Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജമാലിയ' കുടുംബത്തിലെ അഞ്ച് തലമുറയും അയൽവാസികളും സംഗമിച്ചു

ജമാലിയ' കുടുംബത്തിലെ അഞ്ച് തലമുറയും അയൽവാസികളും സംഗമിച്ചു

കടയ്ക്കൽ: കിഴക്കൻ മലയോര ഗ്രാമമായ കൊച്ചുകലുങ്കിലെ ആദ്യകാല കുടിയേറ്റ കർഷകരിലൊരാളായ പരേതനായ എച്ച്.എം ഹനീഫ ലബ്ബയുടെ 'ജമാലിയ' കുടുംബത്തിലെ അഞ്ച് തലമുറയും ആദ്യകാലം മുതലുള്ള അയൽവാസികളും ഒത്തുചേർന്നു. ജമാലിയ കുടുംബാംഗങ്ങളുടെ രണ്ടാമത്തെ സംഗമമാണെങ്കിലും ഇത്തവണ അയൽവാസികൾ കൂടി പങ്കെടുത്തതോടെ എല്ലാ അതിർവരമ്പുകളെയും ലംഘിച്ച മാനവ സംഗമമായി മാറി.

കഴിഞ്ഞ ദിവസം മൈലമൂട് ഇശൽ കൺവെൻഷൻ സെന്ററിലാണ് ഹനീഫ ലബ്ബയുടെ മക്കളും മരുമക്കളും പേരമക്കളും അവരുടെ മക്കളുമായ അഞ്ച് തലമുറകളിൽപെട്ടവരും ആദ്യകാലം മുതലേയുള്ള അയൽവാസികളുടെ പ്രതിനിധികളുമായി നൂറ്റമ്പതിലേറെ ആളുകൾ പങ്കെടുത്ത പരിപാടി നടന്നത്. വറുതിയുടെ കാലത്ത് ധാന്യവിളകൾ കൃഷി ചെയ്യാനായി പശ്ചിമഘട്ട താഴ്‌വരയിലെ വന മേഖലയിൽ സർക്കാർ അനുവദിച്ച ഭൂമിയിൽ കൃഷിയുടേയും പുതിയൊരു ജനവാസ മേഖലയുടെയും വിത്തിടാൻ ഹനീഫ ലബ്ബയും കൂട്ടരും മലകയറിയത് മുക്കാൽ നൂറ്റാണ്ട് മുമ്പാണ്. കൊച്ചുകലുങ്ക് എന്ന ഉൾനാടൻ ഗ്രാമത്തിന്റെ സ്ഥാപകരിലൊരാളായി അദ്ദേഹം മാറി. പൊതുപ്രവർത്തകനും ഇസ്ലാം മത പണ്ഡിതനുമായിരുന്ന അദ്ദേഹം തെക്കൻ കേരളത്തിലെ വിവിധ മഹല്ലുകളിൽ ഇമാമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ചിതറ സർവീസ് സഹകരണ ബാങ്കിന്റെ ആദ്യകാല ഡയറക്ടർ ബോർഡ് അംഗങ്ങളിലൊരാളായിരുന്ന അദ്ദേഹം രാഷ്ട്രീയ സാമൂഹിക പ്രവർത്തന മേഖലയിലെല്ലാം സജീവമായിരുന്നു. കൊച്ചുകലുങ്ക് മുഹിയുദ്ദീൻ മസ്ജിദ് സ്ഥാപകനുമാണ്. മൂന്ന് പതിറ്റാണ്ട് മുമ്പ് ലോകത്തോട് വിടപറഞ്ഞ അദ്ദേഹം കപ്പലിൽ പോയി ഹജ്ജ് തീർത്ഥാടനവും നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒമ്പത് മക്കളും അവരുടെ സന്തതി പരമ്പരകളുമായി തെക്കൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്നവരും അയൽക്കാരുമാണ് സംഗമത്തിന് എത്തിയത്. കുടുംബാംഗമായ വെഞ്ഞാറമൂട് സലീം മൗലവി സംഗമം ഉദ്ഘാടനം ചെയ്തു. അൻസാർ കൊച്ചുകലുങ്ക് ഉദ്ഘാടനം ചെയ്തു.

ഫാമിലി ഡയറക്ടറി സക്കരിയ ബീവി താഹിർ പനവിളക്ക് നൽകി പ്രകാശനം ചെയ്തു. ആഷിക് നൂർ പ്രാർത്ഥന നിർവഹിച്ചു. കുടുംബത്തിലെ വിദ്യാഭ്യാസ, കലാ രംഗത്ത് മികവ് തെളിയിച്ചവർക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. എസ്.എസ്.എൽ.എസി പരീക്ഷയിലെ ഉന്നത വിജയം കരസ്ഥമാക്കിയ ഫൗസാൻ, അബ്രാർ ഷാജഹാൻ, അമീൻ നിഹാസ് എന്നിവരും സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ മൂന്നിനങ്ങളിൽ എ േഗ്രഡ് ജേതാവായ റൈസ സുമയ്യ, ഒപ്പനയിൽ എ േഗ്രഡ് നേടിയ മുംതാസ് ഹലീൽ എന്നിവരും പുരസ്‌കാരങൾ ഏറ്റുവാങ്ങി.

ആദ്യകാലം മുതലേയുള്ള അയൽവാസികളായ ഡി. സ്റ്റാലിൻ (കൈതവീട്), പി.ജി ഉദയൻ (പുല്ലുപണയിൽ), എസ്. ബാബു (കൊച്ചുകലുങ്ക് വീട്), എസ്. ശിഹാബുദ്ദീൻ (കുഴിവിള വീട്), അച്ഛൻ കുഞ്ഞ് (അമ്പാട്ട് വീട്), രാഘവൻ (പണയിൽ വീട്), സാദിഖ് (പള്ളിവിള) എന്നിവർ സംസാരിച്ചു. മറ്റൊരു അയൽവാസി ജയചന്ദ്രൻ കൃസ്തുമസ് കേക്കുമായി എത്തി മധുരം പങ്കുവെച്ചു. തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി നടന്ന ചിത്രരചന, വടംവലി, കസേര കളി തുടങ്ങിയ മത്സരങ്ങളിൽ സുമയ്യ എസ്. തങ്ങൾ, ജാസ്മിൻ എ.എൻ, എം. നൗഷാദ്, റിസ്വി റാസിഖ്, ഇർഫാൻ, അഫ്‌നാൻ, ഫിദൽ മുഹമ്മദ്, ഹന്ന അൻസാർ, ലിയ, മെഹ്‌റാജ് എന്നിവർ വിജയികളായി. അബ്ദുറസാഖ് പാങ്ങോട്, നൂറുദ്ദീൻ, മൊയ്തീൻ കോട്ടയം, അബ്ദുൽ മജീദ് കുളത്തുപ്പുഴ, താഹിർ ആലംകോട്, നിസാം കൊച്ചാലുമൂട്, അൻവർ ഹുസൈൻ, സിദ്ദീഖ് കൊച്ചുകലുങ്ക്, എം. നാഷിം ഖാൻ, എം. ഷിയാദ്, എൻ. അൻസാരി, അൻസിൽ, ഷറഫ് പൗർണമി, ഷമീർ തലയോലപ്പറമ്പ്, സുലൈമാൻ മൗലവി, അൻവർ, സമീർ കോലിയക്കോട്, ഫൈസൽ പെരിങ്ങമ്മല, എം. നൗഷാദ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. പിറ്റേ ദിവസം വിനോദ യാത്രയും സംഘടിപ്പിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP