Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒന്നിച്ച് പ്രവർത്തിച്ചാൽ വലിയ നേട്ടം കൈവരിക്കാനാകും: ആരോഗ്യ കേന്ദ്രങ്ങൾക്കുള്ള പുരസ്‌ക്കാരങ്ങൾ മന്ത്രി കെ.കെ. ശൈലജ ടീച്ചർ സമ്മാനിച്ചു

ഒന്നിച്ച് പ്രവർത്തിച്ചാൽ വലിയ നേട്ടം കൈവരിക്കാനാകും: ആരോഗ്യ കേന്ദ്രങ്ങൾക്കുള്ള പുരസ്‌ക്കാരങ്ങൾ മന്ത്രി കെ.കെ. ശൈലജ ടീച്ചർ സമ്മാനിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഒന്നിച്ച് പ്രവർത്തിച്ചാൽ സംസ്ഥാനത്തെ ആരോഗ്യ മേഖലയിൽ വലിയ നേട്ടം കൈവരിക്കാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. കേരളത്തിലെ ഓരോ ആശുപത്രികളും വളരെയധികം ശ്രദ്ധിക്കണം. എല്ലാവരുംകൂടി നടത്തിയ ഭഗീരഥ പ്രയത്നമാണ് കേരളത്തിന് ഇത്രയും പുരസ്‌കാരങ്ങൾ നേടിത്തന്നത്. ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണവകുപ്പും ചേർന്ന് വലിയ പ്രവർത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ശാരീരികവും മാനസികമായ ആരോഗ്യം ഉറപ്പ് വരുത്തി ആശുപത്രികളെ ഏറ്റവും മികവുറ്റതാക്കുക എന്നതാണ് ലക്ഷ്യം. ആ ഒരു ലക്ഷ്യത്തോടെ പ്രവർത്തിച്ചതിന്റെ ഫലമായി രാജ്യത്തെ മികച്ച ആരോഗ്യ സ്ഥാപനങ്ങളിൽ 12 എണ്ണവും കേരളത്തിന് നേടായി. മാതൃ, ശിശു മരണ നിരക്കിൽ ഏറ്റവും കുറവ് കേരളത്തിലാണെന്ന പ്രത്യേകതയുമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. മികച്ച ആരോഗ്യ കേന്ദ്രങ്ങൾക്കുള്ള പുരസ്‌കാര വിതരണം തിരുവനന്തപുരം ടാഗോർ തീയറ്ററിൽ വച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ മേഖലയുടെ പുരോഗതിക്കായി ഈ സർക്കാർ വലിയ പ്രവർത്തനമാണ് നടത്തിവരുന്നത്. പകർച്ചവ്യാധികളും ജീവിതശൈലീ രോഗങ്ങളുമാണ് കേരളത്തെ ഏറ്റവുമധികം അലട്ടുന്നത്. പകർച്ചവ്യാധി നിയന്ത്രണത്തിനായി ചില മാർഗരേഖയനുസരിച്ച് ആരോഗ്യ ജാഗ്രത ക്യാമ്പയിൻ സംഘടിപ്പിച്ചു. പ്രതിദിനം പ്രതിരോധമാണ് ഇതിലൂടെ ലക്ഷ്യമാക്കിയത്. അതിന്റെ പരിപൂർണതയ്ക്ക് എല്ലാവരും ഇനിയും ശ്രദ്ധിക്കേണ്ടതാണ്. കേരളത്തെ അലട്ടുന്ന മറ്റൊന്നാണ് ജീവിതശൈലീ രോഗങ്ങൾ. 55,000 ത്തോളം പുതിയ ക്യാൻസർ രോഗികൾ പ്രതിവർഷം ഉണ്ടാകുന്നുണ്ടെന്നാണ് കണക്ക്. ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കാൻ ലോകാരോഗ്യ സംഘടനയുടെ മാർഗരേഖയാണ് അബലംബിക്കുന്നത്. രോഗം വന്നവരുടെ ചികിത്സയ്ക്കായി വലിയ സൗകര്യങ്ങളാണ് ആശുപത്രികളിലൊരുക്കുന്നത്. ജീവിതശൈലീ രോഗങ്ങൾക്കായി അമൃതം ആരോഗ്യം പദ്ധതി നടപ്പിലാക്കി. രോഗം മുൻകൂട്ടി കണ്ടുപിടിക്കുന്നതിനായി കുടുംബാരോഗ്യ കേന്ദ്രങ്ങളിൽക്കൂടി സൗകര്യമുണ്ടാക്കി.

266 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബരാരോഗ്യ കേന്ദ്രമാക്കി മാറ്റാൻ ആദ്യ വർഷത്തിൽ തന്നെ സാധിച്ചു. രണ്ടാമത്തെ വർഷത്തിൽ 504 കേന്ദ്രങ്ങളേയാണ് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയിരിക്കുന്നത്. അവയിൽ മിക്കതിലേയും നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ വർഷത്തെ കായകൽപ്, നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ് (എൻ.ക്യൂ.എ.എസ്), സംസ്ഥാനത്തെ തന്നെ അക്രഡിറ്റേഷൻ പദ്ധതിയായ കാഷ് (KASH) എന്നീ അവാർഡുകൾ മന്ത്രി കെ.കെ. ശൈലജ ടീച്ചർ സമ്മാനിച്ചു.

ജില്ലാതല ആശുപത്രികളിൽ ഒന്നാം സ്ഥാനത്തെത്തിയ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് 50 ലക്ഷം രൂപ സമ്മാനിച്ചു. ജില്ലാ തലത്തിൽ രണ്ടാം സ്ഥാനത്തെത്തിയ കോഴിക്കോട് ജനറൽ ആശുപത്രി (ബീച്ച് ഹോസ്പിറ്റൽ) 20 ലക്ഷം രൂപയും മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ആലുവ (എറണാകുളം) ജില്ലാ അശുപത്രി 5 ലക്ഷം രൂപയും ഏറ്റുവാങ്ങി. ജില്ലാതലത്തിൽ 70% ത്തിൽ കൂടുതൽ നേടിയ 8 ആശുപത്രികൾക്ക് 3 ലക്ഷം രൂപ വീതം പ്രോത്സാഹന സമ്മാനമായി നൽകി.

സബ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനത്തെത്തിയ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി കോട്ടത്തറ 15 ലക്ഷം രൂപയും രണ്ടാം സ്ഥാനത്തെത്തിയ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി പയ്യന്നൂർ 10 ലക്ഷം രൂപയും മൂന്നാം സ്ഥാനത്തെത്തിയ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി കൊടുങ്ങല്ലൂർ 3 ലക്ഷം രൂപയും ഏറ്റുവാങ്ങി. സബ് ജില്ലാതലത്തിൽ 70% ത്തിൽ കൂടുതൽ മാർക്ക് നേടിയ 4 ആശുപത്രികൾക്ക് 1 ലക്ഷം രൂപ വീതം പ്രോത്സാഹന സമ്മാനമായി ലഭിച്ചു. മികച്ച സാമൂഹ്യാരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രം/പ്രാഥമികാരോഗ്യ കേന്ദ്രം, അർബർ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയ്ക്കുള്ള അവാർഡുകളും സമ്മാനിച്ചു.

ഇതോടൊപ്പം എൻ.ക്യൂ.എ.എസ് കരസ്ഥമാക്കിയ സ്ഥാപനങ്ങൾക്കുള്ള അവാർഡും കാഷ് (KASH) അവാർഡും വിതരണം ചെയ്തു. സംസ്ഥാനത്ത് നിന്നും ഇതുവരെ 55 സ്ഥാപനങ്ങളാണ് എൻ.ക്യു.എ.എസ് അംഗീകാരം നേടിയത്. ഇതോടുകൂടി രാജ്യത്തെ ആദ്യത്തെ 12 സ്ഥാനവും കേരളം കരസ്ഥമാക്കിയിരിക്കുകയാണ്. തിരുവനന്തപുരം, ഒറ്റശേഖരമംഗലം, പൂഴനാട് കുടുംബാരോഗ്യ കേന്ദ്രം അടുത്തിടെ 99% സ്‌കോറോടെ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. കഴിഞ്ഞ വർഷം കാസർഗോഡ് കയ്യൂർ കുടുംബാരോഗ്യ കേന്ദ്രവും 99% മാർക്ക് കരസ്ഥമാക്കിയിരുന്നു. ജില്ലാ തല ആശുപത്രികളുടെ ഗണത്തിൽ ഡബ്ല്യൂ & സി കോഴിക്കോട് 96% മാക്കുകൾ നേടി ഇന്ത്യയിലെ തന്നെ ഒന്നാം സ്ഥാനം പങ്കുവെയ്ച്ചു. സബ്ജില്ലാ ആശുപത്രികളുടെ ഗണത്തിൽ 98.7% മാർക്കുകൾ നേടി താലൂക്ക് ആശുപത്രി ചാലക്കുടി ഇന്ത്യയിൽ ഒന്നാമതെത്തി. ഈ സ്ഥാപനങ്ങളും അവാർഡ് ഏറ്റുവാങ്ങി.

എൻ.ക്യു.എ.എസ് അംഗീകാരം നേടിയ 55 ആശുപത്രികളെ ഉൾക്കൊള്ളിച്ച 'നാൾവഴികൾ' എന്ന ആൽബത്തിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു.

നഗരസഭ ഡെപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്ലാനിങ് ബോർഡ് അംഗം ഡോ. ബി. ഇക്‌ബാൽ മുഖ്യാതിഥിയായിരുന്നു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, ഡൽഹി എൻ.എച്ച്.എസ്.ആർ.സി. അഡൈ്വസർ ഡോ. ജെ.എൻ. ശ്രീവാസ്തവ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. വി.ഡി. ദേവസ്യ എംഎ‍ൽഎ., എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ കേശവേന്ദ്ര കുമാർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, എൻ.എച്ച്.എം. സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. വി.ആർ. രാജു, ആയുഷ് സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. സുഭാഷ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. അജയകുമാർ, എൻ.എച്ച്.എം. സ്റ്റേറ്റ് ക്വാളിറ്റി ഓഫീസർ ഡോ. അംജിത് ഇ കുട്ടി എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP