Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അങ്ങാടിപ്പുറം പോളിയിൽ ഫ്രറ്റേണിറ്റി ജാഥക്ക് നേരെ എസ്.എഫ്.ഐ കയ്യേറ്റം

അങ്ങാടിപ്പുറം പോളിയിൽ ഫ്രറ്റേണിറ്റി ജാഥക്ക് നേരെ എസ്.എഫ്.ഐ കയ്യേറ്റം

പെരിന്തൽമണ്ണ : ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സഹോദര്യ രാഷ്ട്രീയ ജാഥക്ക് നേരെ അങ്ങാടിപ്പുറം ഗവ. പോളിടെക്‌നിക് കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകരുടെ കയ്യേറ്റം. സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹിം നയിക്കുന്ന സാഹോദര്യ രാഷ്ട്രീയ ജാഥ പോളിയിൽ പ്രകടനമായി എത്തിയപ്പോൾ സംഘടിച്ച് നിന്ന എസ്.എഫ്.ഐ പ്രവർത്തകർ കാമ്പസിന്റെ ഗേറ്റടച്ച് അസഭ്യം പറയുകയായിരുന്നു. മരപ്പലക, കമ്പി തുടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ച് ജാഥ തടയാനെത്തിയത് സംഘർഷത്തിലേക്ക് നയിച്ചു.

പരിപാടി നടന്നുകൊണ്ടിരിക്കെ പരിപാടിയിൽ ഇരച്ച് കയറിയ എസ്.എഫ്.ഐ പ്രവർത്തകർ ഫ്രറ്റേണിറ്റി പ്രവർത്തകരെ മർദ്ദിക്കുകയായിരുന്നു. ചില പ്രവർത്തകരുടെ ഫോൺ ബലമായി പിടിച്ചെടുക്കാൻ ശ്രമിക്കുകയും ക്യാമറകളിൽ നിന്ന് വീഡിയോ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത സംസ്ഥാന വൈസ് പ്രസിഡന്റ് അനീഷ് പാറമ്പുഴയെ എസ്.എഫ്.ഐക്കാർ മർദ്ദിച്ചു. അനീഷിന് മർദ്ദനത്തിൽ കണ്ണിന് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഘർഷത്തിൽ രണ്ട് പ്രവർത്തകർക്ക് കൂടി പരിക്കേറ്റു. ഇത് ചെങ്കോട്ടയാണെന്നും ഇവിടെ തങ്ങളെല്ലാത്തവർ ആരും വേണ്ടന്നും ആക്രോശിച്ചാണ് പ്രവർത്തകർ പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചത്. പോളിയിലെ എസ്.എഫ്.ഐ പ്രവർത്തകരായ അഫ്‌സൽ , ശ്രീജിത്ത്, റിഷാദ് എന്നിവരുടെ നേതൃത്വത്തിൽ മുപ്പതോളം പേരാണ് സംഘർഷത്തിന് നേതൃത്വം നൽകിയത്. ഇനിനിടെ പൊലീസ് സ്ഥലതെത്തി. ഇതോടെ എസ്.എഫ്.ഐക്കാർ ക്യാമ്പസിനകത്തേക്ക് ചിതറിയോടി. തുടർന്ന് ക്യാമ്പസിന് മുന്നിൽ തന്നെ ജാഥക്കുള്ള സ്വീകരണ പരിപാടി നടന്നു.

ജില്ലാ കമ്മിറ്റിയംഗം സാബിഖ് വെട്ടം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ശംസീർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ കാമ്പസുകൾ എസ്.എഫ്.ഐയുടെ ഗ്വാണ്ടനാമോകളാണെന്ന് അദ്ദേഹം ആരോപിച്ചു. എസ്.എഫ്.ഐയുടെ ജന്മിത്വത്തിൽ നിന്ന് കാമ്പസിനെ മോചിപ്പിച്ച് ജനാധിപത്യത്തിന്റെ ശുദ്ധവായു ശ്വസിപ്പിക്കുന്ന വിദ്യാർത്ഥി മുന്നേറ്റത്തിന് ഫ്രറ്റേണിറ്റി നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം പി.ബി.എം ഫർമീസ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ നജ്ദ റൈഹാൻ, കെ.എം ഷഫ്രിൻ, എം.ജെ സാന്ദ്ര, കെ.എസ് നിസാർ, ജില്ലാ പ്രസിഡന്റ് കെ.കെ അഷ്‌റഫ് എന്നിവർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP