Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റെയിൽവേ സ്റ്റേഷനുകളിൽ 24 മണിക്കൂർ ക്ലോക്കുകൾ സജ്ജീകരിക്കണമെന്ന് കുട്ടനാട്-എറണാകുളം റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷന്റെ നിവേദനം; ഉറപ്പ് നല്കി ഇന്ത്യൻ റെയിൽവേ

റെയിൽവേ സ്റ്റേഷനുകളിൽ 24 മണിക്കൂർ ക്ലോക്കുകൾ സജ്ജീകരിക്കണമെന്ന് കുട്ടനാട്-എറണാകുളം റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷന്റെ നിവേദനം; ഉറപ്പ് നല്കി ഇന്ത്യൻ റെയിൽവേ

റെയിൽവേ സ്റ്റേഷനുകളിൽ നിലവിൽ സ്ഥാപിച്ചിട്ടുള്ള 12 മണിക്കൂർ ക്ലോക്കുകൾ കൂടുതൽ മാറ്റം വരുത്താതെയും അധികച്ചെലവു കൂടാതെയും യാത്രക്കാർക്കു ഏറെ പ്രയോജനപ്പെടും വിധം 24 മണിക്കൂർ ആക്കി മാറ്റണമെന്ന ആവശ്യം അതിനായുള്ള ഭരണനയം പുറപ്പെടുവിക്കുന്നതിനനുസരിച്ച് സജ്ജീകരിക്കുമെന്നു ഇന്ത്യൻ റെയിൽവേസ് അറിയിച്ചു.

ഒറ്റ ക്ലോക്കിൽ 12 മണിക്കൂർ, 24 മണിക്കൂർ ഡയൽ നടപ്പിലാക്കണമെന്നു ചൂണ്ടിക്കാട്ടി കുട്ടനാട്-എറണാകുളം റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ (കെർപ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളിൽ നല്കിയിരുന്ന നിവേദനത്തിനുള്ള മറുപടിയിലാണ് ദക്ഷിണ റെയിൽവേ സീനിയർ ഡിവിഷണൽ കൊമേഴ്സിയൽ മാനേജർ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വിഷയത്തിൽ നയപരമായ അധികൃത തീരുമാനത്തിനു പ്രാധാന്യമുണ്ട്.

റെയിൽവേയിൽ 24 മണിക്കൂർ ഘടികാര വ്യവസ്ഥയാണ് (ക്ലോക്ക് സിസ്റ്റം) സമയക്രമം പിന്തുടരുന്നതിലെ പരമ്പരാഗത രീതി. ടൈംടേബിളുകളിലും സമയ അറിയിപ്പുകളിലും രേഖാമൂലവും വായ്മൊഴിയുമായി ഈ രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാൽ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നു മുതൽ 12 വരെ മണിക്കൂറുകൾ അടയാളപ്പെടുത്തിയ അനങ്ങുന്ന സൂചികളുള്ള 12 മണിക്കൂർ അനലോഗ് ക്ലോക്കുകളാണ് പ്രാബല്യത്തിലുള്ളത്.

രാവിലെ (എ.എം)., ഉച്ചകഴിഞ്ഞ് (പി.എം) എന്നു ഉപയോഗിക്കാതെ മൈക്കിലൂടെയുള്ള 24 മണിക്കൂർ അടിസ്ഥാനരീതിയിലെ സമയ അറിയിപ്പുകളും പ്ലാറ്റ്ഫോമുകളിലെ 12 മണിക്കൂർ സമയം കാട്ടുന്ന ക്ലോക്കും തമ്മിലുള്ള സമ്മിശ്രണം ദിവസേന ആയിരക്കണക്കിനു യാത്രക്കാർക്കിടയിൽ വലിയതോതിലുള്ള തെറ്റിദ്ധാരണയും ആയാസവും മാനസിക പിരിമുറുക്കവുമാണുണ്ടാക്കുന്നതെന്നു നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

മണിക്കൂർ എഴുത്തിൽ ആവശ്യമായ അല്പം ഭേദഗതി വരുത്തി യാത്രക്കാർക്കു പകലും രാത്രിയും സമയം പെട്ടെന്നു മനസിലാക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്നായിരുന്നു ആവശ്യം. ക്ലോക്ക് മാറ്റാതെ നിഷ്പ്രയാസം ഡയലിൽ സമയം അങ്കനം ചെയ്ത് സമയ പ്രദർശനം 12 മണിക്കൂറിൽ നിന്നു 24 മണിക്കൂർ ആക്കാമെന്നാണ് കെർപ പ്രസിഡന്റ് വ്യക്തമാക്കിയിരുന്നത്. ഇപ്പോഴത്തെ 12 മണിക്കൂർ ക്ലോക്ക് ഡയൽ 24 മണിക്കൂർ ആക്കി മാറ്റുന്നതിനു നിലവിലുള്ള ക്ലോക്കുകളിൽ ഒരു മണിയുടെ സ്ഥാനത്തോടു ചേർത്തു 13-ൽ തുടങ്ങി തുടർച്ചയായി 12 മണിയുടെ കീഴിൽ 24 വരെ യഥാസ്ഥാനങ്ങളിൽ തുടർച്ചയായി ഓരോ മണിക്കൂറിലും ക്രമത്തിൽ അക്കങ്ങൾ ചേർത്താൽ മതിയാകുമെന്നും അത് ചെലവു കുറഞ്ഞ രീതിയിൽ നടപ്പിലാക്കാമെന്നും രൂപമാറ്റം വരുത്തിയ ഡയലുകളുടെ ചിത്രങ്ങൾ സഹിതം അവതരിപ്പിക്കുകയായിരുന്നു. ഇങ്ങനെയാക്കിയാൽ അനൗൺസ്മെന്റ് കേൾക്കുമ്പോൾ യാത്രക്കാർക്ക് ഒറ്റനോട്ടത്തിൽ സമയം കൃത്യമായി വ്യക്തമാകുകയും ചെയ്യും.

ഈ ആവശ്യം വർഷങ്ങളായി ഉന്നയിച്ചു വരുന്നുണ്ട്. ഇതു സംബന്ധിച്ചു ഏറ്റവും അവസാനം റെയിൽവേയ്സിനു കെർപ നിവേദനം നല്കിയത് 2016 ഏപ്രിൽ 10-നാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP