Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇത്യോപ്യയിൽ നിന്ന് ധാരാളം പഠിക്കാനുണ്ട്: ഡോ. ജോർജ് ഓണക്കൂർ

ഇത്യോപ്യയിൽ നിന്ന് ധാരാളം പഠിക്കാനുണ്ട്: ഡോ. ജോർജ് ഓണക്കൂർ

തിരുവനന്തപുരം: ഇത്യോപ്യയുടെ സമൃദ്ധമായ സംസ്‌കാരത്തിൽ നിന്ന് ധാരാളം കാര്യങ്ങൾ നമുക്ക് പഠിക്കാനുണ്ടെന്ന് ഡോ. ജോർജ് ഓണക്കൂർ പറഞ്ഞു. ഫ്രണ്ട്‌സ് ഓഫ് ഇത്യോപ്യ ഇൻ ട്രിവാണ്ട്രത്തിന്റെ ആഭിമുഖ്യത്തിൽ സിസ്സ സെമിനാർ ഹാളിൽ നടന്ന പ്രഥമ ഗാഷെ ഗിർമ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജറുസലേമിലെ സോളമൻ രാജാവിന്റെ ബുദ്ധി പരീക്ഷിക്കാൻ ചെല്ലുകയും പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയാവുകയും ചെയ്ത ഇത്യോപ്യൻ രാജകുമാരി ഷേബയുടെ കഥ അദ്ദേഹം പങ്കുവച്ചു.

ഇത്യോപ്യയുടെ സമൃദ്ധമായ ചരിത്രകഥാശേഖരത്തിലേക്ക് അവസാനമായി കൂട്ടിച്ചേർത്ത ഒന്നാണ് ദിവംഗതനായ പ്രസിഡന്റ് ഗിർമ വോൾഡി ഗോർഗിസിന്റെ ജീവിതകഥ. തിരുവനന്തപുരം സ്വദേശി ശിവകുമാർ കെ.പി. രചിച്ച ഇത്യോപ്യൻ പ്രസിഡന്റിന്റെ ജീവചരിത്ര പുസ്തകം അണ്ടർ ദ ഷെയ്ഡ് ഓഫ് എ ഗാഷെയെ പരാമർശിക്കവേ ഗ്രാമഭൂമിയിൽ മലർന്നു കിടന്ന് മാനത്ത് വട്ടമിട്ടു പറക്കുന്ന കഴുകന്മാരെ നോക്കി ഒരു വൈമാനികനാകാൻ കൊതിച്ച ഇത്യോപ്യൻ ബാലന്റെ ജീവിതം പുസ്തകത്തിൽ നന്നായി ചിത്രീകരിച്ചിട്ടുണ്ടെന്ന് ഡോ. ഓണക്കൂർ അഭിപ്രായപ്പെട്ടു. പ്രസ്തുതബാലൻ പിൽക്കാലത്ത് വൈമാനികൻ മാത്രമല്ല, രാജ്യത്തെ പരമോന്നത പദവിയിൽ വരെ ചെന്നെത്തുകയായിരുന്നു. ഇത്യോപ്യൻ നേതാവിന്റെ ചിത്രത്തിനു മുന്നിൽ പുഷ്പങ്ങൾ സമർപ്പിച്ചുകൊണ്ടാണ് ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനം നിർവഹിച്ചത്.

ഭാരതസർക്കാരിന്റെ ഐ.സി.സി.ആർ. പദ്ധതിപ്രകാരം കേരള സർവകലാശാലയിൽ ഉന്നത പഠനത്തിനെത്തിയ വിദേശ വിദ്യാർത്ഥികളും നാട്ടുകാരോടൊപ്പം ഫ്രണ്ട്‌സ് ഓഫ് ഇത്യോപ്യൻ ഇൻ ട്രിവാണ്ട്രത്തിന്റെ പ്രഥമ പരിപാടിയിൽ പങ്കുചേർന്നു. മാജിക് അക്കാഡമി ഡയറക്ടർ ചന്ദ്രസേനൻ മിതൃമല അധ്യക്ഷതവഹിച്ചു. ബസ് സ്റ്റേഷനുകളിൽ ക്യൂപാലിക്കുന്നതും വിവാഹം പോലുള്ള സമൂഹസദ്യകളിലേക്ക് നാട്ടിൽ കാണാറുള്ളതുപോലെ തള്ളിക്കയറാതെ കാത്തിരിക്കുന്നതും ഇത്യോപ്യക്കാരുടെ സവിശേഷ സാമൂഹ്യമര്യാദകളാണെന്ന് അദ്ദേഹം പറഞ്ഞു. മരിച്ചു പോയ പ്രസിഡന്റിന് ഇപ്പോഴും കിട്ടുന്ന ജനപ്രീതി അദ്ദേഹത്തിന്റെ സത്യസന്ധമായ ജീവിതത്തെ സൂചിപ്പിക്കുന്നുവെന്ന് പ്രത്യേക പ്രഭാഷണം നടത്തിയ റഷ്യൻ ഫെഡറേഷൻ ഹോണററി കോൺസുൽ രതീഷ് നായർ അഭിപ്രായപ്പെട്ടു. ഇന്ത്യയുമായി അടുത്തബന്ധം പുലർത്തുന്ന കാര്യത്തിൽ മുൻ പ്രസിഡന്റ് ഗിർമ കാട്ടിയ പ്രത്യേക താല്പര്യത്തെകുറിച്ചാണ് കേരള സർവകലാശാലയിലെ ഇത്യോപ്യൻ ഗവേഷകവിദ്യാർത്ഥി ലെഗെസെ ഗുഡുറ മാമോ സംസാരിച്ചത്.

അറിയുന്നവർക്കെല്ലാം ഗാഷെ ഗിർമ അവിസ്മരണീയനായിരിക്കുന്നത് എന്തുകൊണ്ടെന്ന് ജീവചരിത്ര രചയിതാവും ഫ്രണ്ട്‌സ് ഓഫ് ഇത്യോപ്യ ഇൻ ട്രിവാണ്ട്രത്തിന്റെ ചീഫ് കോഓർഡിനേറ്ററുമായ ശിവകുമാർ കെ.പി. വിവരിച്ചു.
ടെലിവിഷൻ അവതാരകനും മാന്ത്രികനുമായ രാജ് കലേഷ് ഒരു ജാലവിദ്യ ഇത്യോപ്യൻ നേതാവിന്റെ ഓർമക്കു മുന്നിൽ സമർപ്പിച്ചു. മാന്ത്രികന്റെ സഹായിയുടെ റോളിലെത്തിയ ഡോ. ജോർജ് ഓണക്കൂർ തന്റെ മാന്ത്രികവടി കാലിയായ ഒരു ഫോട്ടോഫ്രെയിമിൽ മുട്ടിച്ചപ്പോൾ ശൂന്യതയിൽ നിന്നൊരു ചിത്രം ഫ്രെയിമിൽ പ്രത്യക്ഷമായി. ഇന്ത്യയിലെ ഇത്യോപ്യൻ അംബാസഡർ അസഫാ ഡിൻഗാമോ നൽകിയ സന്ദേശം ചടങ്ങിൽ വായിച്ചു. ഇത്യോപ്യൻ ഗവേഷക വിദ്യാർത്ഥികൾക്ക് ഉപഹാരവും സമ്മാനിച്ചു.

ഇത്യോപ്യയിലെ അഡിഗ്രാത് സർവകലാശാലയിലെ മുൻ അസി. പ്രഫസർ ഡോ. സിദ്ധാർത്ഥ് ബാനർജി ആശംസകൾ നേർന്നു സംസാരിച്ചു. കേരള സർവകലാശാലയിലെ ഇത്യോപ്യൻ ഗവേഷക വിദ്യാർത്ഥി തെഷോമെ അബറ സ്വാഗതവും ഇത്യോപ്യയിലെ അംബോ സർവകലാശാലയിലെ മുൻ അസി. പ്രഫസർ ഡോ. അഖില എസ്. നായർ നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP