Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോൺ നൽകി റബർ കർഷകരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുന്ന പദ്ധതി തള്ളിക്കളയും: ഇൻഫാം

സ്വന്തം ലേഖകൻ

കോട്ടയം: റബറിന് ഉല്പാദനച്ചെലവിന് ആനുപാതികമായി അടിസ്ഥാനവില പ്രഖ്യാപിക്കാനോ ന്യായവില നൽകാനോ ശ്രമിക്കാത്തവർ റബർകൃഷി വ്യാപിപ്പിക്കുന്നതിനായി ലോൺ നൽകി അവസാനം കർഷകരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുന്ന പദ്ധതി കർഷകർ തള്ളിക്കളയുമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

എട്ടുവർഷം ലോണെടുത്ത് റബർ നട്ടുവളർത്തുന്ന കർഷകന് ഭാവിയിൽ വിലത്തകർച്ചമൂലം തിരിച്ചടവ് സാധിക്കാതെ കൃഷിയും ഭൂമിയും മാത്രമല്ല, സ്വന്തം കുടുംബംപോലും നഷ്ടപ്പെടുന്ന സാഹചര്യ#ം സൃഷ്ടിക്കപ്പെടാം. ഈ സത്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് 30 വർഷം മുമ്പ് വാണിജ്യമന്ത്രാലയം ആസൂത്രണം ചെയ്ത കടംനൽകൽ പദ്ധതി റബർകർഷകർ തള്ളിക്കളഞ്ഞത്. റബർകൃഷിക്കായി കടമെടുത്ത തുകയുടെ തിരിച്ചടവ് വിലത്തകർച്ചമൂലം വൈകുമ്പോൾ സർഫാസി ഉൾപ്പെടെയുള്ള കിരാതനിയമങ്ങളെ കർഷകർ നേരിടേണ്ടിവരുമെന്നും ഓർമ്മിക്കേണ്ടതാണ്.

കഴിഞ്ഞ എട്ട് വർഷമായി തുടരുന്ന റബർ പ്രതിസന്ധിയിൽ യാതൊരു ഇടപെടലും നടത്താതെ ദ്രോഹം തുടരുന്ന റബർ ബോർഡിൽ ഉദ്യോഗസ്ഥരെ വെട്ടിച്ചുരുക്കുവാനുള്ള ഉത്തരവ് ഇറങ്ങിയിരിക്കുമ്പോളാണ് കർഷകർക്ക് കടം നൽകിയും റബർകൃഷി വ്യാപിപ്പിക്കാനുള്ള നീക്കമുണ്ടായിരിക്കുന്നത്. ആസിയാൻ സ്വതന്ത്രവ്യാപാരക്കരാർ നിലനിൽക്കുന്നിടത്തോളംകാലം ആഭ്യന്തര റബർവിപണിയിലെ തകർച്ച തുടരും. 2010 ജനുവരിയിൽ ആസിയാൻ കരാർ നടപ്പിലാക്കിയപ്പോൾ മുതലാണ് റബർ വിലയിടിവ് ആരംഭിച്ചത്. അനിയന്ത്രിത ഇറക്കുമതിക്ക് കുടപിടിച്ച് സ്വാഭാവിക റബറിന്റെ ആഭ്യന്തര ഉല്പാദനം, ഉപഭോഗം, ഇറക്കുമതി, കയറ്റുമതി. ശേഖരം എന്നിവയിൽ ബോർഡ് ഉദ്യോഗസ്ഥർ കൃത്രിമ കണക്കുകളാണ് സൃഷ്ടിക്കുന്നതെന്ന് ഇൻഫാം ഉൾപ്പെടെയുള്ളവർ പലതവണ പറഞ്ഞതാണ്. വൻ റബർ സ്റ്റോക്ക് ഉണ്ടായിട്ടുപോലും ഉപഭോഗം വർദ്ധിച്ചുവെന്നും ഉല്പാദനം കുറഞ്ഞുവെന്നും ഇറക്കുമതി വേണമെന്നും വാദിച്ച് റബർ വിപണി തകർത്ത് കർഷകനെ പെരുവഴിയിലാക്കുവാൻ റബർബോർഡിലെ ചിലർ ഒത്താശചെയ്തത് കർഷകർ വൈകിയ വേളയിലെങ്കിലും തിരിച്ചറിയണം.

ആസിയാൻ കരാറിന്റെ നടത്തിപ്പ് കാലാവധി 2019 ഡിസംബർ 31ന് പൂർത്തിയാകും. നിലവിൽ 25 ശതമാനം ഇറക്കുമതിച്ചുങ്കമായി നെഗറ്റീവ് ലിസ്റ്റിലുള്ള റബർ 2020 മുതൽ നികുതിരഹിത ഇറക്കുമതിയായി മാറുമെന്നതിന്റെ സൂചനയുമുണ്ട്. നികുതിരഹിത ആഗോളവിപണിയായി റബർ മേഖല മാറുമ്പോൾ ആഗോളവിലയും ആഭ്യന്തരവിലയും ഒന്നാകും. ഒരു കിലോ റബറിന്റെ ഉല്പാദനച്ചെലവ് 172 രൂപയാണെന്ന് കേന്ദ്രസർക്കാരിൽ റിപ്പോർട്ട് നൽകിയ റബർബോർഡ് ഈ വില അടിസ്ഥാനവിലയായി നിശ്ചയിച്ച് കർഷകന് ലഭ്യമാക്കുവാൻ ശ്രമിച്ചില്ല. കേന്ദ്രബജറ്റിലനുവദിക്കുന്ന തുകപോലും റബർ ബോർഡിന്റെ നടത്തിപ്പിന് പര്യാപ്തമല്ലാത്തപ്പോഴാണ് കടം നൽകി കൃഷിവ്യാപിപ്പിക്കാൻ ശ്രമിക്കുന്നത്. 2013-14 കാലയളവിൽ മാത്രം കർഷകർക്കുള്ള 25ൽ പരം പദ്ധതികൾ നിർത്തലാക്കിയതുൾപ്പെടെ റബർ കർഷകരെ സഹായിക്കാതെ മുഖംതിരിഞ്ഞുനിൽക്കുന്ന കേന്ദ്രസർക്കാരും റബർബോർഡും കർഷകരെ കടംനൽകി കടക്കെണിയിലേയ്ക്ക് തള്ളിവിടാതെ റബറിന് അടിസ്ഥാനവില പ്രഖ്യാപിച്ച് കർഷകന് ലഭ്യമാക്കാൻ ശ്രമിക്കണമെന്ന് വി സി,സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP