്ങ് അച്ചീവേഴ്സ് അവാർഡുകൾ 15 ന് സമ്മാനിക്കും
June 14, 2019 | 10:38 AM IST | Permalink

തലസ്ഥാനത്തെ പ്രശസ്തമായ ലൊയോള സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഘടനായ ലൊയോള ഓൾഡ് ബോയ്സ് അസോസിയേഷൻ (ലോബ) ഏർപ്പെടുത്തിയ ഗ്ലോബൽ ലീഡർഷിപ്പ് അവാർഡ് ഡോ. സുജിത് വർഗീസ് തോമസിനും യങ്ങ് അച്ചീവേഴ്സ് അവാർഡ് സഞ്ജയ് വിജയകുമാറിനും സമ്മാനിക്കും. 2019 ജൂൺ 15 ശനിയാഴ്ച വൈകീട്ട് 6.30ന് ശ്രീമൂലം ക്ലബ്ബിൽ നടക്കുന്ന അവാർഡ്ദാന ചടങ്ങിൽ ദക്ഷിണ വ്യോമസേന മേധാവി എയർ മാർഷൽ ബി സുരേഷ് മുഖ്യാതിഥിയാവും.
കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിലേറെക്കാലത്തെ നിരന്തര പരിശ്രമത്തിലൂടെ ഒരു നൂറ്റാണ്ട് പഴക്കമുള്ള ഉത്തർപ്രദേശിലെ ഫത്തേപ്പൂർ ബ്രോഡ്വെൽ ആശുപത്രിയുടെ ശോച്യാവസ്ഥകൾ പരിഹരിച്ച് മികച്ചതും ആധുനിക സൗകര്യങ്ങൾ ഉള്ളതുമായ ആശുപത്രിയാക്കി മാറ്റിയതിൽ വഹിച്ച പങ്കാണ് ഡോ. സുജിത് വർഗീസ് തോമസിനെ പുരസ്കാരത്തിന് അർഹനാക്കിയത്. സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് സംരംഭങ്ങളിൽ ആഗോള ശ്രദ്ധ നേടിയെടുത്ത മോബ് മി യുടെ സ്ഥാപകനും സ്റ്റാർട്ടപ്പ് വില്ലേജ് ബോർഡിന്റെ ചെയർമാനുമാണ് സഞ്ജയ് വിജയകുമാർ.
2015 ലാണ് ലോബ ഗ്ലോബൽ ലീഡർഷിപ്പ് അവാർഡുകൾക്ക് തുടക്കം കുറിച്ചത്. രാജ്യത്ത് ഇത്തരം പുരസ്കാരങ്ങൾ ഏർപ്പെടുത്തുന്ന ആദ്യത്തെ വിദ്യാലയമാണ് തിരുവനന്തപുരത്തെ ലൊയോള സ്കൂൾ. ലോബയുടെ നാലാമത് പുരസ്കാരമാണ് ഇത്തവണ നൽകുന്നത്.
സ്കൂളിലെ 1993 ബാച്ച് വിദ്യാർത്ഥിയായിരുന്നു സുജിത് വർഗീസ് തോമസ്. വെല്ലൂർ ക്രിസ്ററ്യൻ മെഡിക്കൽ കോളേജിലാണ് അദ്ദേഹം ഉപരിപഠനം പൂർത്തിയാക്കിയത്. പുരാതനമായ ബ്രോഡ്വെൽ ആശുപത്രിയെ തകർച്ചയിൽനിന്ന് കരകയറ്റി ഗ്രാമീണ യു പി യിലെ ഏറ്റവും മികച്ച ആശുപത്രിയായി വികസിപ്പിക്കുന്നതിൽ വലിയ പങ്കാണ് അദ്ദേഹത്തിനുള്ളത്. ആശുപതിയുടെ വളർച്ചയ്ക്കായി അർപ്പണ ബോധത്തോടെ പ്രവർത്തിച്ച അദ്ദേഹം ഒട്ടേറെ സാമൂഹ്യാരോഗ്യ പദ്ധതികൾക്ക് രൂപം നൽകി. പ്രദേശത്തെ പ്രാഥമികാരോഗ്യ പ്രവർത്തനങ്ങളും രോഗ പ്രതിരോധ നടപടികളും ഊർജിതമാക്കി.
ബ്രോഡ്വെൽ ആശുപതിയുടെ സാന്ത്വന ചികിത്സാ വിഭാഗത്തിന്റെ വേറിട്ട പ്രവർത്തനങ്ങൾ സംസ്ഥാനത്തിന് മുഴുവൻ മാതൃകയായി. ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ചാണ് ഡോ. സുജിത് വർഗീസ് തോമസ് ഈ വിജയം നേടിയെടുത്തത്. ആരോഗ്യമേഖലയിലെ അധികൃതരുടെ അനാസ്ഥയും സന്ദേഹങ്ങളും സാമ്പത്തികമായ പ്രയാസങ്ങളും കൂടാതെ വധ ഭീഷണി തന്നെ നേരിടേണ്ടിവന്നു. എന്നാൽ തിരിച്ചടികളിൽ തളരാതെ ഇച്ഛാശക്തിയും നിശ്ചയദാർഢ്യവും പുലർത്തി വെല്ലുവിളികളെ അതിജീവിച്ച് മുന്നേറുന്നതിൽ ഡോക്ടറും അദ്ദേഹത്തിന്റെ കുടുംബവും അസാമാന്യമായ പാടവമാണ് പ്രകടമാക്കിയത്.
ലൊയോളയ്ക്കു മാത്രമല്ല രാജ്യത്തിന് മുഴുവൻ അഭിമാനിക്കാവുന്ന അതുല്യ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ലൊയോളയിലെ 2000 ബാച്ചിലെ വിദ്യാർത്ഥിയായിരുന്നു സഞ്ജയ് വിജയകുമാർ. നിലവിൽ സ്റ്റാർട്ട് അപ്പ് വില്ലേജ് ബോർഡിന്റെ ചെയർമാനും എ പി ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാലയുടെ ഡയറക്ടർ ബോർഡംഗവുമായ അദ്ദേഹം എ ഐ സി ടി ഇ സ്റ്റാർട്ടപ്പ് ഇംപ്ലിമെന്റേഷൻ കമ്മിറ്റിയിൽ അംഗവുമാണ്. കോളെജ് പഠനം കഴിഞ്ഞിറങ്ങിയ ഉടൻ തന്നെ മോബ് മി എന്ന നൂതനമായ സ്റ്റാർട്ടപ്പിന് രൂപം കൊടുക്കുകയും ആഗോള തലത്തിൽ ശ്രദ്ധേയമായ സ്റ്റാർട്ടപ്പ് സംരംഭമായി അതിനെ മാറ്റിത്തീർക്കുകയും ചെയ്തു. അതാത് സംസ്ഥാനത്തെ സർക്കാരുകളുടെയും നാസ്കോമിന്റെയും സഹകരണത്തോടെ സ്റ്റാർട്ടപ്പ് സംരംഭകത്വ പ്രോത്സാഹന പദ്ധതികൾ നടപ്പിലാക്കുന്ന അദ്ദേഹം രാജ്യത്തെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ വളർച്ചയിൽ സുപ്രധാന പങ്കു വഹിക്കുന്നു. വരും തലമുറയുടെ ഭാവി രൂപപ്പെടുത്തുന്ന പുത്തൻ പാഠ്യപദ്ധതി നൂതനമായ കാഴ്ചപ്പാടോടെ വികസിപ്പിച്ചെടുക്കുന്നതിൽ തല്പരനായ അദ്ദേഹം ആ മേഖലയിലും നിസ്തുലമായ സംഭാവനകൾ നല്കിപ്പോരുന്നു.
ലൊയോളയുടെ പൂർവ വിദ്യാർത്ഥികളിൽ അസാധാരണമായ മികവും ശേഷിയും വ്യക്തിത്വവും പ്രകടമാക്കി അനുകരണീയമായ ജീവിത മാതൃകകളായി മാറിയവരെ പുരസ്കാരങ്ങൾ നൽകി ആദരിക്കുന്നതിലൂടെ പുതുതലമുറയ്ക്ക് മാർഗദർശനം പകരുകയാണെന്ന് ലോബ പ്രസിഡന്റ് ഡോ. സി വി റാം മോഹൻ അഭിപ്രായപ്പെട്ടു. ലോകത്ത് മാറ്റങ്ങൾക്കായുള്ള പരിശ്രമങ്ങൾക്ക് ഇത്തരം പുരസ്കാരങ്ങൾ പ്രചോദനമാകും. 2016 ൽ ലോബ 120 ഓളം വരുന്ന സ്കൂൾ ജീവനക്കാർക്കായി മെഡിക്കൽ ഇൻഷുറൻസ് ഏർപ്പെടുത്തിയിരുന്നു. 2018 ൽ സർവീസിൽ നിന്ന് വിരമിച്ച നോൺ ടീച്ചിങ്ങ് ജീവനക്കാർക്കായി പെൻഷൻ പദ്ധതിയും നടപ്പിലാക്കി.