Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആഗോളമലയാളിയും ഭാഷയും ചർച്ചചെയ്ത് ഭൂമിമലയാളം ഭാഷാസെമിനാർ

ആഗോളമലയാളിയും ഭാഷയും ചർച്ചചെയ്ത് ഭൂമിമലയാളം ഭാഷാസെമിനാർ

തിരുവനന്തപുരം : മലയാളഭാഷയും പ്രവാസവും മലയാളി എന്ന സമൂഹത്തിൽ സൃഷ്ടിച്ച സാംസ്‌കാരികകൈമാറ്റങ്ങളും വികാസപരിണാമങ്ങളും സമഗ്രമായി ചർച്ചചെയ്തു മലയാളം മിഷൻ സംഘടിപ്പിക്കുന്ന ഭൂമിമലയാളം പദ്ധതിയുടെ ഭാഗമായി നടത്തിയ ഭാഷാസെമിനാർ. അകം കേരളത്തിലെയും പുറം കേരളത്തിലെയും മലയാളികളെ കൂട്ടിയിണക്കുന്ന ഭാഷയുടെ കരുത്ത് ചർച്ച ചെയ്ത സെമിനാറിൽ ഭാഷാ-സാംസ്‌കാരിക-മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

ലോകമൊട്ടാകെ, എവിടെയെല്ലാം മലയാളിയുണ്ടൊ, അവിടെയെല്ലാം മലയാള ഭാഷാ പഠന പ്രവർത്തനങ്ങൾ എത്തിക്കാനുള്ള ബൃഹദ് ഉദ്യമത്തിന്റെ തുടക്കമാണ് ഭൂമിമലയാളം പദ്ധതിയെന്ന് ഡയക്ടർ പ്രൊഫ. സുജ സൂസൻ ജോർജ്ജ് പറഞ്ഞു. പ്രളയാനന്തര കേരളത്തിന്റെ അതിജീവന ചരിത്രത്തിൽ ഭാഷയുടെ നിർണായകസ്ഥാനം വ്യക്തമായിരുന്നു. ഭാഷ നമ്മെ സാമൂഹികമായും സാംസ്‌കാരികമായും വൈകാരികവുമായും കൂട്ടിയിണക്കുകയാണെന്നും സുജ സൂസൻ ജോർജ്ജ് കൂട്ടിച്ചേർത്തു.

മലയാളി മലയാളം മറന്നാൽ മലയാള മാധ്യമങ്ങൾ ഉണ്ടായില്ലെന്നു ചർച്ച നയിച്ചുകൊണ്ട് കേരള മീഡിയ അക്കാദമി ചെയർമാൻ ആർ. എസ്. ബാബു ഓർമിപ്പിച്ചു.ഭാഷയുമായി ബന്ധപ്പെട്ടുള്ള അപകർഷതാബോധത്തിൽ നിന്ന് മോചനം നേടാൻ ഭൂമിമലയാളം ക്യാംപെയ്ൻ സഹായിക്കട്ടെ എന്നു കവി പ്രഭാ വർമ്മ പ്രത്യാശ പ്രകടിപ്പിച്ചു. ഐക്യകേരളവും മലയാളഭാഷയും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദേഹം.

മലയാളി കൊച്ചുകേരളത്തിന്റെ ഭാഗം മാത്രമല്ല, ലോകമൊട്ടാകെ പടർന്നുകിടക്കുന്ന വിശാല കേരളത്തിന്റെ ഭാഗമാണെന്ന ബോധം ഉൾക്കൊള്ളണമെന്ന് പ്രവാസി ക്ഷേമകാര്യ ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞുമുഹമ്മദ് പറഞ്ഞു. പ്രവാസജീവിതവും സാംസ്‌കാരികാനുഭവവും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമപ്രവർത്തകയും പിഎസ് സി അംഗവുമായ ആർ. പാർവതി ദേവി ഭാഷയിലെ സാംസ്‌കാരികമുദ്രകൾ എന്ന വിഷയവും ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നവമലയാള സിനിമയിലെ ഭാഷയും മാധ്യമപ്രവർത്തകരായ പി. എം. മനോജ് ആഗോളമലയാളിയും നവമാധ്യമസാധ്യതകളും എന്ന വിഷയവും . എം. എസ്. ശ്രീകല പെൺമലയാളം എന്ന വിഷയവും ഇ. സനീഷ് പ്രവാസിമലയാളിയും മലയാള വാർത്താമാധ്യമങ്ങളും എന്ന വിഷയവും ആസ്പദമാക്കി സംസാരിച്ചു.

കേരള പത്രപ്രവർത്തക യൂനിയൻ തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറി ബി. അഭിജിത് ആശംസയും, മലയാളം മിഷൻ രജിസ്ട്രാർ എം. സേതുമാധവൻ നന്ദിയും പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP