Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പാരമൗണ്ട് ലിറ്റററി അവാർഡ് വിതരണം 23ന് ചെന്നൈ വെസ്റ്റിൻ പാർക്ക് ഹോട്ടലിൽ

പാരമൗണ്ട് ലിറ്റററി അവാർഡ് വിതരണം 23ന് ചെന്നൈ വെസ്റ്റിൻ പാർക്ക് ഹോട്ടലിൽ

സ്വന്തം ലേഖകൻ

ദോഹ : ശ്രദ്ദേയരായ ഗ്രന്ഥകാരന്മാരെ അംഗീകരിക്കുകയും വളർന്ന് വരുന്ന എഴുത്തുകാർക്ക് പ്രോത്സാഹനം നൽകുകയും ചെയ്യുന്നതിന്റെ ഭാഗമായി അമേരിക്ക ആസ്ഥാനമായ ഇന്റർനാഷണൽ പീസ് കൗൺസിൽ ഏർപ്പെടുത്തിയ ഈ വർഷത്തെ പാരമൗണ്ട് ലിറ്റററി അവാർഡ് വിതരണം ഫെബ്രുവരി 23ന് ചെന്നൈ വെസ്റ്റിൻ പാർക്ക് ഹോട്ടലിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.മുതിർന്ന മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ നവാസ് പൂനൂർ, ചലച്ചിത്ര നടനും കലാസാംസ്‌കാരിക രംഗങ്ങളിൽ ശ്രദ്ദേയ സാന്നിധ്യവുമായ മനോജ് കെ ജയൻ, അദ്ധ്യാപികയും എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ ഡോ. കെ.എക്‌സ് ട്രീസ്സ ടീച്ചർ, ഗ്രന്ഥകാരനായ ബേപ്പൂർ മുരളീധര പണിക്കർ, എഴുത്തുകാരൻ ഒ.പി ഹരീശൻ എന്നിവർക്കാണ് അവാർഡ്.

മുതിർന്ന മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ നവാസ് പൂനൂർ സുപ്രഭാതം മാനേജിങ് എഡിറ്റാണ്. സി.എച്ചിന്റെ കഥ, മമ്മുട്ടി നക്ഷത്രങ്ങളുടെ രാജകുമാരൻ, ക്ഷമയുടെ മിനാരങ്ങൾ, പ്രശസ്തരുടെ പ്രണയങ്ങൾ, കാലം കാലൊച്ച കേൾപ്പിക്കുന്നു, ചിരിക്കൂട്ട് തുടങ്ങിയ ഗ്രന്ഥങ്ങളുടെ കർത്താവാണ്. നാലര പതിറ്റാണ്ടോളമായി മാധ്യമ രംഗത്ത് നിറഞ്ഞ് നിൽക്കുന്ന നവാസ് രണ്ട് തവണ കേരള സാഹിത്യ അക്കാഡമി അംഗമായിരുന്നു. കേരള ചലച്ചിത്ര അക്കാഡമി, കേരള ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ട്, നെഹ്റു യുവകേന്ദ്ര, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ അഡൈസറി ബോർഡ് എന്നിവയിൽ അംഗമായിരുന്നു. ഷാർജ കലാ അവാർഡ്, ഭാഷാസമന്വയ വേദി അഭയദേവ് പുരസ്‌കാരം, ഇ. മൊയ്തു മൗലവി അവാർഡ്, സി.എച്ച് അവാർഡ്, അക്ഷരം അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. റിട്ട ജഡ്ജ് ടി അബ്ദുൽ മജീദ് പി.സി കുട്ടി ബി ദമ്പതികളുടെ മകനാണ്. സി.ടി ഖമറുന്നിസയാണ് ഭാര്യ. ക്ലീൻ ആൻഡ് ഹൈ ജിൻ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ നൈസി നവാസ് മകളാണ്. സി.ആൻഡ്.എച്ച്.സി എം ഡി യാസീൻ ഹസൻ ജാമാതാവാണ്.

കർണാടക സംഗീതജ്ഞനായ പത്മശ്രീ കെ.ജി ജയന്റെയും അദ്ധ്യാപികയായിരുന്ന വി. സരോജിനിയുടെയും മകനായി കോട്ടയത്ത് ജനിച്ച മനോജ് കെ ജയൻ കോളേജ് വിദ്യാഭ്യാസത്തിനുശേഷം അഭിനയ കോഴ്സ് പൂർത്തിയാക്കി 1990ൽ പെരുന്തച്ചനിലൂടെയാണ് പ്രേക്ഷകർക്കു മുന്നിലെത്തിയത്. 1992ൽ പുറത്തിറങ്ങിയ സർഗത്തിലെ 'കുട്ടൻ തമ്പുരാൻ' എന്ന കഥാപാത്രം മനോജിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. സർഗം തെലുങ്കിൽ റീമേക്ക് ചെയ്തപ്പോഴും 'കുട്ടൻ തമ്പുരാനെ' അവതരിപ്പിച്ചത് മനോജായിരുന്നു. തുടർന്നങ്ങോട്ട് ഒട്ടേറെ നായകവേഷങ്ങളും ഉപനായക വേഷങ്ങളും ചെയ്തു.

മണിരത്നം സംവിധാനംചെയ്ത ദളപതിയിലൂടെ തമിഴ് സിനിമയിൽ എത്തിയ മനോജിന് അവിടെയും ഏറെ അവസരങ്ങൾ ലഭിച്ചു. തമിഴ്, തെലുങ്ക്, കന്നഡ ഉൾപ്പെടെ എല്ലാ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.രജനികാന്ത്, വിജയ്, അജിത്ത് തുടങ്ങിയ സൂപ്പർസ്റ്റാറുകളുടെ അടക്കം ഇരുപത്തഞ്ചോളം തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

അടൂർ ഗോപാലകൃഷ്ണൻ, ഹരിഹരൻ, ഭരതൻ തുടങ്ങിയ മലയാളത്തിലെ വിഖ്യാത സംവിധായകരുടെ സിനിമകളിൽ അഭിനയിച്ച അദ്ദേഹത്തിന് മൂന്നു തവണ സംസ്ഥാന അവാർഡും നിരവധി തവണ ഫിലിം ഫെയർ അടക്കമുള്ള നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. നായകൻ, ഉപനായകൻ, വില്ലൻ തുടങ്ങിയ വൈവിധ്യമാർന്ന റോളുകളിൽ അഭിനയിച്ച് തന്റെ പ്രതിഭ തെളിയിച്ച അദ്ദേഹം ഒരു മികച്ച ഗായകൻ കൂടിയാണ്. മുപ്പത്തിരണ്ട് വർഷമായി സിനിമയിൽ സജീവമാണ്.ഭാര്യ ആശ, മകൾ തേജാലക്ഷ്മി, മകൻ അമൃത് എന്നിവർക്കൊപ്പം കൊച്ചിയിൽ താമസിക്കുന്നു.

അദ്ധ്യാപിക, ഗായിക, നർത്തകി, കവയിത്രി, ഗാനരചയിതാവ്, നോവലിസ്റ്റ്, ടെലിസീരിയൽ കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയയായ ഡോ. കെ.എക്സ്. ട്രീസ്സ ടീച്ചർ വിവിധ വിഷയങ്ങളിൽ ഒരു ഡസനോളം പി.ജി. നേടിയ ഇന്ത്യയിലെ ഏക വനിതയാണ്. 32 വർഷത്തോളം കാലിക്കറ്റ് ഗേൾസ് ഹയർസെക്കറി സ്‌കൂളിൽ ടീച്ചറായിരുന്നതിനുശേഷം കോഴിക്കോട് ബാബുരാജ് മെമോറിയൽ മ്യൂസിക് അക്കാദമിയിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു വരുന്നു. മലയാളത്തിലും ഇന്ത്യൻ സംഗീതത്തിലും ബി.എ. ബിരുദങ്ങളുള്ള ട്രീസ്സ ടീച്ചർ എം.എ. ഇംഗ്ലീഷ് ലിറ്ററേച്ചർ, കർണാട്ടിക് മ്യൂസിക്, സംസ്‌കൃത വ്യാകരണം സംസ്‌കൃത സാഹിത്യം, സംഗീതം, ഭരതനാട്യം, യോഗ, പബ്ലിക് അഡ്‌മിനിസ്ട്രേഷൻ, സോഷ്യോളജി, സൈക്കോളജി തുടങ്ങിയ വിഷയങ്ങളിൽ പന്ത്രണ്ടോളം പി.ജിയാണ് പഠിച്ചു നേടിയിട്ടുള്ളത്. 'യവനിക ഉയരുമ്പോൾ', 'രംഗവേദി', 'സദസ്സ്' എന്നിവയാണ് കവിതാ സമാഹാരങ്ങൾ. ടീച്ചർ രചിച്ച കാത്തിരുന്ന കാലം എന്ന നോവൽ 2000ൽ സൂര്യ ടിവി സംപ്രേഷണം ചെയ്തിട്ടുണ്ട്. ട്രീസ്സ ടീച്ചർ രചിച്ച 'സംഗീതാഭിമുഖം', 'സംഗീതത്തേൻ' തുടങ്ങി നാല് പുസ്തങ്ങൾ താമസിയാതെ പുറത്തിറങ്ങും. റിട്ട. സെൻട്രൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.സി. സക്കറിയയാണ് ഭർത്താവ്. സ്വീറ്റി, പ്രിറ്റി, ട്വിറ്റി എന്നിവർ മക്കളാണ്.

ജ്യോതിഷം, നാടക രചന, സാംസ്‌കാരിക പ്രവർത്തനം, പൊതുപ്രവർത്തനം തുടങ്ങിയ മേഖലകളിൽ പ്രശസ്തനായ ബേപ്പൂർ മുരളീധര പണിക്കർ ആദ്യമായി രചിച്ച നാടകം മുഹബത്ത് ബേപ്പൂർ യുവഭാവന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബാണ് അരങ്ങിൽ ആവിഷ്‌കരിച്ചത്. പാഥേയം, അഴിനില, മൂകസന്ധ്യ, സ്നേഹതീരം, ജ്യോതിഷപ്രഭ, ഹരിഹരനാദം, ചുംബന സമരം, ഗ്രാമം, മതങ്ങളെ സാക്ഷി, വെളിച്ചപ്പാതയിലെ സ്വപ്നലോകം, കൃഷ്ണസഖി, ഒരു യാത്രയുടെ അന്ത്യം, സൂര്യപുത്രിയുടെ ഓർമ്മയ്ക്ക്, മൺതോണി, ബേപ്പൂർ തമ്പി, സീതാപതി എന്നീ കൃതികളുടെ കർത്താവാണ്. ആര്യഭട്ടീയം, ഭാസ്‌കരീയം ജ്യോതിഷശ്രേഷ്ഠാചാര്യ, പരാശരി, കർമ്മ-കീർത്തി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രശസ്ത ജ്യോതിപണ്ഡിതനും പ്രഗത്ഭനുമായിരുന്ന തിരുമലയിൽ കളരിക്കൽ തറവാട്ടിലെ വേലുക്കുട്ടി പണിക്കരുടെ മകൻ ഭാസ്‌കരപണിക്കരുടെ മകനാണ്. ഷീനയാണ് ഭാര്യ, അഖില, അപർണ്ണ, അഖിൽ എന്നിവർ മക്കളാണ്.

നോവൽ, കഥകൾ എന്നിവയിലൂടെ പ്രശസ്തനാണ് ഒ.പി ഹരീശൻ. മണ്ണ്, കാളി, തേവിടിശ്ശിക്കല്ല്, ഭ്രാന്തൻഗ്രാമം, ക്ഷുരകശാന്തി, ഭ്രാന്തനായ ദൈവം (കഥകൾ) എന്നിവയാണ് പ്രധാന കൃതികൾ. ആകാശവാണിയിൽ ചെറുകഥകൾ അവതരിപ്പിച്ചിട്ടുണ്ട്. ഒ.പി നാരായണൻ നായരുടെയും കർത്ത്യായനി അമ്മയുടെയും മകനാണ്. ഭാര്യ ശ്രീലത, അഡ്വ. ഹരിത, ഹർഷദ എന്നിവർ മക്കളാണ്. കാവിലുംപാറ സ.റ. ഓഫീസ് മുദ്രപത്രം വെണ്ടറായി ജോലി ചെയ്യുന്നു.

ജീവിതത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖരുടെ സാന്നിധ്യത്തിൽ വച്ചാണ് അവാർഡ് ദാന ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് പീസ് കൗൺസിൽ ഭാരവാഹികളായ ഡോ. എസ്. ശെൽവിൻകുമാർ, ഡോ. അമാനുല്ല വടക്കാങ്ങര, ഡോ. ശാന്തി ഒമകന്തം എ്ന്നിവർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP