Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വൈദ്യുതി നിരക്ക് ഉയർത്തിയ ജനദ്രോഹ ഉത്തരവ് സർക്കാർ പിൻവലിക്കണം: ഇൻഫാം

വൈദ്യുതി നിരക്ക് ഉയർത്തിയ ജനദ്രോഹ ഉത്തരവ് സർക്കാർ പിൻവലിക്കണം: ഇൻഫാം

കോട്ടയം: വൈദ്യുതിനിരക്ക് കുത്തനെ ഉയർത്തി ജനങ്ങളുടെമേൽ അമിതഭാരം അടിച്ചേൽപ്പിച്ചിരിക്കുന്ന ദ്രോഹനടപടി പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധിയിൽ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുമ്പോഴാണ് ഇരുട്ടടിപോലെ വൈദ്യുതിനിരക്കും ഉയർത്തിയിരിക്കുന്നത്. കേന്ദ്രബജറ്റിൽ ഇന്ധനവില ഉയർത്തുവാൻ നിർദ്ദേശിച്ചിരിക്കുകയും പ്രളയദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് രക്ഷനേടാൻ കേരളജനത പഴുതുകൾ തേടുകയും ചെയ്യുന്ന സന്ദർഭത്തിൽ യാതൊരു അടിസ്ഥാനവുമില്ലാതെ വൈദ്യുതിനിരക്ക് ഉയർത്തിയിരിക്കുന്നത് കടുത്ത അനീതിയാണ്.

ഇലക്ട്രിസിറ്റി ബോർഡിന്റെ അശാസ്ത്രീയവും നീതിരഹിതവുമായ ചാർജ് വർദ്ധനവിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുവാൻ ഉത്തരവാദിത്വപ്പെട്ട ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടതിനേക്കാൾ വൈദ്യുതിനിരക്ക് ഉയർത്തിയിരിക്കുന്നത് വിരോധാഭാസവും അന്വേഷണവിധേയമാക്കേണ്ടതുമാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കാർഷികമേഖലയ്ക്ക് സൗജന്യവൈദ്യുതി നൽകുമ്പോൾ കേരളത്തിലിത് ഇരട്ടിയായി വർദ്ധിപ്പിച്ച് കർഷകർക്ക് ഇരുട്ടടി നൽകുന്ന വിരുദ്ധസമീപനം സർക്കാരിന്റെ കെടുകാര്യസ്ഥതയും ഭരണവൈകല്യവുമാണ് കാണിക്കുന്നത്.

കുടിശിഖ പിരിച്ചെടുക്കുന്നതുസംബന്ധിച്ചുള്ള 2010 ഫെബ്രുവരി 24ന് ഇറക്കിയ ഉത്തരവ് ഇലക്ട്രിസിറ്റി ബോർഡ് അട്ടിമറിച്ചു. 2802.60 കോടി രൂപ ഈ രീതിയിൽ പിരിഞ്ഞുകിട്ടാനിരിക്കെ കേന്ദ്ര സംസ്ഥാന സർക്കാർവകുപ്പുകളും പൊതുമേഖല സ്ഥാപനങ്ങളും വൻകിടക്കാരും നൽകേണ്ട വൻ കുടിശിഖ പിടിച്ചെടുക്കാതെ സാധാരണജനങ്ങളെ ക്ഷോക്കടിപ്പിക്കുന്ന നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഈ സാഹചര്യത്തിൽ ജനങ്ങളുടെമേൽ അമിതഭാരം ചുമത്തുന്നത് ശരിയാണോയെന്ന് ഭരണത്തിലിരിക്കുന്നവർ വ്യക്തമാക്കണം.

ഇലക്ട്രിസിറ്റി ബോർഡിന്റെ റവന്യൂ വരുമാനത്തിന്റെ 40 ശതമാനവും ജീവനക്കാരുടെ ശമ്പളത്തിനും പെൻഷനുമാണ് വിനിയോഗിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ ഇത് 42 ശതമാനമായി ഉയർത്തിയിരിക്കുന്നു. ഇതുമൂലമുള്ള അധികബാധ്യത ഉപഭോക്താക്കൾ വഹിക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. മീറ്റർവാടകയിനത്തിൽ വൻതുക ഈടാക്കുന്ന നടപടി കാലങ്ങളായി തുടരുന്നതിനും സമയപരിധി നിശ്ചയിക്കേണ്ടതുണ്ട്. ജലപ്രളയത്തിന്റെയും ജലദൗർലഭ്യതയുടെയും പേരിലും കെടുകാര്യസ്ഥതയുടെയും ധൂർത്തിന്റെയും മറവിലും പൊതുജനത്തെ അമിതബാധ്യതയിൽ പ്രതിസന്ധിയിലാക്കുന്ന പ്രക്രിയയിൽ നിന്ന് സർക്കാർ പിന്മാറണമെന്നും വർദ്ധിപ്പിച്ച വൈദ്യുതിനിരക്ക് പിൻവലിക്കണമെന്നും റെഗുലേറ്ററി കമ്മീഷനെ പിരിച്ചുവിടണമെന്നും വി സി.സെബാസ്റ്റൃൻ അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP