Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആർസിഇപി കരാറിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കണം: ഇൻഫാം

സ്വന്തം ലേഖകൻ

കൊച്ചി: കാർഷികമേഖലയ്ക്ക് വൻ പ്രഹരമേൽപിച്ച് കേന്ദ്രസർക്കാർ ഒപ്പിടാനൊരുങ്ങുന്ന ആർസിഇപി കരാറിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കണമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

രാജ്യാന്തരക്കരാറുകൾ കേന്ദ്രലിസ്റ്റിൽ പെടുന്നതാണെങ്കിലും കൃഷി സംസ്ഥാന വിഷയമാണ്. ഇതിനോടകം വിവിധ സംസ്ഥാനങ്ങളുമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് കേന്ദ്ര വാണിജ്യമന്ത്രാലയം വെളിപ്പെടുത്തിയിരിക്കുമ്പോൾ പൊതുസമൂഹത്തോട് കരാറിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തുവാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥരാണ്. 100ൽ പരം ചർച്ചകൾ നടത്തിയെന്നാണ് വിവിധ റൗണ്ട് ചർച്ചകളിൽ കേന്ദ്രസർക്കാർ രേഖാമൂലം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം രാജ്യത്തെ കർഷകസംഘടനകളുമായി ഇതിന്റെ വിശദാംശങ്ങൾ പങ്കുവെച്ചിട്ടില്ല. അതീവ രഹസ്യമായുള്ള കരാർ നീക്കങ്ങൾ വലിയ അപകടമാണ് ക്ഷണിച്ചുവരുത്തുന്നത്. ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനത്തിന്റെ അധികാരങ്ങളെക്കൂടി ബാധിക്കുന്ന വിഷയങ്ങളിൽ ഏകപക്ഷീയമായ നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നതെങ്കിൽ സംസ്ഥാനത്തിന് ഉന്നത നീതിപീഠത്തെ സമീപിക്കാം. ആർസിഇപി കരാറിലും ഈ സ്ഥിതിവിശേഷമാണ് അഭിമുഖീകരിക്കുന്നത്. നിയമസഭയിൽ പ്രമേയം പാസാക്കിയതുകൊണ്ട് പ്രശ്നപരിഹാരമാവില്ല.

ആസിയാൻ കരാറിനെതിരെ രാജ്യം സ്തംഭിപ്പിച്ച ഇടതുപക്ഷപാർട്ടികൾ ചൈനയുൾപ്പെട്ട ആർസിഇപി കരാറിൽ നിശബ്ദത പാലിക്കുന്നതിൽ ദുരൂഹതയുണ്ട്. കോൺഗ്രസും കർഷകപാർട്ടികളും പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടെ ജനപ്രതിനിധികളും കാർഷിക സമ്പദ്ഘടന തകർക്കുന്ന ജനവിരുദ്ധ കരാറിൽ ഇടപെടൽ നടത്താത്തത് ആശങ്കയുളവാക്കുന്നു. നവംബറിൽ ഒപ്പിടാൻ അടിയന്തര നീക്കങ്ങൾ നടത്തുമ്പോൾ ശക്തമായ ഇടപെടലുകളും പ്രതികരണങ്ങളും പ്രതിഷേധങ്ങളും കാർഷികമേഖലയുടെ സംരക്ഷണത്തിനായിട്ടുണ്ടാകണമെന്നും വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.

രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന സർക്കാരിന് നിവേദനം നൽകി

ആർസിഇപി കരാറിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ, ദേശീയ കൺവീനർ കെ.വി.ബിജു, സംസ്ഥാന കൺവീനർമാരായ പി.റ്റി.ജോൺ, അഡ്വ.ബിനോയ് തോമസ് എന്നിവർ ചേർന്ന് മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ കർഷക സംസ്ഥാന പ്രതിഷേധസമരങ്ങൾക്ക് ഇന്നലെ (27 സെപ്റ്റംബർ) പാലക്കാട് രക്തസാക്ഷി മൺഡപത്തിൽ നിന്നാരംഭിച്ച കർഷകമാർച്ചോടെ തുടക്കമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP