Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സീറ്റ് ബെൽറ്റ് കുരുക്ക്: ഗവേഷണപരമായ അന്വേഷണം വേണമെന്നു കോൾഫ്

സീറ്റ് ബെൽറ്റ് കുരുക്ക്: ഗവേഷണപരമായ അന്വേഷണം വേണമെന്നു കോൾഫ്

സ്വന്തം ലേഖകൻ

ആലപ്പുഴ: വാഹനാപകടങ്ങളിൽ സീറ്റ് ബെൽറ്റ് കുടുങ്ങിയും മുറുകിയും നീക്കം ചെയ്യാനാകാതെയും യാത്രക്കാർക്കു കൂടുതൽ പരിക്കേൽക്കുന്നതിനെയും മരണം വരെ സംഭവിക്കുന്നതിനെക്കുറിച്ചും ഗവേഷണപരമായ അന്വേഷണവും കണക്കെടുപ്പും നടത്താൻ സംസ്ഥാന സർക്കാർ മുന്നോട്ടു വരണമെന്നു സിറ്റിസൺസ് ഓപ്പൺ ലീഗൽ ഫോറം (കോൾഫ്) ആവശ്യപ്പെട്ടു. സീറ്റ് ബെൽറ്റ് ഉപയോഗിക്കുന്നതു നൂറു ശതമാനം സുരക്ഷിതത്വം നല്കുമെന്നു യാതൊരു ഉറപ്പുമില്ലാത്ത സാഹചര്യത്തിലാണ് കാറിൽ സഞ്ചരിക്കുന്ന എല്ലാവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്നും അല്ലെങ്കിൽ വൻ തുക പിഴ ഒടുക്കണമെന്നുള്ള നിയമം കർക്കശമാക്കുന്നത്. ഇതേ പശ്ചാത്തലത്തിലുള്ള മറ്റു വാഹനങ്ങൾക്കിതു ബാധകമല്ലെന്നുള്ളതാണ് വിചിത്രം.

ഇതേ അവസ്ഥ തന്നെയാണ് ഇരുചക്രവാഹന ഡ്രൈവർമാർക്കെതിരെയുള്ള ഹെൽമറ്റ് വേട്ട നിയമത്തിനുമുള്ളത്. ഹെൽമറ്റ് ജീവൻ രക്ഷിക്കുമെന്നു സർക്കാരോ നിയമമോ സമ്പൂർണ ഉറപ്പു വാഗ്ദാനം ചെയ്യുന്നില്ല. എന്നു മാത്രമല്ല ഹെൽമറ്റ് വച്ചതു അപകടത്തിനു ശേഷം ഊരി മാറ്റാൻ സാധിക്കാതിരുന്നതിനെത്തുടർന്നു മരണം സംഭവിക്കുന്നതും പതിവാണ്. അടുത്ത കാലത്തു തന്നെ എസി റോഡിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഇത്തരത്തിൽ മരിച്ചിരുന്നു.

വാഹന, കാൽനട യാത്രക്കാർക്ക് ആവശ്യമായ റോഡ് സുരക്ഷാനടപടികളും വാഹനങ്ങളിൽ സുരക്ഷിതത്വ ഏർപ്പാടുകളും ഉറപ്പാക്കി അപകടങ്ങൾ ഒഴിവാക്കാൻ ശ്രമിക്കേണ്ടതിനു പകരം അശാസ്ത്രീയമായ നിയമങ്ങളുണ്ടാക്കി അതിന്റെ പേരിൽ പിഴപ്പണം പിരിക്കാൻ മാത്രമാണ് സർക്കാരിന്റെ ശ്രമം. സീറ്റ് ബെൽറ്റിനും ഹെൽമറ്റിനും യാതൊരു ഉറപ്പും നല്കാനാകുന്നില്ലെങ്കിലും അതു ധരിക്കാത്തവരെ മാത്രം പിടികൂടാനാണ് പൊലീസും മോട്ടോർ വാഹന വകുപ്പും അവരുടെ ഉദ്യോഗസ്ഥരെ റോഡുകളിൽ വിന്യസിക്കുന്നത്. അതേസമയം, അപകടങ്ങളിലെ യഥാർഥ കാരണക്കാർ അവരുടെ ദൃഷ്ടിയിൽ ഒരിക്കലും മുൻകൂട്ടി പെടുന്നുമില്ല, അപകട കാരണങ്ങൾ നീക്കം ചെയ്യപ്പെടുന്നുമില്ല.

ദേശീയപാത 66-ൽ തിരുവിഴയ്ക്കു സമീപം 2019 ഓഗസ്റ്റ് 23-നു പുലർച്ചെ കാറും ലോറിയും കൂട്ടിയിടിച്ച് സീറ്റ് ബെൽറ്റിൽ കുടുങ്ങി ഏഴു വയസുകാരൻ സംഭവസ്ഥലത്തു തന്നെ മരിച്ചതാണ് ഇത്തരത്തിലുള്ള ഏറ്റവും ഒടുവിലെ സംസ്ഥാനത്തെ സംഭവം. സീറ്റ് ബെൽറ്റിൽ കുടുങ്ങിയുള്ള മരണം മോട്ടോർ വാഹന വകുപ്പിന്റെ അറിവിൽ സംസ്ഥാനത്ത് ഉണ്ടായിട്ടില്ല എന്നൊരു പ്രസ്താവന ഉത്തരവാദപ്പെട്ട ഒരു ഉദ്യോഗസ്ഥൻ ഉടനെ പുറപ്പെടുവിച്ചത് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇത് അപലപനീയമാണ്. അത്തരത്തിലൊരു കണക്കു വകുപ്പ് ശേഖരിക്കുന്നതായി അറിവില്ല. സീറ്റ് ബെൽറ്റ് ഇട്ടവർ മരിക്കുന്നതു പോലെ തന്നെ സീറ്റ് ബെൽറ്റ് ധരിക്കാത്ത ധാരാളം പേർ അപകടത്തിൽ രക്ഷപ്പെടുന്നുമുണ്ട്.

ഏതാനും വർഷം മുൻപ് ആലപ്പുഴ ജില്ലയിൽ ലെവൽക്രോസിൽ കാറിൽ ട്രെയിനിടിച്ച് വിദേശികൾ മരിക്കാനിടയായ സംഭവത്തിൽ സീറ്റ് ബെൽറ്റ് അഴിച്ചു മാറ്റാനാകാത്തതിനാലാണ് മരണം സംഭവിച്ചതെന്നു വാർത്തകളുണ്ടായിരുന്നു. അപകടത്തിൽ ഇടിച്ചു ചുളുങ്ങിയയോ വെള്ളത്തിൽ വീണതോ ആയ വാഹനങ്ങളിൽ നിന്നു സീറ്റ് ബെൽറ്റിട്ടിരിക്കുന്ന യാത്രക്കാരെ നീക്കം ചെയ്യാനാനുള്ള ബദ്ധപ്പാട് കഠിനമാണ്. ഇക്കാലത്തെ മിക്ക കാറുകളും ഇലക്ട്രോണിക് സംവിധാനങ്ങളിൽ പ്രവർത്തിക്കുന്നവയായതിനാൽ അവ പെട്ടെന്നു നിലയ്ക്കും. വാതിൽ തുറക്കാൻ പോലുമാകില്ല. സീറ്റ് ബെൽറ്റിടുന്നവർ സീറ്റ് ബെൽറ്റ് മുറിച്ചു മാറ്റാൻ ബെൽറ്റ് കട്ടറും കണ്ണാടി ഉടച്ചു പുറത്തിറങ്ങാൻ ഗ്ലാസ് ബ്രേക്കറും കാറിൽ സൂക്ഷിക്കണമെന്നാണ് അനുഭവസ്ഥർ പറയുന്നത്.

ഇതേസമയം, ആഘാതത്തിൽ പെട്ടെന്നു സീറ്റ് ബെൽറ്റ് മുറുകി പ്രവർത്തിക്കുന്നതു മൂലം രക്തധമനിയെ അമർത്തി ഏതെങ്കിലും ശരീരഭാഗത്തേക്കുള്ള രക്തപ്രവാഹം തടയപ്പെടുന്നതിനെക്കുറിച്ചും ആന്തരികാവയവങ്ങൾക്കു മുറിവേൽക്കുന്നതിനെക്കുറിച്ചും സ്ഥിരമായി ഉപയോഗിക്കുന്നതിനെത്തുടർന്നുള്ള രോഗാവസ്ഥകളെക്കുറിച്ചും മറ്റും വിദേശരാജ്യങ്ങളിൽ പഠനം നടക്കുന്നുണ്ട്. കേരളത്തിൽ ഇത്തരത്തിലൊന്നുമില്ല. എന്തെങ്കിലും വാർത്ത വന്നാലുടൻ വിവര ശേഖരണമോ അടിസ്ഥാന രേഖകളോ ഇല്ലാതെയാണ് ഉത്തരവാദപ്പെട്ട അധികൃതർ പ്രതികരിക്കുന്നത്.കൺവീനർ അഡ്വ.വി.മഹേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP