Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖാദർ കമ്മറ്റി റിപ്പോർട്ട് നടപ്പാക്കുന്നത് പൊതുവിദ്യാഭ്യാസത്തെ തകർക്കും: ഹയർ സെക്കണ്ടറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ സമൂലമാറ്റം നിർദ്ദേശിക്കുന്ന ഖാദർ കമ്മറ്റി റിപ്പോർട്ട് നടപ്പാക്കുന്നത് പൊതുവിദ്യാലയങ്ങളെ തകർക്കുമെന്ന് ഹയർ സെക്കണ്ടറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി ആരോപിച്ചു. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി വകുപ്പുകൾ ഇല്ലാതാക്കി പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിൽ കൊണ്ടുവരാനുള്ള നീക്കം വിദ്യാഭ്യാസ മേഖലയിൽ കനത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. പ്രൈമറി സെക്കണ്ടറി ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ പഠനം നടത്തുന്ന വിദ്യാർത്ഥികളുടെ ആവശ്യങ്ങളും ബോധന രീതികളും പാഠ്യപദ്ധതിയും തികച്ചും വ്യത്യസ്തമെന്നിരിക്കെ ഏകീകരണമെന്ന ആശയം തന്നെ തള്ളിക്കളയേണ്ടതാണ്.

വിദ്യാഭ്യാസ പദ്ധതികളിൽ 1966 ലെ കോത്താരി കമ്മീഷൻ റിപ്പോർട്ട് പ്രകാരം 10പ്ലസ് ടു+3 പാറ്റേണിൽ ഓരോ വിഭാഗത്തിനും സവിശേഷശ്രദ്ധ നൽകിക്കൊണ്ടുള്ള തികച്ചും ശാസ്ത്രീയമായ പഠന ക്രമമാണ് നിർദ്ദേശിക്കുന്നത്. പത്താം ക്ലാസിനു ശേഷം സ്‌പെഷ്യലൈസേഷൻ വഴി കുട്ടികൾ സയൻസ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് സ്ട്രീമുകളിലായി നാല്പതിലധികം കോമ്പിനേഷനുള്ള വിവിധ വിഷയങ്ങളിലേക്ക് തിരിയുകയാണ്. ഓരോ വിഷയങ്ങൾക്കും അതാത് മേഖലയിൽ ബിരുദാനന്തര ബിരുദവും ട്രെയ്‌നിങ് യോഗ്യതയും SET യോഗ്യതയും നേടിയ സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകരാണ് ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി മേഖലകളിൽ അദ്ധ്യാപനം നടത്തുന്നത്.

കാര്യക്ഷമമായ രീതിയിൽ മുന്നോട്ടു പോവുന്ന ഈ മേഖലയിലേക്ക് സി.ബി.എസ്.ഇ, ഐ. സി. എസ്.ഇ സ്ട്രീമുകളിൽ നിന്ന് ഓരോ വർഷവും അര ലക്ഷത്തിലധികം വിദ്യാർത്ഥികൾ പുതിയതായി ചേരുന്നുണ്ടെന്നാണ് കണക്ക്. ഏകീകരണ റിപ്പോർട്ട് പ്രകാരം എട്ടു മുതൽ പന്ത്രണ്ടു വരെ ക്ലാസുകസിൽ സെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകർക്കു കൂടി പഠിപ്പിക്കാനാവും. ഇത് മേഖലയുടെ കാര്യക്ഷമത തകർക്കും. ഏകീകരണം വഴി സെക്കണ്ടറി ക്ലാസുകളിലെ അദ്ധ്യാപകർക്ക് ഹയർ സെക്കണ്ടറി മേഖലയിലും പഠിപ്പിക്കാവുന്ന അവസ്ഥ വരുന്നതോടെ ഹയർ സെക്കണ്ടറി മേഖലയിലേക്കുള്ള പി.എസ്.സി. നിയമനവും നിലയ്ക്കും.

ദേശീയ സിലബസ് പ്രകാരം ബോധനം നടത്തുന്ന ഹയർ സെക്കണ്ടറി പഠനശേഷം കേരളത്തിലെ വിദ്യാർത്ഥികൾ നിലവിൽ ദേശീയ തലത്തിലുള്ള വിവിധ മത്സര പരീക്ഷകളിൽ മുൻപന്തിയിലെത്തുന്നുണ്ട്. ബോധന മാധ്യമത്തിൽ വരുത്തുന്ന മാറ്റവും സിലബസ് ലഘൂകരണവും കേരളത്തിലെ വിദ്യാർത്ഥികളെ പിറകോട്ടു കൊണ്ടു പോകും. കേരളത്തിലെ പൊതു സമൂഹത്തിന് തികച്ചും സൗജന്യമായാണ് ദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസം ഹയർ സെക്കണ്ടറി പഠനം വഴി ലഭ്യമാക്കുന്നത്. നിലവിലുള്ള സമ്പ്രദായത്തിന് യാതൊരു കോട്ടവുമില്ലാതിരിക്കെ, യാഥാർത്ഥ്യങ്ങൾക്കുനേരെ കണ്ണടച്ച് തികച്ചും അശാസ്ത്രീയവും ഏകപക്ഷീയവുമായി തയ്യാറാക്കിയ ഏകീകരണ റിപ്പോർട്ട് അംഗീകരിക്കാനാവില്ല. ഏകീകരണവും സിലബസ് ലഘൂകരണവും നടത്തി പൊതു വിദ്യാലയങ്ങളിൽ നിന്ന് കുട്ടികളെ അകറ്റി സ്വകാര്യ അൺ എയ്ഡഡ് മേഖല തഴച്ചുവളരുന്നതിനു കാരണമാവുന്ന റിപ്പോർട്ടാണ് ഖാദർ കമ്മറ്റി തയ്യാറാക്കിയിരിക്കുന്നത്.

ഭരണപക്ഷ സംഘടനക്കായി ഏകീകരണ റിപ്പോർട്ട് തയ്യാറാക്കിയ അതേ അംഗങ്ങളെ തന്നെയാണ് സർക്കാറിനായി റിപ്പോർട്ട് തയ്യാറാക്കാൻ നിയോഗിച്ചിരിക്കുന്നുവെന്നത് തികച്ചും ദുരുദ്ദേശപരമാണെന്ന് സംഘടന ആരോപിച്ചു. ഭരണപക്ഷ സംഘടനയുടെ റിപ്പോർട്ടിന്റെ ചുവടുപിടിച്ച്, വേണ്ടത്ര പഠനങ്ങളോ ചർച്ചകളോ ഇല്ലാതെ വളരെ തിടുക്കപ്പെട്ടാണ് ഖാദർ കമ്മറ്റി സർക്കാറിനു ഏകീകരണറിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. 2018 ഒക്ടോബർ 3നാണ് ഹയർ സെക്കണ്ടറി തലം കൂടി കമ്മറ്റിയുടെ പരിഗണനാ വിഷയമായി സ്പഷ്ടീകരണം നടത്തിയത്. കേവലം രണ്ടു മാസത്തെ ഇടവേളയിൽ 2019 ജനുവരി മാസത്തിൽ തന്നെ ഹയർ സെക്കണ്ടറി മേഖലയുടെ സമൂലമാറ്റം നിർദ്ദേശിക്കുന്ന രീതിയിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. വിദ്യാഭ്യാസ വിദഗ്ദരുമായോ, അദ്ധ്യാപക- വിദ്യാർത്ഥി-യുവജന സംഘടനകളുമായോ ചർച്ച നടത്താതെയും പൊതുജന താല്പര്യം ആരായാതെയുമാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഭരണാനുകൂല സംഘടന തയ്യാറാക്കിയ റിപ്പോർട്ടിന് ഔദ്യോഗിക പരിവേഷം നൽകുന്ന ജോലി മാത്രമാണ് ഖാദർ കമ്മറ്റി ചെയ്തതെന്നും, ഇത്തരത്തിൽ അബദ്ധജടിലമായ പരിഷ്‌ക്കരണ റിപ്പോർട്ട് കേരളത്തിലെ പൊതു സമൂഹം തള്ളിക്കളയണമെന്നും സംഘടന ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എം.രാധാകൃഷ്ണൻ, സംസ്ഥാന ജന.സെക്രട്ടറി ഡോ. സാബുജി വർഗീസ്, സംസ്ഥാന ട്രഷറർ ആർ .രാജീവൻ, അനിൽ എം ജോർജ്, ഡോ. എസ്.എൻ. മഹേഷ് ബാബു, എം വി അഭിലാഷ്, കോശി മാത്യു, രാജൻ തോമസ്, ടി.എസ്. ഡാനിഷ്, പ്രദീപ് കുമാർ, അയിര സുനിൽ കുമാർ, അനിൽകുമാർ കല്ലോട് എന്നിവർ പ്രസംഗിച്ചു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP