Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പുരയിടം തോട്ടമാക്കിയ ജനദ്രോഹനടപടി തിരുത്തിയില്ലെങ്കിൽ കർഷകർ സംഘടിച്ചു പ്രതികരിക്കും: ഇൻഫാം

പുരയിടം തോട്ടമാക്കിയ ജനദ്രോഹനടപടി തിരുത്തിയില്ലെങ്കിൽ കർഷകർ സംഘടിച്ചു പ്രതികരിക്കും: ഇൻഫാം

സ്വന്തം ലേഖകൻ

കോട്ടയം: തലമുറകളായി കൈവശംവച്ച് കൃഷിചെയ്ത് അനുഭവിക്കുന്ന പുരയിടങ്ങൾ 1989ലെ റീസർവ്വെയെത്തുടർന്ന് തോട്ടങ്ങളായി റവന്യൂ രേഖകളിൽ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത് തിരുത്തുവാൻ സർക്കാർ തയ്യാറായില്ലെങ്കിൽ കർഷകർ സംഘടിച്ചു പ്രതികരിക്കുമെന്നും പ്രത്യാഘാതം ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ.

സർക്കാരും രാഷ്ട്രീയ പാർട്ടികളും മുന്നണികളും ഈ ജനദ്രോഹനടപടിയിന്മേൽ നിലപാട് വ്യക്തമാക്കണം. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ 11 വില്ലേജുകളിലാണ് പ്രധാനമായും പുരയിടം തോട്ടമാക്കിയ പ്രശ്നമെങ്കിൽ മറ്റു വില്ലേജുകളിൽ റവന്യൂ സർവ്വേ രജിസ്ട്രേഷൻ ഡിപ്പാർട്ടുമെന്റുകൾ പുതിയ സർവ്വേനമ്പർ സൃഷ്ടിച്ച് കർഷകഭൂമി കൈമാറ്റം ചെയ്തതായി കൃത്രിമരേഖകളുണ്ടാക്കി ഭൂമിതന്നെ നഷ്ടപ്പെട്ടിരിക്കുന്ന പ്രതിസന്ധിയെ ജനങ്ങൾ നേരിടുകയാണ്.

രണ്ടു താലൂക്കുകളിലായി ഏതാണ്ട് 40,000-ത്തോളം കുടുംബങ്ങളാണ് ഈ ഉദ്യോഗസ്ഥ കൃത്യവിലോപത്തിന് ഇരയായിത്തീർന്നിരിക്കുന്നത്. പാല നിയോജനകമണ്ഡലത്തിൽ തന്നെ ഏതാണ്ട് 17,000-ത്തോളം കുടുംബൾ ഈ അരക്ഷിതാവസ്ഥ നേരിടുന്നുണ്ട്. 40 വർഷം മുമ്പ് നടന്ന വൻപിഴവ് ഇതുവരെയും തിരുത്താൻ തയ്യാറാകാതെ ഉദ്യോഗസ്ഥർ അട്ടിമറിച്ചിട്ടും ജനപ്രതിനിധികൾ മുഖംതിരിഞ്ഞുനിൽക്കുന്നത് ദുഃഖകരമാണ്. റവന്യൂ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടും നടപടിയില്ലാതിരിക്കുന്ന കെടുകാര്യസ്ഥതയിൽ നിലനിൽപിനായി ജനങ്ങൾ നിയമം കൈയിലെടുത്ത് സർക്കാർ സംവിധാനങ്ങൾക്കുനേരെ തിരിയുന്ന സാഹചര്യമാണുള്ളത്.

വില്ലേജ് ഓഫീസിൽ വസ്തു പേരിൽകൂട്ടി കരം അടയ്ക്കുവാൻ സാധിക്കുന്നില്ല. വീടുവെയ്ക്കാൻ പഞ്ചായത്ത് അനുവാദം നൽകുന്നില്ല. ബാങ്ക്ലോൺ എടുക്കാനോ വില്പന നടത്തുമ്പോൾ രജിസ്ട്രേഷൻ നടത്താനോ സാധിക്കാത്ത വലിയ പ്രതിസന്ധിയാണ് ഉദ്യോഗസ്ഥരുടെ കൃത്യവിലോപം മൂലം ജനങ്ങളനുഭവിക്കുന്നത്. ജനങ്ങളെ പിഴിഞ്ഞ് കൈക്കൂലി വാങ്ങലും ഇതിന്റെ മറവിൽ നടക്കുന്നു. അടിയന്തര ഇടപെടൽ നടത്തി പരിഹാരമുണ്ടാക്കുന്നതിൽ ജനകീയ സർക്കാരും പരാജയപ്പെടുന്നത് അതീവദുഃഖകരമാണ്. കോടതി വ്യവഹാരങ്ങളിലേയ്ക്ക് നീങ്ങി സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച് കർഷകരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുവാൻ ജനസംരക്ഷകരായ രാഷ്ട്രീയ ഭരണനേതൃത്വങ്ങൾ ശ്രമിക്കുന്നത് ധിക്കാരപരമാണ്.

റവന്യൂ മനുവൽപ്രകാരം വസ്തു രണ്ടിനമാണുള്ളത്. പുരയിടവും നിലവും. 3 സെന്റ് സ്ഥലമുള്ളവരെപ്പോലും തോട്ടത്തിന്റെ പരിധിയിൽ വരുത്തിയിരിക്കുന്നതിൽ യാതൊരു ന്യായീകരണവുമില്ല. നിലവിലുണ്ടായിരുന്ന പുരയിടങ്ങൾ സർക്കാർ ഉദ്യോഗസ്ഥരുടെ വൻ വീഴ്ചമൂലം തോട്ടങ്ങളായി സർക്കാർ രേഖകളിൽ തെറ്റായി ചേർത്തിരിക്കുന്നത് തിരുത്തി പഴയ അവസ്ഥ പുനഃസ്ഥാപിക്കണമെന്നത് ന്യായമായ ആവശ്യമാണ്. നാലുപതിറ്റാണ്ടായി ഒരു ജനതയെ മുഴുവൻ ക്രൂശിക്കുന്ന അധികാരധാർഷ്ഠ്യത്തിനെതിരെ പൊതുസമൂഹം സംഘടിച്ചുനീങ്ങണം. അതേസമയം പല ക്വാറി ഉടമകളും ഖനനലോബികളും തോട്ടങ്ങൾ പുരയിടങ്ങളായി മാറ്റിയിട്ടുണ്ടെന്നുള്ള സംശയങ്ങളും ആരോപണങ്ങളും ഉയർന്നുവന്നിട്ടുണ്ട്. വിവരാവകാശപ്രകാരം ലഭിച്ച മറുപടിയിൽ താലൂക്ക് ലാന്റ് ബോർഡിൽ ഫയലുകൾ പലതും നഷ്ടപ്പെട്ടുപോയി എന്ന് സൂചിപ്പിച്ചിരിക്കുന്ന ഉദ്യോഗസ്ഥകെടുകാര്യസ്ഥത നീതീകരണമില്ലാത്തതാണ്. നാളുകളായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി യാതൊരു നടപടികളുമില്ലാതിരിക്കുമ്പോൾ വിവിധ കർഷകസംഘടനകൾ സംഘടിച്ച് പ്രക്ഷോഭമാരംഭിക്കുന്ന സാഹചര്യമാണിപ്പോൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. നിയമസഭയിൽ ഇക്കാര്യമുന്നയിച്ചുകൊണ്ട് ചോദ്യങ്ങൾ ചോദിച്ചിട്ടും യാതൊരു പരിഹാരവുമുണ്ടായിട്ടില്ല.

തെരഞ്ഞെടുപ്പുവേളകളിൽ വോട്ടുചെയ്യാനുള്ള ഉപകരണങ്ങളും രാഷ്ട്രീയ അടിമകളുമായി അധഃപതിക്കാതെ സ്ഥാനാർത്ഥികളുടെയും ജനപ്രതിനിധികളുടെയും മുമ്പിൽ ജനദ്രോഹവിഷയങ്ങൾ അവതരിപ്പിച്ച് പ്രതികരിക്കാനും പരിഹാരം കാണുവാനും കർഷകരുൾപ്പെടെയുള്ള ജനവിഭാഗങ്ങൾ തന്റേടം കാണിക്കണമെന്നും സംഘടിച്ചു മുന്നോട്ടുവരണമെന്നും വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP