Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കർഷകരെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട റബർബോർഡ് പിരിച്ചുവിടുന്നതാണ് ഉചിതം: ഇൻഫാം

കർഷകരെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട റബർബോർഡ് പിരിച്ചുവിടുന്നതാണ് ഉചിതം: ഇൻഫാം

സ്വന്തം ലേഖകൻ

കോട്ടയം: റബർ കർഷകരെ സംരക്ഷിക്കുന്നതിൽ റബർബോർഡ് പരാജയപ്പെട്ടിരിക്കുന്നുവെന്നും വ്യവസായികളുടെ ഇടനിലക്കാരും രാഷ്ട്രീയനേതൃത്വങ്ങളുടെ ഇടത്താവളവുമായി അധഃപതിച്ച റബർബോർഡ് ഈ രീതിയിൽ തുടരുന്നതിലും ഭേദം പിരിച്ചുവിടുകയാണ് ഉചിതമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആരോപിച്ചു.

കർഷകരെ അവഗണിച്ച് വ്യവസായികളെ സംരക്ഷിക്കുന്ന റബർനയത്തിന് ഒത്താശ ചെയ്തത് റബർ ബോർഡാണ്. ഏറ്റവും കുറഞ്ഞ ചെലവിൽ വ്യവസായികൾക്ക് അസംസ്‌കൃത റബർ എത്തിക്കുന്ന ഏജന്റ്മാരായി റബർബോർഡ് അധഃപതിച്ചിരിക്കുമ്പോൾ ഈ കേന്ദ്രസർക്കാർ സ്ഥാപനത്തിലൂടെ കർഷകർക്ക് വരും നാളിൽ ഒരു നേട്ടവുമുണ്ടാകില്ലെന്നുറപ്പാണ്. കേന്ദ്രസർക്കാർ ബജറ്റിലൂടെ നൽകുന്ന തുകപോലും ഉദ്യോഗസ്ഥരുടെ ശമ്പളത്തിനും ബോർഡിന്റെ അനുദിനപ്രവർത്തനങ്ങൾക്കും മാത്രമായി ചെലവഴിക്കപ്പെടുന്നു. ഒരു കിലോ ഷീറ്റ് റബറിന്റെ ഉല്പാദനച്ചെലവ് 172 രൂപയാണെന്ന് റബർ ബോർഡ് നൽകിയ കണക്കുകൾ കേന്ദ്രവാണിജ്യമന്ത്രി പാർലമെന്റിൽ അവതരിപ്പിക്കുകയുണ്ടായി. എന്നിട്ടും വിലത്തകർച്ചയിൽ റബർ കർഷകരെ സംരക്ഷിക്കുന്ന ഒരു നടപടിക്കും കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. രാഷ്ട്രീയ നിയമനങ്ങളിലൂടെ റബർബോർഡ് ഡയറക്ടർമാരായിരിക്കുന്നവർ പോലും കർഷകർക്ക് രക്ഷയേകുന്ന ഒരു ശ്രമങ്ങളും നടത്തുന്നില്ല.

നാളുകളായി റബർവില 120 രൂപയിലൊതുങ്ങിനിൽക്കുമ്പോൾ യാതൊരു വിപണി ഇടപെടലുകളും നടത്താതെ ബോർഡ് ഒളിച്ചോടുന്നത് കർഷകദ്രോഹമാണ്. അസംസ്‌കൃത റബറിന്റെ ഇറക്കുമതി നിയന്ത്രിക്കാൻ ഇന്ത്യ ഏർപ്പെട്ടിരിക്കുന്ന വ്യാപാരക്കരാറുകളിൽ വ്യവസ്ഥകളുണ്ടെങ്കിലും നടപ്പിലാക്കുവാൻ ഇടപെടാതെ ബോർഡ് റബർ ഇറക്കുമതിക്ക് ഒത്താശചെയ്യുന്നു. റബറിന് അടിസ്ഥാനവിലയും പരമാവധി വിലയും നിശ്ചയിക്കുവാൻ റബർ ആക്ടിന്റെ 13-ാം വകുപ്പ് അട്ടിമറിക്കപ്പെടുന്നത് ഇൻഫാം കോടതിയിൽ ഇപ്പോൾ ചോദ്യം ചെയ്തിരിക്കുകയാണ്. റബർ ബോർഡിന്റെ പേരിൽ വ്യവസായികൾ സംഘടിപ്പിക്കുന്ന റബർമീറ്റ് പ്രഹസനമാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് കൊച്ചിയിൽ നടന്ന റബർമീറ്റിൽ ഇൻഫാം ഉൾപ്പെടെയുള്ള കർഷകപ്രസ്ഥാനങ്ങൾ പങ്കെടുക്കാതെ ബഹിഷ്‌കരിച്ചത്. അടുത്തവർഷം ചെന്നൈയിൽ സംഘടിപ്പിക്കുന്ന റബർമീറ്റും വ്യവസായി ഉദ്യോഗസ്ഥ മാമാങ്കത്തിനപ്പുറം കർഷകർക്ക് യാതൊരു നേട്ടവുമുണ്ടാക്കില്ലെന്നും റബർകർഷകർ ബഹിഷ്‌കരിക്കുമെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP