Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരിസ്ഥിതി ദിനം: രണ്ടരലക്ഷം വൃക്ഷ തൈകൾ നട്ട് ഡിവൈഎഫ്ഐ.

സ്വന്തം ലേഖകൻ

സംസ്ഥാനമൊട്ടാകെ 2,50,000 വൃക്ഷ തൈകൾ നട്ട് ഡിവൈഎഫ്ഐ ലോക പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം അഖിലേന്ത്യാ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ് കോഴിക്കോട് ബീച്ച് ആശുപത്രി പരിസരത്ത് വൃക്ഷതൈ നട്ട് നിർവ്വഹിച്ചു. വിദ്യാഭാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് തൃശൂരിൽ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.എ.റഹിം തിരുവനന്തപുരത്ത് ആറ്റുകാലിലും പ്രസിഡന്റ് എസ്.സതീഷ് എറണാകുളത്തെ നെല്ലിമറ്റത്തും, കോട്ടയത്തെ വൈക്കത്തും, ട്രഷറർ എസ്.കെ.സജീഷ് കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്തും ജില്ലാതല ഉദ്ഘാടനങ്ങൾ നിർവ്വഹിച്ചു. കണ്ടൽ സംരക്ഷണവും വ്യാപനവും ലക്ഷ്യം വച്ച് ഡിവൈഎഫ്ഐ. നേതൃത്വത്തിൽ നടന്നുവരുന്ന പദ്ധതിയുടെ ഭാഗമായി വൈക്കത്ത് കണ്ടൽ ചെടി നട്ടാണ് കോട്ടയത്ത് ജില്ലാതല ഉദ്ഘാടനം പ്രസിഡന്റ് എസ്. സതീഷ് നിർവ്വഹിച്ചത്. വൈസ് പ്രസിഡന്റ് കെ.യു.ജനീഷ്‌കുമാർ എംഎ‍ൽഎ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. ജോ. സെക്രട്ടറി വി.കെ.സനോജ് കണ്ണൂർ ജില്ലയിലെ പെരിങ്ങോത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി. എ എം ആരിഫ് എം പി ആലപ്പുഴയിലും ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങൾ സംസ്ഥാനം ഇപ്പോൾ അഭിമുഖീകരിക്കുകയാണ്. മണ്ണും മലനിരകളും മരങ്ങളും ജൈവവൈവിധ്യവും രക്ഷിക്കപ്പെട്ടാലെ നാളെയീ മണ്ണിൽ മനുഷ്യ വാസം സാധ്യമാകൂ എന്ന തിരിച്ചറിവിലൂന്നിയുള്ള പരുപാടിയിൽ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. മുൻ അഖിലേന്ത്യാ പ്രസിഡന്റ് കെ എൻ ബാലഗോപാൽ , സാഹിത്യകാരൻ സി വി ബാലകൃഷ്ണൻ, എന്നിവർ യഥാക്രമം കൊല്ലം, കണ്ണൂർ ജില്ലകളിൽ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. ടി വി രാജേഷ് എം എൽ എ പാപ്പിനിശ്ശേരിയിലും മുകേഷ് എംഎ‍ൽഎ കൊല്ലത്തും കവി കുരീപ്പുഴ ശ്രീകുമാർ ചാത്തന്നൂരിലും കോഴിക്കോട് പൂവാട്ട് പറമ്പിൽ സാഹിത്യകാരൻ കെ.പി രാമനുണ്ണിയും സിനിമ താരം ശരണ്യ മോഹൻ കോവളത്തും സിനിമാതാരം സന്തോഷ് കീഴാറ്റൂർ കണ്ണൂരിലും തൈ നട്ട് പരിപാടിയുടെ ഭാഗമായി.

ഹരിതകേരളം നിലനിർത്താൻ നീർത്തടങ്ങളും ജലാശയങ്ങളും നദികളും വയലുകളും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അതിന്റെ ഭാഗമായി നിരവധിയായ പ്രവർത്തനങ്ങൾക്ക് ഡിവൈഎഫ്ഐ നേതൃത്വം നൽകി വരികയാണ്. എല്ലാ ജില്ലയിലും തരിശുകിടക്കുന്ന ഒരേക്കർ പൊതുഭൂമിയിൽ ഫലവൃക്ഷ വനം ഒരുക്കുകയും ഇതിനായുള്ള തൈകൾ അതാത് ജില്ലകളിൽ ഉൽപ്പാദിപ്പിക്കുകയും ചെയ്യും. ജൂൺ മാസത്തിൽ ഈ പ്രവർത്തനം ഏറ്റെടുക്കും. കണ്ടൽ കാടുകളിൽ നിന്നും ജലസ്രോതസ്സുകളിൽ നിന്നും സമുദ്ര തീരങ്ങളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു റീസൈക്കിൾ കേരളയുടെ ഭാഗമാക്കുകയും ചെയ്യും. കാർഷിക മേഖലയ്ക്ക് പുതുജീവൻ നൽകി ശക്തിപ്പെടുത്തുന്നതിനായി 'നാടാകെ നന്മ, നാടാകെ കൃഷി' എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ സംസ്ഥാനത്ത് തരിശ് കിടക്കുന്ന 1000 ഏക്കറിലധികം ഭൂമിയിൽ ഇതിനകം കൃഷിയിറക്കി കഴിഞ്ഞു. പ്രവർത്തനം തുടർന്ന് വരികയാണ്. മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ കൂടി ഭാഗമായി ജലാശയങ്ങളിൽ നിന്നും വീടുകളിൽ നിന്നും പൊതുസ്ഥലങ്ങളിൽ നിന്നും പ്ലാസ്റ്റിക്, പ്ലാസ്റ്റിക് ഇതര മാലിന്യങ്ങൾ ശേഖരിക്കുന്ന പ്രവർത്തനം റീസൈക്കിൾ കേരളയുടെ ഭാഗമായി തുടരുന്ന പദ്ധതിയും ജനം ഇതിനകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. പരിസ്ഥിതി സംരക്ഷണ അവബോധം സമൂഹത്തിൽ വളർത്താനും പരിസ്ഥിതി സംരക്ഷണത്തിന് ശാസ്ത്രീയവും പ്രായോഗികവുമായ സമീപനം സ്വീകരിക്കുന്നതിനും ഡിവൈഎഫ്‌ഐ നേതൃത്വം നൽകുകയാണ്. ഇതിന്റെ ഭാഗമായി കണ്ടൽക്കാട് സംരക്ഷണം, ജല സ്രോതസ്സുകൾ വീണ്ടെടുക്കുക, ജലാശയങ്ങൾ ശുചീകരിക്കുക തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സംസ്ഥാനത്താകെ ഡിവൈഎഫ്ഐ ഏറ്റെടുത്ത് വരികയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP