Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാഴ കർഷകർക്ക് സംസ്ഥാനത്ത് ആദ്യമായി സംഘടന; പ്രസിഡന്റായി കൃഷി ശാസ്ത്രജ്ഞനും കർഷകനുമായ എൻ ശ്രീകുമാർ

വാഴ കർഷകർക്ക് സംസ്ഥാനത്ത് ആദ്യമായി സംഘടന; പ്രസിഡന്റായി കൃഷി ശാസ്ത്രജ്ഞനും കർഷകനുമായ എൻ ശ്രീകുമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി വാഴ കർഷകർ സംഘടിക്കുന്നു. കേരളത്തിന്റെ കാർഷിക ചരിത്രത്തിൽ നാളിതുവരെ ഒരുതരത്തിലുള്ള സംഘടനാ രൂപവും ഇല്ലാതിരുന്ന വാഴക്കൃഷിക്കാരെ കോർത്തിണക്കി സംഘടനാ സംവിധാനവും പ്രവർത്തന പദ്ധതികളും തയ്യാറാക്കുന്നത് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ(സിസ്സ) ആണ്.

വാഴ കർഷക സംഘത്തിന്റെ (ബനാന ഫാർമേഴ്സ് അസോസിയേഷൻ - ബി എഫ് എ) പ്രഥമ പ്രസിഡന്റായി കൃഷി ശാസ്ത്രജ്ഞനും കർഷകനുമായ എൻ ശ്രീകുമാർ തിരഞ്ഞെടുക്കപ്പെട്ടു. എം രാജേന്ദ്രകുമാർ, പി ടി ഗോപിനാഥൻ നായർ(വൈസ് പ്രസിഡന്റുമാർ); ജി പവിത്രകുമാർ(ജനറൽ സെക്രട്ടറി); പി ശ്രീധരൻ നായർ, പി വി പത്മകുമാരൻ നായർ, എ ശ്രീകണ്ഠൻ(സെക്രട്ടറിമാർ); പി കെ പത്മകുമാർ(ഖജാൻജി) എന്നിവരാണ് സംഘടനാ ഭാരവാഹികൾ. സംസ്ഥാനത്തുടനീളമുള്ള വാഴക്കർഷകരെ കൂട്ടിയിണക്കി സംഘം ശക്തിപ്പെടുത്തുമെന്നും വർഷങ്ങളായി അവർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾ നടത്തുമെന്നും സംഘടന അറിയിച്ചു.

സിസ്സയുടെ മുൻകൈയിൽ സംസ്ഥാനത്ത് ആദ്യമായി കഴിഞ്ഞ വർഷം സംഘടിപ്പിച്ച വാഴ മഹോത്സവം വലിയ വിജയമായിരുന്നു. കേരളത്തിനകത്തും പുറത്തും സജീവ ചർച്ചാവിഷയമായി മാറിയ വാഴമഹോത്സവത്തിന്റെ വൻവിജയമാണ് വാഴ കർഷക കൂട്ടായ്മ എന്ന ആശയത്തിലേക്ക് നയിച്ചതെന്ന് സിസ്സ ജനറൽ സെക്രട്ടറി ഡോ. സി സുരേഷ്‌കുമാർ പറഞ്ഞു. സംസ്ഥാനത്ത് പൊതുവെ കർഷകരുടെ എണ്ണത്തിൽ വലിയ അളവിൽ കുറവ് വരുന്നു എന്ന പരാതി ഉയരുമ്പോഴും വാഴ കർഷകരുടെ കാര്യത്തിൽ മറിച്ചാണ് അവസ്ഥയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ നാട്ടിൽ ചെറിയ തോതിലെങ്കിലും വാഴ കൃഷി ചെയ്യാത്ത ഒറ്റ വീടും ഇല്ലെന്നു തന്നെ പറയാം. എന്നാൽ വാഴ കൃഷി ചെയ്യുന്നവർക്ക് സ്വന്തമായി ഒരു സംഘടനയോ രാഷ്ട്രീയ രക്ഷാകർതൃത്വമോ തലതൊട്ടപ്പന്മാരുടെ സംരക്ഷണ വലയമോ ഇല്ല.

മൂല്യവർധിത ഉല്പന്നങ്ങൾക്ക് ഈ രംഗത്ത് വലിയ സാധ്യതകളാണ് ഉള്ളത്. അത്തരം സംരംഭങ്ങളുമായി മുന്നോട്ടുവരുന്നവരെ സർവാത്മനാ പിന്തുണയ്ക്കാൻ സിസ്സ പ്രതിജ്ഞാബദ്ധമാണ്. സംഘടന രൂപീകരണ യോഗത്തിൽ ഒട്ടേറെ കർഷകർ എത്തിച്ചേർന്നെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ കാർഷിക സമ്പദ്വ്യവസ്ഥയിൽ വാഴ കൃഷിക്ക് അർഹമായ സ്ഥാനം നേടിയെടുക്കുമെന്ന് ബി എഫ് എയുടെ ആദ്യ പത്രക്കുറിപ്പിൽ പറയുന്നു. സംസ്ഥാനത്തുടനീളം സംഘടനയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും. വാഴയിനങ്ങളുടെ കാര്യത്തിൽ രാജ്യത്ത് ഏറ്റവുമധികം വൈവിധ്യം കാണപ്പെടുന്ന സംസ്ഥാനമാണ് കേരളമെന്ന് ബി എഫ് എയുടെ പ്രഥമ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എൻ ശ്രീകുമാർ അഭിപ്രായപ്പെട്ടു. എന്നാൽ വാഴയുടെ നാനാതരത്തിലുള്ള പ്രയോജനങ്ങൾ ജനങ്ങൾക്കിടയിൽ ഇനിയും പ്രചാരം നേടേണ്ടിയിരിക്കുന്നു. വാഴക്കൂമ്പിന്റെ ഔഷധഗുണങ്ങളെപ്പറ്റി ഈയിടെ നിരവധി പഠന റിപ്പോർട്ടുകൾ വന്ന കാര്യം അദ്ദേഹം ഓർമിപ്പിച്ചു.

ബനാന റിസോഴ്സ് സെന്റർ: സിസ്സയുടെ മറ്റൊരു നൂതനമായ ചുവടുവെപ്പായി കല്ലിയൂർ പഞ്ചായത്തിൽ ബനാന റിസോഴ്സ് സെന്ററും (ബി ആർ സി) സ്ഥാപിച്ചു. വാഴക്കൃഷി ലാഭകരമാക്കാനുള്ള ആധുനിക വിജ്ഞാനവും ശാസ്ത്രീയ പരിശീലനവും കർഷകർക്ക് പകർന്നു നൽകുകയാണ് ബി ആർ സി യുടെ ലക്ഷ്യം. പ്രാദേശികമായ പ്രത്യേകതകൾക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ ഇനം കൃഷി ചെയ്യാൻ കർഷകരെ പ്രേരിപ്പിക്കുകയും അതിന്റെ പ്രയോജനങ്ങൾ അവർക്ക് എത്തിക്കുകയുമാണ് ലക്ഷ്യം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP