Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹെൽമറ്റ് വേട്ട മാത്രം കർശനമായി നടപ്പാക്കുന്നതിലെ ദുരൂഹ ലക്ഷ്യം കണ്ടെത്തണമെന്നു കോൾഫ്

ഹെൽമറ്റ് വേട്ട മാത്രം കർശനമായി നടപ്പാക്കുന്നതിലെ  ദുരൂഹ ലക്ഷ്യം കണ്ടെത്തണമെന്നു കോൾഫ്

ആലപ്പുഴ: മോട്ടോർ വാഹന നിയമത്തിലെ ഹെൽമറ്റ് വേട്ട നിയമം മാത്രം ഇടയ്ക്കിടെ കർശനമായി നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നതിനു പിന്നിലെ ദുരൂഹലക്ഷ്യം കണ്ടെത്താൻ മനുഷ്യാവകാശ പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നു സിറ്റിസൺസ് ഓപ്പൺ ലീഗൽ ഫോറം (കോൾഫ്) അഭ്യർത്ഥിച്ചു. ഏതായാലും ഇത് പൊതുജനങ്ങളുടെ സുരക്ഷ ലക്ഷ്യമാക്കിയല്ല. അങ്ങനെയാണെങ്കിൽ മറ്റു പല ഗുണകരമായ നടപടികളും സർക്കാർ ഇതിനു മുൻപു സ്വീകരിക്കേണ്ടതുണ്ട്.

മുൻകാലങ്ങളിലൊക്കെ ഹെൽമറ്റ് കർശനമാക്കൽ വിഷയത്തിൽ ഇടയ്ക്കിടെ വൻതുക കോഴയായി മറിഞ്ഞിട്ടുണ്ടെന്നു ആരോപണമുയർന്നിട്ടുണ്ടെങ്കിലും പൂർണമായ തെളിവുകളുടെ അഭാവത്തിൽ അവ തേഞ്ഞുമാഞ്ഞു പോകുകയാണ് പതിവ്. നൂറു ശതമാനം പരിരക്ഷ ഉറപ്പു നല്കാൻ സർക്കാരിനു കഴിയാത്ത ഒരു കാര്യത്തിനാണ് നിഷ്‌കരുണം കോടതി നടപടികളൊന്നും കൂടാതെ പൊലീസ് റോഡിൽ നിന്നു നേരിട്ടു ശിക്ഷ വിധിക്കുകയും പിഴ ഈടാക്കുകയും ചെയ്യുന്നത്. ഇതേസമയം, റോഡിന്റെ സുരക്ഷാ നില മെച്ചപ്പെടുത്തുന്നതിനും മോശം നിലവാരമുള്ള ഹെൽമറ്റ് വില്പന തടയുന്നതിനും സർക്കാർ ഭാഗത്തു നിന്നു നടപടികളില്ലെന്നുള്ളതു ദയനീയാവസ്ഥയാണ്.

റോഡപകടങ്ങൾക്കു വഴിവയ്ക്കുന്ന ഒരു നൂറുകൂട്ടം കാരണങ്ങളുണ്ടെങ്കിലും അവയൊന്നും തന്നെ പരിഹരിക്കാൻ ശ്രമിക്കാതെ അന്യർക്കു മാനസികമായോ ശാരീരികമായോ യാതൊരു തരത്തിലുമുള്ള ക്ഷതമുണ്ടാക്കാത്തതും തലയിൽ വച്ചില്ലെങ്കിൽ യാതൊരു വിധത്തിലും അപകട കാരണവുമാകാത്തതുമായ ഹെൽമറ്റിന്റെ പേരിലാണ് റോഡിൽ പൊലീസ് ഇരുചക്രവാഹനയാത്രക്കാരെ മാത്രം പീഡിപ്പിക്കുന്നതും അവിടെ നിന്നു തന്നെ ഉടനടി പിഴശിക്ഷ ഈടാക്കുന്നതും. ഖജനാവിലേക്കും വേണമെങ്കിൽ സ്വന്തം കീശയിലേക്കും ഇത്രയും സുഗമവും അനായാസവുമായി പണം എത്തിക്കാൻ ഹെൽമറ്റ് വേട്ട പോലെ മറ്റൊരു ഏർപ്പാടും പൊലീസിനും മോട്ടോർ വാഹന വകുപ്പിനുമില്ല. പൊല്ലാപ്പുകൾ ഒഴിവാക്കാൻ ആരും ഇക്കാര്യത്തിൽ പരാതിപ്പെടാൻ തുനിയുകയില്ലെന്നു പകൽപോലെ വ്യക്തവുമാണ്.

റോഡിൽ ഇരുചക്രവാഹന ഡ്രൈവർമാർ മാത്രമല്ല അപകടത്തിൽപ്പെടുന്നതും പരിക്കേൽക്കുന്നതും മരിക്കുന്നതും. അങ്ങനെയായാൽ റോഡിൽ ഇറങ്ങുന്ന എല്ലാ വാഹനസഞ്ചാരികളും കാൽനടയാത്രികരും ഹെൽമറ്റ് ധരിക്കണമെന്ന നിയമം വേണ്ടിവരും. സുരക്ഷാ നടപടികൾ ഓരോരുത്തരും സ്വമേധയാ ചെയ്യേണ്ടതാണ്. അതിനു സമൂഹത്തിലെ ഒരു കൂട്ടർക്കു മാത്രം നിയമവും ശിക്ഷയും പീഡനവും ബാധകമാക്കേണ്ടതില്ല. അനന്തര ഫലങ്ങളെക്കുറിച്ചു ഇല്ലാത്ത ഭയം ജനിപ്പിച്ചു പിഴ ഈടാക്കുന്നതു ജനാധിപത്യവിരുദ്ധവും നിഷ്ഠൂരവുമാണ്. ആൾക്കാരുടെ സ്വയരക്ഷ അവരവർ തന്നെ നോക്കിക്കൊള്ളും. ചെരിപ്പിടുന്നതും കുട പിടിക്കുന്നതും വീട് പൂട്ടിയിടുന്നതും അതിന്റെ ഭാഗമാണ്.

നാട്ടിലെ ഏറ്റവും വലിയ ക്രിമിനൽ കുറ്റവാളികൾ എന്ന നിലയിലാണ് ഹെൽമറ്റ് ധരിക്കാത്ത ഇരുചക്ര വാഹന ഡ്രൈവർമാരെ പൊലീസ് കൈകാര്യം ചെയ്യുന്നത്. ഇതേസമയം, ഹെൽമറ്റ് വച്ചു ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കൊലപാതകികളും പിടിച്ചുപറിക്കാരും എടിഎം കൊള്ളക്കാരും നാട്ടിലെങ്ങും വിലസുകയുമാണ്. അക്കൂട്ടരെയൊന്നും പൊലീസ് സ്വന്തം കഴിവുകൊണ്ടു പിടികൂടിയ ചരിത്രവുമില്ല. ഹെൽമറ്റ് ആയുധമാക്കി മറ്റുള്ളവരെ ആക്രമിക്കുന്നവരുടെ കൂട്ടത്തിൽ പൊലീസുകാരുമുണ്ട് എന്നതാണ് ഗുരുതരമായ മറ്റൊരു പ്രശ്നം.

ജീവൻ രക്ഷയ്ക്കും പരിക്കു തടയുന്നതിനും ഹെൽമറ്റ് ഒരു തരത്തിലും ഉറപ്പുനല്കുന്നില്ലെന്നു ഗുണനിലവാര മാനദണ്ഡങ്ങൾ തയാറാക്കി ഐഎസ്ഐ മുദ്രാ സർട്ടിഫിക്കറ്റ് നല്കുന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്സ് (മുൻപ് ഇന്ത്യൻ സ്റ്റാൻഡാർഡ്സ് ഇൻസ്റ്റിറ്റ്യൂട്ട്) തന്നെ വ്യക്തമാക്കുന്നുണ്ട്. അതു കൂടാതെ ആർക്കും ആധുനിക സംവിധാനങ്ങളുപയോഗിച്ചു ഹെൽമറ്റിൽ മുദ്ര പതിപ്പിക്കാനുമാകും. അങ്ങനെയുള്ള ഒരു സാമഗ്രി ഒരു കൂട്ടരുടെ തലയിൽ മാത്രം നിർബന്ധിതമായി ധരിപ്പിക്കാനാണ് സർക്കാരിന്റെ യുക്തിരഹിതമായ വിപരീതബുദ്ധി മൂലമുള്ള ശ്രമം. നിരത്തിലിറങ്ങുന്ന ഇരുചക്രവാഹന ഡ്രൈവർമാർ എല്ലാം തലയടിച്ചു വീഴുന്നുണ്ടെന്നാണ് സർക്കാരിന്റെ നിഗമനമെന്നു തോന്നുന്നു. എന്നാൽ ഹെൽമറ്റ് വച്ചു അപകടത്തിൽപ്പെടുന്നവരുടെ പരിക്കിന്റെയോ മരണത്തിന്റെയോ കണക്ക് സർക്കാർ കൈവശമില്ലതാനും.

കൂടാതെ ഓരോ തലയുടെ വലുപ്പത്തിനും പാകമാകാത്തതും ഭാരക്കൂടുതലുള്ളതുമായ ഹെൽമറ്റ് വയ്ക്കുന്നതു തന്നെ പലവിധ രോഗങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും കാഴ്ച-ശ്രവണ തടസ്സങ്ങൾക്കും കാരണമാകുന്നു. അപകടങ്ങളിൽ പരിക്കിനും മരണത്തിനു വരെയും ഹെൽമറ്റ് ധാരണം ഇടയാക്കാറുണ്ട്. വേനൽക്കാലവും മഴക്കാലവും ഹെൽമറ്റ് ദുരിതമാണ്. കൂടിയ താപനിലയും ഈർപ്പവും മനുഷ്യാരോഗ്യത്തെ ഗുരുതരമായാണ് ബാധിക്കുന്നത്.

എന്നിട്ടാണ് ഹെൽമറ്റ് നിർബന്ധമാക്കുന്ന നിയമം ഇടയ്ക്കിടെ നിർബന്ധമാക്കുന്നത്. നിയമം നിർമ്മിക്കുന്ന പാർലമെന്റ് അംഗങ്ങളും നിയമം വ്യാഖ്യാനിക്കുന്ന ന്യായാധിപരും ഇരുചക്രവാഹന യാത്രികരോ ഹെൽമറ്റ് ഉപയോഗിക്കുന്നവരോ അല്ല. അക്കൂട്ടർക്കു ജനങ്ങളുടെ ചെലവിൽ സഞ്ചരിക്കാൻ ഡ്രൈവർ ഉൾപ്പെടെയുള്ള ആഡംബര വാഹനങ്ങളും എല്ലാ ഗതാഗത നിയമങ്ങളും തട്ടിത്തെറിപ്പിച്ചും മറ്റുള്ളവരെ ദുരിതത്തിലാഴ്‌ത്തിയും പാഞ്ഞുപോകാൻ പൈലറ്റും എസ്‌കോർട്ടുമുണ്ട്. അത്തരം വാഹനവ്യൂഹങ്ങളുടെ വേഗമോ അവയുണ്ടാക്കുന്ന മാരകമായ അപകടങ്ങളോ ബുദ്ധിമുട്ടുകളോ നിയമ ലംഘനങ്ങളോ ചർച്ചയിൽ വരാറുപോലുമില്ല.

മാനദണ്ഡങ്ങൾ പാലിക്കാത്തതും വ്യാജവുമായ വില്ക്കാൻ വച്ചിരിക്കുന്ന ഹെൽമറ്റുകൾ പിടിച്ചെടുത്തു പൊതുജനമധ്യേയിട്ടു നശിപ്പിക്കണമെന്ന ആവശ്യത്തിന് നാലു പതിറ്റാണ്ടു കാലത്തെ പഴക്കമുണ്ട്. മാറിമാറി തെരഞ്ഞെടുക്കപ്പെട്ടു വരുന്ന ഒരു സർക്കാരും ഈ ആവശ്യം പരിഗണിക്കാത്തത് ആത്മാർഥത ആരോടാണെന്നു വെളിവാക്കുന്നു. ഒളിച്ചും പാത്തും ചാടിവീണും ഓടിച്ചിട്ടു പിടിച്ചും വളവിനും റോഡിനു എതിർവശത്തും നിന്നും നടത്തുന്ന ഹെൽമറ്റ് വേട്ട ഒഴിവാക്കി പൊലീസുകാരെ ജംഗ്ഷനുകളിലും മറ്റും ഗതാഗത നിയന്ത്രണത്തിനു നിയോഗിച്ചാൽ തന്നെ റോഡപകടങ്ങൾ കുത്തനെ കുറയും. സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവുകൾ പാലിക്കാതെയാണ് ഭൂരിഭാഗം ഹെൽമറ്റ് വേട്ടകളും സംസ്ഥാനത്തു അപകടകരമായ രീതിയിൽ നടത്തിക്കൊണ്ടിരിക്കുന്നത്.

ഹെൽമറ്റ് വേട്ടയും പിഴപ്പിരിവും സ്വകാര്യവത്ക്കരിക്കുകയെന്ന വൻ ഗൂഢാലോചനയുടെ ഭാഗമായി വേണം ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവരും പിന്നിലിരിക്കുന്നവരും ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ നടപടി കർശനമാക്കണമെന്ന ഏറ്റവും പുതിയ നിർദേശത്തെ കാണാൻ. എന്നാലും ചില മതവിഭാഗങ്ങളിൽപ്പെട്ടവർ ഹെൽമറ്റ് ധരിക്കേണ്ടതില്ല എന്ന നിയമം നിലനില്ക്കുന്നുമുണ്ട്. പരസ്പരം യോജിക്കാത്തതും സാധാരണക്കാർക്കു മനസിലാകാത്തതുമായ നിയമ യുക്തിയാണിത്.

ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്ന രണ്ടു പേരും ഹെൽമറ്റ് ധരിക്കണമെന്നു മുൻപു പലപ്രാവശ്യം നിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളതാണ്. സുപ്രീം കോടതി വിധിയുണ്ടെന്നാണ് ഇതിനുള്ള കാരണമായി പറയുന്നത്. വാഹനാപകടങ്ങൾ ഒഴിവാക്കാൻ റോഡുവക്കിലെ അനധികൃത നിർമ്മിതികളും ദേവാലയങ്ങളും പൊളിച്ചു നീക്കണം എന്നതുൾപ്പടെയുള്ള പല സുപ്രീം കോടതി വിധികളും വന്നിട്ടു ഏറെ വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത സർക്കാരാണ് ഇടയ്ക്കിടെ ഹെൽമറ്റ് നിയമം പൊക്കിപ്പിടിച്ചു കൊണ്ടുവരുന്നതെന്നതു തികച്ചും ലജ്ജാകരമാണ്. കൂടാതെ ഒരിക്കലും പാലിക്കപ്പെടാത്തതും നടപ്പിലാക്കത്തതുമായ നിയമങ്ങളും കോടതിവിധികളും ധാരാളമുണ്ടുതാനും. പ്രത്യേകിച്ചു മനുഷ്യന്റെ സഞ്ചാരസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടവ അനേകമുണ്ട്.

ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ ഇൻഷ്വറൻസ് നഷ്ടപരിഹാര പരിരക്ഷ ഇരുചക്രവാഹന യാത്രികർക്കു നല്കേണ്ടതില്ലെന്ന വിവേചനപരമായ ഉത്തരവും ഇൻഷ്വറൻസിന്റെ ലക്ഷ്യത്തെ തകിടം മറിക്കുന്നു. മരണം ഏതായാലും മരണം തന്നെയാണ്. അല്ലാതെ ഓരോ മരണത്തേയും വേർതിരിച്ചു നഷ്ടപരിഹാരം നല്കുന്നതു സമൂഹത്തോടുള്ള വെല്ലുവിളിയാണ്. വൻ തോതിലുള്ള നിരക്കിൽ പ്രീമിയം നിയമപ്രകാരം നിർബന്ധിതവും ഏകപക്ഷീയവുമായി ഈടാക്കിയ ശേഷം നഷ്ടപരിഹാരം നല്കാതെ ഇൻഷ്വറൻസ് കമ്പനികൾക്കു കോടിക്കണക്കിനു രൂപ ലാഭമുണ്ടാക്കാനുള്ള കുത്സിത നീക്കത്തിന്റെ ഭാഗമാണത്. ഇതേസമയം, ഹെൽമറ്റ് വച്ചു അപകടത്തിൽ പരിക്കേൽക്കുന്നവരുടെയും മരിക്കുന്നവരുടെയും നഷ്ടപരിഹാരത്തുകനില എന്താണെന്നു വ്യക്തമാക്കിയിട്ടുമില്ല.കൺവീനർ അഡ്വ. വി.മഹേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP